Image

രമിത്തിനും മെബിനും വിഷ്ണുവിനും ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ്

Published on 09 January, 2013
രമിത്തിനും മെബിനും വിഷ്ണുവിനും ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ്
തിരുവനന്തപുരം: ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരത്തിനു കേരളത്തില്‍ നിന്നുള്ള മൂന്നു കുട്ടികളെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ തെരഞ്ഞെടുത്തു. കെ. രമിത്ത്(കണ്ണൂര്‍), മെബിന്‍ സിറിയക് (ആലപ്പുഴ), എം.വി. വിഷ്ണു (തൃശൂര്‍) എന്നിവര്‍ക്കാണ് അവാര്‍ഡ്. 26നു ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

നിലയില്ലാക്കയത്തില്‍ താണുപോയ ഗുരുനാഥനെ നദിയില്‍ച്ചാടി രക്ഷിച്ചതാണ് ആലപ്പുഴ കൈനകരി സ്വദേശിയായ മെബിന്‍ സിറിയക് എന്ന പ്ലസ് ടു വിദ്യാര്‍ഥിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പരീക്ഷാ ഡ്യൂട്ടിക്കു പോകാനായി കടത്തുവള്ളത്തില്‍ കൈനകരി കടവു കടക്കവേയാണു ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ചങ്ങനാശേരി സ്വദേശി ബൈജു തോമസ് അപകടത്തില്‍പ്പെട്ടത്. 

നാലു തവണ വെള്ളത്തില്‍ പൊങ്ങിത്താണ അധ്യാപകനെ വള്ളത്തില്‍ കൂടെ യാത്രചെയ്യുകയായിരുന്ന അതേ സ്‌കൂളിലെ വിദ്യാര്‍ഥിയായ മെബിന്‍ രക്ഷപ്പെടുത്തി. ആലപ്പുഴ കൈനകരി കുന്നുതറ വീട്ടില്‍ സിറിയക് തോമസിന്റെയും എലിസബത്തിന്റെയും മകനാണു മെബിന്‍.

കാല്‍വഴുതി കുളത്തില്‍ വീണ രണ്ടു പേരുടെ ജീവന്‍ രക്ഷിച്ച ധീരതയ്ക്കാണു കണ്ണൂര്‍ മട്ടന്നൂര്‍ കങ്ങിലാരി അപ്പോതപ്പാല്‍ വീട്ടില്‍ കൂലിപ്പണിക്കാരായ കെ. രഘൂത്തമ്മന്റെയും രമാദേവിയുടെയും മകന്‍ രമിത്തിന് അവാര്‍ഡ് ലഭിക്കുന്നത്.. സന്ധ്യക്കു കുളിച്ചു മടങ്ങുമ്പോഴായിരുന്നു അച്ചുത്താന്‍ വീട്ടിലെ എം.വി. പത്മിനി(55) പടവില്‍നിന്നു വഴുതി കുളത്തില്‍ വീണത്. നീന്തല്‍ വശമില്ലാത്ത പത്മിനി വെള്ളത്തില്‍ മുങ്ങിത്താഴുന്നതു കണ്ടു രക്ഷപ്പെടുത്താന്‍ ശ്രമിച്ച രാജനും അപകടത്തില്‍പ്പെട്ടു. സ്ത്രീകള്‍ നിലവിളച്ചതിനെത്തുടര്‍ന്നു സമീപത്തെ വീട്ടില്‍നിന്ന് ഓടിയെത്തിയ രമിത്ത് കുളത്തില്‍ച്ചാടി രണ്ടു പേരെയും അതീവ സാഹസികമായി കരയ്ക്കടുപ്പിക്കുകയായിരുന്നു. കണ്ണൂര്‍ തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണു രമിത്ത്.

ട്രെയിനിനു മുന്നില്‍നിന്നു പെണ്‍കുട്ടിയെ രക്ഷിച്ചതിനാണു വിഷ്ണുവിന് ആദരം. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ചു കടക്കാനുള്ള ഒരു കൂട്ടം വിദ്യാര്‍ഥിനികളുടെ ശ്രമത്തിനിടെ ചാലക്കുടി നിര്‍മല കോളജിലെ വിദ്യാര്‍ഥിനി സ്റ്റേഷനിലേക്കു വരുകയായിരുന്ന ട്രെയിനിനു മുന്നില്‍ പാളത്തില്‍ കമിഴ്ന്നു വീണു. വിഷ്ണു പെട്ടെന്നു ചാടിയിറങ്ങി പെണ്‍കുട്ടിയെ പാളത്തില്‍നിന്നു വലിച്ചു മാറ്റി പൊക്കിയെടുത്തു പ്ലാറ്റ് ഫോമിലേക്കിട്ടു. അമ്പരന്നുനിന്ന മറ്റു വിദ്യാര്‍ഥിനികളും വിഷ്ണുവിന്റെ സഹായത്തോടെ പ്ലാറ്റ്‌ഫോമിലേക്കു കയറി. ഇതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്.

തൃശൂര്‍ അവന്തൂര്‍ മണിത്തറ കരുവാന്‍ വീട്ടില്‍ എം.ആര്‍. വത്സന്റെ മകനായ വിഷ്ണു ചാലക്കുടി ഗവ.ഐടിഐ വിദ്യാര്‍ഥിയാണ്. സംസ്ഥാന ശിശുക്ഷേമ സമിതിയാണ് അവാര്‍ഡുകള്‍ ശിപാര്‍ശ ചെയ്തത്. ആറുപേര്‍ക്കു സംസ്ഥാന ധീരതാ അവാര്‍ഡ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബാലമോഹന്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക