Image

ലാവ്‌ലിന്‍ അഴിമതി : സത്യം പറഞ്ഞതിന് പി.ബിയില്‍ നിന്ന് പുറത്താക്കി: വി.എസ്

Published on 30 January, 2013
ലാവ്‌ലിന്‍ അഴിമതി : സത്യം പറഞ്ഞതിന് പി.ബിയില്‍ നിന്ന് പുറത്താക്കി: വി.എസ്

തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. എസ്.എന്‍.സി ലാവ്‌ലിന്‍ ഇടപാടില്‍ നടന്നത് അഴിമതി തന്നെയാണെന്ന് തുറന്നടിച്ച വി.എസ് ആ സത്യം പറഞ്ഞതിനാണ് തന്നെ പോളിറ്റ് ബ്യുറോയില്‍ നിന്നു പുറത്താക്കിയതെന്നും വ്യക്തമാക്കി. ലാവ്‌ലിന്‍ അഴിമതിയല്ലെങ്കില്‍ പിണറായി പ്രതിയാകുന്നതെങ്ങനെ? പിണറായി വ്യക്തിപരമായി സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നത് ഒരു സാക്ഷിയുടെ മാത്രം മൊഴിയാണ്. ഇക്കാര്യങ്ങള്‍ താന്‍ കേന്ദ്രകമ്മിറ്റിയില്‍ പറഞ്ഞിട്ടുണ്ട്. തന്റെ സെക്രട്ടറിമാരെ നീക്കുന്നത് തന്നെ ലക്ഷ്യമിട്ടുതന്നെയാണ്. സെക്രട്ടറിമാരെ നീക്കി പിണറായിയുടെ ആശ്രിതരെ നിയമിക്കാനാണ് ശ്രമം. വിശ്വാസമില്ലെങ്കില്‍ തന്നെ പുറത്താക്കൂവെന്ന വെല്ലുവിളിയും വി.എസ് നടത്തി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി.എസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചത്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് മുതല്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയ വി.എസ് ഒരുഘട്ടത്തില്‍ പിണറായി വിജയനെ ഡാങ്കേയോട് ഉപമിക്കുന്ന സ്ഥിതി വരെ എത്തി. ദേശീയ നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ നീക്കം നടത്തിയെങ്കിലും ടി.പി വധത്തില്‍ പാര്‍ട്ടിയ്ക്കുള്ള പങ്ക് ഉയര്‍ത്തിക്കാട്ടാന്‍ വി.എസ് ശ്രമം തുടര്‍ന്നു. അതിനിടെ, വി.എസിനെതിരെ ഭൂമിദാനക്കേസ് ഉയര്‍ന്നുവന്നു. കേസില്‍ കുടുക്കി തന്നെ പ്രതിപക്ഷ നേതൃത്വത്തില്‍ നിന്ന് ഒഴിവാക്കാന്‍ യുഡിഎഫിനൊപ്പം പാര്‍ട്ടിയിലെ ഒരു വിഭാഗവും നീക്കം നടത്തുന്നുവെന്ന് വി.എസ് തുറന്നടിച്ചു. ഭൂമിദാനക്കേസില്‍ വി.എസ് കുടുങ്ങില്ലെന്ന് വ്യക്തമായതോടെ പാര്‍ട്ടിയിലെ വാര്‍ത്താചോര്‍ത്തലിന്റെ പേരില്‍ വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്ന് വിശ്വസ്തരെ പുറത്താക്കി പകരം വീട്ടാന്‍ സംസ്ഥാന നേതൃത്വം ശ്രമിച്ചതോടെയാണ് സര്‍വ്വക്ഷമയും നശിച്ച് വി.എസ് പൊട്ടിത്തെറിച്ചിരിക്കുന്നത്. തനിക്കെതിരെ പി.കരുണാകരന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെയും വി.എസ് ഇന്നലെ തള്ളിപ്പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക