Image

കുറവിലങ്ങാട് മര്‍ത്ത്മറിയം പള്ളിയില്‍ മൂന്നുനോമ്പു തിരുനാള്‍ 21 മുതല്‍

Published on 08 January, 2013
കുറവിലങ്ങാട് മര്‍ത്ത്മറിയം പള്ളിയില്‍ മൂന്നുനോമ്പു തിരുനാള്‍ 21 മുതല്‍
കോട്ടയം: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്ത് മറിയം ഫൊറോന പള്ളിയിലെ മൂന്നു നോമ്പു തിരുനാള്‍ 21, 22, 23 തീയതികളില്‍ ആഘോഷിക്കും. ഇതിനു മുന്നോടിയായി 13 മുതല്‍ 19 വരെ പകലോമറ്റം തറവാട്പള്ളിയില്‍ സഭൈക്യവാരാചരണവും അര്‍ക്കദിയാക്കന്‍മാരുടെ അനുസ്മരണ ശുശ്രൂഷകളും നടക്കും. 

നോമ്പുതിരുനാളിനു തുടക്കംകുറിച്ച് 21-ന് രാവിലെ അഞ്ചിനു തിരുസ്വരൂപങ്ങള്‍ പന്തലില്‍ പ്രതിഷ്ഠിക്കും. 8.30 മുതല്‍ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പു വണങ്ങുന്നതിനായി പ്രതിഷ്ഠിക്കും. വിശ്വാസവര്‍ഷം പ്രമാണിച്ച് ഇതാദ്യമായാണു വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പു പരസ്യവണക്കത്തിനു പ്രതിഷ്ഠിക്കുന്നത്. 8.45ന് അഖണ്ഡ ജപമാല. വൈകുന്നേരം അഞ്ചിനു ബിഷപ് മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 6.30-നു കോഴ, പകലോമറ്റം എന്നിവിടങ്ങളില്‍നിന്നുള്ള പ്രദക്ഷിണം പള്ളിയില്‍നിന്നുള്ള പ്രദക്ഷിണവുമായി ജൂബിലി കപ്പേളയില്‍ സംഗമിച്ചു ഫൊറോനാ പള്ളിയിലേക്കു നീങ്ങും. രാത്രി ഒമ്പതിന് ആകാശവിസ്മയം. 

22ന് രാവിലെ 8.30-ന് ബിഷപ് യൂഹനോന്‍ മാര്‍ ക്രിസോസ്റ്റം മലങ്കര റീത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കും. 10.30-നു ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് ഒന്നിനു യോനാ പ്രവാചകന്റെ നിനവേ യാത്രയെ അനുസ്മരിപ്പിക്കുന്ന കപ്പല്‍ പ്രദക്ഷിണം. കപ്പല്‍ പ്രദക്ഷിണത്തില്‍ ആടിയുലയുന്ന കപ്പല്‍ സംവഹിക്കുന്നതു കടപ്പൂര്‍ നിവാസികളും പ്രദക്ഷിണത്തിനു വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ സംവഹിക്കുന്നതു കാളികാവ് കരക്കാരുമാണ്. മുത്തുക്കുടകള്‍ മുട്ടുചിറക്കാര്‍ കൈകളിലേന്തും. 

23-ന് ഇടവകക്കാരുടെ തിരുനാള്‍. വൈകുന്നേരം നാലിനു മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം ആറിനു ജൂബിലി കപ്പേളയിലേക്കു പ്രദക്ഷിണം.

വിദേശികളടക്കം ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന തിരുനാള്‍ എന്ന നിലയില്‍ സര്‍ക്കാര്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ ഇ.വി. ബേബിച്ചന്‍ എന്നിവരുടെ നേതൃത്വത്തിലാണു ക്രമീകരണങ്ങള്‍. 

തിരുനാള്‍ ദിനങ്ങളില്‍ കുറവിലങ്ങാട് പഞ്ചായത്തില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാചകനിരോധന മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസും ക്രമീകരിച്ചിട്ടുണ്ട്. 

ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. മാത്യു എണ്ണയ്ക്കാപ്പള്ളില്‍, ഫാ. ഏമ്മാനുവല്‍ പാറേക്കാട്ട്, ഫാ. ജോസഫ് ആട്ടപ്പാട്ട്, ഫാ. കുര്യാക്കോസ് കാപ്പിലിപ്പറമ്പില്‍, ട്രസ്റ്റിമാരായ പി. സി. ചെറിയാന്‍, കെ.എ. മത്തായി, ജോയി ജോസഫ്, ജിയോ സിറിയക്, എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. മാത്യു എണ്ണയ്ക്കാപ്പള്ളില്‍, ഫാ. എമ്മാനുവല്‍ പാറേക്കാട്ട്, ജോയി ജോസഫ്, തങ്കച്ചന്‍ കാവുങ്കല്‍, ബെന്നി കോച്ചേരി, ജോജോ ആളോത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.

കുറവിലങ്ങാട് മര്‍ത്ത്മറിയം പള്ളിയില്‍ മൂന്നുനോമ്പു തിരുനാള്‍ 21 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക