Image

മോഡിക്ക് തിരിച്ചടി: ലോകായുക്ത നിയമനത്തിന് സുപ്രീം കോടതിയുടെ അംഗീകാരം

Published on 01 January, 2013
മോഡിക്ക് തിരിച്ചടി: ലോകായുക്ത നിയമനത്തിന് സുപ്രീം കോടതിയുടെ അംഗീകാരം

ന്യുഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് നിയമപോരാട്ടത്തില്‍ തിരിച്ചടി. ഗുജറാത്ത് ലോകായുക്തയായി ജസ്റ്റീസ് ആര്‍എ മേത്തയെ നിയമിച്ച നടപടി സുപ്രീം കോടതി അംഗീകരിച്ചു. ഗവര്‍ണര്‍ കമല ബാനിവാള്‍ ആണ് മേത്തയെ ലോകായുക്തയായി നിയമിച്ചത്. മന്ത്രിസഭയുമായി ആലോചിക്കാതെയാണ് നിയമനമെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് മോഡി കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ വാദം കോടതി തള്ളിക്കളഞ്ഞു. ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ലോകായുക്ത നിയമനത്തില്‍ അത് നടന്നിരുന്നുവെന്നും കോടതി വ്യക്തമാക്കി.

ലോകായുക്തയുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നടപടിയെടുക്കണം. ലോകായുക്ത കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആണെന്നും ജസ്റ്റീസ് ബി.എസ് ചൗഹാന്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ലോകായുക്ത നിയമനത്തെ നേരത്തെ മോഡി ഗുജറാത്ത് ഹൈക്കോടതിയിലും ചോദ്യം ചെയ്തിരുന്നു. 2012 ജനുവരിയില്‍ മോഡിയുടെ ഹര്‍ജി ഹൈക്കോടതിയും തള്ളിയിരുന്നു. ഭരണഘടനയെ തെറ്റായി വ്യാഖ്യാനിക്കുന്ന നടപടിയാണ് ഗുജറാത്ത് സര്‍ക്കാരിന്റേതെന്നും അന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനം നീക്കണമെന്ന മോഡിയുടെ അപേക്ഷയും സുപ്രീം കോടതി ഇന്ന് നിരസിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക