Image

ജഡ്ജിക്കെതിരെ നല്‍കിയ പരാതിയില്‍ നിന്നും പിന്നോട്ടില്ല: പി.സി. ജോര്‍ജ്‌

Published on 12 September, 2011
ജഡ്ജിക്കെതിരെ നല്‍കിയ പരാതിയില്‍ നിന്നും പിന്നോട്ടില്ല: പി.സി. ജോര്‍ജ്‌
കൊച്ചി: പാമോയിന്‍ കേസ് പരിഗണിക്കുന്ന ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് നല്‍കിയ പരാതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് പി.സി. ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

പരാതി നല്‍കിയത് ചീഫ് വിപ്പ് എന്ന നിലയിലോ എം.എല്‍.എ എന്ന നിലയിലോ അല്ല. പൗരന്‍ എന്ന നിലയിലാണ് രാഷ്ട്രപതിക്ക് പരാതി നല്‍കിയത്. ഉമ്മന്‍ചാണ്ടിയോ വി.എസ് അച്യുതാനന്ദനോ എന്റെ മുന്നില്‍ കക്ഷിയല്ല. പിണറായി മുതലാളിയും അച്യുതാനന്ദന്‍ കാരണവരും പരാതി വായിക്കാതെയാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരാതിയില്‍ ജുഡീഷ്യറിക്കെതിരായി ഒന്നുമില്ല. കോടതിയെ അപമാനിക്കുന്നുവെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണ്. വിജിലന്‍സ് കോടതിയുടെ വിധിയെ ജസ്റ്റീസ് കൃഷ്ണയ്യര്‍, അഡ്വ.കാളീശ്വരാജ് തുടങ്ങിയവരെല്ലാം വിമര്‍ശിച്ചിരുന്നു.

എനിക്കെതിരെ കോടതിയലക്ഷ്യനോട്ടീസ് അയച്ചെന്ന വാര്‍ത്തകളുണ്ട്. എന്നാല്‍ എനിക്ക് ഇതേ വരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാമോയില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്ജി പി.കെ.ഹനീഫ അധികാരപരിധി ലംഘിക്കുന്നു എന്നാരോപിച്ചാണ് പി.സി. ജോര്‍ജ് പരാതി നല്‍കിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എച്ച്.കപാഡിയ, കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജെ.ചെലമേശ്വര്‍, തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് പയസ് സി.കുര്യാക്കോസ് എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പുകള്‍ നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക