Image

മാറുന്ന അമേരിക്ക (ജോര്‍ജ്‌ മുകളേല്‍, ഫ്‌ളോറിഡ)

Published on 09 December, 2012
മാറുന്ന അമേരിക്ക (ജോര്‍ജ്‌ മുകളേല്‍, ഫ്‌ളോറിഡ)
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ്‌ അമേരിക്കയുടെ മാറുന്ന മുഖച്‌ഛായ പ്രതിഫലിപ്പിക്കുന്നു. ന്യൂനപക്ഷങ്ങളുടെയും ഇടത്തരക്കാരന്റെയും പാവപ്പെട്ടവന്റെയും വെളുത്തവന്റെ മേല്‍ക്കോയ്‌മയെ നിരാകരിക്കുന്നവന്റെയും വിജയമാണ്‌ ഒബാമയുയുടേത്‌ . വര്‍ഷങ്ങളായി അടിച്ചമര്‍ത്തപ്പെട്ട, അമേരിക്കയിലെ ന്യൂനപക്ഷങ്ങളെ വീണ്ടും ദാരിദ്ര്യത്തിലേക്കും കടക്കെണിയിലേക്കും തള്ളിയിടുന്ന `വെളുത്ത മുതലാളിത്ത'ത്തില്‍നിന്നുള്ള സാവധാന മോചനമാണത്‌.

ഒബാമയ്‌ക്ക്‌ വോട്ട്‌ നല്‍കിയ ന്യൂനപക്ഷങ്ങളില്‍ ഏറിയപങ്കും തങ്ങള്‍ ഒരു മഹാശക്തിയായി മാറിയിരിക്കുന്നു എന്ന്‌ തെളിയിച്ച്‌ ചരിത്രം സൃഷ്‌ടിക്കുകയായിരുന്നു. വെള്ളക്കാരന്റെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി ഇനിയെങ്കിലും ന്യൂനപക്ഷങ്ങളെ അവഗണിക്കരുത്‌ എന്ന അവബോധം സൃഷ്‌ടിക്കാനും തിരഞ്ഞെടുപ്പിന്‌ കഴിഞ്ഞു. ജനസംഖ്യയുടെ 28% ന്യൂനപക്ഷമായിരിക്കെ അവരില്‍ 80% വോട്ടുകളും നേടാന്‍ ഒബാമയ്‌ക്ക്‌ കഴിഞ്ഞു. 1957ല്‍ 87% ഉണ്ടായിരുന്ന വെള്ളക്കാരുടെ സംഖ്യ 2050ല്‍ 50% ത്തില്‍ താഴുമെന്ന്‌ കണക്കാക്കുന്നു. ന്യൂനപക്ഷങ്ങള്‍ 2050ല്‍ 54% ത്തിലേക്ക്‌ കുതിച്ചുയരും. ന്യൂനപക്ഷങ്ങളുടെ വളര്‍ച്ചാനിരക്കിലുള്ള ഈ സ്വാധീനം 2012ലെ തിരഞ്ഞെടുപ്പ്‌ മുതലാണ്‌ അറിയുന്നത്‌. റിപ്പബ്‌ളിക്കന്‍ അംഗങ്ങള്‍ 90% വെള്ളക്കാരായിരിക്കെ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയില്‍ 60 %മാത്രമാണ്‌ വെള്ളക്കാര്‍. `വെളുത്ത ആണ്‍കുട്ടികള്‍ ഇനി അമേരിക്കയിലെ ഭരണവര്‍ഗത്തെ പ്രതിനിധാനം ചെയ്യുന്നവരാകില്ല` എന്ന്‌ ഫോക്‌സ്‌ ന്യൂസിലെ പ്രസിദ്ധ ജേര്‍ണലിസ്റ്റായ ബില്‍ ഒറൈലി പറഞ്ഞത്‌ ന്യൂനപക്ഷങ്ങളുടെ താത്‌പര്യങ്ങളും ഇനി പരിഗണിച്ചേ പറ്റൂ എന്ന അര്‍ത്ഥത്തിലാവണം. പുതിയ തലമുറ നിറവും മതവും ദേശവും നോക്കാതെ സമൂഹത്തില്‍ ഇടപഴകുന്ന സ്വതന്ത്ര ജീവിതശൈലി ഇഷ്‌ടപ്പെടുന്നു. അവര്‍ക്ക്‌ പരിസ്ഥിതി വൃതിയാനത്തെപ്പറ്റി വലിയ ആശങ്കയുണ്ട്‌. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെപ്പറ്റി ശക്തമായ അഭിപ്രായങ്ങളുണ്ട്‌. സ്വവര്‍ഗരതി മഹാപാപമായി കാണാന്‍ അവര്‍ മടിക്കുന്നു.

റെഡ്‌ ഇന്ത്യക്കാരില്‍നിന്നും അമേരിക്ക പിടിച്ചെടുത്ത യൂറോപ്യന്മാരും അവരുടെ പിന്‍തലമുറക്കാരും പുതിയ അമേരിക്ക സൃഷ്‌ടിച്ചെടുത്തു. 1965ലെ ഹാര്‍ട്ട്‌ സെല്ലര്‍ ആക്‌ട്‌ ഉണ്ടാകുന്നതുവരെ വെള്ളക്കാരല്ലാത്തവര്‍ക്കുവേണ്ടി കുടിയേറ്റ നിയമങ്ങളില്‍ കാര്യമായ ഭേദഗതി വരുത്താതെ വെള്ളക്കാരന്റെ കുത്തകയാക്കി അവര്‍ അമേരിക്കയെ നയിച്ചു. പല രംഗത്തും വേണ്ടത്ര തൊഴിലാളികളെ ലഭിക്കാതായപ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും മനുഷ്യരെ ഇറക്കുമതി ചെയ്‌തു. ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നും അമേരിക്കയില്‍ കുടിയേറി അനേകര്‍ ആരാലും ശ്രദ്ധിക്കപ്പെടാത്ത ന്യൂനപക്ഷമായി തുടര്‍ന്നു.

25 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ വെള്ളക്കാരന്‍ കൈയടക്കി വാണിരുന്ന പല സിറ്റികളിലും ഇന്ന്‌ ന്യൂനപക്ഷങ്ങളാണ്‌ മുന്നില്‍. അവികസിത രാജ്യങ്ങളില്‍ നിന്ന്‌ കുടിയേറുന്ന ബുദ്ധിജീവികള്‍ അമേരിക്കയില്‍ വെന്നിക്കൊടി പാറിക്കുന്നു. ഇതിന്‌ മികച്ച ഉദാഹരണമാണ്‌ വിര്‍ജീനിയ സംസ്ഥാനത്തെ പ്രിന്‍സ്‌ വില്യം കൗണ്ടി. തലസ്ഥാനമായ വാഷിംഗ്‌ടണില്‍നിന്ന്‌ അരമണിക്കൂര്‍ യാത്ര ചെയ്‌താല്‍ പ്രിന്‍സ്‌ വില്യം കൗണ്ടിയില്‍ എത്താം. നിര്‍ജീവമായിരുന്ന കൗണ്ടിയിലെ പൊന്തക്കാടുകള്‍ വെട്ടിത്തെളിച്ച്‌ മണിമന്ദിരങ്ങള്‍ തീര്‍ത്തിരിക്കുന്നു. അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന വരുമാനക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനമാണതിന്‌. പകുതിയിലധികവും ആളുകള്‍ ന്യൂനപക്ഷങ്ങള്‍. 'നിറമുള്ളവര്‍' തിങ്ങിപ്പാര്‍ക്കുന്ന വിര്‍ജീനിയയിലെ ആദ്യത്തെ കൗണ്ടിയും. ഇത്തരം കൗണ്ടികള്‍ ഇന്ന്‌ അമേരിക്കയില്‍ ധാരാളമാണ്‌.

വിസയ്‌ക്ക്‌ അപേക്ഷിക്കുന്ന സാങ്കേതിക വിദഗ്‌ദ്ധരെ അമേരിക്ക തള്ളാറില്ല. അവര്‍ക്ക്‌ വേണ്ടതെല്ലാം ചെയ്‌തു കൊടുത്ത്‌ അവരിലെ സത്ത വലിച്ചൂറ്റിയെടുക്കും. അതിനാല്‍ കുടിയേറ്റക്കാരനും രാജ്യത്തിനും പുരോഗതി ഉണ്ടാകുന്നു. ഇതിന്‌ മികച്ച ഉദാഹരണമാണ്‌ സിലിക്കണ്‍വാലി. വിദേശികളായ അനേകമാളുകള്‍ വന്‍കിട കമ്പനികളുടെ സാരഥ്യം വഹിക്കുന്നു! കൂടുതല്‍ പേരും ഏഷ്യക്കാരാണ്‌. 73% ഏഷ്യന്‍ വംശജര്‍ ഇത്തവണ ഒബാമയ്‌ക്ക്‌ വോട്ട്‌ നല്‍കി.

അമേരിക്കന്‍ വനിതകളില്‍ ഭൂരിപക്ഷവും പുരുഷാധിപത്യത്തെ ഇഷ്‌ടപ്പെടാത്തവരോ പുരുഷനില്‍നിന്ന്‌ സ്വതന്ത്രരാകാന്‍ ഇഷ്‌ടപ്പെടുന്നവരോ ആണ്‌. സ്‌ത്രീകള്‍ അവകാശങ്ങളെപ്പറ്റി ബോധവതി കളായിരിക്കുന്നതിനൊപ്പം ഗര്‍ഭഛിദ്രത്തെപ്പറ്റിയുള്ള നയങ്ങള്‍, ആരോഗ്യപരിപാലനം, തുല്യവേതനം, ഗര്‍ഭനിരോധനത്തില്‍ തീരുമാനമെടുക്കേണ്ട സ്വാതന്ത്ര്യം എന്നിവയെപ്പറ്റി ആശങ്കാകുലരുമാണ്‌. ഒബാമയുടെ 'അഫോര്‍ഡബിള്‍ കെയര്‍ ആക്‌ട്‌' സ്‌ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ അനുഗ്രഹമായി. സ്വന്തം ശരീരത്തെപ്പറ്റി തീരുമാനമെടുക്കുന്നതിനും പരിപാലിക്കുന്നതിനും കൂടുതല്‍ സ്വാതന്ത്ര്യവും അവകാശവും അവര്‍ക്ക്‌ ലഭിച്ചു.

`ജനറേഷന്‍ വൈ' (1977നും 1995നും ഇടയ്‌ക്ക്‌ ജനിച്ചവര്‍) എന്നറിയപ്പെടുന്ന പുതിയ തലമുറ വ്യത്യസ്‌ത ചിന്താഗതിക്കാരാണ്‌. മുന്‍തലമുറയേക്കാള്‍ പ്രവര്‍ത്തനശേഷിയും കാര്യക്ഷമതയും പ്രകടിപ്പിക്കുന്ന ഇവര്‍ ജോലിസ്ഥലത്ത്‌ കൂടുതല്‍ സ്വാതന്ത്ര്യം ഇഷ്‌ടപ്പെടുന്നു. കംപ്യൂട്ടറില്‍ കൂടുതല്‍ അഭിലഷണീയരായ ഇവര്‍ കോര്‍പ്പറേറ്റ്‌ മേധാവിത്വം ഇഷ്‌ടപ്പെടുന്നില്ല. ജോലിയില്‍ സംതൃപ്‌തി കണ്ടെത്താന്‍ ശ്രമിക്കുന്നവരുമാണ്‌. ഇവര്‍ വെള്ളക്കാരനെയോ ഏഷ്യക്കാരനെയോ ആഫ്രിക്കന്‍ വംശജനെയോ വേര്‍തിരിച്ചുകാണുന്നില്ല. ആഫ്രിക്കന്‍ സംഗീതവും ഏഷ്യന്‍ ഭക്ഷണവും വെള്ളക്കാരന്റെ സാഹസികതയും അവര്‍ക്ക്‌ ഒരുപോലെ ഇഷ്‌ടമാണ്‌. അവര്‍ക്കിടയില്‍ വിവാഹത്തിന്റെ പ്രസക്തി നഷ്‌ടപ്പെട്ടിരിക്കുന്നു. പെണ്‍കുട്ടികളില്‍ അധികവും ഭര്‍ത്താവില്ലാത്തവരും വിവാഹം കഴിക്കാതെ 'സിംഗിള്‍ പേരന്റാ'യി ജീവിക്കാന്‍ ഇഷ്‌ടപ്പെടുന്നവരുമാണ്‌. ഒന്നില്‍ കൂടുതല്‍ കുട്ടികളുണ്ടാകാന്‍ അധികംപേരും ആഗ്രഹിക്കുന്നില്ല. ഭൂരിപക്ഷം നിയോ ലിബറലുകളുടെയും വോട്ട്‌ നേടാന്‍ ഒബാമയ്‌ക്ക്‌ കഴിഞ്ഞു.

അനധികൃത കുടിയേറ്റക്കാരില്‍ ഭൂരിപക്ഷവും തെക്കന്‍ അമേരിക്കക്കാരാണ്‌. ഹിസ്‌പാനിക്കുകള്‍ എന്നറിയപ്പെടുന്ന തെക്കന്‍ അമേരിക്കയിലെ നിയമാനുസൃത കുടിയേറ്റക്കാരുടെ സംഖ്യ ജനസംഖ്യയുടെ 14 ശതമാനം. എണ്ണം ഓരോ വര്‍ഷവും കൂടുന്നതിനാല്‍ രാഷ്‌ട്രീയമായും സാംസ്‌കാരികമായും ഇവര്‍ പ്രബലരാണ്‌. വര്‍ഷങ്ങളായി അമേരിക്കയില്‍ ജീവിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക്‌ സ്ഥിരം വിസ നല്‍കണമെന്നും അവരുടെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ ഫീസില്‍ ഇളവ്‌ ചെയ്യണമെന്നും ഹിസ്‌പാനിക്കുകള്‍ വാദിക്കുന്നു. നിയമം അവര്‍ക്ക്‌ അനുകൂലമാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഒബാമ 71 ശതമാനം വോട്ട്‌ നേടി.

പാരിസ്ഥിതിക വിഷയങ്ങളില്‍ ആധുനിക അമേരിക്കക്കാര്‍ വളരെ ശ്രദ്ധാലുക്കളാണ്‌. 70 ശതമാനം പേരും ആഗോളതാപം വര്‍ദ്ധിക്കുന്നുവെന്നും, കാരണം മനുഷ്യരാണെന്നും വിശ്വസിക്കുന്നു. ഒബാമ ഭരണകൂടം ഗ്രീന്‍ എനര്‍ജിയെ പ്രോത്സാഹിപ്പിക്കുകയും ആണവ വൈദ്യുത നിലയങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കുകയും ചെയ്‌തു. 2020 ഓടെ എണ്ണ ഖനനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കാനുള്ള പദ്ധതികള്‍ക്ക്‌ ഒബാമ നേതൃത്വം നല്‍കി. യുദ്ധത്തെ വെറുക്കുന്ന പുതിയ തലമുറയ്‌ക്ക്‌ ഒബാമയുടെ വിദേശനയങ്ങളോടാണ്‌ ആഭിമുഖ്യം. `കറുമ്പനെന്നോ വെളുമ്പനെന്നോ ഏഷ്യക്കാരനെന്നോ ഹിസ്‌പാനിക്കെന്നോ ചെറുപ്പക്കാരനെന്നോ വൃദ്ധനെന്നോ ധനവാനെന്നോ ദരിദ്രനെന്നോ സ്വവര്‍ഗാനുരാഗിയെന്നോ അംഗഭംഗം വന്നവനെന്നോ ഉള്ള വ്യത്യാസം അമേരിക്കയിലില്ല. പരിശ്രമിക്കാന്‍ തയ്യാറായാല്‍ ഈ രാജ്യത്ത്‌ നിങ്ങള്‍ക്ക്‌ എന്തും നേടാം.' പ്രസിഡന്റ്‌ സ്ഥാനം സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടയില്‍ ഒബാമ പറഞ്ഞ ഈ വാക്കുകള്‍ അമേരിക്ക ഒരു പുതിയ പാതയിലൂടെ കുതിക്കുന്നതിന്റെ സൂചകമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക