Image

ഡല്‍ഹി കൂട്ടബലാത്സംഗം: പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം അംഗീകരിച്ചു

Published on 28 January, 2013
ഡല്‍ഹി കൂട്ടബലാത്സംഗം: പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം അംഗീകരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന കൗമാരക്കാരന്റെ വാദം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗീകരിച്ചു. മറ്റൊരു പ്രതിയായ വിനയിന്റെ അപേക്ഷ സാകേത് കോടതി തള്ളി. പ്രായപൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു ഇയാളുടെയും വാദം. ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 

കേസിലെ ആറ് പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അവകാശപ്പെട്ടതിനെത്തുടര്‍ന്നാണ് ജുവനൈല്‍ ബോര്‍ഡിനു മുമ്പാകെ ഇയാളുടെ വിചാരണ നടന്നത്. സ്‌കൂള്‍ രേഖകള്‍ പ്രകാരം പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍മാരും ബോര്‍ഡ് മുമ്പാകെ അറിയിച്ചിരുന്നു. ഈ പ്രതിയാണ് മെഡിക്കല്‍വിദ്യാര്‍ഥിനിയോടും സുഹൃത്തിനോടും ഏറ്റവും ക്രൂരത കാട്ടിയതെന്ന് ഡല്‍ഹി പോലീസ് പറയുന്നു. 

പ്രതി മൂന്നാംക്ലാസ് വരെ പഠിച്ച യു.പി.യിലെ ഭവാനിപുരിലുള്ള സ്‌കൂളിലെ നിലവിലുള്ളതും മുന്‍പുണ്ടായിരുന്നതുമായ പ്രിന്‍സിപ്പല്‍മാരാണ് ഹാജരായത്. 2002ലാണ് പ്രതിയായ കുട്ടി സ്‌കൂളില്‍ ചേര്‍ന്നതെന്ന് അന്നത്തെ പ്രിന്‍സിപ്പല്‍ അറിയിച്ചു. 1995 ഏപ്രില്‍ ആറിനാണ് ഇയാള്‍ ജനിച്ചതെന്നാണ് സ്‌കൂളിലുള്ള രേഖ. സ്‌കൂള്‍ പ്രവേശനസമയത്ത് കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നില്ല. 

ഡിസംബര്‍ 16ന് രാത്രിയാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. സുഹൃത്തിനൊപ്പം തെക്കന്‍ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍നിന്ന് രാത്രി 9.15ന് ബസ്സില്‍ കയറിയ യുവതിയെ വാഹനത്തിലുണ്ടായിരുന്ന ആറുപേര്‍ കൂട്ടബലാത്സംഗംചെയ്തു. ക്രൂരമായി പരിക്കേല്‍പ്പിച്ചശേഷം യുവതിയെയും സുഹൃത്തിനെയും വസ്ത്രമുരിഞ്ഞ് വഴിയില്‍ തള്ളുകയായിരുന്നു. ഇരുമ്പ്ദണ്ഡും ബ്ലെയ്ഡും ഉപയോഗിച്ച് ക്രൂരമായ പീഡനങ്ങളേറ്റ യുവതിയെ ഗുരുതരമായ പരിക്കുകളോടെയാണ് സഫ്ദര്‍ജങ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സക്കിടെ സിംഗപ്പൂരില്‍വെച്ചാണ് മരണം സംഭവിച്ചത്. ബസ്‌െ്രെഡവര്‍ ഉള്‍പ്പെടെ സംഭവത്തിലെ ആറുപ്രതികളും ഉടനെതന്നെ അറസ്റ്റിലായിരുന്നു.

ഡല്‍ഹി കൂട്ടബലാത്സംഗം: പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം അംഗീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക