Image

സിബിമലയിലും ബി. ഉണ്ണിക്കൃഷ്ണനും രാജിവെച്ചു

Published on 23 September, 2011
 സിബിമലയിലും ബി. ഉണ്ണിക്കൃഷ്ണനും  രാജിവെച്ചു
കൊച്ചി: ഫെഫ്ക പ്രസിഡന്റ് സിബി മലയിലും ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണനും തല്‍സ്ഥാനങ്ങള്‍ രാജിവെച്ചു. കൊച്ചിയില്‍ നടക്കുന്ന ഫെഫ്ക സ്‌പെഷല്‍ കണ്‍വെന്‍ഷനിലാണ് ഇരുവരും രാജി പ്രഖ്യാപിച്ചത്. ഈ മാസം 26 ന് നടക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗം വരെ ഇരുവരോടും പദവികളില്‍ തുടരാന്‍ യോഗം നിര്‍ദേശിച്ചിട്ടുണ്ട്. നവംബര്‍ ഒന്നു മുതല്‍ ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടന പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഫെഫ്ക തൊഴിലാളി സംഗമം വിളിച്ചുകൂട്ടിയത്.

കരാര്‍ ലംഘിച്ച് തൊഴിലാളി വേതനം വര്‍ധിപ്പിച്ചു എന്ന നിര്‍മാതാക്കളുടെ വാദം ശരിയല്ലെന്ന് ഫെഫ്ക ഉന്നത ഭാരവാഹികള്‍ പറയുന്നു. ഫെഫ്ക രൂപവത്കൃതമായതിനുശേഷം ഇത് മൂന്നാമത്തെ തവണയാണ് പല കാരണങ്ങളാല്‍ നിര്‍മാതാക്കളുടെ സംഘടന ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. യഥാര്‍ഥത്തില്‍ തമിഴ്‌സിനിമാരംഗത്ത് മാത്രമേ ഇപ്പോള്‍ വേതന പ്രശ്‌നം നിലവിലുള്ളൂ എന്നും അവര്‍ പറയുന്നു.

ഫെഫ്കയില്‍ അംഗങ്ങളായ ഡയറക്ടേഴ്‌സ് യൂണിയന്‍ മുതല്‍ സിനിമ പ്രൊഡക്ഷന്‍ ബോയ് വരെയുള്ളവരുടെ 16 യൂണിയനുകളും വെള്ളിയാഴ്ചത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് സംഘടനയുടെ കോര്‍ കമ്മിറ്റി ചേരും. നിര്‍മാതാക്കളുടെ സമരത്തില്‍ തുടര്‍ന്ന് ഫെഫ്കയുടെ നിലപാട് പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ഫെഫ്കയില്‍ നിലവില്‍ 4500 ഓളം അംഗങ്ങളാണുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക