Image

പുതുവര്‍ഷപ്പുലരിയില്‍ കാടിന്റെ മക്കളെത്തേടി ചെന്നിത്തലയെത്തി

Published on 01 January, 2013
പുതുവര്‍ഷപ്പുലരിയില്‍ കാടിന്റെ മക്കളെത്തേടി ചെന്നിത്തലയെത്തി
അഗളി: പുതുവര്‍ഷപ്പുലരിയില്‍ വികസനവാഗ്ദാനങ്ങളുമായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കാടിന്റെ മക്കളെ തേടിയെത്തി. സൈലന്റ്വാലിക്കടുത്ത് ഉള്‍ക്കാട്ടിലെ ആനവായ് ഊരിലാണ് 12 കിലോമീറ്റര്‍ കാട്ടുപാതയിലൂടെ യാത്രചെയ്ത് ചൊവ്വാഴ്ച രാവിലെ ചെന്നിത്തലയെത്തിയത്. കുടുംബസമേതമെത്തിയ അദ്ദേഹം ആദിവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് ഇവ പരിഹരിക്കാന്‍ സത്വര നടപടികളുണ്ടാവുമെന്ന് വാഗ്ദാനംനല്‍കിയാണ് മടങ്ങിയത്.

 സംസ്ഥാനത്തെ മുഴുവന്‍ കുറുമ്പ വിഭാഗക്കാരുടെയും സമഗ്രവികസനം ലക്ഷ്യംവെക്കുന്ന 148 കോടിയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ കുറുമ്പ പാക്കേജ് അടിയന്തരമായി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആനവായിലെ ആദിവാസികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി അട്ടപ്പാടിയിലെ മറ്റു ആശുപത്രികളില്‍ നിന്ന് ഒരു ഡോക്ടര്‍ ആഴ്ചയിലൊരിക്കല്‍ ഇവിടെയെത്തും. ഇവര്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ വനസംരക്ഷണസമിതി വഴിയും  ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ വഴിയും ഉല്‍പന്നങ്ങള്‍  വിപണിയിലെത്തിക്കും.  നന്മ സ്‌റ്റോറും റേഷന്‍കടയും അനുവദിക്കാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യുമെന്നും  ആനവാരി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനോട് ഉടന്‍ പണി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യ അനിതയും മകന്‍ രമിത്തുമൊത്താണ് ചെന്നിത്തല രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയത്. തിങ്കളാഴ്ച രാവിലെ ആനവായിലെത്തിയ ഇവരെ ആരതി ഉഴിഞ്ഞും പൂമാലകള്‍ ചാര്‍ത്തിയുമാണ് വരവേറ്റത്. മുന്‍മന്ത്രിമാരായ ഡോ. എം.എ. കുട്ടപ്പന്‍, ബാബു ദിവാകരന്‍, പാലക്കാട് ഡി.സി.സി പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍, കെ.എ. ചന്ദ്രന്‍, പി. ശിവദാസന്‍, സി. ചന്ദ്രന്‍, ബാബു പ്രസാദ്, പി.സി. ബേബി, എന്‍.കെ. രഘുത്തമന്‍, പി. ഷറഫുദ്ദീന്‍, എം.ആര്‍. സത്യന്‍ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക