Image

മുഖംമൂടിയില്ലാതെ മുന്നില്‍ കോട്ടയം (ജോര്‍ജ്‌ തുമ്പയില്‍)

Published on 22 March, 2014
മുഖംമൂടിയില്ലാതെ മുന്നില്‍ കോട്ടയം (ജോര്‍ജ്‌ തുമ്പയില്‍)
മുഖംമൂടികളില്ലാതെ കോട്ടയംകാരനായി പിന്നെയും കോട്ടയത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ മുഖത്തേക്ക്‌ അടിച്ചു കയറിയത്‌ നല്ല തീക്കാറ്റാണ്‌. ബസേലിയോസ്‌ കോളേജിന്റെ കവാടത്തിനരികില്‍ നില്‍ക്കുമ്പോള്‍ ഒരു കാര്യം മനസ്സിലായി കോട്ടയത്തെ ചൂടാണ്‌ ചൂട്‌. കത്തിക്കാളുന്ന വെയിലില്‍ താപം 34 ലേക്കും 38-ലേക്കും റോക്കറ്റ്‌ പോലെ കത്തിക്കയറുന്നു. അപ്പോള്‍ തോന്നിയത്‌ നില്‍ക്കുന്നത്‌ കേരളത്തില്‍ തന്നെയാണോ എന്നായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള പാലക്കാടന്‍ കാറ്റിന്റെ ശക്തിയില്‍ പാലക്കാടന്‍ മണ്ണില്‍ സൂര്യതാപമേല്‍ക്കുന്നതായുള്ള വാര്‍ത്തകള്‍ വായിച്ചിട്ടുണ്ട്‌. എന്നാല്‍ അക്ഷരനഗരിയായ കോട്ടയത്ത്‌ ഇത്രയും ചൂട്‌ കൂടുന്നത്‌ അക്ഷരത്തിന്റെ ശക്തി കൊണ്ടാണോ അതോ അച്ചായന്മാരുടെ വൈകിട്ടത്തെ പരിപാടിയുടെ കരുത്തു കൊണ്ടാണോ എന്നേ അറിയാനുള്ളു.

ഒരു വര്‍ഷത്തിനു ശേഷം കോട്ടയം കണ്ടപ്പോള്‍ കൊച്ചിയുടെ ഒരു മിനി പതിപ്പായി നഗരം മാറുന്നതായി തോന്നി. അംബരചുംബികളെന്നു പറയാനാവില്ലെങ്കിലും ബഹുനില ഫ്‌ളാറ്റ്‌ സമുച്ചയങ്ങളുടെ കേന്ദ്രമായി കോട്ടയം മാറുന്നു. ഒരു ഗട്ടര്‍ പോലുമില്ലാതെ നഗരത്തിന്റെ മുക്കിലും മൂലയിലും മികച്ച റോഡുകള്‍, മികച്ച ഷോപ്പിങ്‌ സൗകര്യങ്ങള്‍, പുതിയ ഹോട്ടലുകള്‍, പുതിയ ആശുപത്രി, പുതിയ തീയേറ്ററുകള്‍ തുടങ്ങി മികച്ചതായ പലതും ഇപ്പോള്‍ ഇവിടെ കാണാനാവും. എന്നാല്‍, നല്ലൊരു ഹോട്ടല്‍ ഇപ്പോഴും ഇവിടെ ഇല്ലെന്നത്‌ ഭക്ഷണപ്രിയരെ ഒന്നു പിന്നോട്ട്‌ അടിക്കുന്നുണ്ട്‌.
ബാറില്ലാത്ത വലിയൊരു ഹോട്ടല്‍ കൂടി ഇത്തവണ നഗരത്തില്‍ തുടങ്ങിയിട്ടുണ്ട്‌. ചെറില്‍ബ്രോ (എന്താണാവോ?) എന്നാണ്‌ പേര്‌. കാഴ്‌ചയില്‍ നല്ല ഭംഗിയുണ്ട്‌. കെകെ റോഡില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ സ്റ്റോപ്പിനടുത്തായി കളക്ടറേറ്റിനു സമീപമാണിത്‌. ഉദ്‌ഘാടനം കഴിഞ്ഞതേയുള്ളു. ഒരു പരീക്ഷണത്തിനായി കയറി. ബിനോയിയും ഓസ്‌ട്രേലിയയില്‍ നിന്നുള്ള സുഹൃത്ത്‌ റോയിയും ഭാര്യ ജോയ്‌സും ഒപ്പമുണ്ടായിരുന്നു.
ചക്ക തുന്നിക്കുന്നതു പോലെ തുന്നിച്ചു നോക്കിയിട്ടു കേറാന്‍ പറ്റുമോ? കാര്യമായി ഒന്നും കഴിച്ചില്ലെങ്കിലും കാര്യമായ ബില്ലു കിട്ടി. രണ്ടായിരം രൂപ (!). പ്രതീക്ഷിച്ചതൊന്നും അവിടെയുണ്ടായിരുന്നില്ല. വാഷ്‌റൂമില്‍ ഒരു ടവ്വല്‍ വെച്ചിട്ടില്ല, ചില്‍ഡ്‌ വാട്ടര്‍ തന്നില്ല, കസ്റ്റമര്‍ സര്‍വീസ്‌ ശരിയല്ല, പോരെങ്കില്‍ ഭക്ഷണം പുറത്തു നിന്നു വാങ്ങി കൊണ്ട്‌ സേര്‍വ്‌ ചെയ്യുകയായിരുന്നുവോയെന്നു സംശയവും.
കാരണം, ഓര്‍ഡര്‍ കൊടുത്തിട്ട്‌ അരി അടുപ്പത്തിട്ടിരുന്നുവെങ്കില്‍ അതിനു മുന്നേ വാര്‍ക്കമായിരുന്നുവെന്ന്‌ ജോയ്‌സിന്റെ കമന്റ്‌.... കഞ്ഞിക്കുഴിയില്‍ കൊശമറ്റം ഗ്രൂപ്പിന്റെ ആശുപത്രി, മുത്തൂറ്റുകാരുടെ രമ്യ, ധന്യ തീയേറ്ററുകള്‍, പുതിയ റോഡ്‌, വിപുലീകരിച്ച റെയില്‍വേ സ്റ്റേഷന്‍ അങ്ങനെ വ്യത്യസ്‌തമായ ഒരു മാറ്റം ഇവിടെ കാണാനാവുന്നുണ്ട്‌.
കഴിഞ്ഞ വര്‍ഷം വന്നപ്പോഴായിരുന്നു കരിക്കിനേത്ത്‌ ടെക്‌സ്‌റ്റയില്‍സിന്റെ ഓപ്പണിങ്‌. ഇത്തവണയും അവിടെ ഒന്നു കയറിയെങ്കിലും ഉടമ ബാബുച്ചായനെ കണ്ടില്ല. പക്ഷേ അമേരിക്കയില്‍ നിന്നുള്ള സുഹൃത്താണെന്ന്‌ അറിയിച്ചതോടെ ആതിഥേയത്വം അത്യുഗ്രനായി! പാലുകുടുപ്പിക്കാനും വെഞ്ചാമരം വീശാനും വരെ ആളു കൂടി. അത്രയ്‌ക്കങ്‌ട്‌ വേണ്ടായിരുന്നു !! കേരള എക്‌സ്‌പ്രസിന്റെ ജോസ്‌ കണിയാലി ഞാന്‍ ചെല്ലുന്നതിനു തൊട്ടു മുന്‍പ്‌ വരെ അവിടെയുണ്ടായിരുന്നുവത്രേ. ഫോണില്‍ വിളിച്ചു കുശലം പറഞ്ഞു.

ആനന്ദമന്ദിരത്തില്‍ നിന്നും മസാല ദോശ കഴിച്ച്‌ ഇറങ്ങുമ്പോള്‍ കോട്ടയത്ത്‌ ഗാന്ധി പ്രതിമയെ തേച്ചു കുളിപ്പിച്ചു സുന്ദരക്കുട്ടപ്പനാക്കുന്നതു കണ്ടു. പുറമേ, മാര്‍ബിള്‍ ഒക്കെ പതിപ്പിച്ചു നല്ല സ്റ്റൈലാക്കുന്നു. കൊള്ളാം, പിടി ചാക്കോയുടെ പ്രതിമയ്‌ക്കും പെയിന്റടിക്കുന്നുണ്ട്‌. കോട്ടയം കണ്ട കാലം മുതല്‍ക്ക്‌ മാറ്റമില്ലാതെ നില്‍ക്കുന്ന ഈ രണ്ടു പേരെ അങ്ങനെ പെട്ടെന്ന്‌ കോട്ടയംകാര്‍ക്കൊന്നും മറക്കാന്‍ പറ്റില്ലല്ലോ..
കത്തിക്കാളുന്ന വെയിലേറ്റ വൈകുന്നേരം വാടിനില്‍ക്കുമ്പോള്‍ ശീമാട്ടി റൗണ്ടാനയില്‍ വാട്ടര്‍ ഫൗണ്ടന്‍ കണ്ടു. കൊള്ളാം നന്നായിരിക്കുന്നു. അപ്പോഴാണ്‌ മുനിസിപ്പല്‍ പാര്‍ക്കിനേക്കുറിച്ച്‌ ഓര്‍ത്തത്‌. അവിടെ വലിയൊരു പാര്‍ക്ക്‌ വരുന്നതായി സുഹൃത്തും പ്രമുഖ ഗായകനുമായ ബിനോയ്‌ ചാക്കോ പറഞ്ഞു. മാറട്ടെ, അമേരിക്കയുടെ മുദ്രാവാക്യമായ ചെയിഞ്ച്‌ കോട്ടയത്തും മാറ്റം സൃഷ്ടിക്കട്ടെ. വികസന കാര്യത്തില്‍ വന്‍ കുതിപ്പ്‌ കോട്ടയം നടത്തുന്നത്‌ പ്രത്യക്ഷത്തില്‍ കാണാന്‍ പറ്റുന്നുണ്ട്‌. ടിബി റോഡിന്റെ വലിപ്പവും വിന്‍സര്‍ കാസില്‍ ഹോട്ടലിന്റെ മുന്നിലെ നാലു വരിപ്പാതയും കോട്ടയം കുമരകം റോഡും തുടങ്ങി എങ്ങോട്ട്‌ മാറിയാലും നല്ലൊരു മാറ്റം കാണാന്‍ കഴിയുന്നുണ്ട. ഇട്ടാ വട്ടം പോലെ കിടന്ന കോട്ടയം ഠപ്പേന്ന്‌ മാറുന്നതു കണ്ടപ്പോള്‍ ഏതൊരു പ്രവാസിക്കും അതു മനം കുളിര്‍ക്കുന്ന ഒരേര്‍പ്പാടാണ്‌. സുഹൃത്ത്‌ റോയിയുടെ സംകാന്ത്രിയിലെ വീട്ടിലേക്കുള്ള യാത്രയില്‍ കുമാരനല്ലൂര്‍ വഴി കടന്നു പോയപ്പോള്‍ വലിയൊരു പാലം കണ്ടു, അത്‌ റെയില്‍വേ മേല്‍പ്പാലമാണത്രേ. ഇതേ പോലെ തന്നെ മൂലേടത്തും വന്നിട്ടുണ്ടെന്നു ബിനോയ്‌ക്കൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ അറിഞ്ഞു.

ഇങ്ങനെ വികസനത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പമാണ്‌ ഇപ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കല്‍ നില്‍ക്കുന്നത്‌. കോട്ടയത്ത്‌ കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പിന്റെ ജോസ്‌ കെ. മാണിയാണ്‌ പാര്‍ലമെന്റിലേക്കുള്ള യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ്‌ സീറ്റ്‌ ജനതാദളിനാണ്‌. തിരുവല്ല എംഎല്‍എയും മുന്‍ ഗതാഗതവകുപ്പു മന്ത്രിയുമായ മാത്യു ടി തോമസാണ്‌ ഇവിടെ മത്സരിക്കുന്നത്‌. ഊര്‍ജിതമായ പ്രചാരണം നടക്കുന്നുണ്ട്‌. സ്ഥാനാര്‍ത്ഥികള്‍ മിന്നായം പോലെ പാഞ്ഞു പോകുന്നതു കണ്ടു. ഇലക്ഷന്‍ ഒന്നു ചൂടായി വരുന്നതേയുള്ളു.

വഴിവക്കിലെങ്ങും മലബാര്‍ കുലുക്കി സര്‍ബത്ത്‌ എന്നൊരു സാധനം കണ്ടു. നാരങ്ങാവെള്ളത്തിന്റെ ന്യൂജനറേഷന്‍ പതിപ്പാണത്രേ. ആയുര്‍വേദ കടകളില്‍ നിന്നു ലഭിക്കുന്ന എസ്സന്‍സും നാരങ്ങാനീരും അല്‍പ്പം ഇഞ്ചിയും മുളകും കൂടി ചേര്‍ത്ത്‌ ഐസിട്ട്‌ രണ്ടു ഗ്ലാസുകളിലാക്കി കുലുക്കിയെടുക്കുന്ന ഈ പാനീയം മലബാറിലൊക്കെ ഭയങ്കര ഫേയ്‌മസാണത്രേ. എന്തായാലും, ഒരെണ്ണം ടേസ്റ്റ്‌ ചെയ്‌തു നോക്കി. കൊള്ളാം, നല്ല രുചിയുണ്ട്‌. അധികം കഴിക്കേണ്ടെന്നു ബിനോയുടെ ഉപദേശം. ഐസിന്റെ കാര്യത്തില്‍ ആര്‍ക്കും ഗ്യാരന്റി നല്‍കാന്‍ പറ്റില്ലത്രേ.

ചൂട്‌ താങ്ങാവുന്നതിലും അധികമാണെന്നു തോന്നി. കോട്ടയംകാര്‍ക്കും ഈ ചൂട്‌ വലിയ പാടാണെന്ന്‌ പലരും പറഞ്ഞു. ഉയരമുള്ള കെട്ടിടങ്ങള്‍ തങ്ങി നില്‍ക്കുന്ന ഈര്‍പ്പം പുറത്തേക്ക്‌ പോകാന്‍ പറ്റാത്തതു കൊണ്ടാണത്രേ ഇത്ര ഉഷ്‌ണം. മാറുന്ന കോട്ടയത്തിന്റെ കാലാവസ്ഥ മാറ്റം പേടിപ്പിക്കുന്നുണ്ടെന്നത്‌ മറ്റൊരു കാര്യം. എന്നാലും കോട്ടയം ഒരു സ്വകാര്യ അഹങ്കാരമായി മാറുകയാണ്‌. ആരുടെ മുന്നിലും തലകുനിക്കാതെ നെഞ്ചുയര്‍ത്തിപ്പിടിക്കാവുന്ന വിധത്തില്‍ തന്നെ....
മുഖംമൂടിയില്ലാതെ മുന്നില്‍ കോട്ടയം (ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക