Image

അപ്പ്വമ്മാവന്‍ - (ചെറുകഥ: ജോസഫ് നമ്പിമഠം)

Published on 17 August, 2013
അപ്പ്വമ്മാവന്‍ - (ചെറുകഥ: ജോസഫ് നമ്പിമഠം)
ഗ്രാമത്തിന്റെ നാലുംകൂടിയ കവല. കവലയിലെ ഒതുങ്ങിയ കോണില്‍ ഒരു തൂണൊടിഞ്ഞു നിലംപറ്റിയ ചുമടുതാങ്ങി. കാക്കക്കാഷ്ഠം വീണുണങ്ങിയ പാടുകളില്‍ യുഗങ്ങള്‍ മരവിച്ചുകിടന്നു. മരിച്ച യുഗങ്ങളുടെ ദൃക്‌സാക്ഷിയായ ചുമടുതാങ്ങിയുടെ ചുവട്ടില്‍ അയാളിരുന്നു. ചുമടുതാങ്ങിക്ക് അപ്പ്വമ്മാവന്‍ കൂട്ടായി. അപ്പ്വമ്മാവന് ചുമടുതാങ്ങിയും.

കവലയ്ക്കുമപ്പുറം ചക്രവാളത്തില്‍ ഇരുട്ടു വ്യാപിച്ചു. ഇരുളുന്ന ഗ്രാമത്തിലെ പ്രേതങ്ങള്‍ പോലുള്ള മണ്‍കുടിലുകളില്‍ മണ്ണെണ്ണ വിളക്കിന്റെ നാളങ്ങള്‍ കാറ്റിലാടി. ഇളം കാറ്റില്‍ ഇലകള്‍ പറന്നുവീണു. മണ്ണിലടിഞ്ഞ കരിഞ്ഞ ഇലകള്‍ പുനര്‍ജന്മത്തിന് കാത്ത് പൂഴിമണ്ണിലലിഞ്ഞു. കരിഞ്ഞ ഇലകള്‍ പച്ചിലകളായാല്‍, ഉണങ്ങിയ മരങ്ങള്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്താല്‍, അന്ന് അപ്പ്വമ്മാവനും പുനര്‍ജന്മമുണ്ടാകും. തളര്‍ന്ന ഗ്രാമത്തിന്റെ ഞരമ്പുകളിലൂടെ ചുവന്ന രക്താണുവായി ഒഴുകിനടക്കും.
ഗ്രാമച്ചന്തയില്‍ കുന്നുകൂടിയ ചപ്പുചവറുകള്‍ക്കിടയില്‍ നിന്ന് ദുര്‍ഗന്ധമുയര്‍ന്നു. അതില്‍നിന്നു വീശീയ ദുഷിച്ച കാറ്റില്‍ പച്ചക്കറികളുടെ ഗന്ധം. ഉണക്കമീനിന്റെ ദുസ്സഹമായ വാട.
കന്നുകാലികളുടെയും മനുഷ്യരുടെയും മല മൂത്രങ്ങളുടെ ഗന്ധം. മണ്‍കുടിലുകളിലേക്ക് അതാഞ്ഞുവീശി. ആ കാറ്റിന്റെ ഗന്ധത്തില്‍, ഗ്രാമത്തിന്റെ തുടിപ്പുകളുണ്ടായിരുന്നു. ഗ്രാമീണരുടെ രക്തത്തില്‍പോലും ആ ഗന്ധം അലിഞ്ഞുചേര്‍ന്നിരുന്നു. അപ്പ്വമ്മാവന് ചിരപരിചിതമായ ഗന്ധം.
ഗണപതികോവിലിന് മുന്നിലെ വിളക്കില്‍ നെയ്ത്തിരി നാളങ്ങള്‍ കാറ്റിലാടി. എണ്ണ വിളക്കു കത്തുമ്പോഴുണ്ടാകുന്ന സുഖകരമായ ഗന്ധം. അപ്പ്വമ്മാവന്‍ ഒരിക്കല്‍പോലും തിരിഞ്ഞുകൂടി നോക്കിയിട്ടില്ലാത്ത കോവില്‍!

സര്‍ക്കാര്‍ വിളക്ക് നാല്‍ക്കവലയ്ക്കു കാവല്‍ നിന്നു. കാവല്‍ക്കാരനു ചുറ്റും ഈയലുകള്‍ പറന്നു നടന്നു. ചിറകുകള്‍ നഷ്ടപ്പെട്ടവ മണ്ണിലിഴഞ്ഞു നടന്നു. സ്വാതന്ത്ര്യത്തിന്റെ ശിക്ഷയില്‍ അവയ്ക്കു ദുഃഖമില്ലേ? അപ്പ്വമ്മാവന്‍ ഈയലുകളെ നോക്കിയിരുന്നു.

“അമ്മാവോ, വീട്ടിപ്പോണില്ലേ?”  തലേക്കെട്ടഴിച്ച് തോളത്തിട്ടുകൊണ്ട് അപ്പ്വമ്മാവന്റെ മുന്നിലേക്ക് നീങ്ങിനിന്ന് നാണുചോദിച്ചു. നാണുവിന്റെ കണ്ണുകളില്‍ ആദരവിന്റെ തിളക്കം. ബഹുമാനത്തിന്റെ ഭവ്യത.

'ബീഡി ഒണേടേ ഒന്നിങ്ങോട്ടുതന്നാട്ടേ നാണൂ.'
നാണുവിനെന്നല്ല ഗ്രാമത്തിലെ എല്ലാവര്‍ക്കുമറിയാം അപ്പ്വമ്മാവന്‍ എപ്പോഴാണ് ചുമടുതാങ്ങിയുടെ ചുവട്ടില്‍ നിന്ന് പോകുന്നതെന്ന്… ആ ഇരിപ്പുതുടങ്ങിയിട്ട് എത്ര വര്‍ഷങ്ങളായെന്ന്… ആരു പറഞ്ഞാലുമതിന് ഇളക്കമില്ലെന്ന്… അനുസരിക്കുന്നതിലും, അനുസരിപ്പിക്കുന്നതാണ് അപ്പവമ്മാവനിഷ്ടമെന്ന്. പിന്നെ നാണു വെറുതെ ചോദിക്കുന്നെന്ന് മാത്രം. കണ്ടിട്ട് ശ്രദ്ധിക്കാതെ പോകാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട്.
 നാണു മുണ്ടിന്റെ മടിയില്‍ തിരുകിയിരുന്ന ബീഡി എടുത്ത് അപ്പ്വമ്മാവനുകൊടുത്തു. തീപ്പെട്ടി ഉരച്ച് ബീഡി കൊളുത്തിക്കൊടുത്തു. തീപ്പെട്ടിക്കൊള്ളിയുടെ വെളിച്ചത്തില്‍ നാണു അപ്പ്വമ്മാവന്റെ മുഖത്തെ ചുളിവുകള്‍ കണ്ടു… പീളകെട്ടിയ കണ്ണിലെ മരവിപ്പു കണ്ടു… തിളങ്ങുന്ന കഷണ്ടിത്തലയിലെ വെള്ളിക്കമ്പികള്‍ കണ്ടു.. നരച്ച താടികണ്ടു…

പക്ഷേ… അപ്പ്വമ്മാവനെന്ന മനുഷ്യന്റെ ഉള്ളിലുറഞ്ഞുകൂടിയ ദുഃഖം കണ്ടില്ല… മരിച്ച മോഹങ്ങളുടെ ചിറകറ്റ പക്ഷികളെയും കണ്ടില്ല.

നാണു ചെമ്മണ്‍പാതയുടെ ഓരത്തിലൂടെ നടന്നുനീങ്ങുന്നതുനോക്കി അപ്പ്വമ്മാവനിരുന്നു. അപ്പോള്‍, നാണുവിന്റെ, പുറംപോക്കിലെ ഓലപ്പുരയും ചാണകം മെഴുകിയ തറയില്‍ കിടന്നുറങ്ങുന്ന കുഞ്ഞുങ്ങളും, പട്ടിണിക്കോലമായ നാണുവിന്റെ ഭാര്യയുമായിരുന്നു അപ്പ്വമ്മാവന്റെ മനസ്സില്‍ തെളിഞ്ഞത്. ഒടിഞ്ഞു വീണ ചുമടുതാങ്ങിയോടൊപ്പം അപ്പ്വമ്മാവനും ദീര്‍ഘമായി ശ്വസിച്ചു. നിസ്സഹായനായ അപ്പ്വമ്മാവന്‍.

ബീഡിയുടെ പുകച്ചുരുളുകളില്‍ അപ്പ്വമ്മാവന്‍ അലിഞ്ഞുചേര്‍ന്നു. പുക വായുവില്‍ ചേര്‍ന്ന് കാര്‍മേഘമായി. അതിലൂടെ ചില രൂപങ്ങള്‍ തെളിഞ്ഞുവന്നു. അപ്പ്വമ്മാവനെന്ന വ്യക്തിയുടെ പുനര്‍ജന്മം. പുതിയ ജനനത്തിന്റെ ലഹരിയില്‍ അപ്പ്വമ്മാവന്‍ പുളഞ്ഞു. ഗ്രാമം പിറകോട്ടു ചലിച്ചു. നാല്‍ക്കവല സ്മരണയുടെ പ്രളയത്തില്‍ കുതിച്ചു പിറകോട്ടൊഴുകി.

ഗ്രാമത്തിന്റെ കുമിഞ്ഞുകൂടിയചാരത്തിന്‍മേല്‍ കാലത്തിന്റെ കാറ്റടിച്ചു. അതിനുള്ളില്‍ നിന്ന് ഒരു തീക്കനല്‍ തെളിഞ്ഞു. പ്രപഞ്ചമാകെ വിപ്‌ളവ ജ്വാലയില്‍ ചുട്ടെരിക്കാന്‍ കൊതിച്ച അപ്പുവെന്ന ചെറുപ്പക്കാരന്‍ … ഗ്രാമത്തിന്റെ രോമാഞ്ചമായിരുന്ന അപ്പു…

മാരാന്‍ കുന്നിലെ ചെത്തിപ്പൂക്കളില്‍  വെളുത്ത പക്ഷം പീലിനീര്‍ത്തി ആടുമ്പോള്‍ പഞ്ചമിപ്പാറയില്‍ മലര്‍ന്നു കിടന്ന് സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയ അപ്പു…

അദ്രുവിന്റെ കാളവണ്ടി കടകട ശബ്ദത്തോടെ പടിഞ്ഞാറുനിന്നു വന്നു, പട്ടണത്തില്‍ നിന്നും, ഗ്രാമത്തിലെ കടക്കാര്‍ക്കുള്ള സാധനങ്ങളുമായി. പൊടി മൂടിയ വഴിയില്‍ വണ്ടിച്ചക്രങ്ങള്‍ ആഴമുള്ള പാടുകള്‍ വീഴ്ത്തി. വണ്ടിയുടെ അടിയില്‍ തൂക്കിയ ചിമ്മിനി വിളക്കിന്റെ നാളങ്ങള്‍ കരിന്തിരി കത്തിത്തുടങ്ങി. ലക്ഷ്യത്തിലെത്തിയ വണ്ടിക്ക് ഇനി വിളക്ക് എന്തിന്? സര്‍ക്കാര്‍ വിളക്കിന് കീഴെ വണ്ടി എത്തിയപ്പോള്‍ അദ്രു ചുമടു താങ്ങിയുടെ കീഴിലേക്ക് കണ്ണുകളയച്ചു.

'അമ്മാവോ, എന്താ ഒറക്കം തൂങ്ങുകാണോ?'   

'ഉറക്കം ഇത്തിരി കുറവാ അദ്രു, പൊടിയുണ്ടോ ഇത്തിരിതരാന്‍?'

അദ്രു വണ്ടി നിര്‍ത്തി താഴെ ഇറങ്ങി. കാളകള്‍ ഉച്ചത്തില്‍ നിശ്വസിച്ചു. അവയുടെ വായില്‍ നിന്ന് പതയൊഴുകി വരണ്ട മണ്ണില്‍ വീണു. നീണ്ടുപോകുന്ന പൊടിമണ്‍പാതയില്‍ കണ്ണനട്ട് കാളകള്‍ നിന്നു. അവയുടെ കണ്ണില്‍ നിറഞ്ഞുനിന്ന ജലകണങ്ങള്‍ വഴിവിളക്കിന്റെ പ്രകാശത്തില്‍ തിളങ്ങി.
അപ്പ്വമ്മാവന്‍ നീട്ടിയ കൈവെള്ളയിലേക്ക് പൊടിക്കുപ്പി ചരിച്ചുപിടിച്ച് ചൂണ്ടുവിരലിന്റെ അഗ്രം കൊണ്ട് തട്ടി പൊടി ഇട്ടുകൊടുത്തശേഷം അദ്രു വണ്ടിയില്‍ ചാടിക്കയറി…. കാളകള്‍ മടിച്ചുമടിച്ച് ചുവടുവച്ചു. പുല്ലുണങ്ങിയ മണ്‍കയ്യാലകളില്‍ നിഴല്‍ചിത്രങ്ങള്‍ വരച്ചുകൊണ്ട് മുന്നോട്ടു പോകുന്ന വണ്ടിയില്‍ നോക്കി അപ്പ്വമ്മാവനിരുന്നു.

ശാപത്തിന് വിധേയമായ ഗ്രാമവും, അതില്‍ പാപത്തിന് പ്രായശ്ചിത്തമായി പുനര്‍ജന്മം കൊണ്ടവരായ ഗ്രാമീണരും… പണ്ട് പണ്ട്… ബ്രാഹ്മണര്‍ മാത്രം പാര്‍ത്തിരുന്നതാണത്രെ ആ ഗ്രാമം. ദൈവങ്ങള്‍ ബ്രാഹ്മണര്‍ക്ക് വരങ്ങള്‍ കോരിച്ചൊരിഞ്ഞു. ഗ്രാമത്തിലാകെ സമൃദ്ധി വിതച്ചു. ചന്ദനത്തിന്റെയും, പാലപ്പൂവിന്റെയും കൈതപ്പൂവിന്റെയും സുഗന്ധം വീശിയിരുന്ന ഗ്രാമത്തില്‍ ബ്രാഹ്മണര്‍ നൂറ്റാണ്ടുകളുടെ ചക്രം തിരിയുന്നത് തികഞ്ഞ ആരോഗ്യത്തോടെ കണ്ടുനിന്നു.
സമൃദ്ധിയുടെ ഗ്രാമത്തിന്റെ കഥ കേട്ടറിഞ്ഞ് അയല്‍ നാടുകളില്‍ നിന്ന് മുഖത്തു വസൂരിക്കുത്തുള്ള കുലങ്ങള്‍ എത്തി. അവര്‍ ബ്രാഹ്മണരോട് എതിര്‍ത്തു. അവരുടെ ഭാണ്ഡങ്ങളില്‍ എന്തൊക്കെയോ മരുന്നുകളും ഭസ്മങ്ങളുമുണ്ടായിരുന്നു. ഗ്രാമത്തിലെ ബ്രാഹ്മണ പുരോഹിതനെ അവര്‍ അരയാലിന്‍ കൊമ്പില്‍ തലകീഴായി കെട്ടിത്തൂക്കി. നീണ്ട മുളങ്കുഴലുകളിലൂടെ രൂക്ഷഗന്ധമുള്ള പുക കടത്തിവിട്ട് ശ്വാസം മുട്ടിച്ച് കൊന്നുവത്രേ! അഗ്രഹാരം നടുങ്ങി… ഗ്രാമം നടുങ്ങി. ബ്രാഹ്മണന്റെ ശാപം കൊണ്ടാണത്രേ ഗ്രാമം നശിച്ചത്…

അയല്‍ നാടുകളില്‍ നിന്ന് ഗ്രാമത്തില്‍ കുടിയേറിപ്പാര്‍ത്ത, മുഖത്തു വസൂരിക്കുത്തുള്ള കുലത്തിന്റെ പിന്‍ഗാമിയായി, രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ബ്രാഹ്മണ വിരോധവുമായിട്ടാണ് അപ്പു പിറന്നു വീണത്. പശുക്കളും ഭൂമിയും സ്വന്തമാക്കി, ഗ്രാമത്തിന്റെ അധികാരം കയ്യിലെടുത്ത് വാഴുന്ന ഉടയോരുടെ കഥകള്‍ കേട്ടാണ് അപ്പു വളര്‍ന്നത്. ചാണകം മെഴുകിയ തറയില്‍ കിടന്ന് ജീര്‍ണ്ണിച്ച ഓലപ്പുരയുടെ സുഷിരങ്ങളില്‍ കൂടി മേലോട്ടുനോക്കി കിടക്കുമ്പോള്‍ അപ്പു ആകാശം കണ്ടു… കാര്‍മേഘങ്ങള്‍ക്കിടയില്‍ തിളങ്ങുന്ന അര്‍ദ്ധചന്ദ്രക്കല കണ്ടു. അര്‍ദ്ധചന്ദ്രക്കലയുടെ അറ്റത്ത് അപ്പു പിടിയുണ്ടാക്കി. അതിന് മീതെ നക്ഷത്രം ചേര്‍ത്തുവച്ചു അനന്തമായ നീലാകാശം ചുവക്കുന്നതായി അപ്പു സ്വപ്നം കണ്ടു. ചുവന്ന ആകാശം ഭൂമിയിലേക്കൊഴുകി. കുത്തിയൊഴുകുന്ന ചുവന്ന ജലത്തിന്റെ തള്ളലില്‍ മാരാന്‍ കുന്ന് ഒലിച്ചിറങ്ങി. ഗ്രാമത്തിന്റെ ഉടയവരായവര്‍ അതില്‍ മുങ്ങിത്തുടിക്കുന്നതായി സ്വപ്നം കണ്ടു. കുന്നുകളില്ലാത്ത ഗ്രാമം അപ്പുവിന്റെ ഭാവനയില്‍ ഉയര്‍ന്നു…

അപ്പു പട്ടണത്തില്‍പോയി. സ്റ്റഡിക്ലാസ്സുകളില്‍ പങ്കെടുത്തു. നിത്യവും രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഗ്രാമത്തിലെ ഊടുവഴികളിലൂടെ ഏകനായി നടന്ന് കുടിലില്‍ തിരിച്ചെത്തി.

അപ്പുവിനെ അമ്മാവന്‍ വിളിച്ചു… അപ്പു വിളി കേട്ടില്ല. അച്ഛനും അമ്മയും വിളിച്ചു… അപ്പു വിപ്‌ളവത്തിന്റെ ഉന്മാദത്തിലായിരുന്നു… ആവേശത്തിലായിരുന്നു.

“ഒരു പ്രസ്ഥാനത്തിന് വേണ്ടിയും സ്വയം നശിക്കരുത്.” അച്ഛന്റെ ഉപദേശം.

“വ്യക്തി നശിച്ചാലേ പ്രസ്ഥാനം വളരൂ.” അപ്പു മനസില്‍ ഉരുവിട്ടു. ഇതില്‍ ആരു പറഞ്ഞതാണ് ശരി? അപ്പു പറഞ്ഞതോ അച്ഛന്‍ പറഞ്ഞതോ?

“വയസ്സുകാലത്ത് ഇറ്റുവെള്ളം കിട്ടൂന്ന് കരുതി ഓരോന്നിനേ വളര്‍ത്തും. അടയ്ക്കയാണേ മടിയില്‍ വയ്ക്കാം. അടയ്ക്കാ മരമായാലോ?” ഈറന്‍ കണ്ണുകള്‍ ഉടുമുണ്ടിന്റെ അഗ്രം കൊണ്ട് തുടച്ച് നെടുവീര്‍പ്പിടുന്ന അമ്മ.

അപ്പുവിന് മാതാപിതാക്കളും സഹോദരങ്ങളും ഒന്നല്ല… ആയിരക്കണക്കിനാണ്. അപ്പു മനസ്സില്‍ ഉരുവിട്ടു. ബന്ധങ്ങളുടെ നൂലുകളില്‍ കുടങ്ങി നശിക്കാനുള്ളതല്ല അപ്പുവിന്റെ ജീവിതം. ബന്ധുക്കളുടെയും സ്വന്തക്കാരുടെയും എതിര്‍പ്പുകളില്‍ നിന്ന് അപ്പു വളര്‍ന്നു… പ്രസ്ഥാനം വളര്‍ന്നു. പ്രസ്ഥാനം വളര്‍ന്നപ്പോള്‍ അപ്പുവെന്ന വ്യക്തി ചെറുതായി.

ചപ്പുചവറുകള്‍ക്കിടയില്‍ മണപ്പിച്ചു നടക്കുന്ന തെരുവുപട്ടികള്‍ എച്ചിലുകള്‍ക്കുവേണ്ടി കടിപിടികൂട്ടി. അതുകൊണ്ട് അപ്പ്വമ്മാവന്‍ ചിരിച്ചു. ഗ്രാമത്തിന്റെ സിരകളിലൂടെ ആവേശമായി, കൊടുങ്കാറ്റായി, നെഞ്ചുയര്‍ത്തി, ശത്രുക്കളൈ കിടിലം കൊള്ളിച്ച് നടന്ന അപ്പ്വമ്മാവന്‍. അപ്പ്വമ്മാവന്‍ ഇല്ലാത്ത ഗ്രാമത്തെപ്പറ്റിയോ പ്രസ്ഥാനത്തെപ്പറ്റിയോ ചിന്തിക്കാന്‍ കൂടികഴിയില്ലെന്ന് പ്രസംഗിച്ച് നടന്നവര്‍ക്ക് തെറ്റുപറ്റി. നികത്താനാവാത്ത വിടവുകളൊന്നും സൃഷ്ടിക്കാതെ തന്നെ അപ്പ്വമ്മാവന്‍ പിന്നോട്ടുമാറി. അല്ല, മാറേണ്ടിവന്നു.

ഗ്രാമത്തിന്റെ പഴക്കമുള്ള ഈ ചുമടുതാങ്ങിയില്‍ ചാരി രാത്രിയുടെ ഏകാന്തയാമങ്ങള്‍ പിന്നിടുമ്പോള്‍, മുജ്ജന്മപാപങ്ങളുടെ ഊരാക്കുടുക്കില്‍നിന്നും മോചനം നേടാനാവാതെ ജനിമൃതികള്‍ പിന്നിടുന്ന ഗ്രാമീണരെ കാണുമ്പോള്‍ എന്തുവികാരമാണ് ഉണ്ടാകുന്നത്? സഹതാപമോ.. നിസ്സംഗതയോ?

തല ഉയര്‍ത്തിനില്ക്കുന്ന മാരാന്‍ കുന്നിന്റെ നെറുകയില്‍ ഇപ്പോഴും വിളറി നില്ക്കുന്ന ചന്ദ്രക്കല. കുന്നുകളില്ലാത്ത ഗ്രാമം സ്വപ്നം കണ്ട അപ്പുവിനെ നോക്കി മാരാന്‍ കുന്ന് ചിരിച്ചു. വിളറിയ ചന്ദ്രക്കലയില്‍ പിടിയും, മീതെ നക്ഷത്രവും ചേര്‍ത്തു വയ്ക്കാന്‍ അപ്പ്വമ്മാവാന്‍ ശ്രമിച്ചു… ഇല്ല, തനിക്കതിന് കഴിയുന്നില്ല. എവിടെയോ താളം തെറ്റുന്നു… വാര്‍ദ്ധക്യം കൊണ്ടാവാം. അപ്പ്വമ്മാവന്‍ സമാധിക്കാന്‍ ശ്രമിച്ചു.

വാര്‍ദ്ധക്യം ബാധിച്ച കണ്ണുകളില്‍ ഉറക്കം അരിച്ചെത്തുമ്പോഴും നീണ്ട നരച്ച താടി രോമങ്ങളില്‍ വിരലോടിച്ച്, മാരാന്‍ കുന്നിലെ അര്‍ദ്ധചന്ദ്രക്കലയില്‍ കണ്ണുനട്ട് ഏതൊക്കെയോ അപ്പൂര്‍ണ്ണസമസ്യകളുടെ കുരുക്കുകള്‍ വേര്‍പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു അപ്പ്വമ്മാവന്‍.

അപ്പ്വമ്മാവന്‍ - (ചെറുകഥ: ജോസഫ് നമ്പിമഠം)
അപ്പ്വമ്മാവന്‍ - (ചെറുകഥ: ജോസഫ് നമ്പിമഠം)
അപ്പ്വമ്മാവന്‍ - (ചെറുകഥ: ജോസഫ് നമ്പിമഠം)
Ushnamekhalayile-book cover
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക