Image

'പവിഴമല്ലി' സംഗീത വീഡിയോ ആല്‍ബം ചിത്രീകരണമാരംഭിച്ചു

ജോസ് പിന്റോ സ്റ്റീഫന്‍ Published on 29 October, 2011
'പവിഴമല്ലി' സംഗീത വീഡിയോ ആല്‍ബം ചിത്രീകരണമാരംഭിച്ചു

ന്യൂയോര്‍ക്ക്: സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കികൊണ്ട് 'പവിഴമല്ലി' എന്ന പേരില്‍ നിര്‍മ്മിക്കുന്ന വീഡിയോ ആല്‍ബത്തിന്റെ ചിത്രീകരണം ന്യൂയോര്‍ക്കില്‍ ആരംഭിച്ചു. ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും തിരുവനന്തപുരത്തുമായാണ് ഷൂട്ടിംഗ് നടത്തുന്നത്. 'ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ ' എന്ന ചലചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്കീണം നല്‍കിയ ഷാജി സുകുമാരന്‍ സംഗീതം നല്‍കിയ പത്തുഗാനങ്ങളുടെ ദൃശ്യാവിഷ്‌ക്കാരമാണ് ഈ വീഡിയോ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിജീഷ് പാറയിലാണ് ഈ വീഡിയോ ആല്‍ബത്തിന്റെ നിര്‍മ്മാതാവ്. ഷാജി സുകുമാരന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള രണ്ടാമത്തെ ആല്‍ബമാണിത്. വിജീഷ് പാറയിലും ഷാജി സുകുമാരനും അമേരിക്കന്‍ മലയാളികളാണ്.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സന്തോഷ് വര്‍മ്മ, കെ.എ. മുരളീധരന്‍ , അജിത്.എന്‍. നായര്‍ എന്നിവരാണ് ഗാനരചയിതാക്കള്‍ .

ഡോ.കെ.ജെ.യേശുദാസ്, ഹരിഹരന്‍ , ജി.വേണുഗോപാല്‍ , സുധീപ് കുമാര്‍ , വിധു പ്രതാപ്, രാജലക്ഷ്മി, ജോസ് സാഗര്‍ , അഭിരാമി ഷാജി, സബിത യേശുദാസ്, ഷാജി സുകുമാരന്‍ എന്നിവരാണ് മനോഹരങ്ങളായ ഈ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് വച്ച് ചിത്രീകരിക്കുന്ന ഒരു ഗാനരംഗത്തില്‍ മലയാളികളുടെ ഇഷ്ടതാരമായ ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്നുണ്ട്. സുബാഷ് അഞ്ചല്‍ ആണ് ആ ഭാഗം സംവിധാനം ചെയ്യുന്നത്. അമേരിക്കയില്‍ ചിത്രീകരിക്കുന്ന ഗാനരംഗങ്ങളില്‍ ജോണ്‍ ബോസ്‌ക്കോ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. അദ്ദേഹം മസാലാ ക്രാഫ്റ്റ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനാണ്. ജോണ്‍ ബോസ്‌ക്കോയോടൊപ്പം ഈ മേഖലയില്‍ അറിയപ്പെടുന്ന നിരവധി കലാകാരന്മാരും കലാകാരികളും ഈ ആല്‍ബത്തില്‍ അഭിനയിക്കുന്നുണ്ട്.

ഈ ആല്‍ബത്തിലെ ഓരോ ഗാനരംഗവും തുടങ്ങുന്നത് ആ ഗാനരംഗത്തെക്കുറിച്ചുള്ള വിശദീകരണത്തോടെയാണ്. പാട്ടുകളെ പരിചയപ്പെടുത്തുന്നത് മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടി, ദിലീപ്, പൃഥിരാജ്, കാവ്യാമാധവന്‍ , സുരാജ് വെഞ്ഞാറന്മൂട്, നാഥിര്‍ഷാ എന്നിവരും അമേരിക്കന്‍ മലയാളികളായ പോള്‍ കറുകപ്പള്ളി, ഗണേഷ് നായര്‍ , ഷീല ചെറു എന്നിവരുമാണ്.

അമേരിക്കയില്‍ ചിത്രീകരിക്കുന്ന ഗാനരംഗങ്ങള്‍ നിഷാന്ത് സംവിധാനം ചെയ്യുന്നു. പ്രശസ്ത നൃത്താധ്യാപിക ബീനാ മേനോന്‍ ഇതിലെ നൃത്തരംഗങ്ങള്‍ കോറിയോഗ്രാഫ് ചെയ്യുന്നു.

ഗണേഷ് നായരാണ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ . ശ്രീകുമാര്‍ ലൊക്കേഷന്‍ മാനേജരായും ശരതും മനോജും മ്യൂസിക് പ്രോഗ്രാമേഴ്‌സ് ആയും മനോജ് സുകുമാരനും ജിമ്മിയും പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് ആയും പ്രവര്‍ത്തിക്കുന്നു.

ഈ ആല്‍ബം മാര്‍ക്കറ്റ് ചെയ്യുന്നത് സത്യം ഓഡിയോസ് ആണ്. ഷാജന്‍ ജോര്‍ജ്(ഷാരോണ്‍ മീഡിയാസ്), സോജി(സോജി മീഡിയാ) എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

വോയ്‌സ് റിക്കാര്‍ഡിംഗ് തിരുവന്തപുരത്തെ എസ്.എസ്. ഡിജിറ്റല്‍ സ്റ്റുഡിയോയിലും യോങ്കേഴ്‌സിലെ ഷാജു മ്യൂസിക് സ്റ്റുഡിയോയിലുമാണ് നടത്തുന്നത്.

ഈ വീഡിയോ ആല്‍ബം അമേരിക്കന്‍ മലയാളികള്‍ ഇന്നുവരെ നിര്‍മ്മിച്ച വീഡിയോ ആല്‍ബങ്ങളെക്കാള്‍ വര്‍ണാഭവും മേന്മയുള്ളതുമായ വീഡിയോ ആല്‍ബമായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 'ന്യൂയോര്‍ക്ക് നഗരം കാണം' എന്ന ഗാനരംഗങ്ങള്‍ അമേരിക്കന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചില ഉദ്യോഗസ്ഥന്മാരും അഭിനയിക്കുന്നു എന്നത് ഈ ആല്‍ബത്തിന്റെ ഒരു സവിശേഷതയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷാജി സുകുമാരന്‍ - 914 471 5902
ഗണേഷ് നായര്‍ - 914 826 1677
'പവിഴമല്ലി' സംഗീത വീഡിയോ ആല്‍ബം ചിത്രീകരണമാരംഭിച്ചു
ഷാജി സുകുമാരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക