Image

വിവരാവകാശ കമ്മീഷണര്‍ നടരാജനെ സസ്‌പെന്റു ചെയ്‌തു‍‍‍

Published on 12 November, 2012
വിവരാവകാശ കമ്മീഷണര്‍ നടരാജനെ സസ്‌പെന്റു ചെയ്‌തു‍‍‍
തിരുവനന്തപുരം: വിവരാവകാശ കമ്മീഷണര്‍ കെ. നടരാജനെ ഗവര്‍ണര്‍ എച്ച്‌.ആര്‍ ഭരദ്വാജ്‌ സസ്‌പെന്റു ചെയ്‌തു. പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ ഉള്‍പ്പെട്ട ഭൂമിദാനക്കേസില്‍ അന്വേഷണ ഉദ്യോഗസ്‌ഥനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന്‌ വ്യക്‌തമായ സാഹചര്യത്തിലാണ്‌ സസ്‌പെന്‍ഷന്‍. ഇതു സംബന്ധിച്ച്‌ ഗവര്‍ണറുടെ വിജ്‌ഞാപനം രാജ്‌ഭവന്‍ പ്രതിനിധി രാവിലെ വിവരാവകാശ കമ്മീഷന്റെ ഓഫീസില്‍ എത്തിച്ചു. അതേസമയം, നടരാജനെതിരെ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ അന്വേഷണത്തിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. നടരാജനെ വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തുനിന്നു നീക്കാന്‍ സുപ്രീംകോടതിയുടെ അനുമതി ആവശ്യമാണ്. സുപ്രീംകോടതി നിയോഗിക്കുന്ന റജിസ്ട്രാര്‍ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണം. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. റിപ്പോര്‍ട്ട് വരുന്നതുവരെ നടരാജന്‍ സസ്‌പെന്‍ഷനില്‍ കഴിയേണ്ടിവരും.

നടരാജന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന്‌ ഭൂമിദാനക്കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥന്‍ വ്യക്‌തമാക്കിയിരുന്നു. ഇതേതുടര്‍ന്ന്‌ സര്‍ക്കാര്‍ അന്വേഷണത്തിന്‌ നിയോഗിച്ച എ.ഡി.ജി.പിയും ആരോപണം ശരിവച്ചിരുന്നു. ഇതോടെ നടരാജനെതിരെ നടപടിവേണമെന്ന്‌ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക്‌ ശിപാര്‍ശ നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് നടരാജനെതിരെ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന്റെ ശിപാര്‍ശ പ്രത്യേക ദൂതന്‍ മുഖേന ബാംഗ്ലൂരില്‍ ഗവര്‍ണര്‍ക്ക് എത്തിച്ച് നല്‍കിയത്. അതിനിടെ, തന്റെ വാദം കൂടി കേള്‍ക്കണമെന്ന് നടരാജന്‍ ഗവര്‍ണറുടെ ഓഫീസിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ബാംഗ്ലൂരില്‍ ആയതിനാല്‍ നടരാജന് ഇതുവരെ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക