Image

മഴസ്വപ്നങ്ങള്‍- കൊല്ലം തെല്‍മ, ടെക്‌സാസ്

കൊല്ലം തെല്‍മ, ടെക്‌സാസ് Published on 06 February, 2014
മഴസ്വപ്നങ്ങള്‍- കൊല്ലം തെല്‍മ, ടെക്‌സാസ്
ഏഴുദിവസം കഴിഞ്ഞശേഷം ഭൂമിയില്‍ ജലപ്രളയം തുടങ്ങി…
ആഴിയുടെ ഉറവകള്‍ ഒക്കെയും പിളര്‍ന്നു.
ആകാശത്തിന്റെ ഉറവകള്‍ ഒക്കെയും പിളര്‍ന്നു.
ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു.
നാല്പതു രാവും നാല്പതു പകലും ഭൂമിയില്‍ മഴപെയ്തു…
ജീവശ്വാസമുള്ള സര്‍വ്വജഡത്തില്‍ നിന്നും ഈ രണ്ടീരണ്ടു നോഹയുടെ അടുക്കല്‍ വന്നു പെട്ടകത്തില്‍ കടന്നു- ഉല്പത്തി. അദ്ധ്യായം 7
നാട്ടില്‍ നിന്നും കസിന്‍ വിളിച്ചുപറഞ്ഞു:
“എടീ… നാട്ടില്‍ മഴ തകര്‍ത്തുപെയ്യുന്നുണ്ട്. ഇക്കുറി ദൈവം പ്രാര്‍ത്ഥന നേരത്തെ കേട്ടു.”
എന്റെ മനസ്സുരുവിട്ടു.
“പ്രെയിസ് ദ ലോഡ്”
കത്തിവരണ്ട കേരളത്തില്‍ ദൈവത്തിന്റെ മഴവിരല്‍ സ്പര്‍ശമേറ്റു. കുട്ടിക്കാലത്ത് സണ്‍ഡേ ക്ലാസ്സില്‍ പോകാന്‍ തുടങ്ങിയതോടെ മുടങ്ങാതെ ബൈബിള്‍ വായന തുടങ്ങി. ഉല്പത്തി പുസ്തകം പലയാവര്‍ത്തി വായിച്ചു.
നോഹയപ്പൂപ്പനെ എനിക്കൊത്തിരി ഇഷ്ടമായിരുന്നു.
ദൈവത്തിന്റെ പെട്ടകത്തില്‍ ഭൂമിയിലെ എല്ലാത്തരം ജീവജാലങ്ങളെയും നോഹയപ്പൂപ്പന്‍ ഇണയിണയായി കയറ്റുന്നത് ഞാന്‍ മനസ്സില്‍ ഭാവന നെയ്തു.
അന്ന് ഒരു മുയലിന്റെ മുഖംമൂടി വച്ച് ആ പെട്ടകത്തില്‍ കയറിക്കൂടണമെന്ന് ഞാന്‍ ആഗ്രഹിച്ചു.
ദൈവം സൃഷ്ടിച്ച ജന്തുജീവജാലങ്ങളെ തൊട്ടടുത്തു കാണാമല്ലോ? പക്ഷെ ദൈവം കല്പിച്ചിട്ടുള്ളത് അതാത് ഇനത്തിലെ രണ്ടെണ്ണം ഒരുമിച്ചു കയറണമെന്നാണല്ലോ?
അതിന് എനിക്കാരാ കൂട്ടുവരുന്നത്?
ആരുമില്ല. പിന്നെ ഏക പോംവഴി തെക്കേ വീട്ടിലെ എന്റെ കളിക്കൂട്ടുകാരി ജെമ്മയെ വിളിക്കുക എന്നതാണ്.
പെട്ടകത്തില്‍ കയറാന്‍ കൂട്ടുവരുമോ എന്ന ചോദ്യത്തിന് അവള്‍ അറുത്തുമുറിച്ചു മറുപടി പറഞ്ഞു.
“ഞാനൊന്നും നിന്റെ കൂടെയില്ല. പെട്ടകത്തില്‍ സിംഹവും കരടിയും പുലിയുമൊക്കെയുണ്ട്, അവ നിന്നേം എന്നേം കടിച്ചുകീറിത്തിന്നും.”
അവള്‍ അക്കാര്യം പറഞ്ഞൊഴിഞ്ഞു.
ഞാന്‍ ഒറ്റക്കായതിനാല്‍ നോഹയുടെ പെട്ടകത്തിലേക്ക് പോയുമില്ല.
അന്ന് എന്റെ സ്വപ്നഭാവന മരിച്ചു.
ഞാന്‍ പിന്നെ വളര്‍ന്നു വലിയ പെണ്ണായി.
അപ്പോഴും മഴയോട് ഒരുതരം ഭ്രാന്തായിരുന്നു.
നേരിട്ടു കണ്ടിട്ടില്ലെങ്കില്‍പ്പോലും, നോഹയുടെ പെട്ടകം വെള്ളത്തില് ഒഴുകിനടക്കുമ്പോള്‍- നാല്പതു രാവും നാല്പതു പകലും കോരിച്ചൊരിയുന്ന മഴ നിര്‍ത്താതെ പെയ്യുമ്പോള്‍ പെട്ടകത്തിന്റെ മുകള്‍ത്തട്ടില്‍ മഴ ആസ്വദിച്ചു നില്‍ക്കാന്‍ മഴയ്‌ക്കൊപ്പം നൃത്തം ചെയ്യാന്‍ മനസു കൊതിച്ചു.
മഴയുള്ള ഒരു രാത്രിയില്‍ ഭര്‍ത്താവിനോട് ഞാനെന്റെ സ്വപ്നഭാവന പറഞ്ഞപ്പോള്‍  അദ്ദേഹം ചിരിച്ചിട്ടു പറഞ്ഞു.
“നിന്റെയൊരു വിചിത്ര ഭാവന. നിനക്കൊരു ചങ്ങല ഞാന്‍ പണിയിക്കേണ്ട സമയമായി.”
എന്നെ കളിയാക്കുന്നു എന്നറിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തില്‍ നിന്ന് വിട്ടൊഴിഞ്ഞുമാറി.
അമേരിക്കയുടെ മണ്ണില്‍ കാല്‍ചവിട്ടിയപ്പോള്‍ മുതല്‍ എന്‌റെ നാടന്‍ സ്വപ്നങ്ങളും സങ്കല്പങ്ങളും മഞ്ഞുപാളികള്‍ കൊണ്ടടച്ച വശപ്പെട്ടിക്കുള്ളിലായി.
എങ്കിലും മഴയെക്കുറിച്ചാരെങ്കിലും ഫോണിലൂടെ വിളിച്ചറിയിക്കുമ്പോള്‍, അല്ലെങ്കില്‍ നാട്ടിലെത്തുന്നത് മഴക്കാലത്താണെങ്കില്‍ മഴയുടെ നേര്‍ത്ത സംഗീതം എന്നെ പൊതിയും.
ചിലപ്പോള്‍ അതിന്റെ കുളിരോര്‍മ്മകള്‍ എന്നെ ഒരു ഫ്രോക്കിട്ട് മഴയത്തോടിക്കളിക്കുന്ന ഒരു കുട്ടിയാക്കി മാറ്റുന്നു.


മഴസ്വപ്നങ്ങള്‍- കൊല്ലം തെല്‍മ, ടെക്‌സാസ്
Join WhatsApp News
vaayanakkaaran 2014-02-07 15:04:39
മഴയണം 
ഒഴുകണം 
പുഴയണം 
ആഴിയണയണം.
Sudhir Panikkaveetil 2014-02-08 06:45:58
ഭാവനയുടെ മഴത്തുള്ളികൾ മോഹാക്ഷരങ്ങളുടെ
കുളിരുമായി വായനക്കാരെ കോൾ മയിർ കൊള്ളിക്കുന്നു. അഭിനന്ദനങ്ങൾ - സുധീർ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക