Image

നരേന്ദ്ര മോഡിക്കു വീസ നല്‍കില്ലെന്നു യുഎസ്

Published on 16 November, 2011
നരേന്ദ്ര മോഡിക്കു വീസ നല്‍കില്ലെന്നു യുഎസ്
വാഷിംഗ്ടണ്‍ : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കു വീസ നല്‍കില്ലെന്നു യുഎസ് ആവര്‍ത്തിച്ചു വ്യക്തമാക്കി. 2002ലെ ഗുജറാത്ത് കൂട്ടക്കൊലയുടെ പേരില്‍ നേരത്തെയും മോഡിക്ക് വീസ നിഷേധിച്ചിരുന്നു. മോഡിയെ സംബന്ധിച്ച നയത്തില്‍ പുതുതായി മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് യുഎസ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി റോബര്‍ട്ട് ബ്ലേക്ക് റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.

ഇതേസമയം അമേരിക്കന്‍ വ്യവസായ സംരംഭകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റിയ അന്തരീക്ഷമാണു ഗുജറാത്തിലുള്ളതെന്നും ബ്ലേക്ക് കൂട്ടിച്ചേര്‍ത്തു. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്താന്‍ അമേരിക്ക ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍തര്‍ ലെവിന്‍സണ്‍ ആപ്പിള്‍ ചെയര്‍മാനാകും

വാഷിംഗ്ടണ്‍ : ആര്‍തര്‍ ലെവിന്‍സണ്‍, അന്തരിച്ച ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ പിന്‍ഗാമിയാകും. ആധുനിക കംപ്യൂട്ടര്‍- ഡിജിറ്റല്‍ ലോകത്തെയാകെ മാറ്റിമറിച്ച ആപ്പിള്‍ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്കു ഡയറക്ടര്‍ ബോര്‍ഡ് ലെവിന്‍സണെ നാമനിര്‍ദ്ദേശം ചെയ്തു.

കഴിഞ്ഞമാസം അഞ്ചിനാണ് ആപ്പിളിന്റെ സഹസ്ഥാപകനായ ജോബ്‌സ് അന്തരിച്ചത്. ഇതേത്തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ജെനറ്റിക് എന്‍ജിനീയറിംഗ് കമ്പനിയായ ജെനന്‍ടെക്കിന്റെ ചെയര്‍മാന്‍ കൂടിയായ ലെവിന്‍സണ്‍ ഗൂഗിളിന്റെ ഡയറക്ടറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ലെവിന്‍സണ്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്കു എത്തുന്നുവെന്ന വാര്‍ത്ത ആപ്പിളിന്റെ ഓഹരിമൂല്യം 2.5 ശതമാനം ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുണ്ട്. ജോബ്‌സിന്റെ മരണം ആപ്പിളിനെ തളര്‍ത്തിയെന്ന പ്രചാരണം ശക്തമായിരിക്കേയാണ് ലെവിന്‍സണ്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്കു എത്തുന്നത്.

വെളിച്ചം കാണാത്ത ജാക്‌സന്‍ ഫിലിം ലേലത്തിന്

ന്യൂയോര്‍ക്ക് : മൈക്കിള്‍ ജാക്‌സന്റെ പുറംലോകം കാണത്ത ടൂര്‍ ഫിലിം ലേലത്തിന്. ജാക്‌സന്റെ സുവര്‍ണകാലഘട്ടമായിരുന്ന 1993 ല്‍ സംഘടിപ്പിച്ച ഡെയ്ഞ്ചറസ് ടൂറിനിടെ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ വച്ച് ചിത്രീകരിച്ച ടൂര്‍ഫിലിമാണ് വില്പനയ്ക്കുള്ളത്. ജാക്‌സന്‍ ഏറെ താല്പര്യത്തോടെ ചിത്രീകരിച്ച ചിത്രം പിന്നീട് വേണെ്ടന്നുവച്ചു.

ഇതില്‍ വിഷമിച്ച് ചിത്രത്തിന്റെ ആകെയുള്ള ഒരു കോപ്പി ഡ്രൈവര്‍ക്ക് അദ്ദേഹം സമ്മാനമായി നല്കി. ഈ കോപ്പിയാണ് ഈമാസം 26നു ലേലത്തിനു വയ്ക്കുന്നത്. ജാക്‌സന്‍ തന്റെ സേവനത്തിനു ബോണസായി നല്കിയതാണ് ഈ കോപ്പിയെന്നു അര്‍ജന്റീനക്കാരനായ ഡ്രൈവര്‍ പറഞ്ഞു. ജാക്‌സന്റെ മരണശേഷം 2009ല്‍ ചിത്രത്തിന്റെ കുറച്ചു ഭാഗം ഇദ്ദേഹം യൂട്യൂബില്‍ ഇട്ടിരുന്നു. എന്നാല്‍ പലരും ഇതിന്റെ അവകാശവാദവുമായി രംഗത്തെത്തിയതോടെ പിന്‍വലിച്ചു. ചിത്രത്തിന് ഏകദേശം നാല്പതു ലക്ഷം പൗണ്ട് ലഭിക്കുമെന്നി ലേലം നടത്തുന്ന ഫെയിം ബ്യൂറോ ഓക്ഷനേഴ്‌സ് സിഇഒ പറഞ്ഞു.

ഉപേന്ദ്ര വീണ്ടും ന്യൂജഴ്‌സി സഭയില്‍

ന്യൂജഴ്‌സി: ഇന്ത്യന്‍ വംശജനായ ഉപേന്ദ്ര ജെ. ചിവുകുള തുടര്‍ച്ചയായ ആറാം തവണയും ന്യൂജഴ്‌സി ജനറല്‍ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അസംബ്ലിയിലെ ഡെപ്യൂട്ടി സ്പീക്കര്‍കൂടിയായ ഉപേന്ദ്ര 60 ശതമാനം വോട്ടുകള്‍ നേടിയാണ് നവംബര്‍ എട്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയംഗമായ ഉപേന്ദ്ര 120 അംഗ ന്യൂജഴ്‌സി അസംബ്ലിയിലെ ഏക ദക്ഷിണേഷ്യന്‍ പ്രതിനിധിയാണ്. 60കാരനായ ഉപേന്ദ്ര ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് ജനിച്ചത്. 1974ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ഇദ്ദേഹം, ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

ജോ ഫ്രേസിയറിന് ഫിലാഡല്‍ഫിയയില്‍ അന്ത്യവിശ്രമം

ഫിലാഡല്‍ഫിയ: മുന്‍ ബോക്‌സിംഗ് ലോകചാംപ്യന്‍ ജോ ഫ്രേസിയറിന് പെന്‍സില്‍വാനിയയിലെ ഫിലാഡല്‍ഫിയയില്‍ അന്ത്യവിശ്രമം. ആരാധകരും സുഹൃത്തുക്കളുമടക്കം ഒട്ടേറെ പേര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. ഇതിഹാസതാരം മുഹമ്മദ് അലിയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ബോക്‌സിംഗ് റിംഗിനകത്തും പുറത്തും ഇരുവരും എക്കാലവും കടുത്ത ശത്രുതയിലായിരുന്നു. 1971ല്‍ മുഹമ്മദ് അലിയെ തോല്‍പിച്ചതോടെയാണ് സ്‌മോക്കിന്‍ ജോ എന്ന് വിളിക്കുന്ന ജോ ഫ്രേസിയര്‍ ബോക്‌സിംഗ് ലോകത്ത് താരമാകുന്നത്.

അലിയുടെ ആദ്യ പരാജയമായിരുന്നു. നൂറ്റാണ്ടിലെ പോരാട്ടമെന്നാണ് ഈ മല്‍സരത്തെ വിശേഷിപ്പിക്കുന്നത്. 1964ലെ ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണമെഡലും 70ല്‍ ലോക ചാംപ്യന്‍ഷിപ്പും സ്വന്തമാക്കി. കരളിലെ കാന്‍സര്‍ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയായിരുന്നു ജോ ഫ്രെസിയറുടെ അന്ത്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക