Image

കെ.എസ്.ആര്‍.ടി.സി.യുടെ നഷ്ടം 10 കോടി കുറയും

Published on 11 November, 2012
കെ.എസ്.ആര്‍.ടി.സി.യുടെ നഷ്ടം 10 കോടി കുറയും
തിരുവനന്തപുരം: ബസ് ചാര്‍ജ് കൂടിയതിലൂടെ പ്രതിമാസം പത്ത് കോടി രൂപയോളം നഷ്ടം കുറയ്ക്കാമെന്ന് കെ.എസ്.ആര്‍.ടി.സിക്ക് പ്രതീക്ഷ. ഡീസല്‍ വില കൂട്ടിയതിലൂടെ ഏഴരക്കോടി അധികമായി കണ്ടെത്തേണ്ടി വന്ന കോര്‍പ്പറേഷന് ചാര്‍ജ് വര്‍ധനവിലൂടെ പതിനേഴരക്കോടിയോളം രൂപ ലഭിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ചാര്‍ജ് വര്‍ധനവിന് മുമ്പ് കെ.എസ്.ആര്‍.ടി.സിയുടെ ശരാശരി പ്രതിമാസ വരവ് 120 കോടി രൂപയാണ്. കെ.ടി.ഡി.എഫ്.സിക്ക് വായ്പ തിരിച്ചടയ്ക്കുന്നതുള്‍പ്പെടെ 180 കോടി രൂപയോളം പ്രതിമാസം കണ്ടെത്തേണ്ടി വരുന്നുണ്ട്. പ്രതിമാസം 54 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സി ഡീസലിനായി മുടക്കുന്നത്. ഒരു ലിറ്റര്‍ ഡീസലിന് 43 രൂപയില്‍ നിന്ന് 48.85 രൂപയായി വിലകൂടിയതോടെ ഏഴരക്കോടി രൂപ കെ.എസ്.ആര്‍.ടി.സിക്ക് അധികം കണ്ടെത്തേണ്ടി വന്നു. എന്നാല്‍ ബസ് ചാര്‍ജ് കൂട്ടിയത് കെ.എസ്.ആര്‍.ടി.സിക്ക് താല്‍ക്കാലിക ആശ്വാസമായി.

ഏഴരക്കോടി രൂപ ഡീസലിന് അധികമായി മുടക്കേണ്ടി വരുമ്പോള്‍ ചാര്‍ജ് വര്‍ധനവിലൂടെ പതിനേഴരക്കോടി രൂപ അടുത്തമാസം മുതല്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ലഭിക്കും. വരുമാനവും ചെലവും തമ്മിലുള്ള അറുപത് കോടിയോളം രൂപയില്‍ പത്ത് കോടി രൂപ കുറയുമെന്ന ആശ്വാസമാണ് കോര്‍പ്പറേഷനുള്ളത്. വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാക്കൂലി 50 പൈസയില്‍ നിന്ന് ഒരു രൂപയായി വര്‍ധിപ്പിച്ചതോടെ വരുമാനത്തില്‍ പതിനഞ്ചുശതമാനത്തോളം വര്‍ധനവുണ്ടാകുമെന്നാണ് കോര്‍പ്പറേഷന്റെ അനുമാനം.

ഡീസല്‍ വിലയും ബസ് ചാര്‍ജ് വര്‍ധനവും തമ്മിലുള്ള അനുപാതം താല്‍ക്കാലികമായി ചെറിയ നേട്ടമുണ്ടാക്കുമെങ്കിലും സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍ എന്നിവയ്ക്കുണ്ടായ വില വര്‍ധനവ് ഭാവിയില്‍ കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക