Image

ആറന്മുള വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 2015-ല്‍ ആരംഭിക്കും: ജിജി ജോര്‍ജ്‌

Published on 08 November, 2013
ആറന്മുള വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 2015-ല്‍ ആരംഭിക്കും: ജിജി ജോര്‍ജ്‌
ചെന്നൈ: നിര്‍ദ്ദിഷ്‌ട ആറന്മുള വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 2015 ഡിസംബറില്‍ ആരംഭിക്കുമെന്നു കെജിഎസ്‌ ആറന്‍മുള ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്‌ എംഡി: ജിജി ജോര്‍ജ്‌ പറഞ്ഞു.

അതിനു മുന്നോടിയായി പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ഒരാഴ്‌ചയ്‌ക്കുള്ളില്‍ കിട്ടുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പരിസ്‌ഥിതി മന്ത്രാലയ അനുമതി 2012 ഓഗസ്‌റ്റില്‍ ലഭിച്ചതാണെങ്കിലും ചില ഭേദഗതികള്‍ വേണ്ടിവന്നതിനാല്‍ വീണ്ടും മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു.

മധ്യതിരുവിതാംകൂറിനെ സമഗ്ര വികസനത്തിലേക്കു നയിക്കാന്‍ ആറന്‍മുള വിമാനത്താവള പദ്ധതിക്കു കഴിയും. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ അനുമതിയോടെയാണ്‌ ആറന്‍മുളയില്‍ ഭൂമി വാങ്ങിയത്‌. വിപണിവില കൊടുത്തു. പദ്ധതിക്കുവേണ്ടി ഒരാളെ പോലും കുടിയൊഴിപ്പിക്കേണ്ടതില്ല. പൊതുജനാഭിപ്രായം കേട്ട്‌ അവരുടെ വാദങ്ങള്‍ കൂടി കണക്കിലെടുത്താണു പദ്ധതി ആവിഷ്‌കരിച്ചത്‌. പരിസ്‌ഥിതിക്ക്‌ ആഘാതമുണ്ടാക്കാത്ത തരത്തിലാണു രൂപരേഖ. വെള്ളം ഒഴുകിപ്പോകാന്‍ പ്രത്യേക ഡച്ച്‌ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും.

ഒരേ സമയം 1000 പേരെ ഉള്‍ക്കൊള്ളാനാകുന്നതാകും ടെര്‍മിനല്‍. നേരിട്ട്‌ 1500 പേര്‍ക്കും പരോക്ഷമായി 6000 പേര്‍ക്കും തൊഴിലവസരം ലഭിക്കും. വിമാനത്താവളത്തോടു ചേര്‍ന്നു നഗര വികസനം കൂടിയാണു കെജിഎസ്‌ ലക്ഷ്യമിടുന്നത്‌. പ്രത്യേക സാമ്പത്തിക മേഖല, മള്‍ട്ടി സ്‌പെഷ്യല്‍റ്റി ആശുപത്രി, ഇന്റര്‍നാഷനല്‍ സ്‌കൂള്‍, ഹോട്ടലുകള്‍, ഷോപ്പിങ്‌ മാള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്‌.

വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയിലെ ഏതു നഗരത്തില്‍നിന്നും ഒരു ദിവസംകൊണ്ടു ശബരിമല ദര്‍ശനം നടത്തി മടങ്ങാവുന്ന പാക്കേജുകള്‍ 6,000-7,000 രൂപ നിരക്കില്‍ ആവിഷ്‌കരിക്കുമെന്നും ജിജി ജോര്‍ജ്‌ പറഞ്ഞു.
Join WhatsApp News
idiot 2013-11-08 20:38:20
The MD says they would develop a town around the airport. Why? Without degeneration of the environment, how is it possible?
What is the need of a town? Airport is ok. Any idea of a town with malls and five star hotels/hospitals should be opposed

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക