Image

തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവ വേദിയില്‍ സംഘര്‍ഷം; 5 മാധ്യമ പ്രവര്‍ത്തകര്‍ക്കു പരുക്ക്

Published on 03 January, 2013
തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവ വേദിയില്‍ സംഘര്‍ഷം; 5 മാധ്യമ പ്രവര്‍ത്തകര്‍ക്കു പരുക്ക്

തിരുവനന്തപുരം: റവന്യൂ ജില്ലാ കലോത്സവ വേദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റം. അഞ്ചു മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കലോത്സവം നടക്കുന്ന കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ കുട്ടികള്‍ക്കു വിളമ്പിയ ഭക്ഷണത്തില്‍ പുഴു കണ്ടെത്തിയത് ചിത്രീകരിക്കാന്‍ ശ്രമിക്കവേയാണ് അധ്യാപകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ തിരിഞ്ഞത്. കേരള കൗമുദി സീനിയര്‍ ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍, ദീപിക ഫോട്ടോഗ്രാഫര്‍ ഷിജുമോന്‍, ഏഷ്യാനെറ്റിലെ അനില്‍കുമാര്‍, തേജസിലെ ഷുബൈബ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ജിതേഷിന്റെ കാമറയും അധ്യാപകര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്.

ഒരു വിദ്യാര്‍ഥിക്ക് വിളമ്പിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടത് ചിത്രീകരിക്കാന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെ അധ്യാപകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ഇതു തടയാന്‍ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവരെ മര്‍ദ്ദിച്ചത്. സാമ്പാര്‍ വിളമ്പുന്ന ബക്കറ്റ് എടുത്ത് മാധ്യമപ്രവര്‍ത്തകരുടെ തലയ്ക്കടിച്ചു. അനില്‍കുമാറിന്റെ തലപൊട്ടി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് എത്തി ഇരുകൂട്ടരെയും പിടിച്ചുമാറ്റുകയായിരുന്നു. ഇതിനിടെ ആക്രമണം നടത്തിയ അധ്യാപകരെ സംഘടന ഇടപെട്ട് ഒളിപ്പിച്ചു. സംഘര്‍ഷം ആരംഭിച്ചപ്പോള്‍ പോലീസ് നിഷ്‌ക്രീയമായി നിന്നതാണ് അക്രമത്തിലേക്ക് നയിച്ചത്. ഭക്ഷണം കഴിക്കാനിരുന്ന കുട്ടികളും രക്ഷിതാക്കളും അടക്കം ഓടിരക്ഷപ്പെടുകയായിരുന്നു.

വലതുപക്ഷ അധ്യാപക സംഘടനയില്‍ പെട്ടവരാണ് അക്രമം നടത്തിയതെന്ന് സൂചനയുണ്ട്. ആക്രമണത്തെ തുടര്‍ന്ന് അധ്യാപക- മാധ്യമപ്രവര്‍ത്തകരുടെ സംഘടനകള്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇതിനിടെ, കോട്ടണ്‍ ഹില്‍ സ്‌കൂളിലെ കലോത്സവം നിര്‍ത്തിവച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക