Image

വിന്‍ഡീസ് താരത്തോട് തട്ടിക്കയറിയ ഷെയ്ന്‍ വോണിന് വിലക്കും പിഴയും

Published on 07 January, 2013
വിന്‍ഡീസ് താരത്തോട് തട്ടിക്കയറിയ ഷെയ്ന്‍ വോണിന് വിലക്കും പിഴയും

മെല്‍ബണ്‍: മെല്‍ബണില്‍ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് മത്സരത്തിനിടെ വെസ്റ്റ് ഇന്‍ഡീസ് താരം മാര്‍ലോണ്‍ സാമുവല്‍സിനോട് അസഭ്യമായി സംസാരിക്കുകയും തട്ടിക്കയറുകയും ചെയ്ത ഓസ്‌ട്രേലിയന്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിന് ഒരു കളിയില്‍ നിന്നു വിലക്കും 4500 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴയും ചുമത്തി. ചൊവ്വാഴ്ച സിഡ്‌നിയില്‍ നടക്കുന്ന കളിയില്‍ ഷെയ്‌ന് കളിക്കാനാവില്ല. ഞായറാഴ്ച നടന്ന ബിഗ് ബാഷ് ടൂര്‍ണമെന്റില്‍ മെല്‍ബണ്‍ സ്റ്റാര്‍സും റെനെഗേഡ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. രണ്ടാം റണ്‍സ് എടുക്കുന്നതിനുള്ള ശ്രമത്തിനിടെ ഓസീസ് താരം ഡേവിഡ് ഹസ്സിയെ സാമുവല്‍സ് തടഞ്ഞിരുന്നു. പിന്നീട് സാമുവല്‍ ബാറ്റിനിംഗ് എത്തിയപ്പോഴാണ് വോണ്‍ അസഭ്യവര്‍ഷം നടത്തിയത്.

തുടര്‍ന്നുള്ള ഓവറില്‍ സാമുവല്‍സിന്റെ നെഞ്ചിനെ ലക്ഷ്യമാക്കി വോണ്‍ പന്തെറിഞ്ഞു. ഇതില്‍ കുപിതനായ സാമുവല്‍സ് ബാറ്റ് ഓസീസ് താരങ്ങള്‍ക്കുനേരെ വലിച്ചെറിഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന് അടുത്തുവെങ്കിലും അംപയര്‍ ഇടപെട്ട് പിടിച്ചുനീക്കുകയായിരുന്നു. കളിക്കിടെ ലസീത് മലിംഗയുടെ പന്തുകൊണ്ട് കണ്ണിനു പരുക്കേറ്റ സാമുവല്‍സിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിച്ചു.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് തിങ്കളാഴ്ച നടത്തിയ അന്വേഷണത്തില്‍ വോണും സാമുവല്‍സും പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. വോണ്‍ പെരുമാറ്റച്ചട്ടത്തിലെ നാലില്‍ മൂന്ന് മാനദണ്ഡങ്ങളും ലംഘിച്ചതായി കണ്ടെത്തിയിരുന്നു. സാമുവല്‍സിനെതിരെ രണ്ടു കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മെല്‍ബണ്‍ സ്റ്റാര്‍സിന്റെ കാമറൂണ്‍ വൈറ്റിനും കളിക്കിടെ അപമര്യാദയായി പെരുമാറിയതിന് ആയിരം ഡോളര്‍ പിഴ ചുമത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക