Image

ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവുവിന്‌ ശ്രീ ചിത്തിര തിരുനാള്‍ പുരസ്‌ക്കാരം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 13 September, 2011
ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവുവിന്‌ ശ്രീ ചിത്തിര തിരുനാള്‍ പുരസ്‌ക്കാരം
തിരുവനന്തപുരം: അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവുവിന്‌ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ അവാര്‍ഡ്‌ 2011 നല്‍കി ആദരിച്ചു. സെപ്‌തംബര്‍ മൂന്നാം തിയ്യതി തിരുവനന്തപുരം കേരള ഇന്റര്‍നാഷണല്‍ സെന്ററിന്റെ (കെ.ഐ.സി.) വാര്‍ഷികാഘോഷച്ചടങ്ങിനൊടനുബന്ധിച്ചായിരുന്നു അവാര്‍ഡ്‌ ദാനം.

ഐക്യരാഷ്ടസഭയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള പ്രസ്‌തുത സംഘടനയിലെ ആജീവനാന്ത അംഗങ്ങളായ ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എം. അനിരുദ്ധന്‍, മുന്‍ ജനറല്‍ സെക്രട്ടറി സണ്ണി വൈക്ലിഫ്‌, പത്‌നി ഡോ. ട്രീസ വൈക്ലിഫ്‌ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. തിരുവനന്തപുരം ടാജ്‌ ഹോട്ടലില്‍ സംഘടിപ്പിച്ച വാര്‍ഷികാഘോഷത്തില്‍ വെസ്റ്റ്‌ ബംഗാള്‍ ഗവര്‍ണ്ണര്‍ എം.കെ. നാരായണന്‍, അംബാസ്സഡര്‍ നിരുപമ റാവു എന്നിവരായിരുന്നു മുഖ്യാതിഥികള്‍.

ഉച്ചതിരിഞ്ഞ്‌ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലുള്ള ശ്രീ ചിത്തിര തിരുനാള്‍ ബോര്‍ഡിംഗ്‌ സ്‌കൂള്‍ അങ്കണത്തില്‍ വച്ച്‌ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ്‌ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂ ട്ട്‌ അവാര്‍ഡ്‌ നിരുപമ റാവുവിന്‌ നല്‍കിയത്‌. പ്രശസ്‌തി ഫലകവും ഒരു ലക്ഷം രൂപയുമടങ്ങുന്നതായിരുന്നു അവാര്‍ഡ്‌. കോഴിക്കോടുള്ള ഒരു കോണ്‍വെന്റിന്‌ അവാര്‍ഡ്‌ തുകയായ ഒരു ലക്ഷം രൂപയും നിരുപമ റാവു സംഭാവനയായി നല്‍കി. ഏകദേശം മൂവായിരത്തോളം പേര്‍ ചടങ്ങിന്‌ സാക്ഷ്യം വഹിച്ചു.

ഫൊക്കാന എന്ന മഹത്തായ പ്രസ്ഥാനം അമേരിക്കയിലും കേരളത്തിലും ചെയ്‌തുവരുന്ന അനേകം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഖിക്കപ്പെടേണ്ടതാണെന്ന്‌ അംബാസഡര്‍ നിരുപമ റാവു പറഞ്ഞു. അവാര്‍ഡ്‌ ദാനച്ചടങ്ങിനുശേഷം ഡോ. അനിരുദ്ധന്‍, സണ്ണി വൈക്ലിഫ്‌ എന്നിവരുമായി സംസാരിക്കുകയായിരുന്നു അവര്‍. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായി സ്ഥാനാരോഹണം ചെയ്‌ത നിരുപമ റാവുവിന്‌ ഫൊക്കാനയുടെ എല്ലാവിധ പിന്തുണയും സഹകരണവും രണ്ടുപേരും വാഗ്‌ദാനം ചെയ്‌തു.
ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവുവിന്‌ ശ്രീ ചിത്തിര തിരുനാള്‍ പുരസ്‌ക്കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക