Image

ഡല്‍ഹി പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്ന തരൂരിന്റെ അഭിപ്രായം തള്ളി കോണ്‍ഗ്രസ്

Published on 02 January, 2013
ഡല്‍ഹി പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്ന തരൂരിന്റെ അഭിപ്രായം തള്ളി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്ന കേന്ദ്രമന്ത്രി ശശി തരൂരിന്റെ അഭിപ്രായം തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി. തരൂരിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും സര്‍ക്കാരിന്റെ ഭാഗമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്നതിനു പകരം സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുകയാണ് തരൂര്‍ ചെയ്യേണ്ടതെന്നും കോണ്‍ഗ്രസ് വക്താവ് റാഷിദ് അല്‍വി പറഞ്ഞു.

കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് തരൂര്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ അവരുടെ പേര് വെളിപ്പെടുത്തണമെന്നും പീഡനക്കേസിലെ നിയമഭേദഗതിയില്‍ ഈ പേര് ഉള്‍പ്പെടുത്തണമെന്നുമായിരുന്നു തരൂരിന്റെ അഭിപ്രായം. എന്നാല്‍ നിയമത്തിന് വ്യക്തികളുടെ പേര് നല്‍കുന്ന കീഴ്‌വഴക്കം ഇന്ത്യയില്‍ ഇല്ലെന്നും യുഎസ് പോലുളള രാജ്യങ്ങളിലാണ് ഇത്തരത്തില്‍ വ്യക്തികളുടെ പേര് ഉള്‍പ്പെടുത്തുന്ന കീഴ്‌വഴക്കമുള്ളതെന്നും റാഷിദ് അല്‍വി ചൂണ്ടിക്കാട്ടി.

അതേസമയം, പെണ്‍കുട്ടിയുടെ പേര് വീട്ടുകാരുടെ സമ്മതത്തോടെ പരസ്യപ്പെടുത്താമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ് സിംഗ്. പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്ന കേന്ദ്രമന്ത്രി ശശി തരൂരിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ദ്വിഗ്‌വിജയ് സിംഗും സമാനമായ അഭിപ്രായവുമായി രംഗത്തെത്തിയത്. ആദ്യം ബലാത്സംഗക്കേസ് മാത്രമായിരുന്നെങ്കില്‍ പെണ്‍കുട്ടി മരിച്ചതോടെ ഇത് കൊലപാതകക്കേസായി മാറിയതായി ദ്വിഗ്‌വിജയ് സിംഗ് ചൂണ്ടിക്കാട്ടി. കുടുംബാംഗങ്ങള്‍ സമ്മതിക്കുകയാണെങ്കില്‍ ഇക്കാര്യം ആലോചിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക