Image

അനുഭവങ്ങളുടെ ഏടുകളില്‍ നിന്ന്‌ - 2 (ജി. പുത്തന്‍കുരിശ്‌)

Published on 20 October, 2013
അനുഭവങ്ങളുടെ ഏടുകളില്‍ നിന്ന്‌ - 2 (ജി. പുത്തന്‍കുരിശ്‌)
മാറ്റമോറസ്‌ ടെക്‌സസിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു മെക്‌സിക്കന്‍ നഗരം. അവിടെ നിന്നും കുറെക്കൂടി തെക്ക്‌ പടിഞ്ഞറായി സഞ്ചരിച്ചാല്‍ നാം എത്തിച്ചേരുന്നത്‌, ഗള്‍ഫ്‌ ഓഫ്‌ മെക്‌സിക്കോ എന്ന പ്രൗഢഗംഭീരമായ സാഗരതീരത്താണ്‌. കാലങ്ങളായി തന്റെ കലാവൈഭവം തെളിയിച്ചുകൊണ്ട്‌, പ്രകൃതി തീര്‍ത്തെടുത്ത മനോഹര ഭൂപ്രദേശങ്ങള്‍. കുറെക്കൂടി ഉള്ളിലേക്ക്‌ കയറിചെന്നാല്‍, വെള്ളത്താല്‍ ചുറ്റപ്പെട്ട മണല്‍ തുരുത്തുകള്‍. മത്സ്യബന്ധന ബോട്ടില്‍ കയറി ഈ മണല്‍തുരുത്തിലേക്കുള്ള യാത്ര അനിര്‍വ്വചനീയമായ അനുഭൂതികളുടെ ചിറ്റോളങ്ങള്‍ മനസ്സില്‍ സൃഷ്‌ടിക്കുന്നു. നേരീയ തണുത്ത കാറ്റിന്‍ കരങ്ങള്‍ ശരീരത്തെ തഴുകുമ്പോള്‍ അറിയാതെ ആശാന്റെ കവിത മനസ്സിലേക്ക്‌ ഓടിയെത്തി,

`ഉളവായിടുന്നു സുഖമേറ്റമുള്ളിലെന്‍
കുളിര്‍പശ്ചിമാംബുനിധിവായുപോതമേ.'

കൂട്ടം കൂട്ടമായി സഞ്ചരിക്കുന്ന തുവല്‍ വസ്‌ത്രധാരികളായ അരയന്ന കൂട്ടങ്ങള്‍, ആകാശത്ത്‌ നിന്നെങ്ങോ പൊട്ടി വിണതുപോലെ ചീറിപാഞ്ഞു വന്ന്‌ മത്സ്യം കൊത്തി പറക്കുന്ന പക്ഷികള്‍ ഞാന്‍ അറിയാതെ പറഞ്ഞുപോയി നഗരമെ നന്ദി, ഞാന്‍ ഈ ശാന്തതയില്‍ ഒന്നു ഊയലാടട്ടെ.

ആകസ്‌മികം എന്ന്‌ എല്ലാറ്റിനേയും വിശേഷിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന്‌ തിരുത്തി പറയുന്നു `പരികല്‌പിതം' എന്ന്‌. ദൈവ നി്‌ശചയം, ആദ്ധ്യാത്‌മികം എന്നിങ്ങനെ പര്യായങ്ങള്‍ പലതുമാകാം. മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത്‌ അമേരിക്കന്‍ മിഷന്‍ പ്രവര്‍ത്തനം `പുന്ത്യ നോര്‍ത്തേ' എന്ന മണല്‍തുരുത്തിലേക്ക്‌ കടന്ന്‌ വന്നത്‌ ആകസ്‌മികം എന്ന്‌ വിശേഷിപ്പിക്കാന്‍ കഴിയുകയില്ല. അത്‌ പരികല്‌പിതം തന്നെ. മാര്‍ത്തോമ്മസഭ ഈ തുരുത്തിലെ നിരാലംബരായ മുക്കുവന്മാര്‍ക്ക്‌ വേണ്ടി തീര്‍ത്ത വീടുകളുടെ താക്കോല്‍ അന്തേവാസികള്‍ക്ക്‌ കൈമാറാന്‍ പോകുന്ന ദിവസം അടുത്തു വരുന്നു. അതിന്റെ തയ്യാറെടുപ്പിലാണ്‌, സംശയിക്കണ്ട! പരികല്‌പിതമായി ഈ തുരുത്തിലെത്തിയ പരദേശിയായ മലയാളി. നോര്‍ത്ത്‌ അമേരിക്കന്‍യൂറോപ്പ്‌ ഭദ്രാസനാധിപന്‍ റൈറ്റ്‌. റവ. ഡോക്‌ടര്‍ യൂയാക്കിം മാര്‍ കൂറിലോസ്‌ തിരുമേനിയേയും, മറ്റ്‌ വിശിഷ്‌ടാതിഥികളേയും ഈ മണല്‍തുരുത്തിലേക്ക്‌ ആനയിക്കാനുള്ള തത്രപാടിലാണ്‌ `പരദേശി'. ഒരു വശത്ത്‌ പണിതീരാത്ത വിടുകളുടെ പൂര്‍ത്തീകരണത്തിനുളള സാധനങ്ങളുടെ സംഭരണം. മറുവശത്ത്‌ വരുന്ന അതിഥികളെ എവിടെ? എങ്ങനെ? സ്വീകരിക്കണം എന്നുള്ള ചിന്ത. എന്തായാലും തലക്കുമുകളില്‍ ജ്വലിച്ചു നില്‍ക്കുന്ന സൂര്യന്റെ ചൂടേല്‌ക്കാനുള്ള കരുത്ത്‌ വരുന്നവര്‍ക്കില്ലാത്തതുകൊണ്ട്‌ എവിടെ നിന്നെങ്കിലും ഒരു ടാര്‍പ്പോളിന്‍ കൊണ്ടുവന്ന്‌ വലിച്ചുകെട്ടി തണല്‍ ഉണ്ടാക്കിയേ പറ്റു. ദൈവമേ! ഈ തുരുത്തില്‍ ഇത്‌ ഞാന്‍ എവിടെപോയി സംഘടിപ്പിക്കും? വേദനിക്കുന്ന മനസ്സിന്റെ ദൈവത്തിനുള്ള എസ്‌. എം എസ്‌. അന്ന്‌ തിടുക്കത്തില്‍ മാറ്റമോറസില്‍ എത്തി. വിടിന്റെ പണിക്കാവശ്യമായ സാധനങ്ങള്‍ ഒരു ട്രക്കില്‍ കയറ്റി, ആവശ്യത്തിനുള്ള മറ്റ്‌ സാധനങ്ങളുമായി താന്‍ പിന്നാലെ വന്നോളം എന്ന്‌ പറഞ്ഞ്‌ വണ്ടിക്കാരനെ `നോര്‍ത്തേ പോയന്റെിയിലേക്കയച്ചു.' സംഘര്‍ഷങ്ങളുടെ ഘോഷയാത്ര മനസ്സിലൂടെ,

`ദൈവമേ നീയല്ലാതെ ഈ പത്‌മോസ്‌ ദീപില്‍ ആരു സഹായത്തിന്‌?'

ഈ പഞ്‌ജരത്തിന്റെ ഉള്ളില്‍ എവിടെയോ ഒഉിച്ചിരിക്കുന്ന കര്‍ത്താവിനോട്‌ ഒരു ചോദ്യം

`നീ ഭയപ്പേടെണ്ട' മറുപടി.

വണ്ടിക്കാരന്റെ പിന്നാലെ, മറ്റ്‌ ആവശ്യത്തിനുള്ള സാധനങ്ങളുമായി, ചിന്തയുടെ ലോകത്തിലൂടെ തനിയെ വണ്ടി ഓടിച്ചു പോകയാണ്‌. `ടാര്‍പ്പോളിന്‍' ഇടക്കിടക്ക്‌ കയറി വരുന്ന ചിന്ത അതിന്റെ ഉപയോഗത്തെക്കാളേറെ ചൂടു നല്‍കികൊണ്ടിരുന്നു. ഏകദേശം ഒന്നര മണിക്കൂര്‍ യാത്രക്കു ശേഷം ലക്ഷ്യ സ്ഥാനത്തെത്തിയപ്പോള്‍, തനിക്കു മുന്‍പേ പോന്ന വണ്ടിയും സാധനങ്ങളും എത്തിയിട്ടില്ല. ആകെ വിഷമമായി. വണ്ടി എവിടെപോയി? ആകാംക്ഷയുടെ നിമിഷങ്ങള്‍! ശ്ശെ! ഇവിടേക്ക്‌ വരാന്‍ ഒരു വഴിയേയുള്ളു. പിന്നെ എന്തു പറ്റി? സംശയങ്ങളുടെയും ചോദ്യങ്ങളുടെയും മിസൈലുകള്‍ മനസ്സിനെ കീറി മുറിച്ചു പായുന്നു. ഏതായലും കുറച്ചു കൂടി മുന്നോട്ട്‌ പോയി ഒന്ന്‌ അന്വേഷിക്കുക. ആരോ ഉള്ളിലിരുന്ന്‌ ഉപദേശിച്ചു. കുറേക്കൂടി മുന്നോട്ട്‌ പോയി ഒരു വഴിയോരകടയുടെ മുന്നില്‍ വണ്ടി നിറുത്തി. `ഇതിലെ സാധനങ്ങള്‍ നിറച്ച ഒരു വണ്ടി' വന്നോ? കടക്കാരനോട്‌ ചോദിച്ചു, ഇല്ല കണ്ടില്ല കടക്കാരന്‍ മറുപടി പറഞ്ഞു. ടാര്‍പ്പോളിന്‍! `ചിന്തയാം മണിമന്ദിരത്തില്‍' നിന്നാരോ വിളിച്ചു പറഞ്ഞു. പിന്നെ മടിച്ചില്ല. അര്‍മാനോ (സഹോദരാ) ഇവിടെ ടാര്‍പ്പോളിന്‍ കിട്ടാന്‍ വല്ലമാര്‍ഗ്ഗവും ഉണ്ടോ? `എന്തിനാ' കടക്കാരന്റ ചോദ്യം? കാര്യം അവനോട്‌ ചുരുക്കമായി പറഞ്ഞു. എന്റെ കടയുടെ പുറകില്‍ കിടക്കുന്ന ടര്‍പ്പോളിന്‍ മതിയോ? ങഹേ! അത്‌ഭുതത്തിന്റെ ആത്‌മഗതം. കടയുടെ പിന്നില്‍ തനിക്കാവശ്യമായ ടാര്‍പ്പോളിന്‍. കൂടാതെ അതിന്‌ പ്രതിഫലമില്ലാതെ എത്തിച്ച്‌ പന്തലു കെട്ടിതാരാം എന്നുള്ള വാഗ്‌ദാനവും! ദൈവമേ! മനസ്സിനുള്ളില്‍ വിങ്ങലുകള്‍, തേങ്ങലുകള്‍. കര്‍ത്താവേ നിന്റെ ഈ കരുതലും അദ്‌ഭുതവും ആരോട്‌ പറയും? ആരു വിശ്വസിക്കും?

അനുഭവങ്ങളുടെ ഏടുകളില്‍ നിന്ന്‌ - 1

http://www.emalayalee.com/varthaFull.php?newsId=62658
അനുഭവങ്ങളുടെ ഏടുകളില്‍ നിന്ന്‌ - 2 (ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക