എന്നാലിനിയൊരുകഥയുരചെയ്യാം
എന്നുടെ ഗുരുവരനരുളിയപോലെ
പുതുവല്‍സരമതുഘോഷിപ്പാനായ്
പൂതിയെടുത്തവര്‍ സംഘം കൂടി
പോയൊരുവത്സരമങ്ങനെപോയി
എങ്ങനെപോയി എങ്ങനെപോയി
കോണ്‍ഗ്രസ്സുമാറി സെനറ്റും മാറി
ബാരാക്കിന്നൊരുസെക്കന്‍ഡ്‌ടേമു
സൂപ്പര്‍സ്റ്റോമെന്നുള്ളൊരു പേരില്‍
സൂപ്പര്‍ഫാസ്റ്റായി എത്തിയ സാന്റി
തീരംതോണ്ടിയ തിരമാലകളും
കാളിരൂപം പൂണ്ടുവിറച്ചു
റോഡുകള്‍ മുങ്ങികാറുകളൊഴുകി
വീടുകള്‍ അനവധി കാറ്റില്‍ പോയി
സെയ്ഫാണെന്നു ധരിച്ചവരനവധി
ബേസ്‌മെന്റുകളില്‍ മുങ്ങിമരിച്ചു
സാന്റീ ഹുക്ക്എലിമെന്‍ട്രിസ്‌ക്കൂളില്‍
സാക്ഷരയ്ക്കായ് എത്തിയ പിള്ളേര്‍
ഭ്രാന്തന്‍നായെപ്പോലൊരു ഭ്രാന്തന്‍
പിച്ചിച്ചീന്തി അവരുടെ ജീവന്‍
തോക്കിന്‍ നിയമം മാറ്റിവരയ്ക്കാന്‍
തോന്നീടാനൊരു വെടിവഴിപാട്
ഹിസ്‌ക്കല്‍ ക്‌ളിഫില്‍ തൂങ്ങി തൂങ്ങി
ഇനിയും തൂങ്ങാന്‍ കയറേശരണം
എന്നാലിനിയോ നാട്ടില്‍ നോക്കാം
ഭാരതനാടോ സംഭവബഹുലം
നിശയുടെ നടുവില്‍ ഇന്ദ്രപ്രസ്ഥം
കാപാലികരുടെ താവളമാണേ
ബസുകാത്തങ്ങനെ നിന്നൊരു യുവതി
ബസുവന്നപ്പോള്‍ കൈകാണിച്ചു
അവളെ കയറ്റി ചിച്ചിചീന്തി
കാമഭ്രാന്തില്‍ ചെന്നായിക്കള്‍
ഭാരതരാജ്യം ഞെട്ടിവിറച്ചു
ജനലക്ഷങ്ങള്‍ തെരുവിലിറങ്ങി
നിയമം വേണം വരിയതുടയ്ക്കാന്‍
ഇനിയും ഈ അപമാനം വേണ്ട
പോയൊരുവത്സരമങ്ങനെപോയി
എങ്ങനെ പോയി എങ്ങനെ പോയി
കൊച്ചിക്കാരുടെ ദുരിതം മാറ്റാന്‍
കൊച്ചിന്‍ മെട്രോ, എന്നൊരു സ്വപ്നം
ഇന്നുവരുന്നേ നാളെ വരുന്നേ
എന്നും കേള്‍ക്കാം അങ്ങനെവാര്‍ത്ത
കമ്മീഷനായ് കടിപിടികൂടും
നേതാക്കന്‍മാര്‍ കോടികള്‍ മുക്കും
രാഷ്ട്രീയക്കാര്‍ ഡീറെയില്‍ ചെയ്യും
കൊച്ചിന്‍ മെട്രോ വെറുമൊരുസ്വപ്നം
കോഴിക്കിന്നൊരു മുല വന്നാലും
കൊച്ചിന്‍മെട്രോ വരുമെന്നില്ല
അമരത്തായി ശ്രീധരനുണ്ടേല്‍
കൊച്ചിന്‍ മെട്രോ സാധ്യമതാവും
ഇവിടുന്നൊരു മലയാളീസംഘം
നാട്ടില്‍ പോയൊരു ജാഥ നടത്തി
മതസൗഹാര്‍ദ്ദം പേരുപറഞ്ഞു
എംസി റോഡില്‍ നിരനിരയായി
അടിവച്ചടിവച്ചങ്ങനെ നീങ്ങി
ആള്‍ക്കൂട്ടത്തില്‍ നമ്പറുകണ്ടോ
ഹാരമണീനോര്‍ അണിയിക്കുന്നോര്‍
ഫോട്ടോഗ്രാഫര്‍ പാത്രക്കാരന്‍
രണ്ടോ മൂന്നോ ശിങ്കിടിമാരും
എണ്ണാനാണേല്‍ വിരലുകള്‍ മതിയേ
മതമൈത്രിക്കൊരു ക്ഷതമേല്‍ക്കാത്ത
കേരളമെന്തിനു സാക്ഷിയതായി
പ്രവാസികളുടെ പ്രശ്‌നം പോക്കാന്‍
കൊച്ചില്‍ വച്ചൊരു യോഗം കൂടി
മന്ത്രികളനവധി എംപിമാരും
നേതാക്കന്‍മാര്‍ച്ചറപറയാണേ
നമ്മള്‍ നല്‍കിയ മെമോറാണ്ഡം
ചവറിലെറിഞ്ഞാ മന്ത്രി പറന്നു
പ്രവാസിക്കായ് മന്ത്രിയതുണ്ടേ
പൃഷ്ടം താങ്ങാനാളേം കിട്ടും
പണമുള്ളോരാ പുംഗവശ്രേഷ്ഠന്‍
ഷൈന്‍ചെയ്യാനൊരു വേദിയതായി
പോയൊരു വത്സരമെങ്ങനെ പോയി
അങ്ങനെപോയി അങ്ങനെപോയി