Image

ബംഗാളിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ 13കോടിയുടെ കവര്‍ച്ച

Published on 02 February, 2013
ബംഗാളിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ 13കോടിയുടെ കവര്‍ച്ച
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ദുര്‍ഗാപുരില്‍ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ നിന്ന് പട്ടാപ്പകല്‍ എട്ടംഗ സംഘം 13 കോടിരൂപയുടെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്തു.
കൊല്‍ക്കത്തയില്‍ നിന്ന് 200 കിലോ മീറ്റര്‍ അകലെയുള്ള പട്ടണത്തില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് സംഭവം. പ്രതികളില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ആരും അറസ്റ്റിലായിട്ടില്ല. 

വായ്പ എടുക്കാനെന്ന ഭാവേന രണ്ടു പേരാണ് ആദ്യം സ്ഥാപനത്തില്‍ എത്തിയത്.വായ്പയെടുക്കന്നതിനെക്കുറിച്ച് അന്വേഷിച്ച ഇവര്‍ പിന്നീട് ഫോണില്‍ മറ്റ് സംഘാഗങ്ങളെ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. ഓഫീസ് ജിവനക്കാരായ ഏഴു പേരടക്കം ഇരുപതോളം പേര്‍ ആ സമയത്ത് സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. ഓഫീസില്‍ കടന്ന സംഘം തോക്കു കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി. സുരക്ഷാ ഭടനില്‍ നിന്ന് തോക്ക് തട്ടിയെടുത്ത സംഘം അയാളെയും ചില ജീവനക്കാരെയും മര്‍ദിച്ചു.

ജീവനക്കാരെ കൊണ്ട് തന്നെ സ്‌ട്രോങ് റൂം തുറപ്പിച്ചാണ് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നത്. പിന്നീട് ജീവനക്കാരെ മുഴുവന്‍ സ്‌ട്രോങ് റൂമില്‍ അടച്ച ശേഷം സംഘം കടന്നു കളഞ്ഞു. കൃത്യമായി എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന് പറയാറായിട്ടില്ലെന്ന് മുത്തൂറ്റ് ഫിനാന്‍സ് കൊല്‍ക്കത്ത റീജ്യണല്‍ മാനേജര്‍ ജോര്‍ജ് കുരുവിള പറഞ്ഞു.
'ഓഡിറ്റിങ് നടന്നു വരികയാണ്. പണം കുറച്ചേ നഷ്ടപ്പെട്ടിട്ടുള്ളൂ. എന്നാല്‍ ഏകദേശം 13 കോടിയുടെ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം' കുരുവിള ചൂണ്ടിക്കാട്ടി.
ഓഫീസിലെ സിസിടിവി ക്യാമറകളും റെക്കോഡറുകളും സംഘം കൊണ്ടു പോയതിനാല്‍ കേസന്വേഷണം കൂടുതല്‍ ബുദ്ധിമുട്ടിലായി. ജിവനക്കാരുടെ മൊബൈല്‍ ഫോണുകളും പണവും സംഘം തട്ടിയെടുത്തു. പ്രൊഫഷണല്‍ സംഘമാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് സൂചന. പൊലീസിന്റെ പക്കലുള്ള സ്ഥലത്തെ പ്രധാന കവര്‍ച്ചാ സംഘത്തില്‍ പെട്ടവരുടെ ഫോട്ടോകളില്‍ നിന്ന് രണ്ടു പേരെ ജീവനക്കാര്‍ തിരിച്ചറിഞ്ഞതായി അഡീഷണല്‍ ഡപ്യൂട്ടി കമ്മീഷണര്‍ സുനില്‍ യാദവ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ കമറാത്തി ശാഖയിലും കവര്‍ച്ച നടന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക