Image

പുരുഷ പീഡനത്തിനെതിരെ 19ന് സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസം

Published on 11 November, 2012
പുരുഷ പീഡനത്തിനെതിരെ 19ന് സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസം
കൊച്ചി: പുരുഷ പീഡനത്തിനെതിരെ പുരുഷന്മാര്‍ കൂട്ട ഉപവാസത്തിന് ഒരുങ്ങുന്നു. 19ന് സെക്രട്ടേറിയറ്റ് പടിക്കലാണ് ഉപവാസം.
സ്ത്രീ സംരക്ഷണ നിയമങ്ങള്‍ മുതലെടുത്ത് നടത്തുന്ന പുരുഷ പീഡനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും എതിരെയുമാണ് ഉപവാസമെന്ന് ജനമിത്ര ജനകീയ നീതി വേദി വ്യക്തമാക്കുന്നു.പീഡനങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ പുരുഷന്മാര്‍ക്ക് സഹായത്തിനും അഭിപ്രായം രേഖപ്പെടുത്തുന്നതിനും 9387469083 നമ്പറിലോ മലപ്പുറം കൊണ്ടോട്ടിയിലെ സംസ്ഥാന സമിതി ഓഫിസില്‍ നേരിട്ടോ ബന്ധപ്പെടണമെന്ന് സംസ്ഥാന പ്രസിഡന്റ് എ.എ. ഇബ്രാഹിം പറഞ്ഞു . 

സ്ത്രീ പീഡനങ്ങള്‍ക്ക് ശിക്ഷ നല്‍കാന്‍ നിയമങ്ങള്‍ ഉള്ളതു പോലെ പുരുഷ പീഡനം തടയാനും നിയമം നിര്‍മിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കള്ളക്കേസുകള്‍ കൊടുക്കുന്ന സ്ത്രീകള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ നിയമ വ്യവസ്ഥ ഉണ്ടാക്കുക എന്നതാണ് മറ്റൊരു ആവശ്യം. കേരളത്തിലെ കുടുംബ കോടതികളില്‍ സ്ത്രീകളുടെ വാദങ്ങള്‍ മാത്രമാണ് മുഖവിലയ്ക്ക് എടുക്കുന്നതെന്നും അതിനാല്‍ കുടുംബ കോടതികളിലെ കേസുകള്‍ അന്വേഷണ ഉദ്യോഗസ്ഥനെ കൊണ്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് സ്വീകരിച്ച ശേഷം മാത്രമേ വിധി പ്രസ്താവം നടത്താവൂ എന്നും ആവശ്യപ്പെടുന്നു.

കോടതികളില്‍ പുരുഷന്മാരുടെ ഭാഗം കേള്‍ക്കാതിരിക്കുന്ന ന്യായാധിപന്മാരെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നും എല്ലാ കോടതികളിലും പരാതിപ്പെട്ടി സ്ഥാപിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. കുടുംബകോടതികള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആക്ഷേപങ്ങള്‍ ഹൈകോടതി അന്വേഷിക്കണമെന്നും കുടുംബ ബന്ധം ഭദ്രമാക്കാന്‍ നിലവിലെ നിയമ സംവിധാനങ്ങള്‍ പരാജയമായതിനാല്‍ കുടുംബ സംരക്ഷണ കമീഷനെ നിയമിക്കണമെന്ന് ആവശ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക