Image

ഒരു കുടയുടെ സഞ്ചാരം (നോവല്‍ : ഭാഗം -6)- റെജീഷ് രാജന്‍

റെജീഷ് രാജന്‍ Published on 27 September, 2013
ഒരു കുടയുടെ സഞ്ചാരം (നോവല്‍ : ഭാഗം -6)- റെജീഷ് രാജന്‍
ആറു

ദിവസവും രാവിലെ ആറു മണിക്ക് അടിക്കാന്‍ പാകത്തിന് മൊബൈലില്‍ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന അലാറം മുഴങ്ങിയപ്പോള്‍ ഒരു ദുസ്വപ്നത്തില്‍ നിന്നെന്ന പോലെ പെട്ടെന്ന് പ്രസാദ്ചന്ദ്രന്‍ ചാടി എഴുന്നേറ്റു ആ അലാറം ഓഫ് ആക്കി. മെല്ലെ വാതില്‍ തുറന്നു പുറത്തിറങ്ങി രാവിലത്തെ ന്യൂസ് പേപ്പറും, കുപ്പിയില്‍ നിറച്ചു വെച്ചിരിക്കുന്ന പാലും എടുത്ത് അകത്തേക്ക് കയറി. പാല് കാച്ചുന്നതിന്റെ ഇടയില്‍ ദിനപത്രത്തിന്റെ ഓരോ താളും മറിച്ചു നോക്കി. അപ്പഴാണ് അവസാനത്തെ പേജില്‍ സോണി ഡിജിറ്റല്‍ ക്യാമറയുടെ ഏറ്റവും പുതിയ മോഡലിന്റെ പരസ്യവും ആ ക്യാമറ കൈകളിലേന്തി നില്ക്കുന്ന ദീപിക പദുകോണിന്റെ ആകര്‍ഷകമായ ഫിഗറും പ്രസാദ്ചന്ദ്രന്റെ ശ്രദ്ധയില്‍ പെട്ടത്.

'ലേറ്റസ്റ്റ് മോഡല്‍. അല്ലാ ഇനി മിനിഞ്ഞാന്ന് ഖത്തറിലുള്ള അളിയന്‍ എനിക്ക് സമ്മാനമായി തന്ന ഡിജിറ്റല്‍ ക്യാമറ ഈ സെയിം മോഡല്‍ തന്നെയാണോ അതോ ഇതിനു തൊട്ടു മുമ്പത്തെ മോഡല്‍ ആണോ?'
സംശയം തീര്‍ക്കാനായി ബാഗ് തെരയാന്‍ തുടങ്ങിയപ്പോള്‍ ആണ് തലേ ദിവസത്തെ സംഭവങ്ങള്‍ പെട്ടെന്നൊരു മിന്നായം പോലെ പ്രസാദ്ചന്ദ്രന്റെ മനസ്സില്‍ കൂടി കടന്നു പോയത്.
'ഈശ്വരാ എന്റെ ബാഗ്, ക്യാമറ, ആ ബാര്‍ ഇനി എപ്പഴാണാവോ തുറക്കുക.'

സമയം ഏഴു മണി. ബാറിലേക്കുള്ള പ്രവേശന കവാടത്തില്‍ സെക്യൂരിറ്റിക്കാരെ ഒന്നും കാണുന്നില്ല. മെയിന്‍ ഗേറ്റ് താഴിട്ടു പൂട്ടി കിടക്കുന്നു. ഒന്ന് രണ്ടു തവണ ഇവിടാരുമില്ലേ എന്നൊച്ച വെച്ചും ഗേറ്റില്‍ ശക്തിയായി കൊട്ടി ശബ്ദം ഉണ്ടാക്കിയും ഒട്ടും അമാന്തിക്കാതെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു പ്രസാദ്ചന്ദ്രന്‍ ബാര്‍ ലക്ഷ്യമാക്കി പാഞ്ഞു. സ്ഥലം എത്തിയപ്പോള്‍ ആരെയെങ്കിലും വിളിച്ചു വരുത്താന്‍ പ്രസാദ്ചന്ദ്രന്‍ ഒരു ശ്രമം നടത്തി നോക്കി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആരും വന്നില്ല. ആകെ നിരാശനായി പിന്തിരിഞ്ഞു നോക്കിയപ്പോള്‍ ആണ് പ്രസാദ്ചന്ദ്രന്‍ ശ്രദ്ധിച്ചത്, തൊട്ടപ്പുറത്തുള്ള ഓട്ടോ സ്റ്റാന്റിലെ െ്രെഡവര്‍മാര്‍ അല്പം രോഷത്തോടെ തന്റെ നേര്‍ക്ക് തന്നെ ചെറഞ്ഞു നോക്കുന്നു. 'ഇവനാരെടാ നേരം വെളുത്തപ്പോള്‍ തന്നെ കള്ളു കുടിക്കാന്‍ ഇറങ്ങിയേക്കുവാണോ, വല്ലാത്ത കഴപ്പ് തന്നെ.'   ഈ അര്‍ഥത്തിലുള്ള ചോദ്യഭാവം അവരുടെ നോട്ടത്തില്‍ നിന്നും പ്രസാദ്ചന്ദ്രന്‍ എളുപ്പം വായിച്ചെടുത്തു. ഇനി ഇവിടെ നില്ക്കുന്നത് അത്ര പന്തിയല്ല എന്ന് മനസ്സിലാക്കി പ്രസാദ്ചന്ദ്രന്‍ വേഗം തന്റെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു അവിടെ നിന്നും സ്ഥലം വിട്ടു.
ഇറങ്ങി വരുന്ന സപ്ലയര്‍ സുനിലിനെ പ്രസാദ്ചന്ദ്രന്‍ കണ്ടു, നേരെ പുള്ളിയുടെ അടുത്തേക്ക് പോയി.
പ്രസാദ്ചന്ദ്രനെ കണ്ട ഉടന്‍ തന്നെ വീട്ടില്‍ പോയി കുളിച്ചു ഫ്രഷ് ആയി പ്രാതലും കഴിഞ്ഞു രാവിലെ ഒരു ഒന്‍പതു മണി ആയപ്പഴാണ് പ്രസാദ്ചന്ദ്രന്‍ വീണ്ടും ബാറിലേക്ക് വന്നത്. അപ്പോഴേക്കും മെയിന്‍ ഗേറ്റ് തുറന്നിരുന്നു. രാവിലെ ഒരു പെഗ് അകത്തു ചെന്നില്ലെങ്കില്‍ കൈ വിറയ്ക്കുന്ന അവസ്ഥയുള്ള ചില കൊടും മദ്യപാനികള്‍ അന്നേരം ധിറുതി പിടിച്ച് കൌണ്ടറിലേക്ക് നടന്നു പോകുന്നത് പ്രസാദ്ചന്ദ്രന്‍ ശ്രദ്ധിച്ചു. ഭഗവാനെ ഇവരുടെ ഒക്കെ അവസ്ഥ വന്നാല്‍ എന്തായിരിക്കും സ്ഥിതി എന്ന് പ്രസാദ്ചന്ദ്രന്‍ ചിന്തിച്ചു.
കൌണ്ടറിന്റെ അടുത്തേക്ക് വേഗം നടന്ന്, തലേ ദിവസം കണ്ട സപ്ലയര്‍ ഈ പരിസരത്തെവിടെങ്കിലും ഉണ്ടോ എന്ന് മൊത്തത്തില്‍ ഒന്ന് പരതി നോക്കി. ഇല്ല കൌണ്ടറിന്റെ ഭാഗത്തൊന്നും മൂപ്പരെ കാണുന്നില്ല. ഭാഗ്യത്തിന് അഞ്ചു മിനിറ്റേ കാത്തു നില്‍ക്കേണ്ടി വന്നുള്ളൂ. ഒന്നാം നിലയിലേക്കുള്ള സ്‌റ്റെയര്‍കേസില്‍ നിന്നും പടവുകള്‍ സുനിലിന് ആളെ മനസ്സിലായി. ഒന്ന് ഉപദേശിക്കാനുള്ള ഭാവത്തില്‍ പുള്ളി ചോദിച്ചു, 'സാറേ രാവിലെ തന്നെ അടി തുടങ്ങണോ? നേരം വെളുത്ത് വരുന്നതല്ലേ ഉള്ളു?'
'ഛെ ഞാന്‍ അതിനൊന്നുമല്ലെടോ വന്നത്. ഇന്നലെ രാത്രി ഞാന്‍ ഇവിടെ ഒരു ബാഗ് മറന്നു വെച്ചേച്ചു പോയി. ബ്ലാക്ക് കളര്‍ ബാഗ് ആണ്. അതിനകത്തൊരു ഡിജിറ്റല്‍ ക്യാമറ ഉണ്ട്.'
'ഓ മനസ്സിലായി മനസ്സിലായി, അതിനകത്തൊരു കുടയും ഉണ്ടായിരുന്നു ഇല്ലേ?'
'കുടയോ?', പ്രസാദ്ചന്ദ്രന്‍ ലേശം സംശയിച്ചു, 'ആ ഏതായാലും താന്‍ ബാഗ് കൊണ്ട് വാ, ഞാന്‍ നോക്കട്ടെ.'
'സാറിവിടെ നില്ല്, ഞാനിപ്പോള്‍ ബാഗുമായി വരാം.' സുനില്‍ ഇതും പറഞ്ഞു മുകളിലത്തെ നിലയിലേക്കുള്ള സ്‌റ്റെയര്‍കെസ് വഴി ഓടി കയറി. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു തിരികെ ബാഗുമായി വന്നു. തലേ ദിവസം നഷ്ടപ്പെട്ട അതെ ബാഗ് തന്നെ.
'എന്തെങ്കിലും സാധനം നഷ്ടപ്പെട്ടോ എന്ന് നോക്കിക്കേ?' സുനില്‍ ചോദിച്ചു.
പ്രസാദ്ചന്ദ്രന്‍ ബാഗ് മൊത്തത്തില്‍ ഒന്ന് പരിശോധിച്ചു. ഭാഗ്യം, ക്യാമറ അതിനകത്തുണ്ട്, പിന്നെ ഒരു ബുക്കും കുറച്ചു കടലാസ്സുകളും. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പക്ഷെ ഈ പറഞ്ഞ വസ്തുക്കല്‍ക്കെല്ലാം പുറമേ ഒരു റോസ് കളര്‍ കുടയും ഉണ്ട് ഇതിനകത്ത്. ഇതെങ്ങനെ ഈ ബാഗിനകത്ത് വന്നു? ഒരു പിടിയും ഇല്ല.
'ഒന്നും പോയിട്ടില്ല, വലിയ ഉപകാരം താങ്ക്‌സ്.'

സുനിലിനോട് നന്ദി പറഞ്ഞു പ്രസാദ്ചന്ദ്രന്‍ തിരികെ നടന്നു. ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നുറപ്പ് വരുത്താന്‍ ബാഗ് വീണ്ടും പരിശോധിച്ചു നോക്കി. ഒന്നും പോയിട്ടില്ല പക്ഷെ ഈ കുട എങ്ങനെ ഈ ബാഗില്‍ വന്നു? ഇതേതായാലും എന്റെ കുടയല്ല. ഇന്നലെ കൂടെ ഉണ്ടായിരുന്ന ഫ്രണ്ട്‌സിന്റെ കയ്യിലും ഇങ്ങനെ ഒരു കുട കണ്ടതായി ഓര്‍ക്കുന്നില്ല. ഇനി ബാര്‍ മുതലാളി സ്ഥിരം കസ്റ്റമെര്‍സിനോട് ഒരു സ്‌നേഹത്തിന്റെ പുറത്ത് ഈ കുട ഒരു പാരിതോഷികമായി തന്നതാണോ? ഏയ് അങ്ങനെയാവില്ല.
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രസാദ്ചന്ദ്രന്റെ പോക്കറ്റില്‍ കിടക്കുന്ന മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. അങ്ങേ തലക്കല്‍ നിന്നും അസിസ്റ്റന്റ് കൃഷ്ണകുമാറിന്റെ കാള്‍ ആണ്.
'എന്താടാ നീ ഓഫീസ് തുറന്നില്ലേ?'
'ഓഫീസ് തുറന്നിട്ട് അര മണിക്കൂറായി. സാര്‍ എവിടെയാ?', കൃഷ്ണകുമാര്‍ ചോദിച്ചു
'ടാ ഞാന്‍ ഇറങ്ങി, അവിടെ ഒരു പതിനഞ്ചു മിനിറ്റിനുള്ളില്‍ എത്തും. അവിടെ എത്ര ആളുണ്ട്?'
'നാല് പേരുണ്ട്.'
'എന്നാല്‍ നീ അവരുമായി കുശലാന്വേഷണം നടത്തി സൂത്രത്തില്‍ അവരുടെ ഫുള്‍ ഡീട്ടെയില്‌സ് മനസ്സിലാക്ക്. ഏതു? നിനക്കറിയില്ലേ?'
'അത് പിന്നെ പ്രത്യേകം പറയണോ സാര്‍, ഞാനേറ്റു.'

കല്ലേറ്റുംകര റെയില്‍വേ സ്‌റ്റേഷനടുത്തുള്ള തന്റെ ജ്യോതിഷം കണ്‍സല്‍റ്റിങ്ങ് ഓഫീസില്‍ എത്തിയപ്പോള്‍ മണി ഒന്‍പതെമുക്കാല്‍. കൃഷ്ണകുമാര്‍ നേരത്തെ പറഞ്ഞ നാല് പേരെ അവിടെ ഉണ്ടായിരുന്നുള്ളൂ. ഓഫീസിനു മുന്നില്‍ ഒട്ടിക്കാനായി ഓര്‍ഡര്‍ ചെയ്ത സ്റ്റിക്കറും ബോര്‍ഡും ഇന്നലെ രാത്രി മാത്രമാണ് കിട്ടിയത്. ഏതായാലും പ്രത്യേകം പറയാതെ തന്നെ കൃഷ്ണകുമാര്‍ അത് സന്ദര്‍ശകരെ ആകര്‍ഷിക്കും വിധത്തില്‍ ഓഫീസിന്റെ മുന്നിലായി സ്ഥാപിച്ചിട്ടുണ്ട്. കൊള്ളാം മിടുക്കന്‍, ഇങ്ങനെ മുതലാളിയുടെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു ജോലിക്കാരനെ കിട്ടാന്‍ ഒരു ഭാഗ്യം തന്നെ വേണം.

പുതുതായി സ്ഥാപിച്ച ബോര്‍ഡ് പ്രസാദ്ചന്ദ്രന്‍ വെറുതെ ഒരു കൌതുകത്തിന്റെ പുറത്ത് ഒന്ന് വായിച്ചു നോക്കി.
'ജ്യോതിഷരത്‌നം ദുര്‍ഗാപ്രസാദ്, ജാതകം, വിവാഹം, പ്രശ്‌നം, പൊരുത്തം തുടങ്ങി എല്ലാവിധ ജ്യോതിഷ സംബന്ധ സംശയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം.'

ഓഫീസില്‍ കയറിയപ്പോള്‍ മേശപ്പുറത്തു തന്നെ കൃഷ്ണകുമാര്‍ എഴുതി വെച്ച കടലാസ് കണ്ടു. അതില്‍ സന്ദര്‍ശകരുടെ പേരും അവരെക്കുറിച്ചുള്ള വിവരങ്ങളും അവന്‍ കുറിച്ച് വെച്ചിരുന്നു. ഇന്ന് ഉച്ചയ്ക്കുള്ള ഡേ എക്‌സ്‌പ്രെസ്സില്‍ തൃശൂര്‍ക്ക് പോകാനുള്ളതാ. അത് കൊണ്ട് ഈ നാല് പേരുടെ ജാതക പ്രശ്‌നം എത്രെയും വേഗം നോക്കി തീര്‍ക്കണം. പ്രസാദ്ചന്ദ്രന്‍ കൃഷ്ണകുമാറിനെ വിളിച്ചു ഇനി അന്വേഷിച്ചു വരുന്നവരോട് നാളെ വരാന്‍ പറയാന്‍ ഏല്‍പിച്ചു.
ആദ്യത്തെ ക്ലയന്റ് ഒരു ഓട്ടോറിക്ഷ െ്രെഡവര്‍ ആയിരുന്നു. പേര് കുമാരന്‍. ആദ്യമായിട്ടാ ഇവിടെ വരുന്നത്. ജാതകപ്രകാരം ഇപ്പോള്‍ പൊതുവെ സമയം എങ്ങനെ ആണെന്നറിയാന്‍ വന്നതാ. ഓഫീസിന്റെ മുന്നില്‍ ഒരു ഓട്ടോറിക്ഷ കിടക്കുന്നത് വന്നപ്പഴേ പ്രസാദ്ചന്ദ്രന്‍ ശ്രദ്ധിച്ചിരുന്നു. നമ്പര്‍ പ്ലേറ്റ് വെച്ച് നോക്കുമ്പോള്‍ ഉദ്ദേശം ഒരു രണ്ടു കൊല്ലം പഴക്കം കാണും വണ്ടിക്ക്. മിക്കവാറും സിസി അടച്ചാവും വണ്ടി ഓടുന്നത്. അന്‍പതിനടുത്തു പ്രായം. രണ്ടാന്മക്കളുടെ പിതാവും. സ്വാഭാവികമായും പ്രാരാബ്ധക്കാരന്‍. അധികം പൈസ മുടക്കാന്‍ കെല്‍പ്പില്ലാത്ത ആളാണെന്നു കണ്ടാലേ അറിയാം. അധികം പണച്ചിലവുള്ള പൂജകള്‍ ഒന്നും ഇയാളെ കൊണ്ട് ചെയ്യിക്കാന്‍ വകുപ്പില്ല. വല്ല ചെറിയ ചെറിയ വഴിപാടുകള്‍ നിര്‍ദേശിച്ചു നോക്കാം, അത്ര തന്നെ.

കവടി നിരത്തുന്നതിനിടയില്‍ ഇയാളുടെ അടുത്ത് എന്ത് അടവാണ് പ്രയോഗിക്കേണ്ടതെന്നു പ്രസാദ്ചന്ദ്രന്‍ ചിന്തിച്ചു. ഒരു കാര്യം ചെയ്യാം. വണ്ടി ഓടിക്കുന്ന ആളല്ലേ, അത് വെച്ചിട്ടൊരു നമ്പര്‍ ഇറക്കി നോക്കാം.
'ഇപ്പോള്‍ സമയം വലിയ കുഴപ്പമില്ല, എന്നാലും ചില പ്രശ്‌നങ്ങളും തടസ്സങ്ങളും ഞാന്‍ കാണുന്നു. വണ്ടിക്ക് ഇയ്യിടെ കാര്യമായിട്ട് വല്ല മെയിന്റനെന്‍സ് പണി ചെയ്യേണ്ടി വന്നിട്ടുണ്ടോ?'

ഇത് കേട്ടപ്പോള്‍ കുമാരന്റെ മുഖത്ത് 'ഇതെങ്ങനെ മനസ്സിലായി' എന്ന അര്‍ഥത്തിലുള്ള അത്ഭുതം നിറഞ്ഞ ഭാവമായിരുന്നു. 
'അതെ, കഴിഞ്ഞ ആഴ്ച വണ്ടി ഒരു ഇന്‍ഡിക്ക കാറുമായി ചെറുതായിട്ടൊന്ന് തട്ടി. സൈഡ് ഗ്ലാസ് മാറ്റേണ്ടി വന്നു. മാത്രമല്ല കഴിഞ്ഞ മാസം ഗിയര്‍ ബൊക്‌സ് കംപ്ലൈന്റ്‌റ് കാരണം ഒരാഴ്ചയോളം വണ്ടിയോട്ടം മുടങ്ങി.'
'ഉം', ലേശം ഗൌരവത്തോടെ പ്രസാദ്ചന്ദ്രന്‍ മൂളി. 'അടുത്ത രണ്ട് മാസം വണ്ടി കൈകാര്യം ചെയ്യുന്നത് ലേശം സൂക്ഷിച്ചു വേണം. ദൂരെയോട്ടം, രാത്രിയോട്ടം ഇവയൊക്കെ നല്ല വിശ്വസിനീയമായ പാര്‍ട്ടീസ് ആണെങ്കില്‍ മാത്രം ഏറ്റാല്‍ മതി.'

'എന്താ വല്ല അപകട സൂചന എന്തെങ്കിലും കാണുന്നുണ്ടോ?'
'ഏയ് അങ്ങനെ പരിഭ്രമിക്കേണ്ട കാര്യമൊന്നുമില്ല, ഒന്ന് സൂക്ഷിക്കുക അത്ര തന്നെ. ഒരു കാര്യം ചെയ്യ്. ഇതിനു മുന്നിലുള്ള റോഡ് നേരെ പോയി വടക്കോട്ട് തിരിഞ്ഞു കഷ്ടിച്ചൊരു ഫര്‍ലൊങ്ങ് പോയാല്‍ ഒരു ശിവ ക്ഷേത്രം കാണാം. അവിടെ ഒരു ധാര കഴിപ്പിച്ചോളൂ പറ്റുമെങ്കില്‍ വണ്ടിയും ഒന്ന് പൂജിച്ചോ. നന്നായി പ്രാര്‍ഥിക്കുക, അനിഷ്ടങ്ങലെല്ലാം മാറി കിട്ടും.'
'ചെയ്‌തോളാം.'

വീണ്ടും പ്രസാദ്ചന്ദ്രന്‍ തന്റെ ഗൌരവഭാവം കൈവിടാതെ കവടി നിരത്തി വെച്ചിരിക്കുന്നിടത്തെക്ക് സൂക്ഷിച്ചു നോക്കി കുറച്ചു നേരം മൌനിയായി എന്തൊക്കെയോ  ചിന്തിക്കുന്നതായി അഭിനയിച്ചു.
'കുടുംബജീവിതം സുഖകരമായി പോകുന്നുണ്ടെങ്കിലും  സാമ്പത്തികമായ പരാധീനതകള്‍ താങ്കളെ വല്ലാതെ അലട്ടുന്നു. ശരിയല്ലേ.'

ഇതും കൂടി കേട്ടതോടെ ഒരു ത്രികാലജ്ഞാനിയെ തന്റെ മുന്നില്‍ കണ്ടത് പോലെയുള്ള ആദരവും ഭക്തിയും നിറഞ്ഞ ഭാവമായിരുന്നു കുമാരന്റെ മുഖത്ത്.
'വളരെ ശരിയാണ്. മൂത്ത മോന്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷം പഠിച്ചോണ്ടിരിക്കുവാ. ഒന്നര കൊല്ലം കൂടിയുണ്ട് ഇനി പഠനം. ഇളയ മോന്‍ നഴ്‌സിംഗ് ഫസ്റ്റ് ഇയര്‍ പഠിക്കുന്നു. കാശുണ്ടായിട്ടല്ല എങ്കിലും മക്കളെ എങ്ങിനെയും നല്ല നിലയിലാക്കണം എന്ന വാശിയായിരുന്നു. പണചിലവിന്റെ ഭാരം ഒന്നും അന്നേരം ഓര്‍ത്തില്ല. ഒരു രണ്ട് മൂന്ന് കൊല്ലം കൂടി കഷ്ടപ്പെട്ട് എങ്ങനെങ്കിലും രണ്ടു പേരെയും ഒന്ന് കരപറ്റിക്കണം. അത് വരെ വിശ്രമം ഇല്ലാത്ത ഓട്ടമാണ്.'

പ്രസാദ്ചന്ദ്രന്‍ മനസ്സിള്‍ ചെറുതായൊന്ന് ചിരിച്ചു. ഇവന്‍ നമ്മുടെ ചാക്കില്‍ വീണു കഴിഞ്ഞു. ഇനി ഞാന്‍ എന്ത് പൊട്ടത്തരം വിളിച്ചു പറഞ്ഞാലും ഇയാളത് തൊണ്ട തൊടാതെ വിഴുങ്ങിക്കോളും.
'ഒന്നും കൊണ്ടും ഭയപ്പെടാനില്ല. ഇപ്പോള്‍ ജാതകപ്രകാരം താങ്കള്‍ക്കിപ്പോള്‍ രാഹുര്‍ദശയാണ്. അത് തീരാന്‍ ഇനി കഷ്ടിച്ച് ഒരു ഒന്നര വര്‍ഷം കൂടിയേ ഉള്ളു. അത് കഴിഞ്ഞാല്‍ പിന്നെ വ്യാഴദശയാണ്. രാഹുര്‍ ദശയില്‍ നിന്ന് വ്യാഴ ദശയിലെക്കുള്ള സഞ്ചാരത്തെ തുടര്‍ന്നുള്ള അപഹാര സമയം, ഈ അപഹാരം മൂലം ഉണ്ടാകുന്ന അനിഷ്ടങ്ങളാണ് ഇപ്പോള്‍ താങ്കള്‍ അനുഭവിക്കുന്ന അല്ലറ ചില്ലറ കഷ്ടപ്പാടുകള്‍. ഇതൊന്നും സാരമാക്കാനില്ല. ഈശ്വരനെ നന്നായി പ്രാര്‍ഥിച്ചു കൊള്ളുക. കാര്യങ്ങള്‍ എല്ലാം ശുഭകരമായി മുന്നോട്ടു പൊക്കോളും.'

'ഇത് മാത്രവുമല്ല വേറെയും ഉണ്ട് സംഗതികള്‍, ഒരു മിനിറ്റേ, ' പ്രസാദ്ചന്ദ്രന്‍ കുമാരന്റെ ജാതകത്തിലെ ചില പേജുകള്‍ മറിച്ചു നോക്കി ഒരു പേപ്പര്‍ കഷണം എടുത്തു എന്തൊക്കെയോ അതില്‍ കുറിച്ചു.

'ആ പറയാം.', പ്രസാദ്ചന്ദ്രന്‍ തുടര്‍ന്നു, 'ഒരു ഒന്നര വര്‍ഷം കഴിഞ്ഞാല്‍ പിന്നെ വ്യാഴ ദശ തുടങ്ങും എന്ന് പറഞ്ഞല്ലോ. വ്യാഴം തുടങ്ങിയാല്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല, വെച്ചടി വെച്ചടി കയറ്റമാ. മക്കള്‍ രണ്ടാളുടെയും പഠിത്തം കഴിഞ്ഞ വഴിക്ക് തന്നെ അവര്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും. അതോടെ താങ്കളുടെ എല്ലാം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമാകും. ഏറെ താമസിയാതെ തന്നെ താങ്കളുടെ വണ്ടിയുടെ ലോണ്‍ അടച്ചു തീരും. മാത്രമല്ല മറ്റൊരു വാഹനം കൂടി വാങ്ങാനുള്ള യോഗം കാണുന്നുണ്ട്. ആ വാഹനം ഒരു  പക്ഷെ ടാക്‌സി കാര്‍ അല്ലെങ്കില്‍ മറ്റൊരു ഓട്ടോ റിക്ഷ തന്നെയുമാകാം. ചുരുക്കി പറഞ്ഞാല കുടുംബ ജീവിതത്തില്‍ മനസ്സമാധാനം, തൊഴില്‍ മേഖലയില്‍ പുരോഗതി, തുടങ്ങി ഒരുപാട് ഐശ്വര്യവും, സമ്രിദ്ധിയും അനുഭവിക്കാനുള്ള യോഗമുണ്ട്.'

കുമാരന്റെ മുഖം സന്തോഷാധിക്യത്താല്‍ വീര്‍പ്പു മുട്ടുന്നത് പോലെയായി.
'എല്ലാം ശരിയാകും, ഈശ്വരനെ മനമുരുകി പ്രാര്‍ഥിക്കുക, ഞാന്‍ പറഞ്ഞ വഴിപാടുകളും പൂജകളും ഒക്കെ ചെയ്യുക. താങ്കളുടെ നല്ല കാലം ഇനി വരാന്‍ കിടക്കുന്നതെ ഉള്ളു. ഇനി മറ്റെന്തെങ്കിലും അറിയാനുണ്ടോ?' പ്രസാദ്ചന്ദ്രന്‍ ചോദിച്ചു.
'ഇല്ല ഇത്രയും മതി. ഞാന്‍ എന്നാല്‍ ഇറങ്ങട്ടെ, വലിയ ഉപകാരം.' ഒരു ഇരുനൂറു രൂപ മേശപ്പുറത്ത് വെച്ചിട്ട് ജാതകവും വാങ്ങി കുമാരന്‍ സന്തോഷത്തോടെ യാത്രയായി.

അടുത്തതായി കാണാന്‍ വന്നത് തൊട്ടടുത്ത ടൌണിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ എന്‍ഡോെ്രെകനോളജി വിഭാഗത്തില്‍ ജോലി ചെയ്യുന്നൊരു സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ ആണ്. പേര് സജീവന്‍. ഇത്രേയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാള്‍ തന്നെ പോലെ ഒരു ലോക്കല്‍ കൂതറയെ കാണാന്‍ വരുന്നതിനു പിന്നിലെ യുക്തി എത്ര ആലോചിച്ചിട്ടും പ്രസാദ്ചന്ദ്രനു പിടി കിട്ടിയില്ല. ഇത്രേയും അറിവുള്ളൊരു മനുഷ്യന്‍ വിചാരിച്ചിട്ട് പോലും പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങള്‍ നിസ്സാരനായ ഈ ഞാന്‍ എങ്ങനെ പരിഹരിക്കാനാ? ഏതായാലും കവടി നിരത്തി കുറേ നേരം പ്രസാദ്ചന്ദ്രന്‍ കണ്ണടച്ച് ധ്യാനിച്ചു. ഡോക്ടര്‍ അല്ലെ, അതും എന്‍ഡോെ്രെകനോളജി സ്‌പെഷ്യലിസ്റ്റ്. ഇയാള്‍ക്ക് പണ സംബന്ധമായി യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാന്‍ വഴിയില്ല, കുടുംബ ജീവിതം വെച്ചിട്ടൊരു നമ്പര്‍ ഇറക്കി നോക്കാം.
'ഒരുപാട് തടസ്സങ്ങള്‍ ഞാന്‍ കാണുന്നു. കുടുംബ ജീവിതത്തില്‍ മനക്ലേശം വരുത്തുന്ന ഒരുപാട് സംഭവങ്ങള്‍ ഇയ്യിടെ ഉണ്ടായി അല്ലെ?', പ്രസാദ്ചന്ദ്രന്‍ ചോദിച്ചു.
ഡോക്ടര്‍ സജീവന്‍ സമ്മതഭാവത്തില്‍ തലയാട്ടി. 'വളരെ ശരിയാണ്, ഭാര്യ പിണങ്ങി പിള്ളേരെ വിളിച്ചോണ്ട് പോയിട്ട് എട്ടു മാസത്തോളമായി ഡിവോര്‍സ് ആയില്ല എങ്കിലും അതിനെ കുറിച്ചുള്ള സംസാരമുണ്ട് മിക്കപ്പോഴും. പല തവണ ഭാര്യയേയും ഭാര്യ വീട്ടുകാരെയും മാറി മാറി സംസാരിച്ചു നോക്കി. അവര്‍ എട്ടിനും ഏഴിനും അടുക്കുന്നില്ല. ഇത് വല്ല ഡിവോര്‍സിലും ചെന്നവസാനിക്കുമോ അതോ ഭാര്യയും മക്കളും തിരിച്ചു വരുമോ എന്നൊന്ന് നോക്കി പറയാമോ ?' ഡോക്ടര്‍ ചോദിച്ചു.
'ഭാര്യയുടെ പേരും നാളും പറയു.'
'അശ്വതി, നാളും അതു തന്നെ.'

വീണ്ടും കവടി നിരത്തി വെച്ച്, പതിഞ്ഞ സ്വരത്തില്‍ വായില്‍ തോന്നുന്ന കുറെ മന്ത്രം ഉരുവിട്ട് കുറച്ചു നേരം പ്രസാദ്ചന്ദ്രന്‍ കണ്ണടച്ച് ധ്യാനിക്കുന്നതായി ഭാവിച്ചു. 'കുഴപ്പിക്കുന്ന ചോദ്യമാണല്ലോ ഇയാളെന്നോട് ചോദിച്ചത്? ഇതൊക്കെ കൃത്യമായി പ്രവചിക്കാന്‍ ഞാനാരാ വേദ വ്യാസ മഹര്‍ഷിയോ? ഏതായാലും ക്യാഷ് ടീം അല്ലെ വിടണ്ട. എന്തെങ്കിലും പറഞ്ഞ് ഒന്ന് ആശ്വസിപ്പിക്കാം. കുറെ പൂജകളും ഇയാളുടെ തലയില്‍ കെട്ടി വെക്കാം.
 'ഞാന്‍ നിങ്ങളുടെ രണ്ടു പേരുടെയും നാളുകള്‍ വെച്ച് പരിശോധിച്ചു. നിങ്ങള്‍ രണ്ടാള്‍ക്കും മറ്റൊരു വിവാഹം കഴിക്കാനുള്ള യോഗം കാണുന്നില്ല. അത് കൊണ്ട് തന്നെ ഡിവോര്‍സിനെ കുറിച്ചുള്ള പരിഭ്രമമൊ പേടിയോ ഒന്നും വേണ്ട. നിങ്ങള്‍ക്കിയ്യിടെ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ എല്ലാം തന്നെ സമയ ദോഷത്തിന്റെയും, മുജ്ജന്മ പാപങ്ങളുടെയും ഭലമായിട്ടു ഉണ്ടായതാ. അല്ലാതെ അത് നിങ്ങളുടെയോ ഭാര്യയുടെയോ കുറ്റം കൊണ്ടല്ല. വെറും തെറ്റിദ്ധാരണയുടെ പുറത്തു മാത്രമാണ് താങ്കളുടെ ഭാര്യ നിങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നത്.'
'
അതെ വളരെ ശരിയാണ്,' സജീവന്‍ സമ്മതിച്ചു.
'നിങ്ങളുടെ ഭാര്യ തീര്‍ച്ചയായും തിരിച്ചു വരും, അവളുടെ തെറ്റിദ്ധാരണകള്‍ എല്ലാം മാറുകയും ചെയ്യും. പക്ഷെ അവള്‍ തിരിച്ചു വരാന്‍ ലേശം കാല താമസം എടുക്കും.'
'കാല താമസം എന്ന് പറഞ്ഞാല ഏകദേശം എത്ര നാള്‍?'
'ഒരു രണ്ടു വര്ഷം കൂട്ടി കൊള്ളുക'
'അയ്യോ രണ്ടു വര്‍ഷം എന്നൊക്കെ പറഞ്ഞാല്‍...'
'പരിഭ്രമിക്കാതിരിക്കു, ശ്രീരാമന്‍ പതിനാലു കൊല്ലം വനവാസത്തിനു പോയില്ലേ? പാണ്ഡവര്‍ പന്ത്രണ്ടു കൊല്ലം കാട്ടില്‍ വസിച്ചില്ലെ? ഇത് അത്രയും കൊല്ലം ഒന്നുമില്ലല്ലോ. ഞാന്‍ നേരത്തെ പറഞ്ഞല്ലോ, ഇതെല്ലാം മുജ്ജന്മ പാപങ്ങളുടെ ഭലമാണ്. മുജ്ജന്മത്തില്‍ മധ്യവയസ്‌ക്കയായ ഒരു സ്ത്രീ നിങ്ങളെ മനം നൊന്ത് ശപിച്ചു. ആ ശാപത്തിന്റെ ഭലമായിട്ടുള്ള കര്‍മ ദോഷങ്ങളാണ് താങ്കള്‍ ഇപ്പോള്‍ അനുഭവിച്ചോണ്ടിരിക്കുന്നത്. അത് അനുഭവിച്ചു തീര്‍ത്തെ മതിയാവു.', മുജ്ജന്മത്തിലുള്ള സ്ത്രീ ആവുമ്പോള്‍ ഇയാള്‍ക്ക് കൂടുതല്‍ അന്വേഷണം നടത്താന്‍ സാധിക്കില്ലല്ലോ, പ്രസാദ്ചന്ദ്രന്‍ ഓര്‍ത്തു.
'വേറെ പ്രതിവിധി ഒന്നുമില്ലേ?'
'അങ്ങനെ ചോദിച്ചാല്‍ ചില പൂജകളൊക്കെ കഴിച്ചാല്‍ ഈ കര്‍മ ദോഷങ്ങളുടെ കാഠിന്യം അല്‍പ സ്വല്പം ലഖൂകരിക്കാന്‍ പറ്റും. ചെയ്യേണ്ട പൂജകള്‍, അവ നിര്‍വഹിക്കേണ്ട ക്ഷേത്രങ്ങള്‍, എല്ലാം വിശദമായി ഞാന്‍ എഴുതി ചീട്ടാക്കി തരാം. ഈ പൂജകള്‍ എത്രെയും വേഗം കഴിക്കണം, ഇല്ലെങ്കില്‍ നിങ്ങളുടെ ഭാര്യയുടെ മടങ്ങി വരവിന് കൂടുതല്‍ കാലതാമസം ഉണ്ടാവും.'
'ചെയ്‌തോളാം.'

പ്രസാദ്ചന്ദ്രന്‍ ഒരു പേപ്പര്‍ എടുത്തു മെല്ലെ നടപ്പാക്കേണ്ട പൂജകളുടെ വിവരങ്ങള്‍ എഴുതാന്‍ തുടങ്ങി. പെട്ടെന്നെന്തോ ഓര്‍മ വന്ന മട്ടില്‍ ചോദിച്ചു, 'അടുത്ത കാലത്ത് വീട്ടില്‍ വല്ല മരണവും സംഭവിച്ചോ അതായത് അടുത്ത ബന്ധുക്കളുടെയോ മറ്റോ?'
'ഉവ്വ്, എന്റെ അച്ഛന്റെ മൂത്ത സഹോദരന്‍ മരിച്ചു. ഹാര്‍ട്ട് അറ്റാക്ക്.'
'ഉം, മുജ്ജന്മ ശാപം മാത്രമല്ല താങ്കളുടെ വീട്ടില്‍ പൂര്‍വികരുടെ ആത്മാക്കള്‍ ഗതി കിട്ടാതെ അലയുന്നുണ്ട്. കൂടാതെ സര്‍പ ദോഷം, ഗൃഹ ദോഷം, ഇവക്കെല്ലാം പരിഹാര പൂജകള്‍ ചെയ്യണം.'
'ഇതിനെല്ലാം കൂടി എത്ര ചെലവ് വരും?', സജീവന്‍ ചോദിച്ചു.
'ഇപ്പോള്‍ പറയാം, ഞാന്‍ ഇതൊന്നു എഴുതി തീര്‍ക്കട്ടെ.'

പിന്നെയും പത്തു പതിനഞ്ചു മിനിറ്റെടുത്തു പ്രസാദ്ചന്ദ്രനു ചീട്ടെഴുതി തീര്‍ക്കാന്‍.
'ദാ ഇത് വെച്ചോളൂ, എല്ലാം വിസ്തരിച്ച് എഴുതിയിട്ടുണ്ട്. എല്ലാം കൂടി ഏകദേശം എഴായിരത്തോളം രൂപ വരും.'പ്രസാദ്ചന്ദ്രന്‍ പറഞ്ഞു.
'അയ്യോ ഏഴായിരം എന്നൊക്കെ പറഞ്ഞാല്‍ ലേശം കൂടുതല്‍ അല്ലെ?'
'എല്ലാം ഒരു നല്ല കാര്യത്തിനു വേണ്ടിയല്ലേ, ഇതിനൊന്നും പിശുക്ക് പാടില്ല. താങ്കളുടെ വീട്ടില്‍ കഴിഞ്ഞ പത്തു വര്‍ഷമായിട്ട് യാതൊരു വിധ പൂജകളും നടന്നിട്ടില്ല. അപ്പോള്‍ പിന്നെ ഇത്തരം ദുരിതങ്ങള്‍ സംഭവിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ. വീട് ചുമ്മാ പണിതിട്ടത് കൊണ്ട് മാത്രം കാര്യമില്ല, ആ വീടിന്റെ ഐശ്വര്യത്തിനും അതില്‍ താമസിക്കുന്നവരുടെ മനസ്സമാധാനത്തിന് വേണ്ടിയും കാലാ കാലങ്ങലായിട്ടുള്ള പൂജകളും നിര്‍വഹിക്കണം. നാലഞ്ചു കൊല്ലം കൂടുമ്പോള്‍ നിങ്ങള്‍ വീടിന്റെ മെയിന്റെനന്‍സ്, റിപ്പെയര്‍ വര്‍ക്ക് ഒക്കെ ചെയ്യില്ലേ, അത് പോലെയുള്ള ഒരു പ്രക്രിയ ആണിത് എന്ന് കരുതിയാല്‍ മതി.'
'ശരി, ചെയ്‌തേക്കാം.'
'അങ്ങനെ ചുമ്മാ ഒരു വഴിപാടു പോലെ ചെയ്താല്‍ ഉദ്ദേശിക്കുന്ന ഭലം കിട്ടില്ല. മനസ്സും ശരീരവും ഈശ്വരനിലേക്കു അര്‍പ്പിച്ച് വളരെ ആത്മാര്‍ഥതയോടെ വേണം ചെയ്യാന്‍, എന്നാലെ ഭല സിദ്ധി ഉണ്ടാവു, അത് മറക്കണ്ട.'
'ശരി ഞാന്‍ ചെയ്‌തോളാം.'
മുന്നൂറു രൂപ മേശപ്പുറത്ത് വെച്ചിട്ടാ ഡോക്ടര്‍ സജീവന്‍ മടങ്ങി പോയത്.

പിന്നെ വന്നത് ഒരു റിട്ടയേര്‍ഡ് കോളേജ് പ്രൊഫസര്‍ ആണ്. മൂപ്പരുടെ മകള്‍ക്ക് വന്ന ഒരു ആലോചന, ചെറുക്കന്റെ ഗ്രഹനില വെച്ച് നോക്കിയപ്പോള്‍ എട്ടില്‍ ആറു പൊരുത്തം ഉണ്ട്. ജാതകാവശാല്‍ തടസ്സങ്ങള്‍ ഇല്ലാത്തത് കൊണ്ട് ധൈര്യമായി മുന്നോട്ടു പൊയ്‌ക്കോളാന്‍ പറഞ്ഞു.

അവസാനം വന്നതും ഒരു വിവാഹ പൊരുത്തം കേസ് തന്നെ. കക്ഷി റെയില്‍വേയില്‍ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്‍. പേര് രാഘവന്‍. പുള്ളിക്കാരന്റെ മകള്‍ക്ക് ചൊവ്വ ദോഷം. ഇത് പോലെ തന്നെ ചൊവ്വ ദോഷമുള്ള മറ്റൊരു ചെറുക്കന്റെ ഗ്രഹനിലയുമായിട്ടാണ് കക്ഷിയുടെ വരവ്. പൊരുത്തം പരിശോധിച്ചപ്പോള്‍ എട്ടില്‍ അഞ്ചു പൊരുത്തം. പക്ഷെ പ്രസാദ്ചന്ദ്രനു പിന്നെയും ചില സംശയങ്ങള്‍ ബാക്കി വന്നു.
'മകള്‍ക്ക് പത്തൊന്‍പതു വയസ്സല്ലെ ആയുള്ളൂ. പഠിച്ചോണ്ടിരിക്കുവല്ലേ, പഠിത്തം കഴിഞ്ഞു പോരെ വിവാഹം.'
'ഞാന്‍ അതാലോചിക്കാതിരുന്നില്ല, പക്ഷെ ജാതകത്തില്‍ ചൊവ്വ ദോഷം. എന്റെ ഒരു അകന്ന ബന്ധത്തിലുള്ള ഒരു പെണ്‍കുട്ടി മുപ്പതു വയസ്സായിട്ടും മൂത്ത് നരച്ച് വീട്ടില്‍ തന്നെ നില്‍ക്കുകയാ. കാരണം ഈ ചൊവ്വ ദോഷം തന്നെ. ചൊവ്വ ദോഷം തന്നെയുള്ള മറ്റൊരു ചെറുക്കന്റെ ഗ്രഹനില കിട്ടിയാലല്ലേ വിവാഹം നടത്താന്‍ പറ്റു. അതാ എന്റെ ഒരു പേടി. ഇതിപ്പോള്‍ നിനച്ചിരിക്കാതെ വന്ന ഒരു ആലോചന. ചെറുക്കനും ജാതകത്തില്‍ ചൊവ്വ ദോഷം, അതാ നോക്കിക്കാം എന്ന് വെച്ചത്. എനിക്കാണേല്‍ കോയംബത്തൂരിലാ ജോലി. മാസത്തില്‍ ഒരിക്കലേ വീട്ടില്‍ വരാന്‍ പറ്റു. അതിനിടയില്‍ മകള്‍ക്ക് വേണ്ടി കല്യാണാലോചന എന്നും പറഞ്ഞ് ഓടി നടക്കാനൊന്നും സമയമില്ല. പിന്നെ ചെറുക്കന്റെ വീട്ടുകാര്‍ പെണ്ണ് കല്യാണം കഴിഞ്ഞു പഠിത്തം തുടരുന്നതില്‍ വിരോധമില്ല എന്ന് പറയുകയും ചെയ്തു.'

ഒന്നാലോചിച്ച ശേഷം പ്രസാദ്ചന്ദ്രന്‍ തുടര്‍ന്നു, 'ഞാന്‍ എന്റെ ഒരു അഭിപ്രായം പറയാം. ബാക്കിയൊക്കെ സാറിന്റെ ഇഷ്ടം. ഈ രണ്ടു ജാതകങ്ങളും ചേരും, പക്ഷെ എട്ടില്‍ അഞ്ചു പോരുത്തമേ കാണുന്നുള്ളൂ. ഒരു വിവാഹം മംഗളമായി നടക്കാന്‍ എട്ടില്‍ അഞ്ചു പൊരുത്തം പോരെ എന്ന് ചോദിച്ചാല്‍ അത് മതി, അങ്ങനെ സന്തോഷമായി ജീവിക്കുന്ന ആള്‍ക്കാരും ഉണ്ടാവാം. ഈ ചെറുക്കന്റെ ഗ്രഹനില പ്രകാരം ചൊവ്വ ദോഷം ഉണ്ടെങ്കില്‍ പോലും ചെറിയ ദോഷം മാത്രമേ കാണുന്നുള്ളൂ. പെണ്ണിന്റെ അത്രയും ദോഷം ചെറുക്കനില്ല. പിന്നെ പെണ്ണിന്റെ ചെറിയ പ്രായം കൂടി കണക്കിലെടുക്കുമ്പോള്‍ ഇതിലും ചേര്‍ച്ചയുള്ള മറ്റൊരു ജാതകം കിട്ടുന്നിടം വരെ വെയിറ്റ് ചെയ്യാം എന്നാണെന്റെ അഭിപ്രായം.'
'പെണ്ണിന്റെ പഠിത്തം കഴിഞ്ഞു മതി വിവാഹം എന്ന് എനിക്കുമുണ്ട് ആഗ്രഹം. പക്ഷെ ഞാന്‍ പറഞ്ഞല്ലോ, ഇത് പോലെ ചേര്‍ച്ചയുള്ള ജാതകം വേറെ കിട്ടാന്‍ ഇനി ഒരുപാട് കാല താമസം വന്നെങ്കിലോ എന്ന് ഭയന്നിട്ടാ.'

'അതോര്‍ത്ത് സാര്‍ പേടിക്കേണ്ട. ഇവിടെ എത്രയോ പേര് ദിവസവും ജാതക പൊരുത്തം നോക്കാന്‍ വരുന്നു. അതില്‍ തന്നെ ചൊവ്വ ദോഷമുള്ള എത്രയോ അനവധി ജാതകങ്ങള്‍ ഞാന്‍ കണ്ടിരിക്കുന്നു. ഒരു കാര്യം ചെയ്യാം, കുട്ടിയുടെ ഗ്രഹനില ഞാന്‍ സ്‌കാന്‍ ചെയ്ത് ഇവിടെ സൂക്ഷിക്കാം. ഇവിടെ ഇനിയും വിവാഹ പൊരുത്തം എന്ന പേരും പറഞ്ഞു ആളുകള്‍ വരും. കൂട്ടത്തില്‍ ചൊവ്വ ദോഷമുള്ള ജാതകം വല്ലതുമുണ്ടെങ്കില്‍ ഞാന്‍ ഈ ഗ്രഹനില വെച്ച് പൊരുത്തം നോക്കി ചേരുകയാണെങ്കില്‍ സാറിനെ വിളിച്ചു പറയുകയും ചെയ്യാം. സാറിന്റെ കോണ്ടാക്റ്റ് നമ്പര്‍ എനിക്ക് തന്നാല്‍ മതി. എന്താ പോരേ?'
'അതു മതി, പക്ഷെ ചെറുക്കന്റെ വീട്ടുകാരോട് ഞാന്‍ ഇനി എന്തു പറയും?'
'അവരെ പൂര്‍ണമായിട്ട് ഒഴിവാക്കണ്ട, പെണ്ണിന്റെ പഠിത്തം കഴിഞ്ഞു ആലൊചിക്കാമെന്നൊ മറ്റോ കാരണം പറഞ്ഞോളൂ. സാര്‍ ധൈര്യമായിട്ട് പൊയ്‌ക്കോ. ഇതിലും ചേര്‍ച്ചയുള്ള ജാതകം ഇവിടുന്നു തന്നെ ഞാന്‍ സംഘടിപ്പിച്ചു തരാം. അതെനിക്ക് വിട്ടേക്കൂ.'
പ്രസാദ്ചന്ദ്രന്‍ തന്റെ ബാഗില്‍ നിന്നും അളിയന്‍ ഖത്തറില്‍ നിന്നും കൊണ്ട് വന്ന ഡിജിറ്റല്‍ ക്യാമറ എടുത്തു അതു വെച്ച് പെണ്ണിന്റെ ഗ്രഹനിലയുടെ ഒരു ഫോട്ടോ എടുത്തു. രാഘവന്‍ സംതൃപ്തനായി മടങ്ങി.

സമയം അപ്പോഴേക്കും പന്ത്രണ്ടു മണിയായി. ഡേ എക്‌സ്‌പ്രെസ്സ് വരാന്‍ സമയമായി. അതില്‍ കയറി വേഗം തൃശൂര്‍ക്ക് പോകണം.കൃഷ്ണകുമാറിനെ വിളിച്ച് ഇനി വരുന്ന സന്ദര്‍ശകരോടെല്ലാം നാളെ വരാനായി അപ്പോയിന്റ്‌മെന്റ് കൊടുക്കാന്‍ പറഞ്ഞു. നാല് മണിയാവുമ്പോള്‍ ഓഫീസ് അടച്ച് താക്കോല്‍ സെക്യൂരിറ്റിക്കാരനെ എല്പിക്കാനും നിര്‍ദേശം കൊടുത്തിട്ട് പ്രസാദ്ചന്ദ്രന്‍ അവിടെ നിന്നും ഇറങ്ങി റെയില്‍വേ സ്‌റ്റേഷനിലേക്ക്‌നടന്നു.
ട്രെയിന്‍ റൈറ്റ് ടൈം ആയിരുന്നു. അതില്‍ കയറി ഇരുന്ന് കുറച്ചു നേരം പ്രസാദ്ചന്ദ്രന്‍ ചില ദിവാ സ്വപ്നങ്ങളില്‍ മുഴുകി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ജീവിതം എന്തോരമാണ് മാറി മറിഞ്ഞത്! അഞ്ചു വര്‍ഷം മുമ്പുള്ള അവസ്ഥ; അല്ലറ ചില്ലറ അടിപിടി ഉണ്ടാക്കി കോളേജില്‍ നിന്നും സസ്‌പെന്‍ഷനും മേടിച്ച് വീട്ടില്‍ ചൊറിയും കുത്തി ഇരിക്കുന്ന കാലം. മൂത്ത രണ്ടു ചേട്ടന്മാരില്‍ ഒരാള്‍ ഡോക്ടറും മറ്റെയാള്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറും ആയപ്പോള്‍ താന്‍ മാത്രം പഠിത്തത്തില്‍ ഉഴപ്പി നടന്ന് മോശം മാര്‍ക്കും മേടിച്ചു ബിഎസ്സിക്കു ചേരേണ്ടി വന്നു. കോളേജിലും രക്ഷപ്പെട്ടില്ല. സമരം അടിപിടി അതിലൊക്കെ പെട്ട് കേസ് ആയി പഠനവും പൂര്‍ത്തിയാക്കാന്‍ പറ്റാത്ത നിലയിലുമായി. അങ്ങനെ രക്ഷിതാക്കളുടെ കണ്ണിലെ കരടായി മാറി. ഏറ്റവും ഇളയ മോന്‍ ആയ തന്നെ ഒരുപാട് ലാളിച്ചു വളര്‍ത്തിയതിന്റെ പേരും പറഞ്ഞു അച്ഛന്‍ സ്ഥിരമായി അമ്മയെ പഴി പറയുമായിരുന്നു. അപകര്‍ഷതാ ബോധം കാരണം ചേട്ടന്മാരോടു വെറുതെ ഒന്ന് സംസാരിക്കാന്‍ പോലും മടിയായിരുന്നു. ഈ പ്രശ്‌നങ്ങളുടെയെല്ലാം ഇടയില്‍ കിടന്നു നരകിക്കവെ, വളരെ യാദ്രിഛികമായിട്ടാണ് ജോത്സ്യം എന്ന മേഖലയിലേക്കുള്ള തന്റെ രംഗപ്രവേശം.
ചേച്ചിക്ക് കല്യാണാലോചനകള്‍ വന്നു തുടങ്ങിയ കാലം, ചേട്ടന്മാര്‍ക്ക് ജോലി ഒഴിഞ്ഞു സമയം ഇല്ലാത്തതിനാല്‍, ജോത്സ്യനെ കാണാനും, ബ്രോക്കറെ കാണാനും, ജാതക പൊരുത്തം നോക്കാനും, അങ്ങനെയുള്ള ചുമതലകള്‍ എല്ലാം തന്റെ തലയിലായി. ഇത്തരം ആവശ്യങ്ങല്‍ക്കായി വീട്ടില്‍ നിന്നും കുറച്ചകലെയായി താമസിക്കുന്ന ജോത്സ്യനെ സ്ഥിരം പോയി കാണുക പതിവായിരുന്നു. പതുക്കെ പതുക്കെ ജൊല്‍സ്യത്തിലുള്ള താല്പര്യം വര്‍ദ്ധിച്ച് അവസാനം അവിടെ തന്നെ ജോത്സ്യന്റെ ഒരു സഹായി ആയിട്ടങ്ങു കൂടാന്‍ തീരുമാനിച്ചു. ഈ തീരുമാനം പക്ഷെ വീട്ടില്‍ പ്രതീക്ഷിച്ചത് പോലെയുള്ള പൊട്ടിത്തെറി ഒന്നും ഉണ്ടാക്കിയില്ല. ചേട്ടന്മാരും ചേച്ചിയും നല്ല നിലയില്‍ പഠിച്ചിറങ്ങിയപ്പോള്‍ താന്‍ മാത്രം തല്ലിപ്പൊളി ആയി നടന്നു അവസാനം ജോത്സ്യന്റെ പണിക്ക് പോകുന്നതില്‍ അമ്മയ്ക്കു കുറച്ചില്‍ ഉണ്ടായിരുന്നു. അച്ഛന് പക്ഷെ എതിര്‍പ്പില്ലായിരുന്നു. ചിലപ്പോള്‍ മോന്‍ വീട്ടില്‍ ചൊറിയും കുത്തി ഇരിക്കുന്നതിനേക്കാള്‍ ഭേദമാണല്ലോ പേരിനെങ്കിലും വല്ല പണിക്കും പോകുന്നത് എന്ന് മൂപ്പര് കരുതി കാണും.
ആള്‍ക്കാരെ വാചകമടിച്ചു വീഴ്ത്തി അവരെ കയ്യിലെടുത്തു പറ്റിക്കന്നത് ഇത്രെയും എളുപ്പമുള്ള പരിപാടി ആണെന്ന് പ്രസാദ്ചന്ദ്രന്‍ ഒരിക്കലും കരുതിയിരുന്നില്ല. സഹായി ആയി പണി പഠിച്ചു വരുന്ന കാലത്ത് ജ്യോതിഷ സംബന്ധമായ ധാരാളം പുസ്തകങ്ങള്‍ വായിച്ചു മനസ്സിലാക്കുവാനുള്ള അവസരം കിട്ടി. പിന്നെ കണക്ക് എന്നും ഇഷ്ടപ്പെട്ട വിഷയം ആയിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് മലയാളത്തിനു പകരം സംസ്‌കൃതം ഐഛിക വിഷയമായി എടുത്തു പഠിച്ചതും ഏറെ ഉപകാരം ചെയ്തു. അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആള്‍ക്കാരെ വാചകമടിച്ചു വീഴ്ത്താനുള്ള ടെക്‌നിക്കും, ഇലയ്ക്കും മുള്ളിനും കേടു വരാത്ത വിധം പ്രവചനങ്ങള്‍ നടത്താനുള്ള കഴിവ് പ്രസാദ്ചന്ദ്രന്‍ തന്റെ കഠിനാധ്വാനത്തിലൂടെ സ്വായത്തമാക്കി. പ്രസാദ്ചന്ദ്രന്‍ അങ്ങനെ ദുര്‍ഗപ്രസാദ് ആയി പരിണമിക്കാന്‍ ഏറെ താമസം വേണ്ടി വന്നില്ല. ആള്‍ക്കാരെ ആകര്‍ഷിക്കുവാന്‍ ഏതെങ്കിലും ഈശ്വരനുമായി ബന്ധപ്പെട്ടൊരു പേര് വേണമെന്ന് നേരത്തെ തന്നെ തോന്നിയിരുന്നു. അങ്ങനെ ആലോചിച്ചു കണ്ടെത്തിയ പേരാണ് ദുര്‍ഗപ്രസാദ്. ജോത്സ്യം പഠിപ്പിച്ച ഗുരു വാര്‍ധക്യ കാല രോഗങ്ങള്‍ മൂലം ഏറെക്കുറെ ഈ രംഗത്തു നിന്നും പിന്‍വാങ്ങിയപ്പോള്‍ പതുക്കെ പതുക്കെ ഗുരുവിന്റെ സ്ഥാനം ശിഷ്യന്‍ ഏറ്റെടുത്തു.
രണ്ടു വര്‍ഷം മുമ്പ് കല്ലേറ്റുംകരയില്‍ പുതിയ ഓഫീസ് തുടങ്ങാനുള്ള തീരുമാനം തനിക്ക് ഏറെ ഗുണം ചെയ്തു. റെയില്‍വേ സ്‌റ്റേഷന്‍ അടുത്തുണ്ട് എന്നുള്ള സൌകര്യം മാത്രമായിരുന്നില്ല ഈ തീരുമാനത്തിന് പിന്നില്‍. ചുറ്റിനും വേറെ പ്രമുഖ ജോല്‍സ്യന്മാര്‍ ഒന്നും താമസമില്ലാത്തത് കാരണം ഒരു മത്സരം ഉണ്ടാവാനുള്ള സാധ്യത തീര്‍ത്തും ഒഴിവായി. പിന്നെ ആ പരിസരത്ത് ഒരു ഭഗവതി ക്ഷേത്രവും ഒരു ശിവ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത് മൂലമുള്ള ഗുണങ്ങള്‍ വേറെ. ഓഫീസ് തുടങ്ങിയതിനു ശേഷം പ്രസാദ്ചന്ദ്രന്‍ ആദ്യം ചെയ്തത് തൊട്ടടുത്തുള്ള ക്ഷേത്രങ്ങളിലെ പൂജാരിമാരുമായിട്ടു നല്ലൊരു ധാരണയില്‍ എത്തുക എന്നതായിരുന്നു. അവരുമായിട്ടുള്ള ചങ്ങാത്തം തന്റെ ബിസിനസ് വിപുലീകരിക്കാന്‍ ഏറെ ആവശ്യമായിരുന്നു. തന്റെ അടുത്ത് ജാതകം നോക്കിക്കാന്‍ വരുന്ന സന്ദര്‍ശകരെ പ്രസാദ്ചന്ദ്രന്‍ പലവിധ പൂജകളും വഴിപാടുകളും നിര്‍ദേശിച്ചു ഈ പറഞ്ഞ അമ്പലങ്ങളിലേക്കു പറഞ്ഞു വിട്ടു. അങ്ങനെ ആ രണ്ട് ക്ഷേത്രങ്ങളുടെ വരുമാനം വര്‍ദ്ധിച്ച്, ആ വര്‍ദ്ധിത വരുമാനത്തില്‍ നിന്നും ചെറിയൊരു കമ്മീഷനും തനിക്ക് കിട്ടി തുടങ്ങി.

ചില ആള്‍ക്കാര്‍ക്ക് ജന്മ സിദ്ധമായി ചില കഴിവുകളൊക്കെ കാണുമല്ലോ. ഉദാഹരണത്തിന് ചിലര്‍ക്ക് നന്നായി പാടാന്‍ പറ്റും, ചിലര്‍ക്ക് നന്നായി വരയ്ക്കാന്‍ പറ്റും, അത് പോലെ ആള്‍ക്കാരെ സൂക്ഷ്മമായി നിരീക്ഷിച്ച് അവരുടെ ഉള്ളിലിരിപ്പ് ഊഹിചെടുക്കുവാനുള്ള കഴിവ് തനിക്കു ജന്മനാ ദൈവാനുഗ്രഹം കൊണ്ട് കിട്ടിയതാണെന്ന് പ്രസാദ്ചന്ദ്രനു തോന്നിയിട്ടുണ്ട്. പിന്നെ ഏതാനും വര്‍ഷങ്ങളുടെ അനുഭവ പരിചയം, കഠിന പ്രയത്‌നം ഇവയെല്ലാം തന്റെ ഈ കഴിവിനെ കൂടുതല്‍ പരിപോഷിപ്പിക്കാന്‍ സാധിച്ചു. ഇപ്പോള്‍ വെറും പത്തു മിനിറ്റ് മതി, തന്നെ കാണാന്‍ വരുന്ന ഒരു സന്ദര്‍ശകന്റെ ബോഡി ലാംഗ്വേജ് സൂക്ഷ്മമായി നിരീക്ഷിച്ചു അയാളുടെ സ്വഭാവം, പശ്ചാത്തലം, മുതലായവയുടെ സമഗ്രമായ ഒരു ബ്ലൂപ്രിന്റ് തനിക്ക് കിട്ടും. പിന്നെ കുറച്ചു സാമാന്യ ബുദ്ധി കൂടി പ്രയോഗിക്കേണ്ട കാര്യമേ ഉള്ളു.

ഒരു നല്ല ജോത്സ്യന്‍ ആവാന്‍ വലിയ പഠിപ്പോ, വിവരമോ, ഡിഗ്രിയോ ഇതൊന്നും തന്നെ ആവശ്യമില്ല. ആള്‍ക്കാര്‍ക്ക് മനസ്സിലാവാത്ത വിധം സാങ്കേതിക പദങ്ങള്‍ ഉപയോഗിച്ച് വാചക കസര്‍ത്തു നടത്തി അവരെ കയ്യിലെടുക്കാനുള്ള മിടുക്ക്, പിന്നെ അല്പം പ്രായോഗിക ബുദ്ധി, ഇവ രണ്ടും ഉണ്ടെങ്കില്‍ ആര്‍ക്കും ജോത്സ്യന്‍ ആവാം, ആരേയും എത്ര തവണ വേണേലും പറ്റിക്കാം. ഉദാഹരണത്തിന് രാവിലെ തന്നെ കാണാന്‍ വന്ന ഓട്ടോറിക്ഷ െ്രെഡവര്‍ കുമാരന്റെ തന്റെ കാര്യം എടുക്കാം. ഒരു ഓട്ടോറിക്ഷക്കാരന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവും, അയാളുടെ വണ്ടിക്ക് സ്ഥിരം പണി വരും, വണ്ടിക്ക് സിസി അടയ്ക്കണം ഇതൊക്കെ ഊഹിച്ചെടുക്കാന്‍ വല്ല പ്രയാസമുണ്ടോ? ഏതായാലും ഇന്നേവരെ തന്റെ ജീവിതത്തില്‍ പ്രാരാബ്ധങ്ങള്‍ ഒന്നും ഇല്ലാത്ത 'കോടീശ്വരനായ' ഒരു ഓട്ടോറിക്ഷക്കാരനെ കാണാന്‍ ഇട വന്നിട്ടില്ല.
അതു പോലെ ഒട്ടുമിക്ക സന്ദര്‍ശകരുടെയും മുന്നില്‍ താന്‍ ഇറക്കുന്ന ഒരു സ്ഥിരം നമ്പര്‍ ഉണ്ട്. 'തൊഴില്‍ മേഖലയിലോ, കുടുംബ ജീവിതത്തിലോ, ചില പ്രശ്‌നങ്ങളും തടസ്സങ്ങളും ഞാന്‍ കാണുന്നു, ശരിയാണോ?' ഈ ചോദ്യത്തിനോട് ബഹുഭൂരിപക്ഷം ആള്‍ക്കാരുടെയും മറുപടി 'അതെ' എന്നായിരിക്കും. കാരണം വളരെ ലളിതം, യാതൊരു വിധ പ്രശ്‌നങ്ങളും ദുരിതങ്ങളും അനുഭവിക്കാത്തവരായി ഈ ലോകത്ത് ആരും തന്നെ ഉണ്ടാവില്ല, കല്യാണം കഴിച്ചവരാണേല്‍ പ്രത്യേകിച്ചും. ഒരുമാതിരിപ്പെട്ട എല്ലാവരും തന്റെയീ നമ്പറില്‍ വീണു പോകാറുണ്ട്.

ഏതായാലും അഞ്ചു വര്‍ഷം കൊണ്ട് തന്റെ മാസ വരുമാനം ഏറെ വര്‍ധിച്ചു. ചേട്ടന്മാരെ കാണുമ്പോള്‍ മുമ്പ് തോന്നിയിരുന്ന അപകര്‍ഷതാ ബോധവും മാറി കിട്ടി. കാര്യമായ അധ്വാനം ഒന്നുമില്ലാതെ വെറും നാക്കിന്റെ ബലത്തില്‍ രൂപാ അമ്പതിനായിരമല്ലേ താന്‍ നിഷ്പ്രയാസം ഒരു മാസത്തില്‍ ഉണ്ടാക്കുന്നത്? അതൊരു ചെറിയ കാര്യമാണോ? എന്നാല്‍ കഷ്ടപ്പെട്ട് പഠിച്ചു ഡിഗ്രി ഒക്കെ എടുത്ത രണ്ടു ചേട്ടന്മാരുടെ അവസ്ഥയോ? മൂത്ത ചേട്ടന്‍ ഡോക്ടര്‍ ആയി പ്രാക്ടീസ് ചെയ്യുന്നു. എന്നാല്‍ ജോലിയോടൊപ്പം തന്നെ ജീവിതകാലം മുഴുവനും പഠിച്ചോണ്ടിരിക്കണ്ടേ, പി ജി, എം ഡി, എഫ് ആര്‍ സി എസ്, അങ്ങനെ പലതും? മിക്ക ദിവസവും രാത്രി ഒന്‍പതു, പത്തു മണിയാവും ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോള്‍.
രണ്ടാമത്തെ ചേട്ടന്റെ കാര്യവും തഥൈവ.ഐ ടി മേഖലയിലല്ലേ, പുള്ളിക്കാരനും ഏറെ വൈകിയാണ് ജോലി കഴിഞ്ഞു വീട്ടില്‍ വരുന്നത്. ജോലി കഴിഞ്ഞാലോ പിന്നെയും ലാപ്‌ടോപിന്റെ മുന്നില്‍ കുത്തിയിരുന്ന് എന്തൊക്കെയോ പഠിച്ചോണ്ടിരിക്കുന്നു. ഈ രണ്ടു ചേട്ടന്മാരും അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍, മാനസിക സംഘര്‍ഷം, ഇവയുടെ പത്തിലൊന്ന് പോലും താന്‍ അനുഭവിക്കുന്നുണ്ടോ? എന്നാലോ വലിയ പ്രയാസമൊന്നും ഇല്ലാതെ തന്നെ അവരുടെ അത്രയും വരുമാനം തനിക്കും ഉണ്ടാക്കാന്‍ പറ്റുന്നുണ്ട്.

വായില്‍ തോന്നുന്ന എന്ത് നുണ വേണമെങ്കിലും തനിക്കു വിളിച്ചു പറയാം. വരുന്ന സന്ദര്‍ശകര്‍ അത് തൊണ്ട തൊടാതെ വിഴുങ്ങിക്കോളും. ചോദിക്കാനും പറയാനും ആരും വരില്ല. ഡോക്ടറിന്റെ അശ്രദ്ധ മൂലം ഒരു രോഗി മരിച്ചാല്‍ നാട്ടുകാര്‍ ഡോക്ടറെ എടുത്തിട്ട് പെരുമാറും, അയാളെ മെഡിക്കല്‍ കൌണ്‍സിലില്‍ നിന്ന് പുറത്താക്കുകയും ചെയ്യും. ഒരു ഐ ടി ജീവനക്കാരന്‍ ജോലിയില്‍ വീഴ്ച വരുത്തിയാല്‍, അയാളുടെ മേലുദ്യോഗസ്ഥന്‍ അയാളെ വഴക്കു പറയും, ചിലപ്പോള്‍ അയാളുടെ ജോലി വരെ നഷ്ടപ്പെട്ടേക്കാം. എന്നാല്‍ തന്റെ കാര്യമോ? പ്രവചനം തെറ്റിയതിന്റെ പേരില്‍ ആരും ജോത്സ്യനെ പഴി പറയാറില്ല, ആ പ്രവചനത്തെ വളച്ചൊടിച്ചു മറ്റെന്തെങ്കിലും കാരണം കൊണ്ട് മാറിപ്പോയതാണെന്ന് വരുത്തി തീര്‍ക്കാനുള്ള സൂത്രമൊക്കെ തനിക്കറിയാം. കൂടിപ്പോയാല്‍ തെറ്റായ പ്രവചനം നടത്തിയ ജോത്സ്യനെ കാണാന്‍ ചെല്ലുന്നത് ആ ക്ലയന്റ് ഒഴിവാക്കും അത്ര തന്നെ.

തന്നെ നിത്യവും കാണാന്‍ വരുന്നവരുടെ ഉയര്‍ന്ന പദവിയും വിദ്യാഭ്യാസവും പ്രസാദ്ചന്ദ്രനെ നിരന്തരം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വലിയ വലിയ രാഷ്ട്രീയക്കാര്, ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍, എന്തിനേറെ പറയുന്നു പി എച് ഡി യുള്ള ശാസ്ത്രജ്ഞന്മാര് വരെ തന്റെ ഉപദേശം തേടാന്‍ വന്നിട്ടുണ്ട്. ഇവരെയൊക്കെ ഉപദേശിക്കാന്‍ മാത്രം എന്ത് യോഗ്യതയാണ് തനിക്കുള്ളത് എന്ന് പ്രസാദ്ചന്ദ്രന്‍ ആലോചിക്കാറുണ്ട്. ഇത്രെയും വിവരവും വിദ്യാഭ്യാസവും ഇവര്‍ക്കൊക്കെ ഉണ്ടായിട്ടെന്തു കാര്യം? കുറേ കോളേജിലും യൂണിവേര്‍സിറ്റിയിലും പോയി എന്തൊക്കെയോ കാണാപ്പാഠം പഠിച്ചു ഇവര്‍ അര്‍ഥമറിയാതെ എന്തൊക്കെയോ ജോലി ചെയ്തു ജീവിക്കുന്നു. അല്പമെങ്കിലും സാമാന്യ ബുദ്ധി ഇവര്‍ക്കുണ്ടായിരുന്നേല്‍ ഇത്തരം അന്ധ വിശ്വാസങ്ങളില്‍ അഭിരമിക്കുമോ? ഹാ ഏതായാലും ഈ ജാതി ആളുകള്‍ കാരണം തന്നെ പോലെയുള്ള ഗജ ഫ്രോഡുകള്‍ക്ക് യാതൊരു അധ്വാനവും ഇല്ലാതെ ആള്‍ക്കാരെ യഥേഷ്ടം പറ്റിച്ചു സുഖമായി ജീവിക്കാം.




മണ്ടന്മാരുടെയും അന്ധവിശ്വാസികളുടെയും എണ്ണം ദിനംപ്രതി കൂടി വരുന്നത് കാരണം, കേരളത്തിലിപ്പോള്‍ ജൊല്‍സ്യന്മാര്‍ക്ക് കൊയ്ത്തു കാലമാണ്. അല്ലെങ്കില്‍ പിന്നെ ഒറീസ്സ മാര്‍ക്കെറ്റില്‍ നൂറു രൂപ പോലും വില വരാത്ത കുബേര്‍ കുഞ്ചി കേരളത്തില്‍ മൂവായിരം രൂപയ്ക്ക് ചൂടപ്പം പോലെ വിറ്റു പോകുമോ? ഒരു ധനാകര്‍ഷണ ഭൈരവ യന്ത്രം വാങ്ങിച്ചു വീട്ടില്‍ വെച്ചാല്‍ പണവും ഐശ്വര്യവും ലഭിക്കും എന്ന് കരുതുന്നവന്‍ എന്തൊരു മണ്ടനായിരിക്കും! അങ്ങനെ ആയിരുന്നേല്‍ രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും മാറാന്‍ ഇതു പോലെ ഓരോ യന്ത്രം വാങ്ങിച്ച് ഓരോ വീട്ടിലും കൊണ്ട് വെച്ചാല്‍ പോരേ?
ഇയ്യിടെ ഉയര്‍ന്ന റാങ്ക് ഉള്ളൊരു പോലീസ് ഉദ്യോഗസ്ഥന്‍ ഒരു ജാതക പ്രശ്‌നവുമായി തന്നെ കാണാന്‍ വന്നിരുന്നു. പോലീസ് ആണെന്നറിഞ്ഞപ്പോള്‍ ചെറുതായിട്ടൊന്ന് പരുങ്ങി; വല്ല തട്ടിപ്പുകാരന്‍ ആണെന്ന് കരുതി പിടിച്ചകത്തിട്ടാലോ? പക്ഷെ ദൈവാധീനം, അങ്ങനെയൊന്നും ഉണ്ടായില്ല.

ട്രെയിന്‍ തൃശൂര്‍ സ്‌റ്റേഷന്‍ എത്തിയ വിവരമൊന്നും ദിവാസ്വപ്നത്തില്‍ മുഴുകിയിരുന്ന പ്രസാദ്ചന്ദ്രന്‍ അറിഞ്ഞില്ല. 'ചായ ചായ, കാപ്പി കാപ്പി' എന്നാ വിളിയുമായി റെയില്‍വേ ബോയ് ഓടി നടക്കുന്നത് കേട്ടപ്പോഴാണ് പ്രസാദ്ചന്ദ്രന്‍ പരിസരബോധം വീണ്ടെടുത്തത്. വേഗം ചാടിയിറങ്ങി ഓട്ടോ വിളിച്ചു സ്വരാജ് റൌണ്ടിലെ പ്രശസ്തമായ ആ സ്വര്‍ണക്കടയിലേക്ക് പോയി. കല്യാണ സീസണ് ആയതു കൊണ്ട് സ്വര്‍ണക്കടയില്‍ നല്ല തിരക്കായിരുന്നു.
സ്വര്‍ണക്കടയിലെ ഈ പുതിയ ഏര്‍പ്പാട് തുടങ്ങിയിട്ട് ആറു മാസമേ ആയിട്ടുള്ളൂ. ചൊവ്വ വെള്ളി ദിവസങ്ങളിലാണ് ഈ പാര്‍ട്ട് ടൈം ഇടപാട്. ഭാഗ്യരത്‌നം തിരഞ്ഞെടുക്കാനെന്നും പറഞ്ഞു കുറെ ക്യാഷ് ടീമുകള്‍ കടയില്‍ വരും. അവരുടെ പേരും നാളും ചോദിച്ചറിഞ്ഞു അവരുടെ നാളുമായി മാച്ച് ആവുന്ന ഭാഗ്യരത്‌നം ഏതെന്നു നോക്കി പറയണം. വിറ്റു പോകുന്ന ഓരോ രത്‌നത്തിനും ചെറിയൊരു തുക കമ്മീഷന്‍. ആകെ മൂന്നോ നാലോ മണിക്കൂര്‍ മാത്രം ഈ സ്വര്‍ണക്കടയില്‍ ചിലവഴിച്ചാല്‍ മതി. ഇവിടെ വന്നപ്പോഴൊക്കെ രണ്ടായിരം തൊട്ടു നാലായിരം രൂപ വരെ കമ്മീഷന്‍ കിട്ടിയിട്ടുണ്ട്. ഇന്നും കസ്റ്റമേഴ്‌സിന്റെ തിരക്ക് കണ്ടിട്ട് നല്ല കോള് കിട്ടുന്ന ലക്ഷണമാ കാണുന്നത്.
സമയം നാലര ആയപ്പോള്‍ ഇന്നത്തെ ജോലി കഴിഞ്ഞു പ്രസാദ്ചന്ദ്രന്‍ കടയില്‍ നിന്നിറങ്ങി. ഇന്നത്തെ കച്ചവടം മോശമില്ല, മൊത്തം മൂവായിരം രൂപ കമ്മീഷന്‍ കിട്ടി. പെട്ടെന്നിപ്പോള്‍ വീട്ടില്‍ ചെന്നിട്ട് വലിയ അത്യാവശ്യം ഒന്നുമില്ല. സന്ധ്യാ സമയത്ത് തേക്കിന്‍കാട് മൈതാനത്ത് കൂടി വെറുതെ നടന്നു കാറ്റ് കൊള്ളുന്നത് ഒരു പ്രത്യേക സുഖമാ. പാറമേക്കാവിന്റെ മുന്നിലെ സിഗ്‌നല്‍ ക്രോസ് ചെയ്തു പ്രസാദ്ചന്ദ്രന്‍ വടക്കേ നട ലക്ഷ്യമാക്കി നീങ്ങി. എന്നാല്‍ അധികം ദൂരം അങ്ങനെ കാറ്റും കൊണ്ട് നടക്കാന്‍ സാധിച്ചില്ല. വടക്കേ നട എത്താറായപ്പോള്‍ അപ്രതീക്ഷിതമായി മഴ പെയ്യാന്‍ തുടങ്ങി.

'നാശം പിടിക്കാന്‍, ഇവിടെങ്ങും കയറി നില്‍ക്കാനും സ്ഥലമില്ല', സ്വയം ശപിച്ചു കൊണ്ട് പ്രസാദ്ചന്ദ്രന്‍ ഒരു മരത്തിന്റെ തണലില്‍ അഭയം പ്രാപിച്ചു. അപ്പോഴാണ് ബാഗിനകത്ത് കുടയുള്ള കാര്യം ഓര്‍മ വന്നത്. കുട നിവര്‍ത്തി നടുവിലാല്‍ ഭാഗത്തേക്ക് നടന്നു റോഡ് ക്രോസ് ചെയ്തു. ഈ മഴയത്തിനി ചെളിയിലും വെള്ളത്തിലും ചവുട്ടി നടക്കാന്‍ ഒരു സുഖവുമില്ല. വല്ല സിനിമയ്ക്ക് കയറിയാല്ലോ എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ ആണ് തൊട്ടെതിരെയുള്ള ഷോപ്പിംഗ് മാളില്‍ ഡി സി ബുക്ക്‌സിന്റെ ബോര്‍ഡ് പ്രസാദ്ചന്ദ്രന്‍ കണ്ടത്. കുറേ നാളായി എന്തെങ്കിലും പുസ്തകം മേടിച്ചിട്ട്. വാസ്തു സംബന്ധമായ പുസ്തകങ്ങള്‍ വല്ലതുമുണ്ടോ എന്ന് തിരക്കാം.
അല്ലെങ്കില്‍ തന്നെ ബിസിനസ് കൂടുതല്‍ വിപുലീകരിക്കേണ്ട സമയമായി. ഈ ഭാഗ്യരത്‌നം, ജാതകം പോലെയുള്ള പരിപാടികള്‍ കൊണ്ടൊന്നും അധികകാലം പിടിച്ചു നില്‍ക്കാനാവില്ല. വല്ല യന്ത്രം, ഹനുമാന്‍ കവചം ഒക്കെ വില്‍ക്കാമെന്നു വെച്ചാല്‍ അതെല്ലാം തട്ടിപ്പാണെന്ന് പത്രത്തിലൊക്കെ വാര്‍ത്ത വന്നത് കാരണം നാട്ടുകാരെ ആ പേരും പറഞ്ഞു പറ്റിക്കാന്‍ ഇനി ബുദ്ധിമുട്ടായിരിക്കും. എല്ലാം വശങ്ങളില്‍ നിന്നും ചിന്തിച്ചു നോക്കിയാല്‍ വാസ്തു തന്നെയാണ് പറ്റിയ മേഖല. ചുമ്മാ ഓരോ വീട്ടില്‍ കയറി ചെന്ന് ആ മൂല ഇടിച്ചു നിരത്തണം, ഈ മതില് പൊളിച്ചു പണിയണം എന്നൊക്കെ വിളിച്ചു പറയാല്ലോ, അത് കേട്ട് നില്‍ക്കുന്ന വീട്ടുടമസ്ഥന്‍ അനുസരണയോടെ അതൊക്കെ ചെയ്‌തോളും. ഏതെങ്കിലും ബില്‍ഡിംഗ് കൊണ്ട്രാക്ടറുമായി ടൈ അപ്പ് ഉണ്ടെങ്കില്‍ അങ്ങനെയും കുറേ കമ്മീഷന്‍ വാങ്ങിച്ചെടുക്കാം.
താന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് നാട്ടിലുണ്ടായിരുന്ന ധനികനായ ഒരു ഓട്ടു കമ്പനി മുതലാളിയെ ഒരു വാസ്തു വിദഗ്ധനും, ബില്‍ഡിംഗ് കോണ്ട്രാക്ടറും കൂടി ചേര്‍ന്ന് കുത്തുപാളയെടുപ്പിച്ച സംഭവം അന്നേരം പ്രസാദ്ചന്രന്‍ ഓര്‍ത്തു. യാതൊരു വിധ പ്രശ്‌നങ്ങളുമില്ലാതെ വളരെ മനസ്സമാധാനത്തോടെ കുടുംബമായി താമസിച്ചോണ്ടിരുന്നതാ ഈ പറഞ്ഞ ഓട്ടു കമ്പനി മുതലാളി. ഒരു സുപ്രഭാതത്തില്‍ ആ വാസ്തു വിദഗ്ധന്‍ ആ വീട്ടില്‍ കയറി ഈ വീടിനു ഒരുപാട് ദോഷങ്ങളുണ്ട്, പ്ലാനിലൊക്കെ ചില മാറ്റങ്ങള്‍ വരുത്തണം എന്നൊക്കെ പറഞ്ഞു. അങ്ങനെ പ്രശ്‌നം വെപ്പിച്ചു മാറ്റങ്ങള്‍ എല്ലാം നിര്‍ദേശിച്ചപ്പോള്‍ വീട് തന്നെ മൊത്തമായി പൊളിച്ചു പണിയേണ്ട അവസ്ഥ വന്നു. വീട് പൊളിച്ചു പണിതതോ, വാസ്തു വിദഗ്ധന്റെ ശിങ്കിടിയായ ഒരു കരാറുകാരനും. രണ്ടു മൂന്നു കൊല്ലത്തെ കണ്‍സ്ട്രക്ഷന്‍ നടത്താനായി ഓട്ടു കമ്പനി മുതലാളിയുടെ സമ്പാദ്യത്തില്‍ നിന്ന് ഒരു സിംഹഭാഗം ചിലവായി. രസം അതല്ല, ആ പുതുക്കി പണിത വീട്ടില്‍ കയറി താമസിച്ചു ഒരു മാസം തികയും മുന്നേ മുതലാളിയുടെ കമ്പനിയില്‍ തൊഴിലാളി സമരം തുടങ്ങി, അവസാനം ആ കമ്പനി അടച്ചു പൂട്ടേണ്ടിയും വന്നു. ഇപ്പോള്‍ കമ്പനിയും വീടും വിറ്റു ആ പണം കൊണ്ട് ഏതോ കുഗ്രാമത്തില്‍ ഒരു ചെറിയ വീടും വാങ്ങിച്ച് ആ പാവം മുതലാളി അവിടെ വിഷമിച്ചു തെണ്ടിത്തിരിഞ്ഞു നടക്കുകയാണെന്ന് ഏതോ പരിചയക്കാരന്‍ ഇയ്യിടെ പറഞ്ഞതായി താന്‍ ഓര്‍ക്കുന്നു. 
ഡി സി ബുക്ക്‌സ് കടയ്ക്കുള്ളില്‍ ആകെ മൂന്നു നാലു പേരെ ഉണ്ടായിരുന്നുള്ളൂ. ക്യാഷ് കൌണ്ടറിനു കീഴെ ഒരു ബക്കറ്റ് ഇരിപ്പുണ്ടായിരുന്നു. നനഞ്ഞിരിക്കുന്ന റോസ് കളര്‍ കുട പ്രസാദ്ചന്ദ്രന്‍ ആ ബക്കറ്റിനുള്ളില്‍ വെച്ചു. വാസ്തു സംബന്ധമായ വല്ല പുസ്തകങ്ങള്‍ ഉണ്ടോ എന്ന് കൌണ്ടറിന്റെ അടുത്ത് നില്‍ക്കുന്ന ജോലിക്കാരനോട് തിരക്കി. അയാള്‍ പ്രസാദ്ചന്ദ്രനെ കടയുടെ വടക്കേ മൂലയിലേക്ക് കൊണ്ട് പോയി ആ സെക്ഷനില്‍ ഇരിക്കുന്ന പുസ്തകങ്ങള്‍ കാട്ടി തന്നു. അധികം ബുക്‌സ് ഒന്നുമില്ല, ആകെ ഒരു നാലഞ്ചു എണ്ണം. ഏതായാലും ഇവിടം വരെ വന്നതല്ലേ, ഇതില്‍ ഏതെങ്കിലും കൊള്ളാവുന്ന ഒരു ബുക്ക് ഉണ്ടെങ്കില്‍ അത് വാങ്ങാം. പ്രസാദ്ചന്ദ്രന്‍ ഒരു ബുക്ക് എടുത്തു വെറുതെ ഒന്ന് മറിച്ചു നോക്കി.

'ഇവിടെ കൊച്ചു പിള്ളേര്‍ക്കു വായിക്കാനുള്ള കോമിക് ബുക്‌സ് ഒക്കെ എവിടെയാ ഇരിക്കുന്നേ?'
പിന്നില്‍ നിന്നുള്ള സ്ത്രീ ശബ്ദം കേട്ട് പ്രസാദ്ചന്ദ്രന്‍ തിരിഞ്ഞു നോക്കി. ആള് ചെരുപ്പക്കാരിയാണ്, തരക്കേടില്ലാത്ത സൌന്ദര്യം, മെലിഞ്ഞ ശരീരം, വേഷം കടും പച്ച സാരി, അവള്‍ കടയിലെ ജോലിക്കാരനോട് പിന്നെയും വേറെ ചില പുസ്തകങ്ങളെ കുറിച്ചുള്ള വിവരം തിരക്കുകയാണ്. കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ ആള് താന്‍ കരുതിയത് പോലെ അത്ര ചെറുപ്പമല്ല എന്ന് പ്രസാദ്ചന്ദ്രനു മനസ്സിലായി. മുടി ഒന്നു രണ്ടെണ്ണം നരച്ചിട്ടുണ്ട്. ആള് നസ്രാണിയാണെന്ന് കഴുത്തില്‍ കിടക്കുന്ന കുരിശു മാല കണ്ടാലേ അറിയാം. പക്ഷെ സിന്ദൂരം തൊട്ടിട്ടുണ്ട്. അത് പിന്നെ ജാതിമതഭേദമേന്യേ എല്ലാം വിവാഹിതരായ സ്ത്രീകളും സിന്ദൂരം തോടുമല്ലോ. 'ഞാന്‍ വിവാഹിതയാണ്, ചോദിക്കാനും പറയാനും എനിക്ക് ഭര്‍ത്താവുണ്ട്. അതു കൊണ്ട് വായ്‌നോക്കാനും, കയ്യേല്‍ കയറി പിടിക്കാനും വരരുത്, വന്നാല്‍ വിവരമറിയും.' എന്നൊരു ഭീഷണിയാണല്ലോ ഏതൊരു സിന്ദൂരത്തിനുള്ളിലും ഒളിഞ്ഞിരിക്കുന്നത്. കോമിക് ബുക്ക് തിരക്കുന്നത് മിക്കവാറും മകനോ മകള്‍ക്കോ വേണ്ടിയായിരിക്കും. ശരീരം കണ്ടാല്‍ പക്ഷെ ഒരു പ്രസവം കഴിഞ്ഞതാണെന്നു ആരും പറയില്ല.
ആ സ്ത്രീ മറ്റൊരു സെക്ഷനിലേക്ക് നടന്നു നീങ്ങിയപ്പോള്‍ പ്രസാദ്ചന്ദ്രന്‍ തന്റെ ശ്രദ്ധ മുന്നിലുള്ള പുസ്തകങ്ങളിലേക്ക് തിരിച്ചു വിട്ടു. കാര്യമായി പ്രയോജനപ്പെടുന്ന പുസ്തകങ്ങള്‍ ഒന്നും തന്നെ കണ്ടില്ല. കൂട്ടത്തില്‍ ഭേദപ്പെട്ട ഒരെണ്ണം സെലക്ട് ചെയ്ത് പ്രസാദ്ചന്ദ്രന്‍ ബില്‍ അടയ്ക്കാനുള്ള കൌണ്ടറിലേക്ക് നീങ്ങി. ബില്‍ പേ ചെയ്തു കുട എടുക്കുവാനായി ബക്കറ്റിലേക്ക് നോക്കിയപ്പോള്‍ താന്‍ കുറച്ചു മുന്‍പ് അവിടെ വെച്ച റോസ് കളര്‍ കുട കാണുന്നില്ല!





'ഇവിടൊരു റോസ് കളര്‍ കുടയുണ്ടായിരുന്നല്ലോ, അതെവിടെ പോയി?', പ്രസാദ്ചന്ദ്രന്‍ ചോദിച്ചു.
'അത് സാറിന്റെ കുടയായിരുന്നോ? അത് കുറച്ചു മുമ്പ് ഇവിടെ വന്ന ഒരു സ്ത്രീ അത് എടുത്തോണ്ട് പോയല്ലോ.' കൌണ്ടറില്‍ ബില്‍ അടിക്കുന്ന ജോലിക്കാരന്‍ പറഞ്ഞു.

'ഛെ അതെന്തു പണിയാ കാണിച്ചേ? ഏതു സ്ത്രീയാ അത് കൊണ്ടു പോയേ? നിങ്ങള്‍ അറിയുന്ന വല്ലവരും ആണോ?'
'ഒരു ചെറുപ്പക്കാരിയാ, പച്ച കളര്‍ സാരിയാ വേഷം, ഞാന്‍ ആദ്യമായിട്ടാ കാണുന്നെ.'

'നിങ്ങള്‍ ഇതെന്തു പണിയാ കാണിച്ചേ. നിങ്ങള്‍ ഇരിക്കുന്നതിന്റെ തൊട്ടു മുന്നില്‍ കൂടി അവര്‍ ചുമ്മാ കുടയങ്ങു എടുത്തോണ്ട് പോവുക എന്ന് വെച്ചാല്‍...'
'ഹാ അതിനു അത് സാറിന്റെ കുടയാനെന്നു എനിക്കെങ്ങനെ അറിയാന്‍ കഴിയും? ഇവിടെ ഓരോരുത്തന്മാര് കുട എടുത്തു വെക്കുന്നതിന്റെ ഒക്കെ കണക്ക് നമുക്ക് സൂക്ഷിക്കാന്‍ പറ്റുമോ?', ജോലിക്കാരന്‍ തന്റെ നിസ്സഹായത വെളിപ്പെടുത്തി. 'ഒരു കാര്യം ചെയ്യ്, ആ ബക്കറ്റില്‍ വേറെ വല്ല കുടയും ഇരിപ്പുണ്ടോ?'

പ്രസാദ്ചന്ദ്രന്‍ ബക്കറ്റിലേക്ക് നോക്കി. അവിടെ ആകെ ഒരു കറുത്ത കുട മാത്രമേയുള്ളൂ.
'ഉവ്വ്, ഒരു കുടയുണ്ട്.'
'ആ അപ്പോള്‍ അതാണ് കാര്യം. അത് ആ സ്ത്രീയുടെ കുട ആയിരിക്കും. തിരിച്ചു പോയപ്പോള്‍ കുട മാറി എടുത്തതാവാം. അവര് പോയിട്ടൊരു അഞ്ചു മിനിറ്റേ ആയിട്ടുള്ളൂ. സാറ് കുറച്ചു നേരം കൂടി ഇവിടെ വെയിറ്റ് ചെയ്താല്‍, ചിലപ്പോള്‍ ഭാഗ്യമുണ്ടെങ്കില്‍ ആ സ്ത്രീ മടങ്ങി വന്നു ആ കുട തിരിച്ചു കൊണ്ട് വയ്ക്കുമായിരിക്കും.'

'ഒരു കാര്യം ചെയ്യ്, ഞാന്‍ ഒരു പത്തു മിനിറ്റ് കൂടി ഈ ച്ചുട്ടുവട്ടത്തൊക്കെ കാണും. ആ സ്ത്രീ എങ്ങാനും കുടയുമായി മടങ്ങി വന്നാല്‍ എന്നെ ദാ ഈ കാണുന്ന നമ്പറിലേക്കൊന്നു വിളിക്കാമോ?' ജോലിക്കാരാന്‍ സമ്മതിച്ചു. പ്രസാദ്ചന്ദ്രന്‍ തന്റെ ബിസിനസ് കാര്‍ഡ് എടുത്തു അയാളുടെ കയ്യില്‍ കൊടുത്തു.

ഷോപ്പിംഗ് മാളിന്റെ താഴത്തെ നിലയില്‍ ഒരു എ ടി എം കൌണ്ടറുണ്ട്. അവിടെ ക്യൂ നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ആ സ്ത്രീയുണ്ടോ എന്ന് പ്രസാദ്ചന്ദ്രന്‍ നോക്കി. അവിടെങ്ങുമില്ല. എ ടി എമ്മില്‍ നിന്ന് കാശെടുത്ത് പ്രസാദ്ചന്ദ്രന്‍ തന്റെ കയ്യിലുള്ള ആ സ്ത്രീയുടെ കുട നിവര്‍ത്തി മഴയത്തൂടെ മെല്ലെ നടന്നു നീങ്ങി. അല്പം ദൂരം പിന്നിട്ടപ്പഴെ തന്റെ കുട മഴയത്ത് ചോരുന്നതായി പ്രസാദ്ചന്ദ്രനു പിടി കിട്ടി. അത് മാത്രവുമല്ല, കുടയുടെ ഒരു കമ്പി ചെറുതായി ഒടിഞ്ഞിട്ടുമുണ്ട്. മറ്റേ റോസ് കളര്‍ കുട, അതിന്റെ വലിപ്പം ചെറുതായത് കാരണം, അത് പോക്കറ്റിലും ബാഗിലും ഇട്ടോണ്ട് നടക്കാന്‍ സൌകര്യമായിരുന്നു. ഈ കറുത്ത കുടയ്ക്ക് മറ്റേതിനേക്കാള്‍ നീളമുള്ളത് കൊണ്ട്, അത് പോക്കറ്റില്‍ ഇട്ടോണ്ട് നടക്കാനും പറ്റില്ല. ഈ തല്ലിപ്പൊളി കുടയും കൊണ്ട് നടന്നാല്‍ ബസ് സ്റ്റാന്റ് എത്തുമ്പോഴേക്കും താന്‍ ആകെ മൊത്തം നനയും. അത് കൊണ്ട് അതിലെ വന്ന ഓട്ടോറിക്ഷയ്ക്കു കൈ കാണിച്ചു, അതില്‍ കയറി പ്രസാദ്ചന്ദ്രന്‍ ബസ് സ്റ്റാന്റ് ലക്ഷ്യമാക്കി സഞ്ചരിച്ചു.

'സുന്ദരിയും ചെറുപ്പക്കാരിയുമാ, പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം? ആ സ്ത്രീ നമുക്കിട്ടിങ്ങനെ ഒരു പണി തന്നല്ലോ', പ്രസാദ്ചന്ദ്രന്‍ ഓര്‍ത്തു.
നാട്ടുകാരെ മുഴുവനും പറ്റിച്ച് നടന്നിട്ട് അവസാനം ചെറുതെങ്കിലും സ്വയം ഒരു തട്ടിപ്പിനിരയായത്തില്‍ പ്രസാദ്ചന്ദ്രനു വല്ലാത്ത ഒരസഹിഷ്ണുത തോന്നി.

(തുടരും..)

ഒരു കുടയുടെ സഞ്ചാരം (നോവല്‍ : ഭാഗം -6)- റെജീഷ് രാജന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക