Image

ടൈറ്റാനിയം അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം ഇല്ലെന്ന് മുഖ്യമന്ത്രി

Published on 25 October, 2011
ടൈറ്റാനിയം അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം ഇല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ട്രാവന്‍കൂര്‍ ടൈറ്റാനിയം പൂട്ടാതിരുന്നത് താന്‍ കത്തയച്ചത് മൂലമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സി.ബി.ഐ അന്വേഷണം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അതേക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് അടിയന്തര പ്രമേയം നിയമസഭ തള്ളി.

സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം നിരാകരിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. തോമസ് ഐസക് എം.എല്‍.എയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. കേസില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

ഏഴു ദിവസത്തിനകം ട്രാവന്‍കൂര്‍ ടൈറ്റാനിയം പൂട്ടേണ്ടിവരുന്ന സാഹചര്യം ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വിച്ഛേദിക്കേണ്ടി വരുന്ന അവസ്ഥയുണ്ടായി. ഈ സാഹചര്യത്തിലാണ് സൂപ്രീം കോടതി മോണിട്ടറിങ്ങ് കമ്മിറ്റിക്ക് കത്തയച്ചത്. താന്‍ രണ്ട് കത്തയച്ചുവെന്നാണ് ആരോപണം. എന്നാല്‍ രണ്ടല്ല താന്‍ മൂന്ന് കത്തയച്ചിരുന്നു. മുഖ്യമന്ത്രിയുടെ കത്ത് മാനിച്ച് ട്രാവന്‍കൂര്‍ ടൈറ്റാനിയം പൂട്ടാനുള്ള നീക്കത്തില്‍നിന്ന് പിന്മാറുന്നുവെന്ന മറുപടി തനിക്ക് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്നത്തെ ചര്‍ച്ചയ്ക്ക് പുതിയ രേഖകള്‍ ഒന്നുമില്ലെന്ന് എളമരം കരീം എം.എല്‍.എ പറഞ്ഞു കഴിഞ്ഞു. ഈ വിഷയം പലതവണ ചര്‍ച്ച ചെയ്തതും രേഖകള്‍ പലതവണ പുറത്തുവന്നതുമാണ്. പ്രശ്‌നത്തില്‍നിന്ന് താന്‍ ഒളിച്ചോടുന്നില്ല. ഇത്രയധികം കുഴപ്പമുള്ളതും മോശപ്പെട്ട കമ്പനികള്‍ ഉള്‍പ്പെട്ടതുമായ പദ്ധതി നടപ്പാക്കുന്നതിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്‍കൈ എടുത്തത് എന്തിനാണെന്ന് വ്യക്തമാക്കണം.

മലിനീകരണത്തിന്റെ പേരില്‍ രാജ്യത്തെ ആയിരക്കണക്കിന് ഫാക്ടറികള്‍ പൂട്ടേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയവും അടച്ചുപൂട്ടേണ്ടിവരുമെന്ന സാഹചര്യമുണ്ടായത്. ഇതേത്തുടര്‍ന്ന് തൊഴിലാളികളും തൊഴിലാളി സംഘടനകളും അസ്വസ്ഥരായി. തൊഴിലാളി സംഘടനകള്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് പ്രശ്‌നത്തില്‍ ഇടപെട്ടത്. തെറ്റായ പ്രചാരണം നടത്തി പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക