Image

'കടല്‍ കടന്നൊരു മാത്തുക്കുട്ടി' വിദേശ മലയാളി ഒഴിവാക്കരുത്‌

ജയമോഹനന്‍ എം Published on 15 August, 2013
'കടല്‍ കടന്നൊരു മാത്തുക്കുട്ടി'  വിദേശ മലയാളി ഒഴിവാക്കരുത്‌
ഒരുകാര്യം തീര്‍ത്തു പറയാം. ഒരു മലയാളിയും കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രം ഒഴിവാക്കരുത്‌. പ്രത്യേകിച്ചും വിദേശ മലയാളികള്‍. കാരണം കടല്‍ കടന്നൊരു മാത്തുക്കുട്ടിയിലെ മാത്തുക്കുട്ടി വിദേശ മലയാളിയാണ്‌. വിദേശ മലയാളിയും പിന്നെ അവന്റെ എപ്പോഴത്തെയും ഓര്‍മ്മയായ മലയാളവും അഥവാ കേരളവും തമ്മില്‍ കണ്ടുമുട്ടുകയാണ്‌ കടല്‍ കടന്നൊരു മാത്തുക്കുട്ടിയില്‍. അഥവാ വര്‍ഷങ്ങളോളമായി തുടരുന്ന പ്രവാസ ജീവിതം എന്ന സ്വത്വവും അവന്റെ വേരുകള്‍ ആഴ്‌നിറങ്ങിയിരിക്കുന്ന കേരളമെന്ന സ്വത്വവും തമ്മില്‍ ഏറ്റുമുട്ടുകയാണ്‌ ഈ ചിത്രത്തില്‍. അതുകൊണ്ടു തന്നെയാണ്‌ കടല്‍ കടന്നൊരു മാത്തുക്കുട്ടി ഒരു അനുഭവമായി മാറുന്നത്‌.

ഒരു ജര്‍മ്മന്‍ നഗരത്തില്‍ നിന്നുമാണ്‌ കടല്‍ കടന്നൊരു മാത്തുക്കുട്ടിയുടെ കഥ ആരംഭിക്കുന്നത്‌. അവിടെ പ്രവാസികളായി കഴിയുന്ന കേരളത്തിലെ പത്തനംതിട്ട ചാപ്‌റ്ററിന്റെ യോഗത്തില്‍ നിന്നും മാത്തുക്കുട്ടിക്ക്‌ തിരശീല ഉയരുന്നു. ഈ പ്രവാസി മലയാളി അസോസിയേഷന്റെ പ്രധാന പ്രശ്‌നം അവരുടെ വാര്‍ഷിക അഘോഷത്തിന്റെ ഭാഗമായി നാട്ടില്‍ നിന്നും മോഹന്‍ലാലിനെയും സംഘത്തെയും എത്തിക്കുക എന്നതാണ്‌.

അതിനായി അസോസിയേഷന്‍ തങ്ങളുടെ പ്രതിനിധിയെന്ന നിലയില്‍ മാത്തുക്കുട്ടിയെ കേരളത്തിലേക്ക്‌ അയക്കുന്നു. കേരളത്തിലേക്ക്‌ മാത്തുക്കുട്ടിയെ അയക്കാന്‍ ഒരു കാരണമുണ്ട്‌. മാത്തുക്കുട്ടിക്ക്‌ പ്രത്യേകിച്ച്‌ ജോലിയൊന്നുമില്ല. മാത്തുക്കുട്ടി നഴ്‌സായ ഭാര്യയുടെ ശബളം കൊണ്ട്‌ കഴിയുന്ന ഒരു `ഹൗസ്‌ ഹസ്‌ബന്റാണ്‌'. ഭാര്യയുടെ ശബളം കൊണ്ട്‌ കഴിയേണ്ടി വരുന്ന എല്ലാ ഹൗസ്‌ ഹസ്‌ബന്റ്‌സിന്റെയും പ്രശ്‌നങ്ങള്‍ മാത്തുക്കുട്ടിക്കുമുണ്ട്‌.

പക്ഷെ മറ്റുള്ളവരില്‍ നിന്നും മാത്തുക്കുട്ടി വ്യത്യസ്‌തനാകുന്ന ഒരുകാര്യമുണ്ട്‌. മറ്റുള്ളവര്‍ അന്യനാട്ടില്‍ സെറ്റില്‍ ചെയ്‌ത്‌ അവിടെയുള്ള ജീവിതം സ്വന്തമാക്കിയവരാണെങ്കില്‍ മാത്തുക്കുട്ടി ഇപ്പോഴും മനസുകൊണ്ട്‌ വിദേശത്ത്‌ എത്തിയിട്ടില്ല. അയാള്‍ ഇപ്പോഴും കേരളത്തിലെ പത്തനംതിട്ടക്കാരന്‍ തന്നെയാണ്‌. കുറച്ചു ദിവസം ഭാര്യയില്‍ നിന്നും രക്ഷപെടാനും പിന്നെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം സ്വന്തം നാട്‌ കാണാന്‍ കഴിയുമെന്നതിനാലും മാത്തുക്കുട്ടി മോഹന്‍ലാലിനെ എത്തിക്കുവാന്‍ നാട്ടിലേക്ക്‌ തിരിക്കുന്നു.

എന്നാല്‍ ജര്‍മ്മനി എന്ന്‌ കേട്ടാലൊന്നും മോഹന്‍ലാല്‍ പോയിട്ട്‌ കുഞ്ചാക്കോ ബോബന്‍ പോലും വരാന്‍ പോകുന്നില്ല എന്ന്‌ മാത്തുക്കുട്ടി അറിയുന്നത്‌ മോഹന്‍ലാലിനെ നേരിട്ട്‌ കാണുമ്പോഴാണ്‌. അങ്ങനെ മാത്തുക്കുട്ടി പത്തനംതിട്ടയിലെ പ്ലാങ്കമണ്ണിലേക്ക്‌ തിരിക്കുന്നു. അവിടെ കുറച്ച്‌ദിവസങ്ങള്‍ താമസിക്കാനാണ്‌ മാത്തുക്കുട്ടിക്ക്‌ ആഗ്രഹം.

തുടര്‍ന്നാണ്‌ രഞ്‌ജിത്ത്‌ ചിരിപ്പിക്കുന്ന ഇടക്ക്‌ നമ്മുടെ കണ്ണ്‌ നനയിക്കുന്ന മനോഹരമായ ജീവിതങ്ങള്‍ തുറന്നിടുന്നത്‌. ഏതൊരു പ്രവാസിക്കുമെന്ന പോലെ മാത്തുക്കുട്ടിക്കുമുണ്ടായിരുന്നു ഒരു കഥ. അയാള്‍ക്ക്‌ ഒരു നഷ്‌ടപ്രണയമുണ്ട്‌ നാട്ടില്‍. മാത്തുക്കുട്ടിയുമായുള്ള പ്രണയ പരാജയത്തില്‍ ഇപ്പോഴും വിവാഹിതയാവാതെ നില്‍ക്കുന്ന റോസി. മകളെ വഞ്ചിച്ചവനെങ്കിലും മാത്തുക്കുട്ടിയോട്‌ ഉള്ളുനിറയെ സ്‌നേഹവുമായി കാത്തിരിക്കുന്ന റോയിയുടെ അമ്മ. മാത്തുക്കുട്ടിയോ തീര്‍ത്താല്‍ തീരാത്ത പകയും പേറി ഇരട്ടക്കുഴല്‍ തോക്കുമായി നടക്കുന്ന കുഞ്ചെറിയ. ഏറെ ഗ്രാമീണ നന്മയുമായി എല്ലാവരെയും സ്‌നേഹിക്കുന്ന തോമസ്‌ മാഷും എല്‍.ഐ.സി ഏജന്റ്‌ കുഞ്ഞുമോളും. പഴയ സുഹൃത്ത്‌ വന്നതിന്റെ സന്തോഷത്തില്‍ മറ്റെല്ലാ ജോലികളും മാറ്റിവെച്ച്‌ മാത്തുക്കുട്ടിക്കൊപ്പം കൂടുന്ന ആനന്ദന്‍. അങ്ങനെ നിരവധി കഥാപാത്രങ്ങള്‍.

ഒരു കാര്യം ലേഖകന്‍ ഉറപ്പ്‌ തരാം. ഇത്രയും സത്യസന്ധവും ഉള്‍കാമ്പ്‌ നിറഞ്ഞതും എന്നാല്‍ ലളിതവുമായ കഥാപാത്രങ്ങള്‍ മാത്തുക്കുട്ടിയില്‍ മാത്രമേ സമീപകാല സിനിമയില്‍ നിങ്ങള്‍ കാണുകയുള്ളു. മലയാള സിനിമയെന്നാല്‍ കാമറ ഗിമ്മിക്കുകള്‍ കാണിക്കുന്ന മെട്രോ കൊച്ചിപ്പടങ്ങള്‍ മാത്രമല്ല എന്ന്‌ ഉറപ്പിക്കുകയാണ്‌ രഞ്‌ജിത്ത്‌. അത്രത്തോളം മലയാളിത്വമുണ്ട്‌ ഈ സിനിമക്ക്‌.

രാജമാണിക്യത്തില്‍ തിരുവനന്തപുരം ഭാഷ അവതരിപ്പിച്ച, ബിഗ്‌ ബിയില്‍ കൊച്ചിഭാഷ അവതരിപ്പിച്ച, പ്രാഞ്ചിയേട്ടനില്‍ തൃശ്ശൂര്‍ ഭാഷയില്‍ കസറിയ മമ്മൂട്ടി മാത്തുക്കുട്ടിയില്‍ പത്തനംതിട്ടയുടെ വാമൊഴി വഴക്കത്തെ കൂട്ടുപിടിച്ചിരിക്കുന്നു. `ഓ പിന്നെ', `അതാണതിന്റെയൊരു ഇത്‌' തുടങ്ങിയ പത്തനംതിട്ടയിലെ ഭാഷാ ശീലുകള്‍ രഞ്‌ജിത്ത്‌ കൃത്യമായ നിരീക്ഷണത്തിലൂടെ മമ്മൂട്ടിയുടെ ഡയലോഗുകളില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. പത്തനംതിട്ടയിലെ പ്ലാങ്കമണ്‍ ഭാഗത്താണ്‌ ചിത്രത്തിന്റെ കഥ നടക്കുന്നത്‌. അവിടുത്തെ ഗ്രാമവഴികളും പ്രാദേശികതയും അവിടെ ചെന്നെത്തി തന്നെ രഞ്‌ജിത്ത്‌ പകര്‍ത്തിയിട്ടുണ്ട്‌. തീര്‍ത്തും പത്തനംതിട്ടകാര്‍ക്ക്‌ വേറിട്ടൊരു അനുഭവം സമ്മാനിക്കും കടല്‍ കടന്നൊരു മാത്തുക്കുട്ടി.

പ്രവാസി മലയാളിയുടെ പൊങ്ങച്ചങ്ങളേയും മാത്തുക്കുട്ടിയില്‍ രഞ്‌ജിത്ത്‌ കളിയാക്കുന്നുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഏതോ എയര്‍പോര്‍ട്ടില്‍ വെച്ച്‌ ഷേയ്‌ക്ക്‌ ഹാന്‍ഡ്‌ കൊടുത്തിട്ടുള്ള സിനിമാതാരം ദിലീപ്‌ ഇന്നും തന്നെ ഓര്‍ത്തിരിക്കുമെന്ന്‌ കരുതുന്ന ജര്‍മ്മന്‍കാരന്‍ ഏബ്രഹാം ഇത്തരത്തിലൊരു കഥാപാത്രമാണ്‌.

നാട്ടില്‍ നിന്നും വിട്ടുപോരാതെ ഒപ്പം ശേഷിക്കുന്ന പ്രവാസിയുടെ സ്വത്വബോധമാണ്‌ രഞ്‌ജിത്തിന്റെ സിനിമയുടെ കാമ്പ്‌. അതുകൊണ്ട്‌ തന്നെ കടല്‍ കടന്നൊരു മാത്തുക്കുട്ടി തികച്ചും പ്രവാസിയുടെ സിനിമയാകുന്നു. കേരളത്തില്‍ താമസിക്കുന്ന മലയാളിയേക്കാള്‍ മാത്തുക്കുട്ടിയെ ആസ്വദിക്കാന്‍ കഴിയുക പ്രവാസിയായ മലയാളിക്കായിരിക്കും. കേരളത്തിലേക്ക്‌ വലപ്പോഴുമെത്തുന്ന പ്രവാസിയെ ഞെട്ടിക്കുന്ന തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും സറ്റയര്‍ കാഴ്‌ചകളിലൂടെയാണ്‌ മാത്തുക്കുട്ടിയുടെ കഥ പുരോഗമിക്കുന്നത്‌. അതുകൊണ്ടു തന്നെ ചിരിക്കുള്ള നിരവധി മരുന്നുകള്‍ ചിത്രങ്ങള്‍ ഒരുക്കിവെച്ചിട്ടുണ്ട്‌ രഞ്‌ജിത്ത്‌.

മമ്മൂട്ടി എന്നത്തെയും പോലെ മികച്ചതാക്കി എന്നു മാത്രമേ പറയാനുള്ളു. പത്തനംതിട്ടക്കാരന്‍ പ്രവാസിയായി മമ്മൂട്ടു നൂറു ശതമാനം മാറിയിരിക്കുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും കൃത്യമായിട്ടാണ്‌ രഞ്‌ജിത്ത്‌ തിരഞ്ഞെടുത്തിരിക്കുന്നത്‌. പി.ബാലചന്ദ്രനും, ടിനി ടോമും, മീരാനന്ദനുമെല്ലാം മികച്ച അഭിനയം തന്നെ ചിത്രത്തില്‍ നല്‍കിയിരിക്കുന്നു. അതിഥിതാരങ്ങളായി മോഹന്‍ലാലും, ദിലീപുമെല്ലാം ചിത്രത്തില്‍ എത്തുന്നുണ്ട്‌. ഷഹബാസ്‌ അമന്റെ സംഗീതവും മികച്ചത്‌ തന്നെ. എല്ലാംകൊണ്ടും മലയാളത്തിന്റെ താളമുള്ള നല്ലൊരു ജീവിത ചിത്രമാകുന്നു കടല്‍കടന്നൊരു മാത്തുക്കുട്ടി.
'കടല്‍ കടന്നൊരു മാത്തുക്കുട്ടി'  വിദേശ മലയാളി ഒഴിവാക്കരുത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക