Image

റോഡില്‍ മാലിന്യം തള്ളിയതില്‍ പ്രതിഷേധിച്ച് അന്യസംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ തകര്‍ത്തു

Published on 07 November, 2012
റോഡില്‍ മാലിന്യം തള്ളിയതില്‍ പ്രതിഷേധിച്ച് അന്യസംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ തകര്‍ത്തു
ചങ്ങനാശേരി: റോഡില്‍ മാലിന്യം തള്ളിയതില്‍ പ്രതിഷേധിച്ച് ഹര്‍ത്താലും റോഡ് ഉപരോധവും. മാലിന്യം തള്ളിയവരെന്ന് ആരോപിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന അമ്പതോളം കേന്ദ്രങ്ങള്‍ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദനമേറ്റതായും ആരോപണമുണ്ട്.

പായിപ്പാട് കവിയൂര്‍ റോഡില്‍ വ്യാപകമായി ദുര്‍ഗന്ധം നിറഞ്ഞ മാലിന്യം തള്ളിയതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താലും റോഡ് ഉപരോധവും നടത്തിയത്. ഹര്‍ത്താല്‍ അനുകൂലികള്‍ വഴിയില്‍ തടഞ്ഞിട്ട സ്വകാര്യബസിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നു. മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ഫാത്തിമാപുരം സ്വദേശിയാണിയാളെന്നാണ് സൂചന.

ചൊവ്വാഴ്ച രാത്രിയാണ് മുക്കാഞ്ഞിരം മുതല്‍ കവിയൂര്‍ അമ്പലംവരെ റോഡില്‍ മാലിന്യം നിക്ഷേപിച്ചത്. ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്ന ടാങ്കിലെ പഴക്കംചെന്ന മാലിന്യമാണ് റോഡിന് നടുവില്‍ പലയിടത്തായി തള്ളിയത്.അന്യസംസ്ഥാന തൊഴിലാളിള്‍ കൂട്ടമായി വാടകക്ക് താമസിച്ചിരിക്കുന്ന പായിപ്പാട് കവല,മച്ചിപ്പള്ളി,കോതച്ചിറ, മുക്കാഞ്ഞിരം, തുടങ്ങിയ പ്രദേശങ്ങളിലെ 50 ഓളം വീടുകളാണ് അടിച്ചുതകര്‍ത്തത്. ബംഗാള്‍ സ്വദേശികളായ തൊഴിലാളികള്‍ കൈയേറ്റത്തിനിരയാകുകയും ചെയ്തു.
സ്ഥലത്ത് എത്തിയ തഹസില്‍ദാര്‍ ഡാലിസ് ജോര്‍ജ്, സി.ഐ കെ. ശ്രീകുമാര്‍ എന്നിവര്‍ ജനപ്രതിനിധികളുമായി പ്രശ്‌നപരിഹാരത്തിന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പഞ്ചായത്തിന്റെ ചുമതലയില്‍ മാലിന്യം നീക്കാന്‍ തീരുമാനമായതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്. വൈകുന്നേരം മൂന്നിന് ജെ.സി.ബി ഉപയോഗിച്ച് മാലിന്യം നീക്കിയശേഷം ഫയര്‍ഫോഴ്‌സ് വെള്ളം പമ്പ്‌ചെയ്ത് റോഡ് ശുചീകരിച്ചു. തുടര്‍ന്ന് പ്രദേശത്ത് ആരോഗ്യപ്രവര്‍ത്തകര്‍ ബ്‌ളീച്ചിങ് പൗഡര്‍ ഉപയോഗിച്ച് മാലിന്യമുക്തമാക്കി.

റോഡില്‍ മാലിന്യം തള്ളിയതില്‍ പ്രതിഷേധിച്ച് അന്യസംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ തകര്‍ത്തു
ഹര്‍ത്താലിനോടനുബന്ധിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചകേന്ദ്രം നാട്ടുകാര്‍ അടിച്ചുതകര്‍ത്ത നിലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക