Image

ദൃശ്യം ഗംഭീരം; മോഹന്‍ലാലിന്റെ ക്രിസ്‌മസ്‌ സമ്മാനം

Published on 24 December, 2013
ദൃശ്യം ഗംഭീരം; മോഹന്‍ലാലിന്റെ ക്രിസ്‌മസ്‌ സമ്മാനം
മോഹന്‍ലാല്‍ മലയാളികള്‍ക്ക്‌ നല്‍കിയ ക്രിസ്‌മസ്‌ സമ്മാനമാണ്‌ ദൃശ്യ എന്ന ചിത്രം. ഇങ്ങനെ എടുത്തു പറയുവാന്‍ മറ്റൊരു കാരണം കൂടിയുണ്ട്‌. മലയാളത്തിലെ ഏറ്റവും മികച്ച ഇരുപത്തിയഞ്ച്‌ സിനിമകള്‍ തിരഞ്ഞെടുക്കുന്നു എന്നു കരുതുക. അതിലൊന്ന്‌ ഇനി മുതല്‍ ദൃശ്യമായിരിക്കും. അത്രമേല്‍ ബുദ്ധിപരവും സര്‍ഗപരവുമായ ഒരു അനുപമ സൃഷ്‌ടിയാകുന്നു ദൃശ്യം എന്ന ചലച്ചിത്രം. കഴിഞ്ഞ പത്തുവര്‍ഷത്തെ മലയാള സിനിമയില്‍ സംഭവിച്ച ഏറ്റവും നല്ല ചലച്ചിത്രം എന്നുവേണമെങ്കിലും ദൃശ്യത്തെ വിശേഷിപ്പിക്കാം. മലയാള സിനിമയെ ഇഷ്‌ടപ്പെടുന്ന ഓരോ പ്രേക്ഷകനും കണ്ടിരിക്കേണ്ട ചിത്രമാകുന്നു ദൃശ്യം.

ഒരു കുടുംബ ചിത്രം എന്ന്‌ വിശേഷിപ്പിക്കാം ദൃശ്യത്തെ. ജോര്‍ജ്ജ്‌കുട്ടി എന്ന ഹൈറേഞ്ച്‌ കര്‍ഷകന്റെയും അയാളുടെ ഭാര്യയും രണ്ടു പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെയും കഥയാണ്‌ ദൃശ്യം. എന്നാല്‍ ഇതിനൊപ്പം ദൃശ്യം ഒരു ത്രില്ലര്‍ സിനിമയാണ്‌. മലയാള സിനിമ ഇന്നേവരെക്കണ്ട സസ്‌പെന്‍സ്‌, ക്രൈം ത്രില്ലര്‍ സിനിമകളെയെല്ലാം കടത്തിവെട്ടുന്ന ഒരു ഉഗ്രന്‍ ത്രില്ലര്‍ സിനിമ. അങ്ങനെ ഒരു മികച്ച കുടുംബ ചിത്രത്തിന്റെയും അതിനേക്കാള്‍ മികച്ച ത്രില്ലര്‍ സിനിമയുടെയും കോക്‌ടെയിലാണ്‌ ദൃശ്യം എന്ന ചിത്രം. മലയാളത്തില്‍ ഇത്തരമൊരു ചേരുംപടി ചേര്‍ക്കല്‍ ആദ്യമായിട്ടായിരിക്കും. `സോ ഡോണ്ട്‌ മിസ്‌ ഇറ്റ്‌'.

മലയാളത്തിലും പൊതുവേ ഇന്ത്യന്‍ സിനിമയിലും ത്രില്ലര്‍ സിനിമയെന്ന്‌ പറഞ്ഞാല്‍ ഒരു എസ്‌.എന്‍ സ്വാമി ലൈനാണ്‌. എസ്‌.എന്‍ സ്വാമി മുതല്‍ ബി ഉണ്ണികൃഷ്‌ണന്‍ വരെ പയറ്റിയ ഒരു സ്ഥിരം ഫോര്‍മുലയുണ്ട്‌ ത്രില്ലര്‍ സിനിമക്ക്‌. സിനിമയുടെ ക്ലൈമാക്‌സ്‌ വരെ നായകന്‍ കൊണ്ടുപിടിച്ച അന്വേഷണങ്ങളും പടപ്പുറപ്പാടുകളും നടത്തും. അവസാനം വഴിയേ പോകുന്ന ഏതെങ്കിലുമൊരുത്തനെ പിടിച്ച്‌ കുറ്റവാളിയാക്കും. അതല്ലെങ്കില്‍ പോലീസ്‌ ഉദ്യോഗസ്ഥനും കള്ളനും തമ്മിലുള്ള ഗെയിം സിനിമകള്‍. ത്രില്ലര്‍ സിനിമകളുടെ ഒരു പൊതു സ്വഭാവം ഇങ്ങനെയാവും. എന്നാല്‍ ഈ സ്വഭാവ രീതികളെയെല്ലാം നിരാകരിച്ചുകൊണ്ട്‌ അതീവബുദ്ധിപരമായ ഒരു മികച്ച ത്രില്ലര്‍ സിനിമ ഒരുക്കിയിരിക്കുകയാണ്‌ ജിത്തു ജോസഫ്‌ എന്ന സംവിധായകന്‍.

ജോര്‍ജ്ജ്‌കുട്ടി ഒരു മലയോര കര്‍ഷകനാണ്‌. അയാളുടെ ഭാര്യും രണ്ട്‌ പെണ്‍കുട്ടികളും അടങ്ങുന്നതാണ്‌ അയാളുടെ കുടുംബം. ഹൈറേഞ്ചില്‍ ഏറെ അധ്വാനിച്ച്‌ നല്ലൊരു സന്തോഷകരമായ കുടുംബ ജീവിതം കെട്ടിപ്പെടുത്തതാണ്‌ ജോര്‍ജ്ജ്‌കൂട്ടി. മോഹന്‍ലാല്‍ ജോര്‍ജ്ജ്‌ കുട്ടിയാകുമ്പോള്‍ മീന അയാളുടെ ഭാര്യയുടെ റോളിലെത്തുന്നു. സാധാരണക്കാരനായ കുടുംബ നാഥനായി തിളങ്ങുന്ന പ്രകടനം തന്നെ മോഹന്‍ലാല്‍ കാഴ്‌ചവെച്ചിരിക്കുന്നു. അശ്ലീലം എന്ന്‌ തോന്നാത്ത ചില മികച്ച അഡള്‍ട്ട്‌ കോമഡികളും ലാലേട്ടന്‍ ശൈലിയിലുള്ള ശരീരഭാഷയും പ്രേക്ഷകരെ ആര്‍ത്തുചിരിപ്പിക്കും. ഏറെക്കാലത്തിനു ശേഷമാണ്‌ മോഹന്‍ലാല്‍ എന്ന നടന്‌ ഏറെയിണങ്ങുന്ന ഒരു കഥാപാത്രം കൈവരുന്നത്‌. ജോര്‍ജ്ജ്‌കുട്ടിയുടെ സന്തുഷ്‌ടകരമായ കുടുംബ ജീവിതം അലോരസങ്ങളൊന്നുമില്ലാതെ കടന്നുപോകുമ്പോള്‍ അവിടെ വിധി ചില തടസങ്ങള്‍ സൃഷ്‌ടിക്കുന്നു. പിന്നീട്‌ ഉദ്യോഗജനകമായ ഒരു ക്രൈം ത്രില്ലര്‍ സ്വഭാവത്തിലേക്ക്‌ ചിത്രം കടന്നു പോകുന്നു. ഇവിടെ ചിന്തകള്‍ക്കും അപ്പുറത്തുള്ള രചനാ വൈഭവം കാഴ്‌ചവെച്ചിരിക്കുന്നു ജിത്തു ജോസഫ്‌ എന്ന സംവിധായകന്‍. ഇതില്‍ കൂടുതല്‍ പറഞ്ഞാല്‍ ചിത്രത്തിന്റെ സസ്‌പെന്‍സ്‌ നഷ്‌ടപ്പെടുമെന്നതിനാല്‍ തുടര്‍ന്ന്‌ പറയുന്നില്ല.

ഒരു കുടുംബത്തിന്റെ കഥയിലേക്ക്‌ ഒരു അന്വേഷണ ത്രില്ലര്‍ സിനിമയെ ചേര്‍ത്തുവെക്കുക ചെയ്യുക എന്ന റിസ്‌ക്‌ ജോബാണ്‌ ജിത്തു ജോസഫ്‌ എന്ന സംവിധായകന്‍ ഏറ്റെടുത്ത്‌ വിജയിപ്പിച്ചത്‌. അതുകൊണ്ടു തന്നെ മലയാള സിനിമയില്‍ ഇനി മുതല്‍ ജിത്തു ജോസഫ്‌ എന്ന പേര്‌ ഒന്നാം സ്ഥാനത്ത്‌ തന്നെയുണ്ടാകും.

സ്ഥിരം ചേരുവയുമായി സത്യന്‍ അന്തിക്കാട്‌

തിരക്കഥയെഴുതുന്നത്‌ നിര്‍ത്തി, ഒറ്റപ്പാലം ലൊക്കേഷന്‍മാറ്റി, മോഹന്‍ലാലിനെയും ജയറാമിനെയും മാറ്റി, കെ.പി.എ.സി ലളിതയെയും മാമുക്കോയയെയും മാറ്റി അങ്ങനെ പലതും മാറ്റി മാറ്റി നോക്കിയിട്ടും സത്യന്‍ അന്തിക്കാടിന്റെ സിനിമ മാത്രം മാറുന്നില്ല. ഏറ്റവും അവസാനമെത്തിയ സത്യന്‍ അന്തിക്കാട്‌ ചിത്രം ഇന്ത്യന്‍ പ്രണയകഥയും പതിവു ചേരുവുകളുടെ കൂമ്പാരമായി മാറുന്നു.

തന്റെ സിനിമാ ശൈലിയും അഭിനേതാക്കളെയും ആവര്‍ത്തിച്ച്‌ ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ്‌ സത്യന്‍ അന്തിക്കാട്‌. ഒരേ റൂട്ടില്‍ ഓടുന്ന ബസ്‌ എന്ന്‌ സത്യന്‍ സിനിമകളെ ബുദ്ധിജീവികള്‍ പരിഹസിക്കുമ്പോഴും സത്യന്‍ സിനിമകള്‍ മലയാളികളുടെ പൊതു അസ്വാദന രീതിയോട്‌ ഏറെ ചേര്‍ന്നു നിന്നിരുന്നു. എന്നാല്‍ ശ്രീനിവാസനുമായുള്ള കൂട്ടുകെട്ട്‌ ഉപേക്ഷിച്ചപ്പോള്‍ മുതല്‍ സത്യന്‍ സിനിമകള്‍ അല്‌പം താഴേക്ക്‌ ഇറങ്ങി തുടങ്ങിയിരുന്നു. മനസിനക്കരെയും അച്ചുവിന്റെ അമ്മയും രഞ്‌ജന്‍ പ്രമോദിന്റെ രചനയില്‍ മികച്ച സിനമകളാക്കി സത്യന്‍. പിന്നീട്‌ സ്വന്തമായി തിരക്കഥ എഴുതാന്‍ തീരുമാനിച്ചു സത്യന്‍. അതില്‍ രസതന്ത്രവും വിനോദ യാത്രയും നന്നായി ശ്രദ്ധ നേടി. പക്ഷെ പിന്നീടങ്ങോട്ട്‌ എഴുത്തില്‍ ശോഭിക്കാന്‍ സത്യന്‍ അന്തിക്കാടിന്‌ കഴിഞ്ഞില്ല. ഇന്നത്തെ ചിന്താവിഷയവും, ഭാഗ്യദേവതയും, കഥ തുടരുന്നു, സ്‌നേഹവീടും ശരാശരി ചിത്രങ്ങള്‍ മാത്രമായി മാറിയിരുന്നു. പിന്നീട്‌ ബെന്നി പി.നായരമ്പലും എഴുതിയ പുതിയ തീരങ്ങള്‍ ഒരു പരാജയ ചിത്രവുമായി.

എന്നാല്‍ ഇത്തവണ ഇക്‌ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട്‌ സിനിമയൊരുക്കാന്‌ തീരുമാനിച്ചപ്പോള്‍ അതിലൊരു പ്രത്യേകതയുണ്ടാകുമെന്ന്‌ പ്രേക്ഷകര്‍ വിശ്വസിച്ചിരുന്നു. ഒപ്പം യുവതലമുറയിലെ മികച്ച നടന്‍ ഫഹദ്‌ ഫാസില്‍ സത്യന്‍ അന്തിക്കാടിന്റെ നായകനായി വന്നപ്പോള്‍ ഏറെ പ്രതീക്ഷകളും ബാക്കി നിന്നിരുന്നു.

എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ്‌ ഇന്ത്യന്‍ പ്രണയകഥ എന്ന സിനിമയിലൂടെ സത്യന്‍ അന്തിക്കാട്‌ ബാക്കി വെക്കുന്നത്‌. ഫഹദ്‌ ഫാസില്‍ അഭിനയിച്ച ഒരു ഏറ്റവും മോശം കഥാപാത്രമായിരിക്കും ഒരുപക്ഷെ ഇന്ത്യന്‍ പ്രണയകഥയിലെ അയ്‌മനം സിദ്ധാര്‍ഥന്‍. ഫഹദിന്‌ മെട്രോ റോളുകള്‍ മാത്രമേ ഇണങ്ങു എന്ന്‌ വീണ്ടും അടിവരയിടുന്നു കോട്ടയം പശ്ചാത്തലത്തില്‍ ഒരുക്കിയ ഇന്ത്യന്‍ പ്രണയകഥ.

അയ്‌മനം സിദ്ധാര്‍ഥന്‍ എന്ന യുവരാഷ്‌ട്രീയക്കാരന്റെ കഥ പറഞ്ഞുകൊണ്ടാണ്‌ സത്യന്‍ അന്തിക്കാട്‌ സിനിമ തുടങ്ങുന്നത്‌. എന്നാല്‍ പിന്നീട്‌ അയ്‌മനം സിദ്ധാര്‍ഥന്റെ കഥ വഴിമാറി വിദേശത്ത്‌ നിന്നുമെത്തുന്ന ഐറിന്റെ കഥയായി മാറുന്നു. പിന്നീട്‌ ഇവര്‍ക്കിടയില്‍ പറയാതെ പറയുന്ന പ്രണയത്തിന്റെ കഥയാകുന്നു. ഈ പ്രണയം പ്രേക്ഷകര്‍ക്ക്‌ മനസിലാകെ പോകുന്നിടത്ത്‌ കഥ പൊളിഞ്ഞു പോകുകയും ചെയ്യുന്നു. അച്ചുവിന്റെ അമ്മ, കഥ തുടരുന്നു, സ്‌നേഹവീട്‌ എന്നീ സിനിമകളില്‍ ഉപയോഗിച്ച അനാഥത്വം എന്ന വിഷയം വീണ്ടും മറ്റൊരു പ്ലോട്ടിലേക്ക്‌ മാറ്റി പ്രതിഷ്‌ഠിക്കുക മാത്രമാണ്‌ ഇക്‌ബാല്‍ കുറ്റിപ്പുറവും സത്യന്‍ അന്തിക്കാടും ചേര്‍ന്ന്‌ ചെയ്‌തത്‌.

അയ്‌മനം സിദ്ധാര്‍ഥനായി ഫഹദ്‌ ഫാസിലിന്റെ പ്രകടനം വേണമെങ്കില്‍ കണ്ടിരിക്കാം എന്നതിനപ്പുറം ഒന്നുമില്ല. ചിലപ്പോഴൊക്കെ സുരാജ്‌ വെഞ്ഞാറമൂട്‌ ശൈലിയിലേക്ക്‌ ഫഹദ്‌ വഴുതിപ്പോകുന്നുമുണ്ട്‌. വിദേശത്തു നിന്നും കേരളത്തിലെത്തി തന്നെ അനാഥാലയത്തില്‍ ഉപേക്ഷിച്ച അച്ഛനെയും അമ്മയെയും കണ്ടെത്താന്‍ ഐറിന്‍ ശ്രമിക്കുമ്പോള്‍ അത്‌ മറ്റൊരു കഥയിലേക്ക്‌ എത്തിച്ചേരുമെന്ന്‌ പ്രേക്ഷകന്‍ പ്രതീക്ഷിക്കും. പക്ഷെ അത്‌ വെറുമൊരു പ്രതീക്ഷ മാത്രമാകും. ഐറിന്‍ അച്ഛനെയും അമ്മയെയും ചെന്ന്‌ കാണും. കണ്ടിട്ട്‌ അതുപോലെയിങ്ങ്‌ തിരിച്ചു പോരും. അത്ര തന്നെ. ഐറിനായി അമലാപോള്‍ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെച്ചിട്ടുണ്ട്‌. ഈ സിനിമ കണ്ടിരിക്കാന്‍ കഴിയുന്നതിന്റെ പ്രധാന ഘടകം അമലാ പോളിന്റെ പ്രകടനം മാത്രമാണ്‌. വിദ്യാസാഗറിന്റെ സംഗീതവും ശരാശരിയില്‍ മാത്രമായി ഒതുങ്ങിപ്പോയിരിക്കുന്നു ചിത്രത്തില്‍.
ദൃശ്യം ഗംഭീരം; മോഹന്‍ലാലിന്റെ ക്രിസ്‌മസ്‌ സമ്മാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക