Image

കേസന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ വിചാരണ ബഹിഷ്‌കരിക്കും : എ. രാജ

Published on 30 September, 2011
കേസന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ വിചാരണ ബഹിഷ്‌കരിക്കും : എ. രാജ
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ സി.ബി.ഐ കേസന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ വിചാരണ ബഹിഷ്‌കരിക്കുമെന്ന് മുന്‍ ടെലികോംമന്ത്രി എ. രാജ.

അന്വേഷണം പൂര്‍ത്തിയാക്കിയെന്ന് അറിയിക്കുന്നതു വരെ വിചാരണയില്‍ നിന്നു വിട്ടു നില്‍ക്കുമെന്ന് രാജയുടെ അഭിഭാഷകന്‍ സുശീല്‍കുമാര്‍ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ഒ.പി. സെയ്‌നിയെ അറിയിച്ചു. രാജയ്ക്കും മറ്റുരണ്ട് പ്രതികള്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 409 വകുപ്പു പ്രകാരം ജീവപര്യന്തം ശിക്ഷവരെ ലഭിക്കാവുന്ന കുറ്റം ചുമത്തണമെന്ന് പ്രത്യേക കോടതിമുമ്പാകെ സി.ബി.ഐ. കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ടെലികോം കമ്പനികളുടെ ഓഹരിവില്‍പ്പന സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചത് അന്നത്തെ ധനമന്ത്രി പി. ചിദംബരമാണെന്നും അദ്ദേഹത്തെ സാക്ഷിയാക്കി കോടതിയില്‍ വിളിപ്പിക്കണമെന്നും രാജ ആവശ്യപ്പെട്ടിരുന്നു. കേസില്‍ ഇന്ന് തുടര്‍വാദം നടന്നപ്പോഴാണ് രാജയുടെ തീരുമാനം അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

രാജയ്ക്കുപുറമെ അദ്ദേഹത്തിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെ ചന്ദോലിയ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹുറ എന്നിവര്‍ക്കെതിരെയും 409-ാം വകുപ്പുപ്രകാരം വിശ്വാസവഞ്ചനക്കുറ്റം ചുമത്തണമെന്ന് സി.ബി.ഐക്കുവേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ യു.യു. ലളിത് ആവശ്യപ്പെട്ടിട്ടുണ്ട്. ഡി.എം.കെ എം.പി. കനിമൊഴി ഉള്‍പ്പെടെ കേസിലെ മറ്റെല്ലാ പ്രതികള്‍ക്കെതിരെയും ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം (ഐ.പി.സി 120 ബി) ചുമത്തണമെന്നും പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ഒ.പി. സെയ്‌നി മുമ്പാകെ ലളിത് ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് ഇനി ഒക്ടോബര്‍ 7-നാണ് വീണ്ടും പരിഗണിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക