Image

യൂത്ത്‌ ഇന്ത്യ പ്രവാസി സാഹിത്യ പുരസ്‌കാരം ബാബു ഭരദ്വാജിന്‌

സിദ്ധിഖ്‌ വലിയകത്ത്‌ Published on 09 November, 2012
യൂത്ത്‌ ഇന്ത്യ പ്രവാസി സാഹിത്യ പുരസ്‌കാരം ബാബു ഭരദ്വാജിന്‌
അബാസിയ: ഈ വര്‍ഷത്തെ യൂത്ത്‌ ഇന്ത്യ പ്രവാസി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രമുഖ പ്രവാസി സാഹിത്യകാരന്‍ ബാബു ഭരദ്വാജിന്റെ `പ്രവാസിയുടെ കുറിപ്പുകള്‍' എന്ന കൃതിയാണ്‌ അവാര്‍ഡിനായി തെരെഞ്ഞെടുത്തതെന്ന്‌ യൂത്ത്‌ ഇന്ത്യ കുവൈത്ത്‌ ഭാരവാഹികള്‍ അറിയിച്ചു.

ഇരുപതിനായിരം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌. കോഴിക്കോട്‌ ജില്ലയിലെ ചെമ്മഞ്ചേരി സ്വദേശിയായ ബാബു ഭരദ്വാജ്‌ 2006 ലെ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌, അബുദാബി ശക്തി അവാര്‍ഡ്‌ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്‌ട്‌. ഇപ്പോള്‍

മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിന്റെ പ്രോഗ്രാംസ്‌ എഡിറ്ററായി ജോലി ചെയ്യുന്ന അദ്ദേഹം കൈരളി ടിവി ക്രിയേറ്റീവ്‌ എക്‌സിക്യൂട്ടീവ്‌, ചിന്ത വാരിക എഡിറ്റര്‍, ദൂള്‍ ന്യൂസ്‌ എഡിറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്‌ട്‌.

കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, പ്രവാസിയുടെ വഴിയമ്പലം,പപ്പറ്റ്‌ തിയേറ്റര്‍,ഗണ പതിചെട്ട്യാരുടെ മരണം ഒരു വിയോജനക്കുറിപ്പ്‌, മരണത്തിന്റെ സന്ധിസമാസങ്ങള്‍, ശവഘോഷയാത്ര, വഴിപോക്കന്റെ വാക്കുകള്‍, കബനീ നദി ചുവന്നത്‌, പരേതാത്മാക്കള്‍ക്ക്‌ അപ്പവും വീഞ്ഞും തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റുകൃതികളാണ്‌. രവീന്ദ്രന്‍ സംവിധാനം ചെയ്‌ത `ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍' എന്ന സിനിമയുടെ നിര്‍മാതാവ്‌ കൂടിയാണദ്ദേഹം.

ഡിസംബര്‍ ഏഴിന്‌ കുവൈറ്റില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അവാര്‍ഡ്‌ വിതരണം ചെയ്യുമെന്ന്‌ യൂത്ത്‌ ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചു. 2011 ലെ യൂത്ത്‌ ഇന്ത്യ സാഹിത്യപുരസ്‌കാരം നേടിയത്‌ `ആടുജീവിതം' എന്ന നോവലിന്റെ കര്‍ത്താവ്‌ ബെന്യാമിനായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക