Image

പ്രവാസി ഭാരതീയ ദിവസ്‌ എട്ടിന്‌ ഉദ്‌ഘാടനം; മൗറീഷ്യസ്‌ പ്രസിഡന്റ്‌ മുഖ്യാതിഥി

Published on 05 January, 2013
പ്രവാസി ഭാരതീയ ദിവസ്‌ എട്ടിന്‌ ഉദ്‌ഘാടനം; മൗറീഷ്യസ്‌ പ്രസിഡന്റ്‌ മുഖ്യാതിഥി
കൊച്ചി: പ്രവാസി ഭാരതീയ ദിവസ്‌ സമ്മേളനത്തിന്‌ എട്ടിനു ചൊവ്വാഴ്‌ച പ്രൗഢോജ്വല തുടക്കം. സമ്മേളനത്തില്‍ മൗറീഷ്യസ്‌ പ്രസിഡന്റ്‌ രാജ്‌കേശ്വര്‍ പുരിയ മുഖ്യാതിഥിയായി പങ്കെടുക്കും. രാവിലെ 9.30 നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ഉദ്‌ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി തുടങ്ങിയവര്‍ പ്രസംഗിക്കും. ഹോട്ടല്‍ ലെ മെറിഡിയനില്‍ നടക്കുന്ന ത്രിദിന പ്രവാസി ഭാരതീയ സമ്മേളനത്തില്‍ 2,500 ലേറെ പ്രതിനിധികള്‍ പങ്കെടുക്കും.

തിങ്കളഴ്‌ച രാവിലെ പത്തിനു ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാര്‍ക്കുവേണ്ടിയുള്ള സെഷനോടെ സമ്മേളനം ആരംഭിക്കുമെന്നു വയലാര്‍ രവി പറഞ്ഞു. സെഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല, മന്ത്രിമാര്‍, എംപിമാര്‍, നയതന്ത്ര പ്രതിനിധിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ടൂറിസം സെമിനാര്‍ ഉച്ചകഴിഞ്ഞു മൂന്നിനു നടക്കും. മന്ത്രി എ.പി. അനില്‍ കുമാര്‍, ഏഷ്യന്‍ അമേരിക്കന്‍ ഹോട്ടല്‍ ഓണേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ അല്‍കേഷ്‌ പട്ടേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഇതേസമയം തന്നെ, പ്യുവര്‍ സയന്‍സിനെക്കുറിച്ചും വൈദഗ്‌ധ്യ വികസനത്തെക്കുറിച്ചും സെമിനാര്‍ നടക്കും. എട്ടിനു രാവിലെ ഉദ്‌ഘാടന സമ്മേളനത്തിനുശേഷം, 10.30 ന്‌ ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകളെക്കുറിച്ചുള്ള സെഷനില്‍ ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌ സിങ്‌ അലുവാലിയ മോഡറേറ്ററാകും. കേന്ദ്രമന്ത്രിമാരായ കമല്‍നാഥ്‌, ആനന്ദ്‌ ശര്‍മ, സംസ്‌ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 12 നു നടക്കുന്ന പൈതൃക സെമിനാറില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ മോഡറേറ്ററാകും.

മലേഷ്യന്‍ മന്ത്രി എസ്‌. സുബ്രഹ്‌മണ്യം, ന്യൂസീലന്‍ഡ്‌ മുന്‍ ഗവര്‍ണര്‍ ജനറല്‍ ആനന്ദ്‌ സത്യാനന്ദ്‌ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രവാസി യുവജനങ്ങള്‍ക്കായി 2.30 നു പ്രത്യേക സെഷന്‍. കേന്ദ്രമന്ത്രിമാരായ സല്‍മാന്‍ ഖുര്‍ഷിദ്‌, അജയ്‌ മാക്കന്‍, കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 4.30 നു ഗദാര്‍ മൂവ്‌മെന്റിനെക്കുറിച്ചു പ്രഫ. ഹരീഷ്‌ പുരിയുടെ പ്രഭാഷണം. എം.പി. വീരേന്ദ്രകുമാര്‍ മോഡറേറ്ററാകും. ഒന്‍പതിനു രാവിലെ 9.30 നു സംസ്‌ഥാനങ്ങളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള സെമിനാറില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്‌ടാവ്‌ സാം പിത്രോഡ മോഡറേറ്ററാകും. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ വിവിധ സംസ്‌ഥാന മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. 12 നു സംസ്‌ഥാനങ്ങള്‍ക്കായി പ്രത്യേക സെഷനുകള്‍. 2.30 നു `സാങ്കേതിക വിദ്യയും പുതുമയും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ സാം പിത്രോഡ മുഖ്യപ്രഭാഷണം നടത്തും.

വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള സെമിനാറില്‍ വിദേശകാര്യ സഹമന്ത്രി പ്രണീത്‌ കൗര്‍, മലേഷ്യന്‍ സര്‍ക്കാരിന്റെ പ്രതിനിധി സാമി വേലു തുടങ്ങിയവര്‍ പങ്കെടുക്കും. കലാ മേഖലയിലെ ഇന്ത്യന്‍ മികവിനെക്കുറിച്ചുള്ള സെഷനില്‍ പ്രിയദര്‍ശന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യന്‍ വംശജരും ഇന്ത്യയും എന്ന വിഷയത്തില്‍ നടക്കുന്ന സെഷനില്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ മോഡറേറ്ററാകും. വൈകിട്ട്‌ അഞ്ചിനു സമാപന സമ്മേളനം രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി ഉദ്‌ഘാടനം ചെയ്യും. പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡുകളും അദ്ദേഹം സമ്മാനിക്കും. കേരളത്തില്‍ നടക്കുന്ന ആദ്യ സമ്മേളനമാണെന്ന പ്രത്യേകതയുണ്ടെന്നു വയലാര്‍ രവി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക