Image

എല്‍പിജി, ഡീസല്‍ വില വര്‍ധനയ്ക്ക് നീക്കം

Published on 09 January, 2013
എല്‍പിജി, ഡീസല്‍ വില വര്‍ധനയ്ക്ക് നീക്കം

ന്യൂഡല്‍ഹി: സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന എല്‍പിജിക്കും ഡീസലിനും വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചനയിലെന്ന് റിപ്പോര്‍ട്ട്. എല്‍പിജി സിലണ്ടറിന് 130 രൂപ മാര്‍ച്ച് മാസത്തോടെയും ഡീസല്‍ ലിറ്ററിന് ഒന്നര രൂപ മാസംതോറും വര്‍ധിപ്പിക്കാനാണ് നീക്കം. മാര്‍ച്ച് മാസത്തോടെ ഡീസലിന് നാലര രൂപ ഉയരും. മണ്ണെണ്ണയ്ക്ക് പ്രതിമാസം 35 പൈസ വീതം വര്‍ധിപ്പിക്കണമെന്നും എണ്ണകമ്പനികള്‍ സമര്‍പ്പിച്ച ശിപാര്‍ശയില്‍ ആവശ്യപ്പെടുന്നു. അതിനു കഴിയില്ലെന്ന് ത്രൈമാസത്തില്‍ ഒരു രൂപ വീതം വര്‍ധിപ്പിക്കണം. 2015 മാര്‍ച്ച് വരെ ഈ നില തുടരണമെന്നും ശിപാര്‍ശ ലഭിച്ചിട്ടുണ്ട്. ശിപാര്‍ശ സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്നും പ്രധാനമന്ത്രിയുടെയും മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരുടെയും അന്തിമ തീരുമാനത്തിനു വിട്ടിരിക്കുകയാണെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ എണ്ണ കമ്പനികളാണ് സര്‍ക്കാരിന് ശിപാര്‍ശ സമര്‍പ്പിച്ചത്. സബ്‌സിഡി സിലിണ്ടറുകള്‍ക്ക് 130 രൂപയുടെ വര്‍ധനവും വാറ്റും നടപ്പാക്കണം. ഒറ്റയടിക്ക് നിരക്ക് വര്‍ധന അപ്രാപ്യമാണെങ്കില്‍ രണ്ടു ഘട്ടമായി 130 രുപയുടെ വര്‍ധനവ് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ സിലിണ്ടറിന് 65 രൂപ അടിയന്തരമായി വര്‍ധിപ്പിക്കുകയും മാര്‍ച്ച് 31ഓടെ 65 രൂപ കൂടി ഉയര്‍ത്തുകയും വേണം. എണ്ണ കമ്പനികളുടെ നഷ്ടം നികത്തുന്ന വരെ ഈ നില തുടരണം.

ഡീസല്‍ ലിറ്ററിന് നിലവില്‍ 9.50 രൂപയാണ് സബ്‌സിഡി നല്‍കുന്നത്. മാര്‍ച്ചുവരെ 4.50 രൂപയുടെ വര്‍ധനവും തുടര്‍ന്നുള്ള മാസങ്ങളില്‍ ലിറ്ററിന് ഒരു രൂപ വച്ച് നഷ്ടം നികത്തുംവരെ വര്‍ധനവ് തുടരണമെന്നും എണ്ണ കമ്പനികള്‍ ആവശ്യപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക