Image

രാഷ്‌ട്രീയമില്ലാത്ത കാഴ്‌ചകള്‍.

Published on 16 November, 2011
രാഷ്‌ട്രീയമില്ലാത്ത കാഴ്‌ചകള്‍.
കേരള രാഷ്‌ട്രീയം ഒരു ഹാസ്യഭൂമികയാണ്‌. ജോക്കേഴ്‌സ്‌ കോര്‍ണര്‍ എന്നു വേണമെങ്കിലും പറയാം. കാരണം നല്ല രാഷ്‌ട്രീയം ഒഴിച്ചുള്ള എല്ലാ തറവേലകളും ഇവിടെയുണ്ട്‌. ചിലപ്പോഴൊക്കെ നിയമസഭക്കുള്ളിലും പുറത്തും അതിലും കഷ്‌ടമാണ്‌ കാര്യങ്ങള്‍. വായില്‍ വരുന്നതെന്തും വിളിച്ചു പറയും, പറഞ്ഞത്‌ പറഞ്ഞില്ലെന്ന്‌ പറയും, പിച്ചിയെന്നും മാന്തിയെന്നും പറഞ്ഞ്‌ പൊട്ടിക്കരയും...ഇങ്ങനെയൊക്കെയാണ്‌ നമ്മുടെ നിയമസഭാ സമാജികരുടെ കാര്യങ്ങള്‍. പണ്ടു കാലത്ത്‌ നമ്പൂതിരി ഇല്ലങ്ങളിലെ വെടിവട്ടസദസുകള്‍ പോലെയാണ്‌ മിക്കപ്പോഴും കേരളാ നിയമസഭ. അവിടെ കഥകളിയും നടക്കും ചാക്യാര്‍ കൂത്തും നടക്കും. തമാശകള്‍ കണ്ടും കേട്ടും മാന്യമലയാളികള്‍ക്ക്‌ ആവോളം ചിരിക്കാം. ചിരിക്കാന്‍ അറിയില്ലാത്തവര്‍ക്ക്‌ കേരളത്തിന്റെ ഭാവിയോര്‍ത്ത്‌ ആശങ്കപ്പെടാം.

ജയില്‍കുറിപ്പുകള്‍

ജ്യാമം ലഭിച്ചെങ്കിലും ചില്ലറ ദിവസങ്ങള്‍ ജയിലില്‍ കിടന്നത്‌ എം.വി ജയരാജന്‌ ഗുണകരമായി. കുറച്ച്‌ ജയില്‍ കുറിപ്പുകള്‍ എഴുതാന്‍ കഴിഞ്ഞു. കുറെക്കാലമായി ജയലില്‍ ഇരുന്ന്‌ എഴുതണം എന്നു വിചാരിക്കുന്നു, എന്ന മട്ടിലാണ്‌ ചെന്നതിന്റെ പിറ്റേന്ന്‌ മുതല്‍ ജയരാജന്‍ സഖാവ്‌ എഴുത്ത്‌ തുടങ്ങിയിരിക്കുന്നത്‌. ഇനി സുപ്രീം കോടതി ഹൈക്കോടതിയുടെ വിധി ശരിവെച്ചാല്‍ വീണ്ടും ജയിലിലേക്ക്‌ പോകാമല്ലോ. അങ്ങനെയെങ്കില്‍ കുറിപ്പെഴുത്ത്‌ തുടരാം.

ജയില്‍കുറിപ്പുകള്‍ ഉടന്‍ തന്നെ പുസ്‌തകമായി ഇറക്കാനും സഖാവിന്‌ പദ്ധതിയുണ്ട്‌. എന്നാണ്‌ ജയരാജന്‍ സഖാവിന്റെ പുസ്‌തകം എത്തുകയെന്ന്‌ ആരാധകര്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. . ഈ പുസ്‌തകം മലയാള സാഹിത്യത്തിന്‌ ഒരു വലിയ സംഭാവനയായിരിക്കും എന്നതില്‍ സംശയമില്ല. പക്ഷെ ജാമ്യം കിട്ടയതുകൊണ്ട്‌ എഴുത്ത്‌ തടസപ്പെട്ടുപോകുമോ എന്നും ആരാധകര്‍ക്ക്‌ സംശയമുണ്ട്‌. ജാമ്യം അനുവദിച്ചത്‌ ജയരാജന്റെ സര്‍ഗ്ഗ ശേഷിയെ ബാധിക്കും എന്നൊരു വാദവുമുണ്ട്‌.

ശുംഭന്‍, ശുനകന്‍, പരമ്പര വിഡ്ഡി തുടങ്ങി വാക്‌ പ്രയോഗങ്ങള്‍ കുറിപ്പുകളില്‍ ഉണ്ടാകുമോ എന്നാണ്‌ ഇപ്പോള്‍ മലയാളി ഉറ്റു നോക്കുന്ന മറ്റൊരു സംഗതി. ഒരു പക്ഷെ പ്രസംഗ വേളയില്‍ വിട്ടുപോയതും പുസ്‌തകത്തില്‍ ചേര്‍ക്കുന്നുണ്ടെങ്കിലോ. അങ്ങനെയെങ്കില്‍ ജയില്‍ കൂറിപ്പ്‌ അനുപമമായ കാവ്യമായി മാറും. കാരണം ശുംഭന്‍ എന്നു വെച്ചാല്‍ പ്രകാശം പരത്തുവന്‍ എന്നാണ്‌ ജയരാജന്‍ സഖാവിന്റെ നിഘണ്ടുവില്‍. പ്രകാശം പരത്തുന്നവന്‍ എന്നുവെച്ചാല്‍ സൂര്യന്‍. അപ്പോള്‍ ശുംഭന്‍ എന്നുവെച്ചാല്‍ സൂര്യന്‍ എന്നാണ്‌ അര്‍ഥം. ശുകനന്‍, വിഡ്ഡി, പൊട്ടന്‍ തുടങ്ങിയ പത്ത്‌ ഡസന്‍ വാക്കുകള്‍ക്ക്‌ ജയരാജന്‍ സഖാവ്‌ സ്വന്തമായി നിഘണ്ടു നിര്‍മ്മിച്ചിട്ടുമുണ്ട്‌. സംസ്‌കൃത സര്‍വകലാശാലയിലെ പ്രൊഫസര്‍മാരൊക്കെയാണ്‌ സഹായികള്‍. ഇത്രയും വിവരമുള്ള ജയരാജന്‍ സഖാവ്‌ പുസ്‌തകമിറക്കിയാലുള്ള അവസ്ഥയൊന്ന്‌ ആലോചിച്ചു നോക്കു. അടുത്ത എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ തീര്‍ച്ചയായും ഈ പുസ്‌തകം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയേക്കും.

കരച്ചില്‍ നാടകങ്ങള്‍

കരയുന്നതൊക്കെ വലിയ കാര്യമാണോ. സ്‌കൂളില്‍ പഠിച്ചിട്ടുള്ളപ്പോള്‍ എത്ര വട്ടം കരഞ്ഞിട്ടുള്ളതാണ്‌. കരയാന്‍ ദേഹം വേദനിക്കണമെന്നില്ല. ടീച്ചര്‍ കണ്ണുരുട്ടുമ്പോഴേക്കും കരച്ചില്‍ വരുമായിരുന്നു. അപ്പോള്‍ പിന്നെ വാച്ച്‌ ആന്‍ഡ്‌ വാര്‍ഡ്‌ പിച്ചുകയും നുള്ളുകയും ചെയ്‌തപ്പോള്‍ കരഞ്ഞു പോയതിനാണോ കുറ്റം. കരഞ്ഞപ്പോള്‍ കണ്ണീര്‌ വന്നില്ലെന്നും വെറുതെ ശബ്‌ദമുണ്ടാക്കിയത്‌ മാത്രമേയുള്ളുവെന്നതും അസൂയക്കാരാണ്‌ പറഞ്ഞു പരത്തുന്നത്‌. ശരിക്കും ഇടംനെഞ്ച്‌ വേദനിച്ചാണ്‌ കരഞ്ഞത്‌. അവസരം കിട്ടിയാല്‍ ടി.വിരാജേഷ്‌ എം.എല്‍.എ ഇനിയും കരയും. കരയുന്നതാണ്‌ ചാനലുകളില്‍ ഇപ്പോള്‍ പുതിയ ട്രെന്‍ഡ്‌. എന്തും ടെലികാസ്റ്റ്‌ ചെയ്യുന്ന ചാനലുകള്‍ ഉണ്ടെങ്കില്‍ കരഞ്ഞുകാണിക്കാം, നെഞ്ചു പിളര്‍ന്ന്‌ കാണിക്കാം, കുറച്ചു പേരെങ്കിലും സംഗതി സത്യമാണെന്ന്‌ വിശ്വസിക്കും.

സമരജീവിതങ്ങള്‍

സമരങ്ങളില്ലാതെ എങ്ങനെയാണ്‌ രാഷ്‌ട്രീയക്കാരന്‍ ജീവിക്കുക. സമരം ചെയ്യണം, പോലീസിനെ തല്ലണം, പൊതുമുതല്‍ നശിപ്പിക്കണം...അങ്ങനെ എന്തെല്ലാം ചെയ്യാതാലാണൊന്ന്‌ നേതാവാകുക. സമരമുഖങ്ങളില്‍ ഇപ്പോള്‍ ഡി.വൈ.എഫ്‌.ഐക്കാരുടെ സമയമാണ്‌. ദിവസവും സമരങ്ങള്‍, ഇഷ്‌ടം പോലെ പോലീസുകാരെ തല്ലാം, സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിക്കാം, പോലീസ്‌ സ്റ്റേഷന്‌ തീവെക്കാം. ഇടക്ക്‌ പോലീസ്‌ തിരിച്ചടിക്കുമ്പോള്‍ ഭരണകൂട ഭീകരത എന്നു പറഞ്ഞ്‌ വീണ്ടും സമരം ചെയ്യാം. ആകെ സുഖമാണ്‌ കുട്ടി സഖാക്കള്‍ക്ക്‌.

കുട്ടിസഖാക്കളുടെ സുഖസമര ജീവിതം കണ്ട്‌ അസൂയ പെരുത്ത്‌ നില്‍ക്കുകായിരുന്നു യൂത്ത്‌ കോണ്‍ഗ്രസുകാര്‍. പക്ഷെ സമരം ചെയ്യാന്‍ വയ്യ. ഭരിക്കുന്നത്‌ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമൊക്കെയായി പോയി. അപ്പോഴാണ്‌ ഒരു വിഷയം വീണു കിട്ടിയത്‌.

തീയേറ്ററുകാരുടെ സിനിമാ സമരത്തിനെതിരെ സമരം ചെയ്യാം. അവരുടെ മെക്കിട്ടുകയറിയാല്‍ ആരും ചോദിക്കാന്‍ വരില്ല. തീയേറ്ററുകളില്‍ ഇപ്പോള്‍ പാണ്ടി പടങ്ങള്‍ മാത്രമാണ്‌ കളിക്കുന്നത്‌. മലയാള സിനിമ കളിപ്പിക്കില്ലെന്ന്‌ പറഞ്ഞ്‌ തീയേറ്ററുകാര്‍ സമരത്തിലാണ്‌. അവരെ തിരിച്ചു സമരം ചെയ്‌ത്‌ തോല്‍പ്പിക്കാന്‍ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ തീരുമാനിച്ചു.

മലയാള സിനിമ പത്ത്‌ ദിവസം കണ്ടില്ലെങ്കില്‍ മലയാളികള്‍ മരിച്ചുപോകുമോ എന്നൊന്നും ചോദിക്കരുത്‌. മലയാളിയെ മമ്മൂക്കയുടെയും, ലാലേട്ടന്റെയും പടം കാണിച്ചിട്ടേ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ അടങ്ങു എന്ന്‌ പ്രഖ്യാപിച്ചു. രാവിലെ സംഘം സംഘമായി എത്തി പത്ത്‌ ഇരുപത്‌ തീയേറ്ററുകള്‍ കേരളത്തിലെമ്പാടുമായി തല്ലിപൊളിച്ചു. തടയാന്‍ വന്ന പോലീസുകാരെ പേടിപ്പിച്ചു. കണ്ണീര്‍ വാതകവും ബോബുമൊന്നും പോലീസ്‌ പൊട്ടിച്ചില്ല എന്നൊരു പരാതിയുണ്ട്‌.

പിറ്റേന്നും തീയേറ്റര്‍ തല്ലിപൊളിക്കാനായി ചെന്നപ്പോഴാണ്‌ ചതി മനസിലാക്കിയത്‌. വിജയ്‌ ഫാന്‍സ്‌ അസോസിയേഷന്‍ മെമ്പര്‍മാര്‍ തീയേറ്ററുകള്‍ക്ക്‌ മുമ്പില്‍ നിരന്നു നില്‍ക്കുകയാണ്‌. എണ്ണത്തില്‍ യൂത്ത്‌ കോണ്‍ഗ്രസുകാരുടെ മൂന്നിരട്ടി വരും. നല്ല തടിമിടുക്കുള്ള പിള്ളേര്‍. വിജയ്‌ സിനിമയില്‍ മാത്രമേ ഇടിക്കു. പക്ഷെ പിള്ളേര്‍ക്ക്‌ അങ്ങനെയൊന്നുമില്ല. മൊട കാണിച്ചാല്‍ നല്ല അടി വെച്ചുതരുമെന്ന്‌ നില്‍പ്പ്‌ കണ്ടാല്‍ അറിയാം. ഖദര്‍ കീറുമെന്ന്‌ ഉറപ്പ്‌. പിന്നെ ഒന്നും ആലോചിച്ചില്ല സമാധാനപരമായി ടിക്കെറ്റെടുത്ത്‌ വിജയ്‌ പടം കണ്ട്‌ യൂത്തുകാര്‍ തിരിച്ചു പോന്നു.

പറഞ്ഞതും പറയാന്‍ ബാക്കിവെച്ചതും

വന്നു വന്ന്‌ പി.സി ജോര്‍ജ്ജ്‌ വാ തുറന്നാല്‍ തന്നെ കോമഡിയാണ്‌. എന്ത്‌ എപ്പോള്‍ എങ്ങനെ പറയണമെന്നൊന്നും ഒരു പിടിയുമില്ല നമ്മുടെ ചീഫ്‌ വിപ്പിന്‌. മനസില്‍ തോന്നുന്നതെല്ലാം അപ്പടി വിളിച്ചു പറയാം. കാരണം കൊച്ചു കുട്ടികളുടെ മനസാണ്‌. ഒന്നും ഒളിച്ചു വെക്കാനറിയില്ല. ഗണേഷ്‌കുമാറിനെ സപ്പോര്‍ട്ട്‌ ചെയ്‌ത്‌ ഒന്ന്‌ പ്രസംഗിച്ചതിന്റെ തട്ടുകേട്‌ തീര്‍ന്നില്ല അപ്പോഴേക്കും വി.എസിനെ പൊട്ടനെന്ന്‌ വിളിച്ചതിന്റെ കുരുക്കില്‍പ്പെട്ടു. എല്ലാം മാധ്യമസൃഷ്‌ടിയാണെന്നാണ്‌ പി.സി ജോര്‍ജ്ജ്‌ ആദ്യം പറഞ്ഞത്‌. അപ്പോഴാണ്‌ ചാനലുകള്‍ പി.സിയുടെ `പൊട്ടന്‍' വിളി തെളിവ്‌ സഹിതം വീണ്ടും ടെലികാസ്റ്റ്‌ ചെയ്‌തത്‌. ഭാഗ്യത്തിന്‌ പൊട്ടന്‍ എന്ന വാക്കിന്‌ `മിടുമിടുക്കന്‍' എന്നാണ്‌ അര്‍ഥമെന്നൊന്നും വാദിക്കാന്‍ പി.സി ജോര്‍ജ്ജ്‌ മിനക്കെട്ടില്ല. ഇനിയിപ്പോള്‍ വി.എസിന്റെ വീട്‌ തേടി ചെന്ന്‌ ക്ഷമ പറയുമെന്ന്‌ പറഞ്ഞിരിക്കുകയാണ്‌ പി.സി ജോര്‍ജ്ജ്‌. അല്ലെങ്കില്‍ ഇനിയും ചീമുട്ടയേറ്‌ വാങ്ങേണ്ടി വരുമെന്ന്‌ ജോര്‍ജ്ജിനറിയാം. എന്തായാലും ഒരു സംഗതിയുണ്ട്‌, കേരളത്തിലെ ചാനലുകള്‍ക്ക്‌ ഇന്ന്‌ കാണപ്പെട്ട ദൈവം പി.സി ജോര്‍ജ്ജ്‌ തന്നെയാണ്‌.

അച്ഛനും മകനും

ഇങ്ങനെ രാഷ്‌ട്രീയ സത്യസന്ധതയുള്ള അച്ഛനും മകനും ഭൂമിയില്‍ വേറെ കാണില്ല. അതുകൊണ്ടാണല്ലോ മകനാണെന്ന പരിഗണന പോലും നല്‍കാതെ ബാലകൃഷ്‌ണപിള്ള ഗണേഷ്‌കുമാറിനെ വിമര്‍ശിച്ചു നടക്കുന്നത്‌. തൊട്ടതിനും പിടിച്ചതിനുമെല്ലാം പിള്ള ഗണേഷിനെ വിമര്‍ശിക്കുന്നു. ഗണേഷ്‌ പാര്‍ട്ടിയുടെ മന്ത്രിയല്ല. തന്റെ ആളുകളെ ബോര്‍ഡിലും കോര്‍പ്പറേഷനിലുമൊന്നും കുടിയിരുത്തിയില്ല എന്നൊക്കെ നിരന്തരമായ പരാതികള്‍. മകനാണെന്നത്‌ പോട്ടെ, തനിക്ക്‌ വേണ്ടി വി.എസിനെ ഗണേശന്‍ ചീത്ത വിളിച്ചു എന്ന സ്‌നേഹം പോലും പിള്ള കാണിക്കുന്നില്ല.

എന്നാല്‍ തനിക്ക്‌ ലഭിച്ച ബോര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പിന്‌ കീഴിലായതിനാല്‍ അവിടെ രാഷ്‌ട്രീയ നിയമനങ്ങള്‍ പാടില്ല എന്നതായിരുന്നു യുഡിഎഫ്‌ തീരുമാനം എന്നാണ്‌ ഗണേഷ്‌കുമാര്‍ പറയുന്നത്‌. അതുകൊണ്ട്‌ നിഷ്‌പക്ഷ നിയമനമാണ്‌ നടത്തിയതെന്ന്‌ ഗണേഷിന്റെ വാദം. എന്നാല്‍ ഒന്നൂകൂടെ ഒന്ന്‌ ആലോചിച്ച്‌ നോക്കിയാലോ ഫിലിം ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്റെ ചെയര്‍മാനായത്‌ നിര്‌മ്മാതാവ്‌ സാബു ചെറിയാന്‍, വൈസ്‌ ചെയര്‍മാനായത്‌ നടന്‍ ഇടവേള ബാബു. രണ്ടുപേരെയും കൊണ്ട്‌ മലയാള സിനിമക്ക്‌ ഇതുവരെ കാര്യമായ ഗുണങ്ങളൊന്നും ഉണ്ടായിട്ടില്ല. സിനിമയെക്കുറിച്ച്‌ തന്നെ വലിയ വിവരമില്ലാത്തവര്‍. പക്ഷെ രണ്ടുപേരും ഗണേഷ്‌കുമാറിന്റെ അടുത്ത സുഹൃത്തുക്കള്‍. ഹിന്ദി സിനിമയില്‍ തിരക്കോട്‌ തിരക്കില്‍ കഴിയുന്ന പ്രീയദര്‍ശനാണ്‌ ചലച്ചിത്ര ആക്കാദമിയുടെ ചെയര്‍മാന്‍. അദ്ദേഹവും ഗണേഷിന്റെ ആത്മമിത്രമാണ്‌. നിലവില്‍ രണ്ട്‌ ഹിന്ദി ചിത്രങ്ങള്‍ മുംബൈയിലും വിദേശ ലൊക്കേഷനുകളിലുമായി ചെയ്യാനുണ്ട്‌ പ്രീയദര്‍ശന്‌. അവിടെ സ്വന്തമായി നിര്‍മ്മാണ കമ്പിനിയുമുണ്ട്‌. അങ്ങെനയൊരാള്‍ ഇവിടെ വന്ന്‌ എങ്ങനെ ചലച്ചിത്ര ആക്കാദമി വികസിപ്പിക്കും എന്നൊന്നും ചോദിക്കരുത്‌. എല്ലാം ഒരു അഡ്‌ജസ്റ്റുമെന്റാണ്‌.

ഔട്ട്‌ ഓഫ്‌ ഫോക്കസ്‌

രാഷ്‌ട്രീയ നാടകങ്ങള്‍ ഇങ്ങനെ ചിരിയുണര്‍ത്തി കടന്നു പോകുമ്പോള്‍ ചാനലുകളുടെ കാമറ കണ്ണില്‍ അധികം നേരം നില്‍ക്കാതെ പോയ ഒരു കാഴ്‌ചയുമുണ്ടായിരുന്നു. അത്‌ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയായിരുന്നു. അവിടെ വിവാദങ്ങള്‍ക്ക്‌ സ്‌കോപ്പില്ലാത്തതിനാല്‍ ചാനലുകള്‍ അധികനേരം നിന്നില്ല. പക്ഷെ സമീപകാല കേരള സമൂഹം കണ്ട ഏറ്റവും ജനകീയമായ കാഴ്‌ചയായിരുന്നു മുഖ്യമന്ത്രിയുടെ ജനസമ്പക്ക പരിപാടി. ഇത്തരത്തിലൊന്ന്‌ ഇത്ര വിപുലമായി സംഘടിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക്‌ മാത്രമേ കഴിയു എന്നത്‌ പ്രതിപക്ഷം പോലും സമ്മതിക്കുന്നതായിരിക്കും ഉചിതം.

എത്രയോ കാലം സര്‍ക്കാര്‍ ഫയലുകളില്‍ കെട്ടിക്കിടക്കേണ്ട പരാതികളാണ്‌ ഒരു ദിവസം കൊണ്ട്‌ മുഖ്യമന്ത്രി തീര്‍പ്പിക്കിയത്‌. മിക്ക പരാതികള്‍ക്കും ഉടനടി പരിഹാരം. പലര്‍ക്കും ധനസഹായങ്ങള്‍, ചികില്‍സാ സഹായങ്ങള്‍, വിദ്യാഭ്യാസ സഹായങ്ങള്‍...യഥാര്‍ഥത്തില്‍ ജനകീയനാകുകയായിരുന്നു നമ്മുടെ മുഖ്യന്‍. തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഹരിച്ചത്‌ പതിനേഴായിരത്തില്‍ അധികം പരാതികള്‍. രാവിലെ തുടങ്ങിയ ജനസമ്പര്‍ക്ക പരിപാടി രാത്രി വൈകിയും മുന്നേറിയപ്പോള്‍ എല്ലാത്തിനും നേതൃത്വം നല്‍കി നിന്നത്‌ മുഖ്യമന്ത്രി തന്നെ. ശരിക്കും ചാനലുകള്‍ കാണേണ്ടത്‌ പരാതികളുമായി വന്ന ഈ സാധാരണക്കാരുടെ പ്രശ്‌നങ്ങളായിരുന്നു. പക്ഷെ വിവാദങ്ങളില്ലാത്തതിനാല്‍ ഈ കാഴ്‌ച വേഗം ഓട്ട്‌ ഓഫ്‌ ഫോക്കസാകുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക