Image

ഫെയര്‍സ്‌റ്റേജു കൊള്ളയടി:പ്രശ്‌നമായത് 'യു.എസ്. മോഡല്‍'

Published on 11 November, 2012
ഫെയര്‍സ്‌റ്റേജു കൊള്ളയടി:പ്രശ്‌നമായത് 'യു.എസ്. മോഡല്‍'
കോഴിക്കോട്: അമേരിക്ക ഉള്‍പ്പെടെ വികസിത രാജ്യങ്ങളില്‍ സ്വീകരിക്കുന്ന രീതി പിന്തുടര്‍ന്നതാണ് സംസ്ഥാനത്തെ ഫെയര്‍സ്‌റ്റേജുകൊള്ളയടിക്ക് വഴിവെച്ചത്. നിരക്കുനിര്‍ണയത്തിനായി സര്‍ക്കാര്‍ നിയോഗിച്ച സമിതി അംഗമായ ഡി. നാരായണയുടെ നിര്‍ദേശം അതേപടി സ്വീകരിക്കുകയായിരുന്നു. ബസ് സര്‍വീസിന്റെ ചെലവുകള്‍ രണ്ടായിത്തിരിച്ചാണ് നാരായണ ശുപാര്‍ശകള്‍ നല്‍കിയത്. മോട്ടോര്‍വാഹനനിയമത്തിനു വിരുദ്ധമായാണ് ഞായറാഴ്ച നിരക്കുവര്‍ധന നിലവില്‍ വന്നതും.

ബസ് വില, ജീവനക്കാരുടെ കൂലി എന്നിവ ഫിക്‌സഡ് കോസ്റ്റായും ഡീസല്‍, ടയര്‍, സ്‌പെയര്‍പാര്‍ട്‌സ് എന്നിവയ്ക്കുവേണ്ട ചെലവ് വേരിയബിള്‍ കോസ്റ്റ് ആയും കണക്കാക്കിയാണ് നാരായണ റിപ്പോര്‍ട്ട് നല്‍കിയത്. ഫിക്‌സ്ഡ് കോസ്റ്റ് മിനിമം നിരക്കില്‍ നിന്ന് ഈടാക്കണമെന്നും നിര്‍ദേശിച്ചു.

മിനിമം നിരക്കിന് സഞ്ചരിക്കാവുന്ന ദൂരം ഫിക്‌സഡ് കോസ്റ്റ് ആയി നിലനിര്‍ത്തുകയും അതിനുമുകളില്‍ കിലോമീറ്റര്‍ നിരക്ക് ഈടാക്കുകയും ചെയ്യുന്ന രീതി രാജ്യത്തെവിടെയും നിലവിലില്ല. ചില ക്ലബുകളില്‍ അംഗത്വം നല്‍കാന്‍ ഈ രീതി പിന്തുടരുന്നുണ്ടെന്ന് അദ്ദേഹം തന്റെ ശുപാര്‍ശയില്‍ പറയുന്നു. അമേരിക്കന്‍ ജേര്‍ണലുകളാണ് റഫറന്‍സിന് പ്രധാനമായും ഉപയോഗിച്ചതെന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ശരാശരി 800 യാത്രക്കാരാണ് ഒരു ബസ്സില്‍ ഒരുദിവസം യാത്രചെയ്യുന്നതെന്ന അദ്ദേഹത്തിന്റെ വാദവും ഉപഭോക്തൃസംഘടനകള്‍ ചോദ്യം ചെയ്യുന്നുണ്ട്. ശരാശരി 1,200 പേര്‍ ഒരു ദിവസം ഓര്‍ഡിനറി ബസ്സില്‍ യാത്രചെയ്യുന്നതെന്നാണ് ഇവരുടെ കണക്ക്.

നാരായണ വിദഗ്ധസമിതിയില്‍ അംഗമായതിനെച്ചൊല്ലിയും വിവാദം ഉടലെടുത്തിട്ടുണ്ട്. ഗതാഗതവകുപ്പ് സെക്രട്ടറി അന്നത്തെ മന്ത്രി ജോസ് തെറ്റയിലിന് നല്‍കിയ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരില്ലായിരുന്നു. എന്നാല്‍ മന്ത്രിസഭയ്ക്കു മുന്നിലെത്തിയ പട്ടികയില്‍ പക്ഷേ അദ്ദേഹം ഇടം പിടിച്ചു.

വി.എസ് ശിവകുമാര്‍ ഗതാഗതമന്ത്രിയായപ്പോഴാണ് അദ്ദേഹം നല്‍കിയ ശുപാര്‍ശകള്‍ കണ്ണടച്ച് അംഗീകരിച്ചത്. നിരക്കുപുതുക്കാനുള്ള മന്ത്രിസഭാ ഉപസമിതിയില്‍ അംഗമല്ലാതിരുന്നിട്ടും ശിവകുമാര്‍ ഇത്തവണ ചര്‍ച്ചകള്‍ക്കും തെളിവെടുപ്പിനുമെത്തിയിരുന്നുവെന്ന് ഉപഭോക്തൃസംഘടനകള്‍ പറയുന്നു.

സര്‍ക്കാര്‍ കിലോമീറ്റര്‍ നിരക്കുപുതുക്കിയാല്‍ അതത് സ്ഥലങ്ങളിലെ നിരക്കുപട്ടിക ആര്‍.ടി.ഓഫീസുകളില്‍ തയ്യാറാക്കണമെന്നാണ് മോട്ടോര്‍വാഹനനിയമം വ്യവസ്ഥചെയ്യുന്നത്. എന്നാല്‍ നിരക്കുപുതുക്കി ഉത്തരവിറക്കിയ ശനിയാഴ്ച സംസ്ഥാനത്തൊരിടത്തും ഈ പ്രക്രിയ നടന്നതായി അറിവില്ല. കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും കണ്ടക്ടര്‍മാരും ചേര്‍ന്ന് തയ്യാറാക്കിയ പട്ടിക അനുസരിച്ചാണ് എല്ലായിടത്തും പുതുക്കിയ നിരക്ക് ഈടാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക