Image

പ്രാഞ്ചിയേട്ടനിലെ പ്രതിമ ഇപ്പോള്‍ പുണ്യവാളന്‍

Published on 12 November, 2011
പ്രാഞ്ചിയേട്ടനിലെ പ്രതിമ ഇപ്പോള്‍ പുണ്യവാളന്‍

ന്യൂയോര്‍ക്ക്‌: തന്റെ ഏറ്റവും നല്ല സിനിമ ഇനിയും വരാനിരിക്കുന്നതേയുള്ളുവെന്ന്‌ സംവിധായകന്‍ രഞ്‌ജിത്‌. ഒരുപക്ഷെ ആ സിനിമ എടുക്കാന്‍ കഴിഞ്ഞില്ലെന്നു വരാം. അഥവാ അത്‌ എടുക്കാന്‍ കഴിഞ്ഞാല്‍ അന്നുതന്നെയായിരിക്കാം തന്റെ അന്ത്യം- മലയാളം പത്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ത്രിദിന രഞ്‌ജിത്‌ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൈസന്‍ സെന്ററില്‍ ഗാനരചയിതാവ്‌ ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ നിലവിളക്ക്‌ കൊളുത്തി ഉദ്‌ഘാടനം ചെയ്‌ത ഫിലിം ഫെസ്റ്റിവല്‍ ഇന്ന്‌ (ശനി) മൂന്നിനു തുടരും. ഇന്ന്‌ രണ്ട്‌ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന്‌ സംവിധായകനുമായുള്ള സംവാദം. നാളെ റോക്ക്‌ലാന്റ്‌ കൗണ്ടിയിലെ ക്‌നാനായ സെന്ററില്‍ ഫെസ്റ്റിവല്‍ തുടരും. പ്രവേശനം സൗജന്യമാണ്‌.

`പ്രാഞ്ചിയേട്ടന്‍' എന്ന ചിത്രത്തിന്റെ അണിയറക്കഥകള്‍ രഞ്‌ജിത്‌ പറഞ്ഞു. ഷൂട്ടിംഗിന്റെ തുടക്കം തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്‌ മുന്നില്‍ നിന്നായിരുന്നു. ഷൂട്ടിംഗിന്‌ തയാറെടുത്തപ്പോള്‍ എതിര്‍പ്പുകളുമായി ഒരുകൂട്ടര്‍ എത്തി. ഇതേ തിക്താനുഭവം `നന്ദനം' എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച്‌ ചിത്രീകരിക്കുമ്പോഴും ഉണ്ടായി.

പ്രാഞ്ചിയേട്ടനിലെ കഥ പള്ളികളില്‍ ചിത്രീകരണം ആവശ്യമുള്ളതാണ്‌. പക്ഷെ, തൃശൂരിലെ ഒരു പള്ളിയും ഷൂട്ടിംഗിന്‌ കൊടുക്കരുതെന്നാണ്‌ ആര്‍ച്ച്‌ ബിഷപ്പിന്റെ ഉത്തരവ്‌. സിനിമകളില്‍ ബിഷപ്പുമാരെ ആക്ഷേപിക്കുന്നു എന്നതാണ്‌ കാരണം.

അപ്പോഴാണ്‌ ഗോവയിലെ ഒരു ഗ്രാമത്തിലെ പള്ളിയെപ്പറ്റി ഓര്‍ത്തത്‌. പരിചയമുള്ള ഒരാളെ വിളിച്ചു. ഷൂട്ടിംഗിന്‌ വൈദികന്‌ പ്രശ്‌നമില്ല. സിനിമയിലെ കഥാപാത്രമായി വരുന്ന വിശുദ്ധ ഫ്രാന്‍സീസ്‌ അസീസിയുടെ വേഷമിട്ട ഫ്രഞ്ചുകാരന്റെ ഛായയുള്ള പ്രതിമ പള്ളിയില്‍ കൊണ്ടുപോയി വെച്ചു.

ആ പ്രതിമ ഇപ്പോഴും പള്ളിയിലുണ്ട്‌. ആ രൂപത്തില്‍ കൈമുത്താനും അതിനു മുന്നില്‍ പ്രര്‍ത്ഥിക്കാനും ആളുകളെത്തുന്നു.

എന്തായാലും പ്രാഞ്ചിയേട്ടന്‍ ഇറങ്ങിയപ്പോള്‍ അതുകാണാന്‍ തൃശൂരില്‍ മൂന്നു ബിഷപ്പുമാര്‍ ഒരുമിച്ചാണ്‌ പോയതെന്ന്‌ അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി.

പ്രഞ്ചിയേട്ടനില്‍ റിമാ കല്ലുങ്കലിനെ പ്രിയാമണിയുടെ റോളില്‍ ആലോചിച്ചതാണ്‌. പക്ഷെ പ്രിയാമണിയാണ്‌ ഉചിതമെന്ന്‌ പിന്നീട്‌ തീരുമാനിക്കുകയായിരുന്നു. ശ്വേതാ മേനോന്‍, പ്രിയാമണി, റിമ തുടങ്ങിയവരെയൊക്കെ എന്റെ സിനിമയില്‍ കൊണ്ടുവന്നതിന്റെ കാരണം കഥാപാത്രത്തെ ഉള്‍ക്കൊള്ളാനുള്ള അവരുടെ മികവിനെ പുരസ്‌കരിച്ച്‌ തന്നെയാണ്‌.

നന്ദനത്തില്‍ ഭഗവാനെത്തി ഒരു പാവം പെണ്ണിനെ സഹായിക്കുന്നതാണ്‌ കഥ. പ്രാഞ്ചിയേട്ടനില്‍ സന്ദേശം വ്യത്യസ്‌തമാണ്‌. ഭഗവാനോ, പുണ്യവാളനോ ഒക്കെ വന്നു ഭൂമിയിലെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ ഇവിടുത്തെ കാര്യങ്ങളൊക്കെ വ്യത്യസ്‌തമാകുമായിരുന്നു. പ്രാഞ്ചിയേട്ടനിലെ കുട്ടി പറയുന്നത്‌ അതു തന്നെയാണ്‌.

ഏതു ഭാഷയില്‍ ദൈവത്തെ വിളിച്ചാല്‍  ദൈവത്തിനു മനസിലാകുമെന്ന ഒരു കുസൃതി ചിന്തയില്‍ നിന്നാണ്‌ പ്രാഞ്ചിയേട്ടന്റെ കഥ ഉരുത്തിരിഞ്ഞത്‌.

അതില്‍ ബിഷപ്പിന്റെ മുഖം കാണിച്ചില്ല. പക്ഷെ ബിഷപ്പ്‌ പറയുന്ന ആശയങ്ങളൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന തത്വങ്ങള്‍ മാത്രമാണ്‌. ഗാന്ധിജിയെയാണ്‌ അദ്ദേഹം ഉദ്ധരിച്ചത്‌. മുഖം കാണിക്കാതെയുള്ള ചിത്രീകരണം കൂടുതല്‍ ആകര്‍ഷണമായിരിക്കുമെന്നു തോന്നി.

സിനിമാരംഗത്തെ പൈറസി ഏറ്റവും മ്ലേച്ഛമായ കാര്യമാണ്‌. അതിനു ബലിയാടായ വ്യക്തിയാണ്‌ ഫെസ്റ്റിവല്‍ സംഘാടകനായ ജേക്കബ്‌ റോയി എന്നതില്‍ ഖേദമുണ്ട്‌. അതിനാല്‍ തന്നെ ഇമെയിലും, ഫോണും വഴി മാത്രം ബന്ധപ്പെട്ട റോയി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ പങ്കെടുക്കേണ്ടത്‌ കടമയായി താന്‍ കരുതുന്നു.

ഉദ്‌ഘാടനം ചെയ്‌ത ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ വൈദീകനായതില്‍ ആഹ്ലാദവും അഭിമാനവുമുള്ള വ്യക്തിയാണ്‌ താനെന്ന്‌ പറഞ്ഞു. എന്നാല്‍ വൈദീകനായിരുന്നില്ലെങ്കില്‍ എന്തെങ്കിലും ഒരു ജോലി ചെയ്യുകയും ബാക്കി സമയം സിനിമ കാണുകയുമായിരിക്കും താന്‍ ചെയ്യുകയുണ്ടാവുക.

സിനിമകള്‍ കാണാറുണ്ടെങ്കിലും ഒരിക്കലും ഒരു വ്യാജ സിഡിയോ, വ്യാജകാസറ്റോ താന്‍ കണ്ടിട്ടില്ല. വ്യാജ സിനിമ കാണുന്നത്‌ ഒരു പാപമായി സഭ പ്രഖ്യാപിക്കുകയും, അങ്ങനെ ചെയ്യുന്നവര്‍ കുമ്പസാരിച്ച്‌ പ്രായച്ഛിത്തം ചെയ്യുകയും വേണമെന്നാണ്‌ തന്റെ പക്ഷം.

പ്രേക്ഷകരാണ്‌ സിനിമയെ നിയന്ത്രിക്കുന്നത്‌. പ്രേക്ഷകനില്ലെങ്കില്‍ സിനിമയുമില്ല, സംവിധായകനുമില്ല.

റോയി നടത്തിക്കൊണ്ടിരുന്ന മാവേലി തീയേറ്റര്‍ പൂട്ടിയപ്പോള്‍ അതീവ ദുഖം തോന്നി. മരിച്ച വീട്ടില്‍ ചെന്ന പ്രതീതിയാണ്‌ തീയേറ്ററില്‍ ചെന്നപ്പോള്‍ തോന്നിയത്‌. അത്‌ ഇനിയും പ്രവര്‍ത്തിക്കാന്‍ ഇടയാകട്ടെ എന്നാണ്‌ തന്റെ പ്രാര്‍ത്ഥന.

ജോര്‍ജ്‌ തുമ്പയില്‍ ആയിരുന്നു എം.സി. ഓരോ സിനിമയിലും വ്യത്യസ്‌തമായ പ്രമേയം വഴി പത്മരാജനും, ഭരതനും, എം.ടിയും തുറന്നിട്ട പാതയിലൂടെ പ്രേഷകമാനസം കവര്‍ന്ന രഞ്‌ജിത്തിനെ അദ്ദേഹം സ്വാഗതം ചെയ്‌തു. നടന്‍ തമ്പി ആന്റണി, റോയിക്കൊപ്പം സംഘാടകനായ സിബി ഡേവിഡ്‌ (കലാവേദി) തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു. ഷൈന്‍ റോയിയുടെ നേതൃത്വത്തില്‍ നൃത്തവും അരങ്ങേറി.

പ്രാഞ്ചിയേട്ടനിലെ പ്രതിമ ഇപ്പോള്‍ പുണ്യവാളന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക