Image

എം.എം മണിക്ക് ഉപാധികളോടെ ജാമ്യം

Published on 03 January, 2013
 എം.എം മണിക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ രണ്ടാം പ്രതി സിപിഎം മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മണി ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിയ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തരുതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ഉപാധികളില്‍ പറയുന്നു. 25,000 രൂപയുടെ സ്വന്തം ജാമ്യത്തിലും തതുല്യമായ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യത്തിലുമാണ് മണിയെ വിട്ടയക്കുന്നത്. മണിക്ക് ജാമ്യം അനുവദിക്കുന്നില്‍ എതിര്‍പ്പില്ലെന്ന് ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു.

വിവാദമായ മണക്കാട് പ്രസംഗത്തിന്റെ പേരിലാണ് 2012 നവംബര്‍ 12ന് മണിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. 'ഓപറേഷന്‍ റിംഗ്‌ടോണ്‍' എന്നു പേരിട്ട നീക്കത്തിലൂടെയാണ് അന്വേഷണ സംഘം കുഞ്ചിത്തണ്ണിയിലെ വീട് വളഞ്ഞ് മണിയെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് റിമാന്‍ഡിലായ മണി പീരുമേട് സബ്ജയിലില്‍ കഴിഞ്ഞുവരികയായിരുന്നു. ജാമ്യ ഉത്തരവ് ജയിലില്‍ എത്തിയാല്‍ ഇന്നു തന്നെ മണിക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞേക്കും.

നേരത്തെ കേസ് പരിഗണിക്കുന്ന നെടുങ്കണ്ടം കോടതിയും തൊടുപുഴ സെഷന്‍സ് കോടതിയും മണിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തൊടുപുഴ കോടതിയില്‍ രണ്ടു തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും പ്രോസിക്യൂഷന്‍ എതിര്‍ത്തതിനെ തുടര്‍ന്ന് തള്ളുകയായിരുന്നു. കുറ്റാരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും കസ്റ്റഡിയില്‍ കഴിഞ്ഞ കാലാവധി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു മണിയുടെ ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക