Image

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ നോര്‍ത്ത്‌ സൗത്ത്‌ ഫൗണ്ടേഷന്‍ 1500 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 13 September, 2011
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ നോര്‍ത്ത്‌ സൗത്ത്‌ ഫൗണ്ടേഷന്‍ 1500 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു
ഷിക്കാഗോ: കഴിഞ്ഞ 22 വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത്‌ പ്രവര്‍ത്തിച്ചുവരുന്ന നോര്‍ത്ത്‌ സൗത്ത്‌ ഫൗണ്ടേഷന്‍ ഇന്ത്യയിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കായി 2011-12 അദ്ധ്യയന വര്‍ഷത്തേക്ക്‌ 1500 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാന്‍ തീരുമാനിച്ചു. ഇതില്‍ 600 സ്‌കോളര്‍ഷിപ്പുകള്‍ ആദ്യവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായും 900 സ്‌കോളര്‍ഷിപ്പുകള്‍ മുന്‍വര്‍ഷങ്ങളില്‍ നല്‍കിയവ തുടര്‍ന്ന്‌ നല്‍കുന്നതിനായും മാറ്റിവെച്ചിരിക്കുകയാണ്‌.

എന്‍ജിനീയറിംഗ്‌, മെഡിസിന്‍, ഡെന്റിസ്‌ട്രി, വെറ്ററിനറി സയന്‍സ്‌, ഫാര്‍മസി, അഗ്രിക്കള്‍ച്ചറല്‍, നഴ്‌സിംഗ്‌ എന്നീ വിഷയങ്ങളില്‍ ഡിപ്ലോമയോ. ബിരുദമോ തലത്തില്‍ അഡ്‌മിഷന്‍ നേടിയവര്‍ക്ക്‌ മാത്രമേ സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹതയുള്ളൂ. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രതിവര്‍ഷം 12,000 രൂപ വരേയും, ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ക്ക്‌ 5000 രൂപ വരേയുമാണ്‌ സ്‌കോളര്‍ഷിപ്പ്‌ തുക. അപേക്ഷകര്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ പരീക്ഷയിലോ പ്രവേശന പരീക്ഷയിലോ ഉയര്‍ന്ന പത്ത്‌ ശതമാനത്തിനകമുള്ള മാര്‍ക്കോ, റാങ്കോ നേടിയിരിക്കണം.

കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ 40,000 രൂപയിലും നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ 60,000 രൂപയിലും കവിയാന്‍ പാടില്ല.

അപേക്ഷാഫോറം ഫൗണ്ടേഷന്റെ www.northsouth.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌. വെബ്‌സൈറ്റില്‍ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യവുമുണ്ട്‌. നിര്‍ദ്ദിഷ്‌ട രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ സെപ്‌റ്റംബര്‍ 30-നകം ലഭിച്ചിരിക്കണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന 20 ചാപ്‌റ്ററുകള്‍ക്കാണ്‌ അപേക്ഷകള്‍ സ്വീകരിക്കുന്നതിന്റേയും സ്‌കോളര്‍ഷിപ്പ്‌ വിതരണത്തിന്റേയും ചുമതല. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കൊച്ചി ചാപ്‌റ്റര്‍ കോര്‍ഡിനേറ്ററുടെ വിലാസത്തിലാണ്‌ അപേക്ഷകള്‍ അയയ്‌ക്കേണ്ടത്‌. (വിലാസം: ശ്രീ. ടി.യു.കെ. മേനോന്‍, ചിപ്‌സ്‌ സോഫ്‌റ്റ്‌ വെയര്‍ സിസ്റ്റംസ്‌, സാഹിത്യ പരിഷത്ത്‌ ബില്‍ഡിംഗ്‌, ഫസ്റ്റ്‌ ഫ്‌ളോര്‍, ഹോസ്‌പിറ്റല്‍ റോഡ്‌, കൊച്ചി 682018). തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പ്‌ അര്‍ഹത ഉറപ്പാക്കാനായി നടത്തുന്ന കൂടിക്കാഴ്‌ചയിലും പങ്കെടുക്കേണ്ടതാണ്‌.

ആന്ധ്രാ നിവാസിയും, ഷിക്കാഗോ നിവാസിയുമായ ഡോ. രത്‌നം ചിറ്റൂരിയാണ്‌ 1989-ല്‍ നോര്‍ത്ത്‌ സൗത്ത്‌ ഫൗണ്ടേഷന്‍ സ്ഥാപിച്ചത്‌. അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിദ്യാഭ്യാസത്തില്‍ മികവ്‌ പുലര്‍ത്താന്‍ സഹായിക്കുക, ഇന്ത്യയിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉന്നതപഠനത്തിന്‌ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ ഉന്നമിട്ടാണ്‌ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്‌.

അമേരിക്കയിലെ 75 ചാപ്‌റ്ററുകളിലായി എട്ടു വിഷയങ്ങളില്‍ നടത്തുന്ന പ്രാദേശിക വിദ്യാഭ്യാസ മത്സരങ്ങളിലും പരിശീലന ക്ലാസുകളിലും 12,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്‌. പ്രാദേശിക മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്കുവേണ്ടി ഉന്നത യൂണിവേഴ്‌സിറ്റികളില്‍ വച്ച്‌ നടത്തുന്ന ദേശീയ മത്സരങ്ങളില്‍ ആയ്യായിരത്തോളം വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും പങ്കെടുക്കുന്നു.

കഴിഞ്ഞ നാല്‌ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഫൗണ്ടേഷന്റെ വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലെ വിഖ്യാതമായ സിപ്‌സ്‌ നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‍ഷിപ്പ്‌ നേടിയെന്നത്‌ നോര്‍ത്ത്‌ സൗത്ത്‌ ഫൗണ്ടേഷന്റെ പ്രവര്‍ത്തനമികവിനുള്ള സാക്ഷ്യപത്രമാണ്‌. ആയിരത്തോളം വരുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ്‌ ഫൗണ്ടേഷന്റെ വിജയരഹസ്യം.

ഇന്ത്യയില്‍ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നതോടൊപ്പം അമേരിക്കന്‍ മാതൃകയിലുള്ള വിദ്യാഭ്യാസ മത്സരങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ഫൗണ്ടേഷന്‌ പദ്ധതിയുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫൗണ്ടേഷന്റെ വെബ്‌സൈറ്റ്‌ (www.northsouth.org) സന്ദര്‍ശിക്കുകയോ, nsfindiascholarships@gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ അയയ്‌ക്കുകയോ ചെയ്യുക. ബോര്‍ഡ്‌ മെമ്പര്‍ പ്രസന്നന്‍ പിള്ള ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ നോര്‍ത്ത്‌ സൗത്ത്‌ ഫൗണ്ടേഷന്‍ 1500 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക