Image

മലാലയുടെ പിതാവ് സിയാവുദ്ദീന്‍ യൂസഫ്‌സായി ബ്രിട്ടണില്‍ നയതന്ത്ര പ്രതിനിധി

Published on 03 January, 2013
മലാലയുടെ പിതാവ് സിയാവുദ്ദീന്‍ യൂസഫ്‌സായി ബ്രിട്ടണില്‍ നയതന്ത്ര പ്രതിനിധി

ലണ്ടന്‍: പാകിസ്താനില്‍ താലിബാന്‍ ആക്രമണത്തിന് ഇരയായ മലാല യൂസഫ്‌സായിയുടെ പിതാവ് സിയാവുദ്ദീന്‍ യൂസഫ്‌സായിയെ ബ്രിട്ടണിലെ നയതന്ത്ര പ്രതിനിധിയായി നിയമിച്ചു. മധ്യ ഇംണ്ടിലെ ബിര്‍മിംഗ്ഹാം കോണ്‍സുലേറ്റില്‍ വിദ്യാഭ്യാസകാര്യങ്ങള്‍ക്കുള്ള നയതന്ത്ര പ്രതിനിധിയായിരിക്കും സിയാവുദ്ദീന്‍. പാകിസ്താന്‍ സര്‍ക്കാരിനു വേണ്ടി ബ്രിട്ടനിലെ പാക്ക് ഹൈകമ്മിഷണര്‍ വാജിദ് ഷംസുല്‍ ഹസനാണ് സിയാവുദ്ദീന്റെ നിയമനം പ്രഖ്യാപിച്ചത്. മൂന്നു വര്‍ഷത്തേക്കാണ് നിയമനമെങ്കിലും രണ്ടു വര്‍ഷം കൂടി പദവി നീട്ടിനല്‍കിയേക്കും.

സിയാവുദീന്‍ യൂസഫ്‌സായിയെ നേരത്തെ ആഗോള വിദ്യാഭ്യാസത്തിനുള്ള പ്രത്യേക യുഎന്‍ ഉപദേഷ്ടാവായി തെരഞ്ഞെടുത്തിരുന്നു. 2015 നകം ലോകത്തെ പെണ്‍കുട്ടികള്‍ക്കെല്ലാം വിദ്യാഭ്യാസം നല്‍കുന്നതിനായുള്ള 'മലാല പദ്ധതി' നടപ്പാക്കാന്‍ സിയാവുദീന്‍ രംഗത്തുണ്ടായിരിക്കും. മലാലയുടെ ജന്മദിനമായ ജൂലൈ 12ന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന പരിപാടികള്‍ ലോകമാകെ നടത്താനും ആലോചനയുണ്ട്.

പാകിസ്താനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയ പതിനഞ്ചുകാരിയായ മലാലയെ 2012 ഒക്‌ടോബറില്‍ സ്വാതില്‍ വച്ചാണ് താലിബാന്‍ തീവ്രവാദികള്‍ വെടിവച്ചത്. സ്‌കൂള്‍ കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേയായിരുന്നു ആക്രമണം. പാക് സൈനികാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലാലയെ പിന്നീട് ബ്രിട്ടണിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റി. മലാല സുഖംപ്രാപിച്ചുവരികയാണിപ്പോള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക