Image

സംസ്ഥാനത്ത് 62 ശതമാനം ജീവനക്കാര്‍ ജോലിക്കെത്തിയെന്ന് തിരുവഞ്ചൂര്‍

Published on 08 January, 2013
സംസ്ഥാനത്ത് 62 ശതമാനം ജീവനക്കാര്‍ ജോലിക്കെത്തിയെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 62.1 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കെത്തിയെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആര്‍ടിസി പകുതി സര്‍വ്വീസുകള്‍ നടത്തിയെന്നും മന്ത്രി അറിയിച്ചു.

സെക്രട്ടറിയറ്റില്‍ 69 ശതമാനം പേര്‍ ജോലിക്ക് ഹാജരായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊതുഭരണ, ധനകാര്യ, നിയമ വിഭാഗങ്ങളിലായി സെക്രട്ടേറിയറ്റില്‍ മൊത്തം 4854 ജീവനക്കാരാണുള്ളത്. ഇതില്‍ 3349 പേര്‍ പണിമുടക്കില്‍ നിന്ന് വിട്ടുനിന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ജില്ലാ കളക്ടറേറ്റുകള്‍ തിരിച്ചുള്ള ഹാജര്‍ ശതമാനം ഇപ്രകാരമാണ്. തിരുവനന്തപുരം 52.97, കൊല്ലം 55, പത്തനംതിട്ട 47.48, കോട്ടയം 52.12, ഇടുക്കി 57, ആലപ്പുഴ 50.66, എറണാകുളം 54.76, തൃശൂര്‍ 61.38, പാലക്കാട് 51.18, മലപ്പുറം 52.86, കോഴിക്കോട് 42.07, വയനാട് 44.18, കണ്ണൂര്‍ 52.54, കാസര്‍ഗോഡ് 54 എിങ്ങനെയാണ്. 

ജോലിക്ക് ഹാജരാകുന്ന ജീവനക്കാരെ തടയുകയും അക്രമസംഭവങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന സമരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. സ്‌കൂള്‍ പൂട്ടി സ്ഥലംവിട്ട ഹെഡ്മാസ്റ്റര്‍മാര്‍ക്കെതിരെയും കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാര്‍-കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍, സ്വകാര്യ ബസ് തൊഴിലാളികള്‍ എന്നിവരുടെ സമരത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും വിവിധ സംഭവങ്ങളിലായി ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മുഖ്യമന്ത്രിയുട ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക