Image

രാജരത്‌നം കേസ്‌: രജത്‌ ഗുപ്‌തയ്‌ക്ക്‌ ജാമ്യം (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 27 October, 2011
രാജരത്‌നം കേസ്‌: രജത്‌ ഗുപ്‌തയ്‌ക്ക്‌ ജാമ്യം (അങ്കിള്‍സാം വിശേഷങ്ങള്‍)
ന്യൂയോര്‍ക്ക്‌:ഓഹരി വിപണിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച കേസില്‍ അറസ്‌റ്റിലായ ആഗോള സാമ്പത്തിക ഗവേഷണ- കണ്‍സള്‍റ്റന്‍സി സ്‌ഥാപനം ഗോള്‍ഡ്‌മാന്‍ സാക്‌സിന്റെ മുന്‍ ഡയറക്‌ടറായ ഇന്ത്യന്‍ വംശജന്‍ രജത്‌ഗുപ്‌തയ്‌ക്ക്‌ ജാമ്യം. ഒരു കോടി ഡോളറിന്റെ ബോണ്‌ടിലാണു ജാമ്യം അനുവദിച്ചത്‌. യുഎസിനു പുറത്തു പോകരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്‌ട്‌.

ശ്രീലങ്കന്‍ വംശജനായ കോടീശ്വരന്‍ രാജരത്‌നത്തിന്‌ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി വിപണിയില്‍ ക്രമക്കേട്‌ നടത്താന്‍ സഹായിച്ചെന്ന കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ ഏജന്‍സിയായ എഫ്‌ബിഐയ്‌ക്കു മുമ്പാകെ കീഴടങ്ങിയ രജത്‌ ഗുപ്‌തയെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.

കോടതിയില്‍ ഇന്നു ഹാജരായ രജത്‌ ഗുപ്‌ത കേസില്‍ താന്‍ നിരപരാധിയാണെന്നു വാദിച്ചു. രജത്‌ ഗുപ്‌ത നല്‍കിയ രഹസ്യ വിവരങ്ങള്‍ രാജരത്‌നത്തിന്‌ വിപണിയില്‍ ക്രമക്കേട്‌ നടത്തി പണമുണ്‌ടാക്കാന്‍ സഹായകമായെന്ന്‌ അന്വേഷണ ഏജന്‍സിക്കു തെളിവ്‌ ലഭിച്ചിരുന്നു. കമ്പനികളുടെ ആഭ്യന്തര രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്ത്‌ അവയുടെ ശക്‌തിദൗര്‍ബല്യങ്ങള്‍ നേരത്തേയറിഞ്ഞ്‌ ഓഹരിവിപണിയില്‍ അതനുസരിച്ച്‌ ഇടപെട്ട്‌ രാജരത്‌നം കോടികളുണ്‌ടാക്കിയെന്നാണു കേസ്‌. രാജരത്‌നത്തിന്‌ നേരത്തെ 11 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിരുന്നു. കുറ്റം തെളിഞ്ഞാല്‍ രജത്‌ ഗുപ്‌തയ്‌ക്ക്‌ ഗൂഢാലോചന കുറ്റത്തിന്‌ അഞ്ചു വര്‍ഷവും ഓഹരിവിപണിയില്‍ ക്രമക്കേട്‌ നടത്തിയത്‌ 20 വര്‍ഷവും തടവ്‌ ലഭിക്കും.

ഒടുവില്‍ പാക്കിസ്ഥാന്‌ യുഎസിന്റെ അഭിനന്ദനം

വാഷിംഗ്‌ടണ്‍: ഹഖാനി ഗ്രൂപ്പുമായി ഐഎസ്‌ഐക്കുള്ള ബന്ധത്തിന്റെ പേരില്‍ നിരന്തര വിമര്‍ശനം നേരിടേണ്‌ടിവന്ന പാക്കിസ്ഥാന്‌ ഒടുവില്‍ യുഎസിന്റെ അഭിനന്ദനം. പാക്‌ അതിര്‍ത്തി കടന്നെത്തിയ ഇന്ത്യയുടെ സൈനിക ഹെലികോപ്‌റ്റര്‍ വിട്ടുകൊടുത്ത പാക്‌ നടപടിയെയാണ്‌ അമേരിക്ക അഭിനന്ദിച്ചത്‌. ശ്ലാഘനീയമായ ഒരു നടപടിയാണ്‌ പാക്കിസ്ഥാന്റെ ഭാഗത്ത്‌ നിന്നുണ്‌ടായതെന്ന്‌ യുഎസ്‌ വിദേശകാര്യവകുപ്പ്‌ വക്താവ്‌ വിക്‌ടോറിയ ന്യൂലാന്‍ഡ്‌ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദാന്തരീക്ഷം വളര്‍ത്താന്‍ ഏറെ സഹായകരമായ നടപടി കൂടിയാണിതെന്നും ന്യൂലാന്‍ഡ്‌ വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന നിരന്തരമായ ചര്‍ച്ചകളാണ്‌ ഇത്തരമൊരു മാതൃകാപരമായ നടപടിക്ക്‌ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്‌. ഇത്തരം ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരേണ്‌ടതിന്റെ ആവശ്യകതയാണ്‌ ഇത്‌ കാണിക്കുന്നതെന്നും ന്യൂലാന്‍ഡ്‌ പറഞ്ഞു. ഒക്‌ടോബര്‍ 23നാണ്‌ അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ സേനയുടെ ചീറ്റ ഹെലികോപ്‌റ്റര്‍ പാക്‌ സൈന്യം നിര്‍ബന്ധിച്ച്‌ നിലത്തിറക്കുകയും പിന്നീട്‌ ചര്‍ച്ചകള്‍ക്കൊടുവില്‍ അഞ്ചു മണിക്കൂറിനുശേഷം വിട്ടയക്കുകയും ചെയ്‌തത്‌

യുഎസില്‍ തോക്ക്‌ ഉടമകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌ വര്‍ധന

ന്യൂയോര്‍ക്ക്‌: യുഎസില്‍ ലൈസന്‍സുള്ള തോക്ക്‌ ഉടമകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌ വര്‍ധന. ഏറ്റവും പുതിയ സര്‍വെ അനുസരിച്ച്‌ യുഎസിലെ 47 ശതമാനം പേരും ലൈസന്‍സുള്ള തോക്ക്‌ കൈവശമുള്ളവരാണ്‌. കഴിഞ്ഞ രണ്‌ടു ദശാബ്‌ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. ഈ മാസം ആറു മുതല്‍ ഒമ്പതുവരെയുള്ള കാലയളവില്‍ 18 വയസിന്‌ മുകളില്‍ പ്രായമുള്ള 1005 പേരെ പങ്കെടുപ്പിച്ചാണ്‌ ടെലിഫോണ്‍ സര്‍വെ നടത്തിയത്‌.

തെക്കന്‍ സംസ്ഥാനങ്ങളിലാണ്‌ ലൈസന്‍സുള്ള തോക്ക്‌ കൈവശമുള്ളവര്‍ ഏറ്റവംകൂടുതലുള്ളത്‌. തെക്കന്‍ സംസ്ഥാനങ്ങളിലെ 54 ശതമാനം പേരും തോക്കുള്ളവരാണ്‌. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 36 ശതമാനവും, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 43 ശതമാനവും മിഡ്‌വെസ്റ്റില്‍ 51 ശതമാനംപേരും തോക്ക്‌ ഉടമകളാണ്‌.

തോക്കു കൈവശം വെക്കുന്ന വനിതകളുടെ എണ്ണത്തിലും ഈ വര്‍ഷം വര്‍ധന ഉണ്‌ടായിട്ടുണ്‌ട്‌. 43 ശതമാനം വനിതകളാണ്‌ ലൈസന്‍സുള്ള തോക്ക്‌ കൈവശമുള്ളവര്‍. കഴിഞ്ഞവര്‍ഷം ഇത്‌ 36 ശതമാനം മാത്രമായിരുന്നു. ഹാന്‍ഡ്‌ ഗണ്‍ കൈവശം വെക്കുന്നത്‌ നിരോധിക്കണമെന്ന ആവശ്യത്തെ 26 ശതമാനം അമേരിക്കക്കാര്‍ മാത്രമെ പിന്തുണയ്‌ക്കുന്നുള്ളൂ എന്നും സര്‍വെയില്‍ വ്യക്തമായി.

പെറി പറയുന്നു; ഒബാമ യുഎസ്‌ പൗരന്‍ തന്നെ

വാഷിംഗ്‌ടണ്‍: യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ യുഎസ്‌ പൗരന്‍ തന്നെയെന്ന്‌ ടെക്‌സാസ്‌ ഗവര്‍ണര്‍ റിക്‌ പെറി ഒടുവില്‍ സമ്മതിച്ചു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഒബാമയുടെ ജനനസര്‍ട്ടിഫിക്കറ്റ്‌ സംബന്ധിച്ച്‌ പെറി വീണ്‌ടും സംശയമുണര്‍ത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇത്‌ തനിക്ക്‌ കാര്യമായി ഗുണം ചെയ്യില്ലെന്ന്‌ മാത്രമല്ല ദോഷം ചെയ്‌തേക്കുമെന്ന ഭയംമൂലമാണ്‌ പെറി ഒടുവില്‍ നിലപാട്‌ മാറ്റിയത്‌. ഒബാമയുടെ ജനന സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ച പെറിയുടെ പ്രസ്‌താവന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കിടയില്‍പോലും അഭിപ്രായവ്യത്യാസമുണ്‌ടാക്കിയിരുന്നു.

മുന്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ ജെബ്‌ ബുഷ്‌, മിസിസിപ്പി ഗവര്‍ണര്‍ ഹാലി ബാര്‍ബര്‍, പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ പെറിക്കൊപ്പം മത്സരരംഗത്തുള്ള ജോണ്‍ ഹണ്‌ട്‌സ്‌മാന്‍ എന്നിവരെല്ലാം പെറിയുടെ പ്രസ്‌താവനയെ വിമര്‍ശിച്ചിരുന്നു. അമേരിക്കയുടെ കടക്കെണിയെയോ സാമ്പത്തിക തകര്‍ച്ചയെയോ തൊഴിലില്ലായ്‌മയെയോകുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന്‌ പകരം ഇത്തരം നിസാര പ്രശ്‌നങ്ങളില്‍ തര്‍ക്കിക്കുന്നത്‌ സമയനഷ്‌ടം മാത്രമെ ഉണ്‌ടാക്കൂ എന്നാണ്‌ ഭൂരിഭാഗം റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികളുടെയും അഭിപ്രായം. ഈ പശ്ചാത്തലത്തിലാണ്‌ പെറി നിലപാട്‌ മാറ്റത്തിന്‌ തയാറായത്‌.

കറുത്തവര്‍ഗക്കാരായ വോട്ടര്‍മാരുടെ പിന്തുണ ഇപ്പോഴും ഒബാമക്കുതന്നെ

ന്യൂയോര്‍ക്ക്‌: അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ കറുത്തവര്‍ഗക്കാരായ വോട്ടര്‍മാരുടെ പിന്തുണ ഇപ്പോഴും പ്രസിഡന്റ്‌ ബറാക്‌ ഒബാമക്കു തന്നെ. സാമ്പത്തികമാന്ദ്യവും തൊഴിലില്ലായ്‌മയും കറുത്തവര്‍ഗക്കാര്‍ക്കിടയില്‍ ഒബാമയുടെ ജനപ്രീതി ഇടിയാന്‍ കാരണമായിട്ടുണ്‌ടെങ്കിലും ഭൂരിഭാഗം ആഫ്രോ അമേരിക്കക്കാരും ഇപ്പോഴും ഒബാമയെ ശക്തമായി പിന്തുണയ്‌ക്കുന്നുണ്‌ടെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തി.

കഴിഞ്ഞ വര്‍ഷം നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഒബാമയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പുതുമകൊണ്‌ട്‌ ഭൂരിഭാഗം കറുത്തവര്‍ഗക്കാരും അദ്ദേഹത്തെ പിന്തുണച്ചുവെങ്കില്‍ ഇത്തവണ അത്തരമൊരു പിന്തുണ ഒബാമ പ്രതീക്ഷിക്കേണ്‌ടതില്ല. കറുത്തവര്‍ഗക്കാര്‍ക്കിടയിലെ തൊഴിലില്ലായ്‌മ നിരക്ക്‌ ദേശീയ ശരാശരിയേക്കാളും ഉയര്‍ന്നു നില്‍ക്കുന്നത്‌ തന്നെയാണ്‌ ഇതിന്‌ പ്രധാന കാരണം. അടുത്തിടെ ലോസ്‌ ഏയ്‌ഞ്ചല്‍സില്‍ നടന്ന തെരഞ്ഞെടുപ്പ്‌ ഫണ്‌ടു ശേഖരണ പരിപാടിയില്‍ നടന്‍ വില്‍ സ്‌മിത്ത്‌ ബാസ്‌കറ്റ്‌ ബോള്‍ താരം മാജിക്‌ ജോണ്‍സണ്‍ എന്നിവരെ ഒബാമ പങ്കെടുപ്പിച്ചത്‌ കറുത്തവര്‍ഗക്കാര്‍ക്കിടയിലെ പിന്തുണ ഉറപ്പാക്കുന്നതിന്റ ഭാഗമാണെന്ന്‌ വിലയിരുത്തപ്പെടുന്നു. എങ്കിലും കഴിഞ്ഞ തവണത്തേതുപോലെ സെക്‌സിയായ ഒരു തെരഞ്ഞെടുപ്പായിരിക്കില്ല ഇത്തവണയെന്നും ഒബാമ തിരിച്ചറിഞ്ഞിട്ടുണ്‌ടെന്നുമാണ്‌ വിലയിരുത്തല്‍.

അമേരിക്കയില്‍ ധനികര്‍ കൂടുതല്‍ ധനികരാവുന്നുവെന്ന്‌ പഠനം

ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ ധനികര്‍ കൂടുതല്‍ കൂടുതല്‍ ധനികരാവുന്നുവെന്ന്‌ പഠനം. കഴിഞ്ഞ മൂന്നു ദശാബ്‌ദത്തിനിടെ(1979-2007) യുഎസ്‌ ജനസംഖ്യയില്‍ കേവലം ഒരുശതമാനം മാത്രം വരുന്ന വന്‍ധനികരുടെ വരുമാനത്തില്‍ 275 ശതമാനം വര്‍ധനയാണ്‌ ഉണ്‌ടായതെന്ന്‌ കോണ്‍ഗ്രസിന്റെ ബജറ്റ്‌ ഓഫീസ്‌ നടത്തിയ പഠനത്തില്‍ പറയുന്നു. 20 ശതമാനം വരുന്ന സാധാരണ ധനികരുടെ വരുമാനത്തിന്റെ നാലിരട്ടി അധികമാണിത്‌. അതേസമയം ശരാശരി വരുമാനക്കാരായ 60 ശതമാനം മിഡില്‍ക്ലാസ്‌ കുടുംബങ്ങളുടെ വരുമാനത്തില്‍ 40 ശതമാനം വര്‍ധന മാത്രമെ കഴിഞ്ഞ മൂന്ന്‌ ദശാബ്‌ദത്തിനിടെ ഉണ്‌ടായിട്ടുള്ളൂ.

പാവപ്പട്ടവരുടെ വരുമാനത്തിലാകട്ടെ കേവലം 18 ശതമാനം വര്‍ധന മാത്രമെ കഴിഞ്ഞ മൂന്നു ദശാബ്‌ദത്തിനിടെ ഉണ്‌ടായിട്ടുള്ളൂവെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. കോര്‍പറേറ്റ്‌ അത്യാര്‍ത്തിക്കും സാമ്പത്തിക അസന്തുലനത്തിനുമെതിരെ യുഎസില്‍ വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭം ചൂടു പിടിക്കുന്നതിനിടെയാണ്‌ സര്‍ക്കാരിന്റെ പഠനം പുറത്തുവന്നിരിക്കുന്നത്‌.

ജുറാസിക്‌ പാര്‍ക്കിന്റെ നാലാം ഭാഗവുമായി സ്‌പീല്‍ബര്‍ഗ്‌ വരുന്നു

ന്യയോര്‍ക്ക്‌: ഹോളിവുഡിലെ എക്കാലത്തേയും വലിയ പണംവാരിപ്പടങ്ങളിലൊന്നായ ജുറാസിക്‌ പാര്‍ക്കിന്‌ നാലാം ഭാഗം വരുന്നു. വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്‌പീല്‍ബര്‍ഗ്‌ തന്നെയാണ്‌ ജുറാസിക്‌ പാര്‍ക്കിന്റെ നാലാം ഭാഗവും വെള്ളിത്തിരയിലെത്തിക്കുന്നത്‌. 2001ല്‍ റിലീസായ മൂന്നാം ഭാഗത്തില്‍ നിന്ന്‌ കഥയിലും സാങ്കേതികത്തികവിലും ഏറെ മെച്ചപ്പെട്ട ചിത്രായിരിക്കും നാലാം ഭാഗമെന്ന്‌ സ്‌പീല്‍ബര്‍ഗ്‌ വ്യക്തമാക്കി.

രണ്‌ടു വര്‍ഷത്തിനുള്ളില്‍ ചിത്രം പുറത്തിറക്കനാവുമെന്നാണ്‌ പ്രതീക്ഷയെന്നും സ്‌പീല്‍ബര്‍ഗ്‌ പറഞ്ഞു. മാര്‍ക്‌ പ്രോട്ടോവിസ്‌ക്‌ ആണ്‌ നാലാം ഭാഗത്തിന്‌ തിരക്കഥ ഒരുക്കുന്നത്‌. മൈക്കല്‍ ക്രിക്‌ടണ്‍ രചിച്ച ജുറാസിക്‌ പാര്‍ക്‌ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ്‌ സ്‌പീല്‍ബര്‍ഗ്‌ ജുറാസിക്‌ പാര്‍ക്കിന്റെ ആദ്യ ഭാഗമെടുത്തത്‌. 1993ല്‍ റീലീസ്‌ ചെയ്‌ത ചിത്രം 350 മില്യണ്‍ ഡോളറാണ്‌ വാരിക്കൂട്ടിയത്‌. 1997ല്‍ പുറത്തിറങ്ങിയ ജുറാസിക്‌ പാര്‍ക്കിന്റെ രണ്‌ടാം ഭാഗമായ ലോസ്റ്റ്‌ വേള്‍ഡും, 2001ല്‍ പുറത്തിറങ്ങിയ ജുറാസിക്‌ പാര്‍ക്‌-3യും ആരാധകരെ നിരാശരാക്കിയിരുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക