Image

കുവൈറ്റില്‍ പല്‍പക്‌ `പാലക്കാടന്‍ മേള 2012' സംഘടിപ്പിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 17 November, 2012
കുവൈറ്റില്‍ പല്‍പക്‌ `പാലക്കാടന്‍ മേള 2012' സംഘടിപ്പിച്ചു
കുവൈറ്റ്‌: പാലക്കാട്‌ പ്രവാസി അസോസിയേഷന്‍ ഓഫ്‌ കുവൈറ്റ്‌ (പല്‍പക്‌) അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്‌ `പാലക്കാടന്‍ മേള 2012' സംഘടിപ്പിച്ചു. നവംബര്‍ ഒന്‍പതിന്‌ (വെള്ളി) അബാസിയ കേന്ദ്രീയ വിദ്യാലയത്തില്‍ വിപുലമായി ആഘോഷിച്ച മുഴുദിന കലാ-സാംസ്‌കാരിക മേള പ്രശസ്‌ത സിനിമാ സംവിധായകന്‍ ലാല്‍ജോസ്‌ ഉദ്‌ഘാടനം ചെയ്‌തു.

പല്‍പക്‌ അംഗങ്ങള്‍ ഒരുക്കിയ മെഡലി ഡാന്‍സ്‌, ഒപ്പന, പല്‍പക്‌ തീം ഡാന്‍സ്‌, സിനിമാറ്റിക്‌ ഡാന്‍സ്‌ എന്നിവയും കലാമണ്ഡലം ശ്രീകനകകുമാര്‍ അവതരിപ്പിച്ച ചാക്യാര്‍കൂത്തും കോവൈ അല്‍ഫോന്‍സ്‌ അവതരിപ്പിച്ച പൂച്ചാണ്‌ടി ബൊമ്മലാട്ടം എന്നിവ മേളയുടെ ആകര്‍ഷണമായിരുന്നു. പിന്നണി ഗായകരായ വിധുപ്രതാപ്‌, സിസിലി എന്നിവര്‍ നയിച്ച ഗാനമേളയും പരിപാടിയുടെ ഭാഗമായി നടന്നു.

പ്രസിഡന്റ്‌ പി.എന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അരവിന്ദാക്ഷന്‍, പ്രോഗ്രാം കണ്‍വീനര്‍ സുരേഷ്‌ പുളിക്കല്‍, രക്ഷാധികാരി വി. ദിലി എന്നിവര്‍ പ്രസംഗിച്ചു. പ്രമുഖ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും സജി തോമസ്‌ (കല) ഷറഫുദ്ദീന്‍ (കെകെഎംസിസി) മെയിന്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്‌ണന്‍ (എസ്‌എ ഹോംസ്‌) അഷ്‌റഫ്‌ അസ്‌ ലം (ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌) കെഎന്‍എസ്‌ ദാസ്‌ (ലുലു എക്‌സ്‌ചേഞ്ച്‌) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടി.എം. മോഹന്‍ നന്ദി പറഞ്ഞു.

മേളയോടനുബന്ധിച്ച്‌ നടന്ന സുവനീയറിന്റെ പ്രകാശനം കെ.എന്‍.എസ്‌ ദാസ്‌ കണ്‍വീനര്‍ ജയകൃഷ്‌ണനു നല്‍കി നിര്‍വഹിച്ചു. മേളയുമായി നടത്തിയ നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാനവും പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മൊമെന്റോയും നല്‍കി ആദരിച്ചു. ആയിരത്തോളം പേര്‍ മേളയില്‍ പങ്കെടുത്തു.
കുവൈറ്റില്‍ പല്‍പക്‌ `പാലക്കാടന്‍ മേള 2012' സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക