Image

നാരായണനെ മറന്ന കേരളം (ഉഴവൂര്‍ വിജയന്‍ (കുടുംബസുഹൃത്ത്‌)

Published on 07 November, 2011
നാരായണനെ മറന്ന കേരളം (ഉഴവൂര്‍ വിജയന്‍ (കുടുംബസുഹൃത്ത്‌)
ആദിശങ്കരനുശേഷം മലയാളത്തിന്റെ യശ്ശസ്സ്‌ വിശ്വമാകെ പടര്‍ത്തിയ സാര്‍വ്വഭൗമനാണ്‌ യശഃശരീരനായ മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണന്‍. ഇരുവരുടേയും കര്‍മ്മപഥങ്ങള്‍ വ്യത്യസ്‌തമായിരുന്നുവെങ്കിലും വരുംതലമുറയ്‌ക്ക്‌ വിസ്‌മയം ജനിപ്പിക്കുന്ന കാല്‍പ്പടങ്ങള്‍ ബാക്കിയാക്കിയാണ്‌ ഇരുവരും വിടവാങ്ങിയത്‌. വി.കെ. കൃഷ്‌ണമേനോന്‍, കെ.പി.എസ്‌. മേനോന്‍ തുടങ്ങി ദേശീയ അംഗീകാരം നേടിയ മലയാളികള്‍ നിരവധിയുണ്ട്‌. പക്ഷേ ഇവരാരെക്കാളും മുന്നിലാണ്‌ നാരായണന്റെ സ്ഥാനം. ജീവിതസാഹചര്യം, കര്‍മ്മമണ്ഡലങ്ങളുടെ വ്യാപ്‌തി, പൊതുജനാഅഭിപ്രായം തുടങ്ങിയ ഏതു അളവുകോല്‍ ഉപയോഗിച്ച്‌ അളന്നാലും നാരായണന്‍ കേരളീയരുടെ അഭിമാനസ്‌തംഭമായി എക്കാലവും നിലകൊള്ളും.

പരിമിതികളോടു പോരാടി ഉയരങ്ങളിലെത്തിയിട്ടും കടന്നുവന്ന വഴി മറക്കാതിരുന്ന നേതാവായിരുന്നു അന്തരിച്ച മുന്‍ രാഷ്‌ട്രപതി. സാധാരണക്കാരുടെ താല്‌പര്യങ്ങള്‍ക്കെതിരായ തീരുമാനങ്ങള്‍ അധികാരകേന്ദ്രങ്ങളില്‍ നിന്നുണ്ടായപ്പോഴെല്ലാം അവരുടെ ശബ്‌ദമായിത്തീരാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. രാഷ്‌ട്രത്തോടും പാര്‍ലമെന്റംഗങ്ങളോടും നല്‍കിയ സന്ദേശങ്ങളില്‍ ഉദാരവത്‌കരണത്തില്‍ നിന്നു പിന്തിരിയാനാവില്ലെങ്കിലും ദരിദ്രര്‍ക്കു വിനാശകരമാവും വിധം അതു തിടുക്കത്തില്‍ നടപ്പിലാക്കരുതെന്നു പ്രഥമ പൗരന്‍ ഓര്‍മ്മിപ്പിക്കുമായിരുന്നു. പാര്‍ലമെന്റിലും നിയമസഭകളിലും സ്‌ത്രീകള്‍ക്കു പുരുഷനോടൊപ്പം സ്ഥാനം നല്‍കണമെന്നതു അദ്ദേഹത്തിന്റെ എക്കാലത്തേയും സ്വപ്‌നമായിരുന്നു.

അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ ആജ്ഞാനൂവര്‍ത്തിയാകാതെ പ്രസിഡന്റ്‌ പദവിയുടെ ഔന്നത്യം ഉയര്‍ത്തിപ്പിടിച്ചു. ഉത്തര്‍പ്രദേശിലെ കല്യാണ്‍സിംഗ്‌ സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ഗുജ്‌റാള്‍ സര്‍ക്കാരിന്റെ ശിപാര്‍ശതിരിച്ചയച്ച ഭരണഘടനയുടെ കാവല്‍ഭടനാണു രാഷ്‌ട്രപതിയെന്ന സത്യം അദ്ദേഹം രാഷ്‌ട്രീയപാര്‍ട്ടികളെ ബോധിപ്പിച്ചു. ഏറെ വിവേകത്തോടെ പ്രയോഗിക്കേണ്ടതാണു 365-ാം വകുപ്പ്‌ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട.്‌

ബി.ജെ.പി. സര്‍ക്കാരിന്റെ ഭരണഘടന പുനഃപരിശോധിക്കാനുള്ള നീക്കം അനാവശ്യമാണെന്നു പാര്‍ലമെന്റില്‍ പോയിപറയാനും കോടതികള്‍ അവസരവാദപരമായ ചൂതാട്ടകേന്ദ്രങ്ങളാകരുതെന്നു സൂപ്രീം കോടതിയുടെ ഒരു ചടങ്ങില്‍ത്തന്നെ പ്രസംഗിക്കാനും ധൈര്യം കാണിച്ച രാഷ്‌ട്രപതി വേറെയില്ല. ഇതിനെല്ലാം കഴിഞ്ഞതു വ്യക്തികളുടെയോ കക്ഷികളുടെയോ വിഭാഗങ്ങളുടെയോ സ്ഥാപിത താത്‌പര്യങ്ങള്‍ക്കടിമപ്പെടാതെ രാഷ്‌ട്രത്തിന്റെ പൊതുതാത്‌പര്യം, ഭരണഘടന, മനഃസാക്ഷി എന്നീ മൂല്യങ്ങളില്‍ ഉറച്ചു നിന്നതിനാലാണ്‌.

ഡോ. അംബേദ്‌ക്കറിനുശേഷം ഇന്ത്യ ദര്‍ശിച്ച അസാധാരണമായ ഒരു അതിജീവനമാണ്‌ കോച്ചേരില്‍ രാമന്‍ നാരായണന്‍ എന്ന ഉഴവൂര്‍കാരന്റേത്‌. സാധാരണക്കാരനായ മലയാളിക്ക്‌ സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത ഔന്ന്യത്തിലെത്തിച്ചേര്‍ന്ന കെ.ആര്‍. നാരായണന്റെ ജീവിതം ആദ്യാവസാനം സംഭവബഹുലമായിരുന്നു. ദാരിദ്ര്യത്തിന്റെ തീച്ചുളയില്‍ നിന്നും പണ്ഡിതന്‍, പത്രപ്രവര്‍ത്തകന്‍, നയതന്ത്രജ്ഞന്‍, ഭരണാധികാരി, എഴുത്തുകാരന്‍ തുടങ്ങി ബഹുമുഖമായ വളര്‍ച്ചയായിരുന്നു അദ്ദേഹത്തിന്റേത്‌. നിര്‍ണ്ണായകമായ കാലഘട്ടത്തില്‍ ഭാരതത്തിന്റെ ഭരണനൗകയെ നയിക്കാന്‍ ഭാഗ്യം സിദ്ധിച്ച മഹാപുരുഷനായിരുന്നു നാരായണന്‍. ഉപരാഷ്‌ട്രപതിയും രാഷ്‌ട്രപതിയുമായി സൂര്യതേജസ്സോടെ പ്രശോഭിച്ച ആ മഹാത്മാവ്‌ മണ്‍മറഞ്ഞിട്ട്‌ 6 വര്‍ഷം കഴിഞ്ഞു. അപ്പോഴേക്കും മലയാളക്കര അദ്ദേഹത്തെ വിസ്‌മരിച്ചു.

രാഷ്‌ട്രപതിയായി സ്ഥാനമേറ്റ്‌ ആദ്യമായി നാട്ടിലെത്തിയ അദ്ദേഹം പറഞ്ഞത്‌ ലോകത്തെവിടെയായിരുന്നാലും ഒരു മലയാളിയായി, ഒരു ഉഴവൂര്‍കാരനായി അറിയപ്പെടുവാനാണ്‌ താന്‍ ആഗ്രഹിക്കുന്നത്‌ എന്നാണ്‌. മലയാളികള്‍ക്കായി അദ്ദേഹത്തിന്റെ കാലത്ത്‌ രാഷ്‌ട്രപതിഭവന്റെ വാതിലുകള്‍ എപ്പോഴും തുറന്നു കിടന്നിരുന്നു. രാഷ്‌ട്രപതിഭവനിലെത്തുന്ന ഒരു കേരളീയനെപ്പോലും അദ്ദേഹം നിരാശനാക്കിയിരുന്നില്ല. താന്‍ പ്രാഥമിക വിദ്യാഭ്യാസം നിര്‍വ്വഹിച്ച കുറിച്ചിത്താനം ഗവണ്‍മെന്റ്‌ എല്‍.പി. സ്‌കൂള്‍, ഉഴവൂര്‍ ഒ.എല്‍.എല്‍. ഹൈസ്‌കൂള്‍, കുറവിലങ്ങാട്‌ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അദ്ദേഹം തന്നെ സ്‌കോളര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തിയിരുന്നു. ഇവ ഇപ്പോഴും തുടര്‍ന്നു വരുന്നു. സ്‌കൂളുകള്‍ക്ക്‌ വിശാലമായ ലൈബ്രറിയും കമ്പ്യൂട്ടര്‍ പഠനകേന്ദ്രങ്ങളും അനുവദിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു.

കേരളത്തിനുള്ള കേന്ദ്ര ആസൂത്രണവകുപ്പിന്റെ വിഹിതം 20 കോടി ആയിരുന്ന കാലത്താണ്‌ കെ.ആര്‍. നാരായണന്‍ ആ വകുപ്പിന്റെ ചുമതലയേറ്റത്‌. അതിനുശേഷം അദ്ദേഹം മുന്‍കൈയ്യെടുത്ത്‌ കേരളത്തിന്റെ വിഹിതം 180 കോടിയാക്കി ഉയര്‍ത്തി. ഇതിന്റെയൊക്കെപ്പേരില്‍ വാര്‍ത്തകള്‍ സൃഷ്‌ടിക്കുവാനോ അവകാശവാദം ഉന്നയിക്കുവാനോ അദ്ദേഹം മെനക്കെട്ടതുമില്ല. രാഷ്‌ട്രപതിയായിരുന്നകാലത്ത്‌ നാരായണനെ നാട്ടിലെത്തിക്കുവാനും പരിപാടികളില്‍ പങ്കെടുപ്പിക്കുവാനും സംസ്ഥാനസര്‍ക്കാര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞ മലയാളത്തിന്റെ ഈ സൂര്യതേജസ്സിന്‌ അര്‍ഹമായ സ്‌മാരകം നിര്‍മ്മിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ പോലും തയ്യാറായിട്ടില്ല. പഴയ കെട്ടിടങ്ങള്‍ക്ക്‌ അദ്ദേഹത്തിന്റെ പേര്‌ നല്‍കി ചില ജാലവിദ്യകള്‍ കാട്ടിയതല്ലാതെ അദ്ദേഹത്തിന്‌ ഉചിതമായ ഒരു സ്‌മാരകം നിര്‍മ്മിക്കുവാന്‍ ജന്മനാടിനും കഴിഞ്ഞിട്ടില്ല.

ജാതി ഭ്രഷ്‌ടുമൂലം അധ്യാപകമോഹം ഉപേക്ഷിച്ച്‌ കേരളം വിടേണ്ടിവന്ന അദ്ദേഹത്തെ രാഷ്‌ട്രപതിയായപ്പോള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച്‌ കേരളം മാപ്പിരന്നു. എന്നാല്‍ അന്നത്തെ മാപ്പിരക്കല്‍ നാടകമാണെന്ന്‌ സാംസ്‌കാരിക കേരളത്തിന്റെ ബുദ്ധിശൂന്യത ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്‌.
നാരായണനെ മറന്ന കേരളം (ഉഴവൂര്‍ വിജയന്‍ (കുടുംബസുഹൃത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക