Image

പിറവം ഉപതെരഞ്ഞെടുപ്പ്‌, സര്‍ക്കാരിന്‌ അഗ്‌നിപരീക്ഷ: സഭാതര്‍ക്കം നിര്‍ണായകം

Published on 04 November, 2011
പിറവം ഉപതെരഞ്ഞെടുപ്പ്‌, സര്‍ക്കാരിന്‌ അഗ്‌നിപരീക്ഷ: സഭാതര്‍ക്കം നിര്‍ണായകം
പിറവം നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് ഓര്‍ത്തഡോക്‌സ്  സഭയുടെ  തീരുമാനങ്ങള്‍   ഇരുമുന്നണിക്കും നിര്‍ണായകമാകുന്നു. കേരള സര്‍ക്കാരിന്‍റെ ഭാവിനിശ്ചയിക്കുന്ന പിറവം നിയമസഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനായി രാഷ്ട്രീയകേരളം തിരക്കിട്ട ചര്‍ച്ചയിലേക്ക് കടന്നു കഴിഞ്ഞു.  ഈ സാഹചര്യത്തില്‍ ഏറെ കരുതലോടെ മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസും യുഡിഎഫ് നേതൃത്വവും ശ്രമിക്കുന്നത്. ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭകള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് സര്‍ക്കാരിനു മുന്നിലുള്ള പ്രധാനവെല്ലുവിളി. സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതുമുതലുള്ള കാര്യങ്ങളില്‍ സഭകളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്ന വിധത്തില്‍ ഇരുമുന്നണികളുടെയും ചര്‍ച്ചകള്‍ സജീവമാകുന്നുവെന്നതാണ് ആദ്യഘട്ടത്തില്‍ ലഭിക്കുന്ന സൂചനകള്‍. 

ശവമടക്ക് കഴിഞ്ഞപ്പോള്‍ തന്നെ  ടി.എം.ജേക്കബിന്‍റെ കുടുംബത്തില്‍പ്പെട്ട ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്നും, മന്ത്രിസഭയില്‍ യാക്കോബായ വിഭാഗത്തിന്‍റെ പ്രതിനിധിയുണ്ടാകണമെന്നുമുള്ള നിര്‍ദേശങ്ങള്‍ യാക്കോബായ വിഭാഗം ഉയര്‍ത്തിയതാണ് ഇപ്പോള്‍ UDF -നു കീറാമുട്ടിയായി മാറിയിരിക്കുന്നത്. അടുത്ത മന്ത്രി യാക്കോബായ വിഭാഗത്തില്‍ നിന്നു വേണമെന്ന ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കഴിഞ്ഞദിവസത്തെ പ്രസ്താവന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്ന് ഉറപ്പായി. യാക്കോബായ സഭ പരസ്യ നിലപാട് സ്വീകരിച്ചതോടെ അവര്‍ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിയെ ഓര്‍ത്തഡോക്‌സ് സഭ എതിര്‍ക്കും. 

ഓര്‍ത്തഡോക്‌സ് സഭയിലെ കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ്, ഭാഗികമായി കൊച്ചി എന്നീ ഭദ്രാസനപ്രദേശങ്ങളാണ് പിറവം നിയമസഭാമണ്ഡലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മണ്ഡലത്തിലെ വിവിധ ദേവാലയങ്ങളില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്നത് ഉറപ്പാണ്. മാമ്മലശ്ശേരി, പിറവം, നെച്ചൂര്‍, മുളന്തുരുത്തി, കാഞ്ഞിരമറ്റം, കണ്യാട്ട്‌നിരപ്പ്, ഓണക്കൂര്‍, ആട്ടിന്‍കുന്ന്, വടകര, മണ്ണത്തൂര്‍, പിറമാടം പ്രദേശങ്ങളിലൊക്കെ സഭാതര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മാമ്മലശ്ശേരിയുള്‍പ്പെടെ ചില സ്ഥലങ്ങളില്‍ കഴിഞ്ഞദിവസവും തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്നു.

കോലഞ്ചേരി പള്ളിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളും സജീവചര്‍ച്ചയാകും. തര്‍ക്കങ്ങള്‍സംബന്ധിച്ച് സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നോക്കിക്കണ്ട് മണ്ഡലത്തില്‍ തീരുമാനമെടുക്കണമെന്നതാണ് ഓര്‍ത്തഡോക്‌സ് സഭയില്‍ നടക്കുന്ന ആദ്യചര്‍ച്ചകള്‍. പാമ്പാക്കുട, കിഴുമുറി പ്രദേശങ്ങള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ശക്തമായ പിന്‍ബലമുള്ള കേന്ദ്രങ്ങളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 157 വോട്ടുകള്‍മാത്രമാണ് യുഡിഎഫിന്‍റെ  ഭൂരിപക്ഷം. സഭാ തര്‍ക്കം ഏറ്റവും രൂക്ഷമായതു പിറവം മണ്ഡലത്തിലെയും പരിസരപ്രദേശങ്ങളിലെയും പള്ളികളിലാണ്. മലങ്കരസഭയുടെ ചരിത്രത്തില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള ശത്രുത ഏറ്റവും ശക്തമായ സമയംകൂടിയാണിത്. അതുകൊണ്ടു ഇരുവിഭാഗങ്ങളും വിരുദ്ധ ചേരികളില്‍ നിലയുറപ്പിക്കുമെന്നാണു കരുതുന്നത്. ഓര്‍ത്തഡോക്‌സ് സഭ എടുക്കുന്ന തീരുമാനങ്ങള്‍ ഇരുമുന്നണികളുടെ സ്ഥാനാര്‍ഥികളുടെയും ജയത്തിനോ, തോല്‍വിക്കോ കാരണമാകുമെന്നും വടക്കന്‍മേഖലയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നിയമസഭാ പ്രതിനിധികളുടെ പിന്‍ബലമില്ലാത്തത് പ്രധാന പ്രശ്‌നമാണെന്നും ചര്‍ച്ചകളുണ്ട്. സഭാ മാനേജിങ് കമ്മിറ്റിയും, ഭദ്രാസന കൗണ്‍സിലുമായിരിക്കും ഇതുസംബന്ധിച്ച ഭാവിതീരുമാനങ്ങളെടുക്കുക.

ടി എം ജേക്കബ് യാക്കോബായ വിഭാഗത്തില്‍ പെട്ടിരുന്നെങ്കിലും ഒരളവുവരെ  ഇരുവിഭാഗത്തിനും സ്വീകാര്യനായിരുന്നു. ജേക്കബിന്‍റെ മരണം മൂലമുള്ള സഹതാപ തരംഗം അധിക കാലം നിലനില്‍ക്കില്ല എന്ന ബോധ്യവും ഇരു കൂട്ടര്‍ക്കുമുണ്ട്.   തര്‍ക്കം നിലനില്‍ക്കുന്ന കോലഞ്ചേരി പള്ളിയടക്കമുളള എറണാകുളം ജില്ലയിലെ പല പള്ളികളിലും അനുകൂലമായ കോടതിവിധിയുണ്ടായെങ്കിലും വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നുള്ളത് UDF നു പ്രതികൂലമാകും.

ഇടതുപക്ഷം ഈ അവസരം മുതലെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തെ അനുനയിപ്പിച്ച് കൂടെനിര്‍ത്താനാവും ശ്രമിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച എം ജെ ജേക്കബിനെ തന്നെയാവും അവര്‍ ഇത്തവണയും മല്‍സരിപ്പിക്കുകയെന്നാണു സൂചന. 

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 157 വോട്ടുകളുടെ വ്യത്യാസത്തിലാണ് പിറവം നഷ്ടപ്പെട്ടത്. സംസ്ഥാനത്തെ ഏറ്റവും കടുത്ത മത്സരം നടന്ന മണ്ഡലങ്ങളിലൊന്നായിരുന്നു പിറവം. സിറ്റിങ് എം.എല്‍.എ. എം.ജെ. ജേക്കബ്ബും ടി.എം. ജേക്കബ്ബും തമ്മില്‍ നടന്ന മത്സരത്തിന്‍റെ ഫലപ്രഖ്യാപനം ഇരു മുന്നണികളേയും മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങളായിരുന്നു. 

ഇതിനിടെ മന്ത്രിസ്ഥാനമോ, എം.എല്‍.എ സ്ഥാനമോ ആഗ്രഹിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പരസ്യമായി പറയേണ്ടിവന്നത് യാക്കോബായ വിഭാഗത്തിന്‍റെ  പ്രസ്താവനയോടെ  ഓര്‍ത്തഡോക്‍സ്‌ സഭ എതിരായ നിലപാട് സ്വീകരിക്കുമെന്ന ഭയവും, അതുമൂലം പാര്‍ട്ടിയുടെ പരാജയം മുന്‍കൂട്ടി   കണ്ടുകൊണ്ടുമുള്ള രക്ഷപെടലായി വിലയിരുത്തപ്പെടുന്നു. ഇതിനിടെ യാക്കോബായ സഭ ആവശ്യപ്പെട്ട അനൂബ് ജേക്കബിന്‍റെ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കിയതിനുശേഷം, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യാക്കോബായ സഭ ഇടപെടുന്നില്ലെന്നും, മതം രാഷ്ടീയത്തില്‍  ഇടപെടുന്നത് നല്ലതല്ലെന്നുമുള്ള തംബു തുലകന്‍റെ  പ്രസ്താവന അവസാനത്തെ കച്ചിതുരുമ്പ് മാത്രമായി പരിഹസിക്കപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക