Image

ഹയര്‍സെക്കന്ററി ഡയറക്ടറുടെ ദേഹത്ത്‌ കെ.എസ്‌.യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചു

Published on 05 February, 2013
ഹയര്‍സെക്കന്ററി ഡയറക്ടറുടെ ദേഹത്ത്‌ കെ.എസ്‌.യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചു
തിരുവനന്തപുരം: കെ.എസ്‌.യു പ്രവര്‍ത്തകര്‍ ഹയര്‍സെക്കന്ററി ഡയറക്ടറുടെ ദേഹത്തേക്ക്‌ കരി ഓയില്‍ ഒഴിച്ചു. പ്‌ളസ്‌ വണ്‍ ഫീസ്‌ വര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി ഡയറക്ടറുടെ ഓഫീസിലേക്ക്‌ തള്ളിക്കയറിയ പ്രവര്‍ത്തകര്‍ ഡയക്ടറുടെ ദേഹത്തേക്ക്‌ കരി ഓയില്‍ ഒഴിക്കുകയായിരുന്നു. മുദ്രവാക്യം വിളിച്ച്‌ ഓഫീസില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പൊലീസ്‌അറസ്റ്റു ചെയ്‌തു നീക്കി.

കെഎസ്‌യുവിന്റെ കൊടിയുമേന്തി എട്ടു പേരായിരുന്നു പ്രതിഷേധം നടത്തിയത്‌. ഡയറക്‌ടറെ ആദ്യം ഉപരോധിച്ച ഇവരുമായി എന്തിനാണ്‌ വന്നതെന്ന്‌ അന്വേഷിച്ച്‌ ചര്‍ച്ച നടത്താനും ഡയറക്‌ടര്‍ തയാറായിരുന്നു. ഓഫീസര്‍ക്ക്‌ മുന്നിലുള്ള കസേരയിലിരുന്ന്‌ അഞ്ച്‌ മിനിറ്റോളം ചര്‍ച്ച നടത്തിയ ശേഷം എഴുന്നേറ്റ പ്രവര്‍ത്തര്‍ കൈയ്യില്‍ കരുതിയിരുന്ന കരി ഓയില്‍ ഓഫീസറുടെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു. ഇതിനിടെ വിദ്യാര്‍ഥികളെ അനുനയിപ്പിച്ച്‌ പുറത്തിറക്കാന്‍ ശ്രമിച്ച ജീവനക്കാരെ ഇവര്‍ പിടിച്ചുതള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. മേശപ്പുറത്തിരുന്ന ഫയലുകളിലും കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളിലും കരി ഓയില്‍ വീണിട്ടുണ്‌ട്‌.

അതിനിടെ, പ്രാകൃതമായ രീതിയാണ്‌ നടന്നതെന്നും ഇതിലുള്‍പ്പെട്ടവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന നേതൃത്വത്തോട്‌ ആവശ്യപ്പെടുമെന്നും പി.സി വിഷ്‌ണുനാഥ്‌ എംഎല്‍എ പറഞ്ഞു. ഇത്തരം സമരങ്ങള്‍ കെഎസ്‌യുവിന്റെ രീതിയല്ല. ഈ പ്രവര്‍ത്തി ചെയ്‌തതോടെ അവര്‍ക്ക്‌ കെഎസ്‌യുക്കാരായി തുടരാന്‍ അര്‍ഹതയില്ലെന്നും വിഷ്‌ണുനാഥ്‌ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക