പ്രണയത്തിന്റെ ഏപ്രില്‍ (കവിത) - റജീസ് നെടുങ്ങാടപ്പള്ളി

ക്രൂരമെന്ന്
ഏപ്രില്‍മാസത്തെ
അടച്ചാക്ഷേപിക്കാനിന്നുമുതല്‍
ആര്‍ക്കും അവകാശമില്ല;
കാരണങ്ങള്‍ -:
എം) ദൈവം പോലുമറിയാതെ
നിലാവിന്റെ ഘനിച്ച പ്രണയ ഹൃദയത്തെ
കടഞ്ഞെടുത്തെനിക്ക് കടം തന്ന മാസം
ഇ) ആകാശം പോലുമറിയാതെ
പ്രണയ മണ്‍സൂണ്‍പ്പെയ്ത്തിനായി
സമുദ്ര മനസ്സിനെ മേഘീകരിക്കുന്ന മാസം
ആര്‍ ) മരം പോലുമറിയാതെ
ഇലയും പൂവും കായുമായി
കാമ ഭൗമത്തിനെ പച്ചകുത്തിക്കുന്ന മാസം
ഐ) പൂരഭരണിയുടെ കുംഭമേളത്തില്‍
ജൈനമുനിയായി നീയെന്നില്‍
ശിവനര്‍ത്തനമാടുന്ന നാഗമാസം
എന്‍ ) പ്രണയ ടൈറ്റാനിക്കിന്
പ്രപഞ്ചത്തിന്റെ കൊടുമുടിയില്‍
സപ്രമഞ്ചമൊരുക്കിയ പവിഴപ്പുറ്റിന്റെ മാസം
എല്ലാ പ്രണയ നിര്‍വ്വചനങ്ങള്‍ക്കും
ക്ലാവ് പിടിക്കുന്നുവെന്നും
പ്രണയത്തിന്റെ സസ്യനേഴ്സറിയില്‍
എല്ലാ ഓര്‍ക്കിഡ് ആന്തൂറിയങ്ങളും മൊട്ടിടുന്നുവെന്നും
ഒച്ചിഴയും വേഗത്തിലേ വിങ്ങുന്ന-
പ്രണയം സഞ്ചരിക്കൂവെന്നും
വിയര്‍ത്തൊട്ടി
നീയെന്നോട് വാത്സ്യായനഭാവത്തില്‍
മന്ത്രിച്ചമാസം
Facebook Comments