Image

ആലുങ്ങല്‍ മുഹമ്മദിന് ഒഐസി അവാര്‍ഡ്

Published on 21 February, 2013
ആലുങ്ങല്‍ മുഹമ്മദിന് ഒഐസി അവാര്‍ഡ്
ക്വാലാലമ്പൂര്‍: ഒഐസി രാജ്യങ്ങളില്‍ കഴിവു തെളിയിച്ച വ്യവസാസംരംഭകര്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിന് ഈ വര്‍ഷം സൗദിയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായി ആലുങ്ങല്‍ മുഹമ്മദ് അര്‍ഹനായി.

ആരോഗ്യ മേഖലയില്‍ ചുരുങ്ങിയ ചെലവില്‍ ഉന്നത നിലവാരമുള്ള സേവനം നല്‍കുവാന്‍ അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ സേവവനം പരിഗണിച്ചാണ് അവാര്‍ഡ്.

ഒഐസി രാജ്യങ്ങളുടെ ഏറ്റവും വലിയ വിദ്യാഭ്യാസ സംരംഭമായ അന്താരാഷ്ട്ര ഇസ് ലാമിക് യൂണിവേഴ്‌സിറ്റി, മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, ഒഐസി ടുഡേ മാഗസിന്‍ എന്നിവര്‍ സംയുക്തമായി ഫെബ്രുവരി 26ന് ക്വാലാലമ്പൂര്‍ അന്താരാഷ്ട്ര സര്‍വകലാശാല ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മലേഷ്യന്‍ ഡെപ്യൂട്ടി ഹെല്‍ത്ത് മിനിസ്റ്റര്‍ ദത്തു റോസ്‌ന അബ്ദുള്‍ റഷീദ് ഷിര്‍ലിന്‍ പുരസ്‌കാരം സമ്മാനിക്കും.

ചടങ്ങില്‍ യൂണിവേഴ്‌സിറ്റി റെക്ടര്‍ ദത്തുക് ഡോ. സാലിഹ കമറുദ്ദീന്‍, മലേഷ്യ ഡിപ്പാര്‍ട്ട് എഫ് നാഷണല്‍ യൂണിറ്റി ആന്‍ഡ് ഇന്റഗ്രേഷന്‍ ഡയറക്ടര്‍ ദത്തു അസ്മാന്‍ ബന്‍ ഹസന്‍, ഇറ്റലി അംബാസിഡര്‍ ഫോല്‍ക്ക ലൂക്ക ഗബ്രിയേല്‍, ഒഐസി ഡുഡേ എഡിറ്റര്‍ ദത്തു രാജ മുഹമ്മദ് അബ്ദുള്ള, വിവിധ രാജ്യങ്ങളുടെ അംബാസിഡര്‍മാര്‍, മലേഷ്യന്‍ ഗവ. ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാര്‍, അന്താരാഷ്ട്ര മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

സൗദിയില്‍നിന്ന് കിംഗ്ഡം ഹോള്‍ഡിംഗ് തലവന്‍ പ്രിന്‍സ് വലീദ് ബിന്‍ തലാല്‍, ഐഡിബി പ്രസിഡന്റ് ഡോ. മുഹമ്മദ് അലി അല്‍ മദനി എന്നിവര്‍ക്കാണ് നേരത്തെ ഇത്തരത്തില്‍ ഒഐസി അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.

ആലുങ്ങല്‍ മുഹമ്മദ് 1999 ല്‍ സൗദി ആസ്ഥാനമായി ആരംഭിച്ച മെഡിക്കല്‍ ഗ്രൂപ്പ് ഇന്ന് വര്‍ഷം പ്രതി കാല്‍ക്കോടി രോഗികള്‍ക്ക് ഏറ്റവും ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ മികച്ചതും ചെലവു ചുരങ്ങിയതുമായ പരിചരണം നല്‍കുന്നു. 

മെഡിക്കല്‍ രംഗത്ത് ഇന്ത്യയില്‍നിന്നുള്ള ആദ്യ സ്വകാര്യ സംരംഭങ്ങളിലൊന്നായ അല്‍ അബീര്‍ ഗ്രൂപ്പ് അയ്യായിരം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ബൃഹത് സംരംഭമായി മാറിയിട്ടുണ്ട്.

എഴുപതുകൊള്‍ തൊട്ട് ഇന്ത്യയില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിലെ ഏറ്റവും വിജയകരമായ ബിസിനസ് സംരംഭങ്ങളിലൊന്നായി അല്‍ അബീറിനെ മാറ്റുന്നതില്‍ ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദിന്റെ സമര്‍പ്പണവും വീക്ഷണവുമാണെന്ന് അവാര്‍ഡ് പ്രഖ്യാപിച്ച് ഒഐസി ടുഡേ ചീഫ് എഡിറ്റര്‍ ദത്തു മുഹമ്മദ് രാജ അബ്ദുള്ള പറഞ്ഞു.

വാഷിംഗ്ടണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഹെല്‍ത്ത് കെയര്‍ എംബിഎ കരസ്ഥമാക്കിയ ആലുങ്ങല്‍ മുഹമ്മദിനു കീഴില്‍ മലപ്പുറം ആസ്ഥാനമായി അല്‍ അബീര്‍ എജ്യൂസിറ്റിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിന്‍, മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, മെല്‍ബണ്‍ യൂണിവേഴ്‌സിറ്റി ഓസ്‌ട്രേലിയ തുടങ്ങി അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളുടെ പിന്തുണയോടെ സ്ഥാപിക്കുന്ന ആരോഗ്യ സമുച്ചയം പ്രവാസികള്‍ക്ക് ഏറെ നിക്ഷേപാവസരണങ്ങള്‍ ഒരുക്കുന്നതാണ്.

ഒഐസി രാജ്യങ്ങളില്‍ മികവു തെളിയിച്ച ഹെല്‍ത്ത് ശൃംഖലയെ മലേഷ്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണെ്ടന്ന് പരിപാടിയുടെ സംഘാടകന്‍കൂടിയായ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാഷണല്‍ യൂണിറ്റി ആന്‍ഡ് ഇന്റഗ്രേഷന്‍ ഡയറക്ടര്‍ ദത്തു അസ്മാന്‍ ബിന്‍ ഹസന്‍ പറഞ്ഞു.

സൗദി അറേബ്യ, ഇന്ത്യ എന്നിവയ്ക്ക് പുറമെ വിവിധ രാജ്യങ്ങളില്‍ അല്‍ അബീര്‍ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആദ്യപടിയായി ഒമാനില്‍ അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യവും വിശ്വാസ്യതയുള്ള അല്‍ അബീര്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മലേഷ്യയിലെ ആരോഗ്യപാലന രംഗത്ത് മുതല്‍ക്കൂട്ടാവുമെന്ന് ഐക്യരാഷ്ട്ര സഭ സന്നദ്ധ സംഘടനയായ ഐഎഇഡബ്ല്യുപി അധ്യക്ഷയും അവാര്‍ഡ് കമ്മിറ്റി അംഗവുമായി പ്രഫ. ഡോ. ഷരീഫ സബ്രീന അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക