Image

കെ.എസ്.ആര്‍.ടി.സി ആയിരത്തോളം സര്‍വീസുകള്‍ റദ്ദാക്കി

Published on 29 January, 2013
കെ.എസ്.ആര്‍.ടി.സി ആയിരത്തോളം സര്‍വീസുകള്‍ റദ്ദാക്കി

കൊച്ചി: ഡീസല്‍വില വര്‍ധനയെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് 28 കോടി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഷെഡ്യൂള്‍ റദ്ദാക്കല്‍ ചൊവ്വാഴ്ചയും തുടര്‍ന്നു. സംസ്ഥാനത്തെ വിവിധ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലായി ആയിരത്തോളം സര്‍വീസുകള്‍ റദ്ദാക്കിയതായാണ് വിവരം. ഡീസല്‍, സ്‌പെയര്‍ പാര്‍ട്‌സ് ക്ഷാമത്തെ തുടര്‍ന്നാണ് വിവിധ സോണുകളില്‍ വ്യാപകമായി സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് കോര്‍പറേഷന്റെ  വിശദീകരണം. തിരുവനന്തപുരം സോണിന് കീഴില്‍ 270 ഓളം ഷെഡ്യൂളുകളും എറണാകുളം സോണിന് കീഴില്‍ 130 ഓളം ഷെഡ്യൂളുകളും ചൊവ്വാഴ്ച റദ്ദാക്കി.

എന്നാല്‍, തൃശൂര്‍, കോഴിക്കോട് സോണുകളില്‍ സര്‍വീസ് റദ്ദാക്കല്‍ നാമമാത്രമാണെന്നാണ് റിപ്പോര്‍ട്ട്. പ്രതിദിനം ആവശ്യമുള്ള 4.15 ലക്ഷം ലിറ്റര്‍ ഡീസലിന്റെ സ്ഥാനത്ത് നാലില്‍ ഒന്നുപോലും ഡിപ്പോകളില്‍ ലഭിക്കുന്നില്ല. സര്‍ക്കാര്‍ അനുവദിച്ച പണം ലഭിച്ചാലുടന്‍ എണ്ണക്കമ്പനികള്‍ക്ക് കൈമാറി ഡീസല്‍ ലഭ്യമാക്കാന്‍ നടപടി എടുക്കുമെന്ന് കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ അറിയിച്ചു. തുക രണ്ടുദിവസത്തിനകം ലഭിക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നല്‍കുന്ന സൂചന.

സര്‍ക്കാര്‍ അനുവദിക്കുന്ന പണം അടിയന്തരമായി ഈ മാസത്തെ ശമ്പളം നല്‍കാന്‍ ഉപയോഗിക്കണമെന്ന ആവശ്യവും കോര്‍പറേഷനില്‍ ശക്തമാണ്. സംസ്ഥാനത്ത് 140 കിലോമീറ്ററിലധികം വരുന്ന റൂട്ടുകളിലെല്ലാം സര്‍വീസ് നടത്താനുള്ള അവകാശം കെ.എസ്.ആര്‍.ടി.സിക്ക് മാത്രമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ ആര്‍.ടി ഓഫിസുകളില്‍ നടക്കുന്ന ഹിയറിങ്ങുകളില്‍ പങ്കെടുക്കാന്‍  കെ.എസ്.ആര്‍.ടി.സി അധികൃതര്‍ തയാറായിട്ടില്ല. ദിവസങ്ങളായി  ആര്‍.ടി.ഒ ഓഫിസുകളില്‍ ഇതുസംബന്ധിച്ച് ഹിയറിങ് നടക്കുകയാണ്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക