രാജകുടുംബം ആധുനിക മെഷീന്‍ ഉപയോഗിച്ച് നിധി കടത്തി: വി.എസ്
കോഴിക്കോട്: തിരുവിതാംകൂര്‍ രാജകുടുംബം ആധുനിക മെഷീന്‍ ഉപയോഗിച്ച് നിധി കടത്തിയതായി വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. ക്ഷേത്രത്തിലെ സ്വര്‍ണം രൂപമാറ്റം വരുത്തിയാണ് കടത്തിക്കൊണ്ടുപോയത്. സ്വര്‍ണം കടത്തുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ സ്വര്‍ണം ഉരുക്കാന്‍ ഉപയോഗിച്ച ദ്രാവകം ദേഹത്ത് ഒഴിച്ചുപൊള്ളിച്ചതായി ക്ഷേത്രത്തിലെ ശ്രീകാര്യക്കാരന്‍, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പരാതി പറഞ്ഞതായും വി.എസ്. പറഞ്ഞു.
സുപ്രീം കോടതി വിധി നടപ്പിലാക്കുന്നത് തടയാനാണ് രാജകുടുംബം ദേവപ്രശ്‌നം നടത്തിയത്. ദേവപ്രശ്‌നത്തിന്റെ പേരില്‍ നിയമങ്ങളെയും കോടതിയെയും വെല്ലുവിളിക്കുകയാണ്. നാട്ടുരാജാക്കന്‍മാരുടെ ഭരണം അവസാനിപ്പിച്ചത് ചിലര്‍ മറന്നുപോകുകയാണ്. രാജാധിപത്യ വാഴ്‌ചക്കെതിരെയും ഭൂപ്രഭുക്കന്‍മാര്‍ക്കെതിരെയും പോരാട്ടം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. മിച്ചഭൂമി സമരകാലത്ത് എ.കെ.ജി. കൊട്ടാര വാതില്‍ ചാടിക്കടന്നാണ് രാജാവിന്റെ മിച്ചഭൂമി പിടിച്ചെടുക്കാന്‍ സമരം നയിച്ചതെന്നും വി.എസ്. പറഞ്ഞു. സിപിഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഓഫിസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അറകളിലെ സമ്പദ്‌ശേഖരത്തിന്റെ മൂല്യനിര്‍ണയം ഉടന്‍ തുടങ്ങും. ദേവപ്രശ്‌ന വ്യാഖ്യാനപ്രകാരം നിലവറ തുറക്കാന്‍പാടില്ലെന്ന രാജകുടുംബത്തിന്റെ നിലപാട് സുപ്രീംകോടതി തള്ളിയതോടെ തടസം നീങ്ങിയിരിക്കുകയാണ്.

Facebook Comments